ന്യൂഡൽഹി: യുപിഐ സേവനങ്ങൾക്ക് രാജ്യത്തുടനീളം തടസം നേരിട്ടു. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ യുപിഐ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള ഇടപാടുകളാണ് നിലച്ചത്. പേയ്‌മെന്റുകൾക്കായി പതിവായി യുപിഐ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ഉപയോക്താക്കളാണ് തകരാറുകൾ ചൂണ്ടിക്കാട്ടിയത്.
ഓണ്‍ലൈന്‍ സേവന പ്രശ്‌നങ്ങള്‍ ട്രാക്ക് ചെയ്യുന്ന പ്ലാറ്റ്‌ഫോമായ ഡൗൺഡിറ്റക്ടറിന്റെ റിപ്പോർട്ട് പ്രകാരം, ഇന്നു രാവിലെ 11.30 നാണ് യുപിഐ ഇടപാടുകളിൽ തടസം നേരിടുന്നതായി പരാതികൾ ഉയർന്നത്. ഫോൺപേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയ ആപ്പുകളിലെ ഡിജിറ്റൽ പേയ്‌മെന്റുകളിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് നിരവധി ഉപയോക്താക്കളാണ് പരാതിപ്പെട്ടത്. 76 ശതമാനം ഉപയോക്താക്കൾ പേയ്‌മെന്റുകൾ സംബന്ധിച്ച് പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും 23 ശതമാനം പേർക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്യാൻ കഴിയുന്നില്ലെന്നും റിപ്പോർട്ട് ചെയ്തു.
യുപിഐ സേവനങ്ങളിൽ തടസം നേരിട്ടത് ഗൂഗിളിലും ട്രെൻഡിങ്ങായി. കഴിഞ്ഞ 4 മണിക്കൂറിനിടെ 20,000 ത്തിലധികം പേരാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ഗൂഗിളിൽ തിരഞ്ഞത്.