Image
Image

അമ്മയ്ക്കും മകൾക്കും ഒരേ ദിവസം ഡെയ്‌സി അവാർഡ് (പോൾ ഡി പനയ്ക്കൽ)

Published on 15 March, 2025
അമ്മയ്ക്കും മകൾക്കും ഒരേ ദിവസം ഡെയ്‌സി അവാർഡ് (പോൾ ഡി പനയ്ക്കൽ)

മലയാളികളായ ആൻസി തോമസും മകൾ സ്റ്റേസി തോമസും -  ഇരുവരും വ്യത്യസ്ഥ സ്ഥാപനങ്ങളിൽ സേവനം ചെയ്യുന്ന   നഴ്സുമാർ.   രണ്ടുപേർക്കും അവരവരുടെ സ്ഥാപനത്തിൽ നിന്ന്  ഓർക്കാപ്പുറത്ത്   ഒരേ ദിവസം ഒരേ പേരിലുള്ള അവാർഡ്!   തികച്ചും അസാധാരണമായ സംഭവം.  

കാരുണ്യത്തിൽ അധിഷ്ഠിതമായ   ക്ലിനിക്കൽ  ശുശ്രുഷ   ദൈനംദിനം നൽകുന്ന നഴ്സുമാർക്ക് നൽകുന്ന ഡെയ്സി അവാർഡാണ് ലോങ്ങ് ഐലൻഡിലെ പ്ലെയിൻവ്യൂ ഹോസ്പിറ്റലിൽ ഓപ്പറേറ്റിംഗ് റൂമിൽ ജോലി ചെയ്യുന്ന അമ്മയെയും സയോസ്സെറ്റ് ഹോസ്പിറ്റലിൽ ടെലിമെട്രിയിൽ ജോലി ചെയ്യുന്ന മകളെയും തേടി എത്തിയത്.  രോഗികളിൽ നിന്നും അവരുടെ കുടുംബങ്ങളിൽ നിന്നുമുള്ള നോമിനേഷനുകൾ സ്വീകരിച്ച് അവയിൽ നിന്നാണ് ഡെയ്സി ഫൗണ്ടേഷൻ നൽകുന്ന ഈ അവാർഡിന് നഴ്സിനെ തെരഞ്ഞെടുക്കുന്നത്.

നഴ്സിന്റെ തനതായ സേവനത്തെ  അഗാധമായ കൃതജ്ഞതയോടെ അർത്ഥവത്തായി ആദരിക്കുകയാണ് ഡെയ്സി ഫൗണ്ടേഷന്റെ ലക്‌ഷ്യം.  1999-ഇൽ ഒരു ഓട്ടോ-ഇമ്മ്യൂൺ രോഗബാധിതനായി മുപ്പത്തിമൂന്നാം വയസ്സിൽ മരിക്കുന്നതിനു മുൻപ് ഹോസ്പിറ്റലിൽ ചെലവഴിച്ച എട്ടാഴ്ചകളിൽ പാട്രിക് ബാർൺസ് എന്ന യുവാവിന് നഴ്സുമാർ നൽകിയ അവിശ്വസനീയമായ അനുകമ്പയും സുസ്രൂഷയും നിറഞ്ഞ അനുഭവമാണ് നഴ്സുമാരെ ആദരിക്കുന്നതിന് അയാളുടെ കുടുംബത്തിനെ DAISY (Diseases Attacking the Immune System) എന്ന പേരിൽ ഇത്തരം ഒരു അവാർഡ് നൽകുന്നതിനുള്ള പ്രചോദനം നൽകിയത്. തങ്ങളുടെ കുടുംബത്തിലെ ഏറ്റവും അന്ധകാരാവൃതമായ ആ കാലഘട്ടത്തിൽ നഴ്‌സുമാരിൽ നിന്ന് ലഭിച്ച സഹാനുഭൂതിയും മൃദുലത നിറഞ്ഞ പിന്തുണയും സ്നേഹം നിറഞ്ഞ ആലിംഗനവും തങ്ങൾക്ക് വളരെയധികം ലാഘവം നല്കുകയുണ്ടായെന്ന് അവർ അവാർഡ് നല്കവേ സ്മരിക്കുന്നു.

സിയാറ്റിലിലെ ഒരു കാൻസർ കെയർ ഹോസ്പിറ്റലിൽ തുടങ്ങിയ അവാർഡ് ദാനം ഇപ്പോൾ അമേരിക്കയിലെ നൂറു കണക്കിനു ഹോസ്പിറ്റലുകളിലും ജപ്പാൻ, കൊറിയ, സൗദി അറേബ്യ, യൂഎഇ, ഫിലിപ്പീൻസ്, ഖത്തർ, ലെബനൻ, ഫ്രാൻസ്, ബെൽജിയം എന്നീ രാജ്യങ്ങളിലെ നഴ്‌സുമാർക്കും നൽകുന്നുണ്ട്. കൈ കൊണ്ട് സാംബിയയിൽ നിർമ്മിച്ച ഒരു പ്രതിമ, പിൻ, ബഹുമതി പത്രം, അവർക്ക് ബഹുമതി നേടിക്കൊടുത്ത നോമിനേഷൻ, ഒരു സമ്മാന സഞ്ചി എന്നിവയും പ്രൊഫഷണൽ ഡെവലൊപ്മെന്റിനും വിദ്യാഭ്യാസത്തിനും ആരോഗ്യപ്രദാനമായ ബെനെഫിറ്റുകളുമാണ് സമ്മാനം. ആൻസിയുടെയും സ്റ്റേസിയുടെയും സഹപ്രവർത്തകരും സ്ഥാപനത്തിന്റെ നേതൃത്വവും നോമിനേറ്റ് ചെയ്തവരും ചേർന്ന് അവരറിയാതെ ആഘോഷിക്കുന്ന സ്ഥലം അലങ്കരിച്ച് ആഘോഷ സമയത്തിനനുസരിച്ചുള്ള ഭക്ഷണ സാധനങ്ങളൊരുക്കിയ ശേഷം ആദരിക്കുന്ന നഴ്സിനെ യാതൊരു മുൻ സൂചനയില്ലാതെ കൊണ്ടുവന്ന് ആശ്ചര്യപ്പെടുത്തുക എന്നതാണ് ഡെയ്സി അവാർഡ് നൽകുന്നതിന്റെ ആചാരം.

