Image
Image

പ്രക്ഷോഭത്തിൽ പങ്കെടുത്ത ഇന്ത്യൻ വിദ്യാർഥിനിയുടെ വിസ റദ്ദാക്കി; സ്വയം രാജ്യം വിട്ടു

Published on 14 March, 2025
പ്രക്ഷോഭത്തിൽ പങ്കെടുത്ത ഇന്ത്യൻ  വിദ്യാർഥിനിയുടെ വിസ റദ്ദാക്കി; സ്വയം രാജ്യം വിട്ടു

വാഷിംഗ്ടണ്‍: ഇസ്രയേലിനെതിരെ നടത്തിയ പ്രക്ഷോഭത്തിൽ പങ്കെടുത്ത   കൊളംബിയ സര്‍വകലാശാലയിലെ   ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ വിസ യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍ റദ്ദാക്കി.

അര്‍ബന്‍ പ്ലാനിംഗ്  ഡോക്ടറൽ  വിദ്യാര്‍ത്ഥിനിയായ രഞ്ജനി ശ്രീനിവാസന്റെ വിസയാണ് മാർച്ച് 5 നു  റദ്ദാക്കിയത്. ഇതേതുടർന്ന് അവർ 11 നു സ്വമേധയാ രാജ്യം വിട്ടു. കാനഡയിലേക്കാണ് പോയതെന്നാണ് റിപ്പോർട്ട് 

അവർ സിബിപി ഹോം ആപ്പ് ഉപയോഗിച്ച് സ്വയം നാടുവിട്ടതായി യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) അറിയിച്ചു. 'ഇന്ത്യന്‍ പൗരത്വമുള്ള ശ്രീനിവാസന്‍ കൊളംബിയ സര്‍വകലാശാലയില്‍ അര്‍ബന്‍ പ്ലാനിംഗില്‍ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായി എഫ് -1 സ്റ്റുഡന്റ് വിസയില്‍ എത്തിയതാണ്. ഭീകര സംഘടനയായ ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ അവർ ഉള്‍പ്പെട്ടിരുന്നു,' ഡിഎച്ച്എസ് പറഞ്ഞു.

ഡിഎച്ച്എസ് സെക്രട്ടറി ക്രിസ്റ്റി നോയേം എക്‌സിൽ കുറിച്ചു,  'അമേരിക്കയിൽ  താമസിക്കാനും പഠിക്കാനും വിസ ലഭിക്കുന്നത് ഒരു അംഗീകാരമാണ്. അക്രമത്തിനും ഭീകരതയ്ക്കും വേണ്ടി വാദിക്കുമ്പോൾ ആ പദവി റദ്ദാക്കും , നിങ്ങൾ ഈ രാജ്യത്ത് ഉണ്ടാകരുത്. 
കൊളംബിയ സർവകലാശാലയിലെ തീവ്രവാദ അനുഭാവികളിൽ ഒരാൾ സ്വയം നാടുകടത്താൻ CBP ഹോം ആപ്പ് ഉപയോഗിച്ചതിൽ എനിക്ക് സന്തോഷമുണ്ട്.'

വിദ്യാർത്ഥിനി LaGuardia എയർപോർട്ടിൽ പ്രവേശിക്കുന്ന വീഡിയോയും അവർ പങ്കു വച്ചു

 പ്രതിഷേധത്തിനിടെ ശ്രീനിവാസൻ അറസ്റ്റിലായിരുന്നോ അതോ ഹമാസിനോട് അനുഭാവം പ്രകടിപ്പിക്കുക മാത്രമായിരുന്നോ  എന്ന് വ്യക്തമല്ല. പ്രതിഷേധക്കാരിൽ പലരും ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിനെതിരെ മാത്രമാണ് പ്രതികരിച്ചത്.

സ്വമേധയാ പോകുന്നത്  മൂലം നാടുകടത്തപ്പെടുന്നതിനുള്ള  സാധ്യത ഒഴിവാക്കുന്നു.

ശ്രീനിവാസൻ കൊളംബിയയിലെ ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ആർക്കിടെക്ചർ, പ്ലാനിംഗ് ആൻഡ് പ്രിസർവേഷനിൽ ഗവേഷണം നടത്തുകയായിരുന്നു.

അഹമ്മദാബാദിലെ സിഇപിടി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ അവർ ഹാർവാർഡിൽ നിന്ന്  ബിരുദാനന്തര ബിരുദം നേടി. അവിടെ ഫുൾബ്രൈറ്റ് നെഹ്‌റു, ഇൻലാക്സ് സ്കോളർഷിപ്പുകളുണ്ടായിരുന്നു.

കോളജ്  വെബ്‌സൈറ്റിൽ,  'ഷി'  എന്നതിന് പകരം  ലിംഗ-നിഷ്പക്ഷമായ  "അവർ" എന്ന സർവ്വനാമമാണ് ഉപയോഗിച്ചിരിക്കുന്നത്.

ഹാർവാർഡിലെ പഠനത്തിന്  ലക്ഷ്മി മിത്തൽ സൗത്ത് ഏഷ്യ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സഹായം  ലഭിച്ചു.    'സ്വർണം-സയനൈഡ്: കുടുംബം, ജാതി, കോളാർ ഗോൾഡ് ഫീൽഡിലെ പോസ്റ്റ്-എക്‌സ്‌ട്രാക്റ്റീവ് ലാൻഡ്‌സ്‌കേപ്പ്,' എന്നതായിരുന്നു ഗവേഷണ വിഷയം (Gold & Cyanide: Family, Caste, and the Post-extractive Landscape at Kolar Gold Fields”)

“കാലാവസ്ഥാ വ്യതിയാനം മൂലം അപകടസാധ്യതയുള്ള അതിർത്തി സമൂഹങ്ങൾ” എന്ന വിഷയത്തിൽ വാഷിംഗ്ടണിലെ ഒരു പരിസ്ഥിതി  സ്ഥാപനത്തിലും പ്രവർത്തിച്ചു. മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ വെസ്റ്റ് ഫിലാഡൽഫിയ ലാൻഡ്‌സ്‌കേപ്പ് പ്രോജക്റ്റിന്റെ (WPLP) ഗവേഷകയായും അവർ പ്രവർത്തിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക