ചാൾസ് ഡിക്കൻസ് രചിച്ച ക്രിസ്മസ് കരോൾ എന്ന പുസ്തകത്തിലെ വളരെ പ്രശസ്തമായ ഒരു ഉദ്ധരണിയാണ് "സ്വയം നിർമ്മിതമായ ചങ്ങലകളാൽ ബന്ധിതമാണ് ഓരോ മനുഷ്യ ജീവിതവും" . ഇത് ഒരു പക്ഷെ നമ്മളിലുള്ള ഗൃഹാതുരത്വത്തെപ്പറ്റിയാകാം. ഭൂതകാലം എപ്പോഴും നല്ലതെന്ന ഒരു വിശ്വാസം എല്ലാവരിലുമുണ്ട്. മറക്കാത്ത ഈരടികൾ എന്ന പേരിൽ പ്രൊഫസ്സർ ജോസഫ് ചെറുവേലി എഴുതിയ കവിത അദ്ദേഹത്തിന്റെ യൗവ്വനകാലത്ത് വായിച്ച ചങ്ങമ്പുഴ എന്ന കവിയെയും അദ്ദേഹത്തിന്റെ കവിതകളെയും ഓർമ്മിക്കുമ്പോൾ അദ്ദേഹത്തിൽ ഉളവായ അനുഭൂതിയുടെ ബഹിർ സ്പുരണങ്ങളാണ്. മൂന്നു ദശാബ്ദത്തിലധികം ഇംഗളീഷ് ഭാഷാ സാഹിത്യം പഠിപ്പിച്ച അദ്ദേഹം ഇംഗളീഷ് ഭാഷയിലെ കവികളെയും ഓർമ്മിക്കുന്നു. മലയാളികളുടെ അഭിമാനമായ ചങ്ങമ്പുഴ എന്ന കവിയുടെ സ്വാധീനം പിൽക്കാലത്തെ കവികൾക്കുമുണ്ടായി എന്ന് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.ആദ്യത്തെ വരി പ്രസിദ്ധമായ രമണനിലെ ആണെങ്കിൽ രണ്ടാമത്തെ വരി പി ഭാസ്കരൻ എന്ന കവിയുടെ ഒരു ചലച്ചിത്രഗാനത്തിലെ വരികളാണ്. വർഷങ്ങൾ കൊഴിഞ്ഞു വീണിട്ടും കവിതകൾ ആസ്വാദകമനസ്സിൽ ജീവിക്കുന്നു. കവിയുടെ വരികൾ ആലപിക്കുമ്പോൾ പ്രൊഫസ്സർ ചെറുവേലിൽ എന്ന കവിയുടെ മനസ്സിൽ താമരപ്പൂക്കളും അശോകവും വിരിയുന്നുവെന്നു കാവ്യാത്മകമായി അദ്ദേഹം ഉൽപ്രേക്ഷിക്കുന്നു. അശോകം ശോകത്തെ അകറ്റുന്ന വൃക്ഷമാണ്. വർണ്ണാലംകൃതമായ അശോകം മനം കുളിർപ്പിക്കുന്ന പോലെ, താമരപ്പൂക്കളുടെ ശോഭ ആനന്ദം പകരുന്നപോലെ ചങ്ങമ്പുഴ കവിതകൾ ഓർക്കുന്ന ശ്രീ ചെറുവേലിയുടെ മനസ്സിലും ആ മനോഹാരിത ഓളം വെട്ടുന്നു. അദ്ദേഹത്തിന് അത് പ്രകടിപ്പിക്കാതിരിക്കാൻ കഴിയുന്നില്ല. മറക്കാത്ത ഈരടികൾ അപ്പോൾ ജന്മം കൊള്ളുന്നു. ഇത് കവിതയെക്കുറിച്ചുള്ള ഒരു ഉപക്രമം മാത്രമാണ്. ഭൂതകാലസ്മൃതികൾ സ്പർശിക്കുന്ന രചനയായതുകൊണ്ട് കവിയുടെ ചെറുപ്പകാല ചിത്രവും ചേർക്കുന്നു.- സുധീർ പണിക്കവീട്ടിൽ
"കാനനച്ഛായയിലാടുമേയ്ക്കാൻ”
"കായലരികത്ത്” കാറ്റു കൊള്ളാൻ
വൈക്കത്തഷ്ടമിയിൽ പ്രാതൽ ഉണ്ണാൻ
തൃശൂരിൽ ക്ഷേത്രത്തിൽ പൂരം കാണാൻ
കഥയും കലകളുമാസ്വദിക്കാൻ
കവിതാമൃതങ്ങൾ ഭുജിച്ചിടുവാൻ
കനകാംബരങ്ങൾ അണിഞ്ഞിടുവാൻ
കരളിൽ കൊതിക്കുന്നൊരല്ലയോ നാം
ആയതിനാലിന്നു കേളി കൊട്ടി
പണ്ടത്തെപ്പാട്ടുകൾ ആർത്തുപാടാം
കാറ്റിൽ പുണരുന്ന വള്ളികൾ പോൽ
കെട്ടിപ്പിടിച്ചുനിന്നുല്ലസിക്കാം
ഇംഗ്ലണ്ടിൽ ഇരുന്നൂറുകൊല്ലം മുമ്പേ
ഒരു കീറ്റ്സും ഷെല്ലിയും ഉണ്ടാരുന്നു
അവരുടെ ഭാവനാഗോപുരത്തിൽ
മകരവിളക്കുകൾ കത്തി നിന്നു
അവരുടെ ഖണ്ഡകാവ്യങ്ങളെല്ലാം
ആദർശാവേശങ്ങളായിരുന്നു
കാലാനാം കശ്മലനെന്തുകൊണ്ടോ
കുരുതികഴിച്ചാക്കുഞ്ഞാടുകളെ
പിന്നീട് രാഘവൻ പിള്ളയായും
കൃഷ്ണനുമായവർ ജാതരായി
ഇടപ്പള്ളിയെന്ന നാട്ടിൻപുറത്തിൻ
പര്യായമായവർ പരിണമിച്ചു
അവരുടെ നന്ദനീയോദ്യാനത്തിൽ
പല പാരിജാതങ്ങൾ "മിഴി തുറന്നു"
അവയുടെ സൗരഭ്യമന്നുമിന്നും
കേരളക്കാറ്റിൽ പരന്നിടുന്നു
പെരിയാറും ഭാരതപ്പുഴയും പോരാ
ഗംഗയ്ക്കും യമുനയ്ക്കും അടിയിൽ നിന്ന്
മലയാളമണ്ണിൽ ഒഴുകി വന്ന
സരസ്വതി നദിയാണ് ചങ്ങമ്പുഴ
ആ നദി തീരത്ത് പന്തലിച്ച
ഏഴിലംപാലയിൽ ആവസിച്ച
ഗാനഗന്ധർവന്റെ ഈരടികൾ
പൂന്താനം പാനയായ് മാറിയല്ലോ?
ആ സ്വർഗ്ഗഗീതങ്ങൾ അശ്രുവോടെ,
ആവേശമോടെ ഞാൻ ആലപിപ്പൂ
ആ നിമിഷങ്ങളിൽ എൻ മനസ്സിൽ
അരവിന്ദാശോകങ്ങൾ പൂവിടുന്നു
ചങ്ങമ്പുഴയിൽ ചാഞ്ചാടിനിൽക്കും
ചെന്താമരകളെ ഓർത്തുകൊണ്ട്
അഭിമാനമോടെ ഞാൻ അർപ്പിക്കുന്നു
ആത്മാവിൽ പൂത്ത സൗഗന്ധികങ്ങൾ
ആ പമ്പയാറിലെ പൊന്നോളങ്ങൾ
ആരും മറക്കാത്ത ഈരടികൾ
അമരസല്ലാപത്തിൻ തേൻ മൊഴികൾ
നീറുന്ന നെഞ്ചിലെ വേദനകൾ
പ്രേമാർദ്രഹൃത്തിന്റെ രോമാഞ്ചങ്ങൾ
മധുമാസരാത്രിതൻ മർമ്മരങ്ങൾ
മലയാള ശബ്ദതാരാവലികൾ
മലയാളി പാടുന്ന പല്ലവികൾ
ആ തൂലികാഗ്രത്തിൽ അങ്കുരിച്ച
രമണനും മദനനും ചന്ദ്രികയും
മലയപ്പുലയനും മാതേവനും
മാവേലി മന്നന് തുല്യരായി
"അഴകിപ്പുലക്കള്ളി” ഓമനിച്ചു"
അരുമക്കിടാങ്ങടെ രോദനങ്ങൾ
ഭൂമിയ്ക്കും ചന്ദ്രനും ചക്രവാള
സീമക്കുമപ്പുറം എത്തിയല്ലോ ?
കല്ലോലമാലയും തീച്ചൂളയും
ഉദ്യാനലക്ഷ്മിയും മോഹിനിയും
ബാഷ്പ്പാഞ്ജലിയും മണിവീണയും
മദിരോത്സവങ്ങളായ് മാറിയല്ലോ?
പല "മെയ്യാണെങ്കിലും നമ്മളൊറ്റ"
പരബ്രഹ്മനാദത്തിൻ രാഗമല്ലേ ?
വിശ്വപ്രപഞ്ചമാം സാഗരത്തിൽ
വിരിയുന്ന കുമിളകൾ മാത്രമല്ലേ?
"കായായിത്തീരാൻ തുടങ്ങിയപ്പോൾ
പോയല്ലോ പോയല്ലോ പുഷ്പമേ നീ"
എന്ന് വിലപിച്ച ഗായകാ നീ
പ്രതിഭാ പ്രവാഹ പ്രതാപനായി
എങ്കിലും ഗന്ധർവാ നമ്മൾ കാണും
സങ്കല്പലോകത്തിൻ സാമ്രാട്ടായി
തങ്കക്കിരീടം നിനക്ക് ചൂടാൻ
ചങ്കുറപ്പോടുണ്ടിന്നായിരങ്ങൾ
വയലാറും പിന്നെ പി ഭാസ്കരനും
ശ്രീകുമാരർ തമ്പിയും ഓ എൻ വിയും
ദക്ഷിണാമൂർത്തിയും ദേവരാജു
നിൻ പുനർജന്മങ്ങൾ തന്നെയല്ലേ ?