തനിക്ക് ഡെയ്സി അവാർഡ് ലഭിച്ച കാര്യം മകൾ സ്‌റ്റെയ്‌സിയെ അറിയിക്കാൻ ഫോൺ ചെയ്ത ആൻസി കേട്ടത് സ്റ്റേസിക്കും അവാർഡ് കിട്ടിയതാണ്. "പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും ചാരിതാർഥ്യവും നഴ്സിംഗ് സേവനത്തിന്റെ അമൂല്യമായ പ്രതിഫലവും കിട്ടിയ പ്രതീതി! മുപ്പതു കൊല്ലത്തെ സെർവീസിന്റെ ഫലം ഒന്നിച്ചു കിട്ടിയ പോലെ.  " ആൻസി മനോഗതം വെളിപ്പെടുത്തി.  "ദുർബലരായ പേഷ്യന്റ്‌സിന്റെ വിഷമാവസ്ഥയിൽ അവർക്ക് സഹായം നൽകുക - അത് ചിലപ്പോൾ നല്ല ചികിത്സയാവാം; അല്ലെങ്കിൽ ഇമോഷണൽ സപ്പോർട്ട് ആവാം അല്ലെങ്കിൽ ചിലപ്പോൾ വളരെ സിമ്പിൾ ആയ സഹാനുഭൂതിയോടെയുള്ള പെരുമാറ്റമാവാം. ഇതെല്ലാം പേഷ്യന്റ്‌സിന്റെ വിഷമ ദിവസങ്ങളിൽ വളരെ പോസിറ്റീവ് ആയ വ്യത്യാസം ഉണ്ടാക്കും ഇതെല്ലാം ഞങ്ങളുടെ നഴ്സിംഗ് ജീവിതത്തിൽ സാധാരണമായുണ്ടാകുന്ന കാര്യങ്ങളാണ്. " ആന്സിയും സ്റ്റേസിയും ഒരേ സ്വരത്തിൽ പറഞ്ഞു.  

സ്റ്റേസി നഴ്‌സായി ജോലി തുടങ്ങിയിട്ട് അധികം നാളായിട്ടില്ല. തുടർന്നു പഠിച്ച് നേഴ്സ് ഇന്ഫോര്മാറ്റിസിസ്റ്റ് ആകണമെന്ന് വിചാരിക്കുന്നു. നോർത്ത് വെൽ ഹെൽത്തിന്റെ 'ട്രൂലി അവാർഡ്", "ഫ്ലോറൻസ് നൈറ്റിങ്കേൽ" എന്നിവ ആൻസിയ്ക്ക് ഇതിനു മുൻപ് ലഭിച്ചിരുന്നു.

ഒരു സാധാരണ നഴ്സിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് ചോദിച്ചാൽ പലരും മറുപടി നൽകുന്നത് പല വിധത്തിലാണ്. പ്രതീക്ഷയും പല വിധത്തിലത്രേ! ആരോഗ്യ-അസുഖ കാര്യങ്ങൾ മനസ്സിലാക്കി സഹായിക്കാനായി   സഹാനുഭൂതിയോടെയുള്ള സമീപനം; ശ്രദ്ധിച്ചു കേൾക്കാനുള്ള മനസ്ഥിതി; നിർണ്ണായക തീരുമാനമെടുക്കാനുള്ള കഴിവും അറിവും; അങ്ങനെ പോകുന്നു ഒരു നഴ്സിന്റെ ഗുണ നിലവാരത്തിന്റെ നിര.  ഒരു ആരോഗ്യ പരിപാലന സ്ഥലത്തെത്തുന്നയാൾക്ക്, പക്ഷെ, പ്രതീക്ഷിക്കുന്ന ഗുണ നിലവാരങ്ങൾക്കു മുകളിലും അതിനപ്പുറവും കടന്ന് പരിപാലനം ലഭിച്ചാലോ?  ആ നഴ്സിന്റെ മുദ്ര തന്നെ അയാളുടെ മനസ്സിൽ പതിയും.  അത്തരത്തിലുള്ളവരുടെ പ്രതികരണമാണ് പലപ്പോഴും നഴ്സുമാർക്ക് ഓർക്കാപ്പുറത്തുള്ള അംഗീകാരമായി എത്തുന്നത്.  
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക