Image
Image

ഡല്‍ഹിയിലെ പള്ളിയില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി

Published on 13 April, 2025
ഡല്‍ഹിയിലെ പള്ളിയില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെയും മതനിരപേക്ഷ മൂല്യങ്ങളുടെയും ലംഘനമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ മതവിശ്വാസങ്ങള്‍ ഹനിക്കുന്ന ഇത്തരം നടപടികള്‍ ബഹുസ്വര സമൂഹത്തിന് ചേര്‍ന്നതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇങ്ങനെ ഒരു സംഭവം അറിയില്ലെന്നായിരുന്നു ബിജെപി ജനറല്‍ സെക്രട്ടറി എം ടി രമേശ് പറഞ്ഞത്. നരേന്ദ്രമോദി സര്‍ക്കാര്‍ ക്രൈസ്തവരെ ചേര്‍ത്തുനിര്‍ത്തുന്ന നിലപാടാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ ഈസ്റ്ററിന് പ്രധാനമന്ത്രിക്കൊപ്പമാണ് സഭാ അധ്യക്ഷന്മാര്‍ ആഘോഷം നടത്തിയതെന്നും എം ടി രമേശ് പറഞ്ഞു.

ഓശാന ദിനത്തില്‍ സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന കുരുത്തോല പ്രദക്ഷിണത്തിനായിരുന്നു  കാരണം വ്യക്തമാക്കാതെ  ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചത്. സെന്റ് മേരീസ് ചര്‍ച്ചില്‍ നിന്ന് സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിലേക്കായിരുന്നു പ്രദക്ഷിണം തീരുമാനിച്ചിരുന്നത്. അനുമതി നിഷേധിച്ചതോടെ പ്രദക്ഷിണം ചര്‍ച്ച് വളപ്പില്‍ മാത്രമായി നടത്തും. പ്രധാന മന്ത്രി ക്രിസ്മസ്, ഈസ്റ്റര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ദേവാലയമാണ് സേക്രഡ് ഹാര്‍ട്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക