Image
Image

എമ്പുരാൻ ചർച്ചയുടെ പിന്നാമ്പുറങ്ങൾ : പ്രകാശൻ കരിവെള്ളൂർ

Published on 04 April, 2025
എമ്പുരാൻ ചർച്ചയുടെ പിന്നാമ്പുറങ്ങൾ : പ്രകാശൻ കരിവെള്ളൂർ

കേരളത്തിലെഎസ് എസ് എൽ സി - പ്ളസ് ടു അടക്കമുള്ള മുഴുവൻ ബാല്യ - കൗമാരപ്രായത്തിലുള്ള മുഴുവൻ വിദ്യാർത്ഥികളും പരീക്ഷയിൽ നിന്ന് സ്വതന്ത്രരാകുന്ന ദിവസം ഒരു സിനിമ റിലീസായി . അതും 2019 ൽ ഇറങ്ങി ആ കോവിഡ് ബഹളത്തിന് മുമ്പ് എങ്ങനെയോ ഹിറ്റായിപ്പോയ ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗം എന്ന് പണ്ടേ അനൗൺസ് ചെയ്ത എമ്പുരാൻ . 

പല തരം തമ്പുരാൻ സിനിമകൾ പണ്ടേ  ചെയ്ത മോഹൻലാലിനെ വച്ച് അതേ നാണയത്തിൽ ഇറക്കാനാവും തിരക്കഥ പടച്ച മുരളി ഗോപിയുടെയും ജോഷി സ്റ്റൈൽ സംവിധാനം നന്നായി പകർത്തിയ പൃഥ്വീരാജിൻ്റെയും ലക്ഷ്യം എന്ന് കരുതി താരാരാധനാരോഗമൊന്നുമില്ലാത്ത പ്രേക്ഷകർ ഇത്തരം എമ്പ്രാക്കന്മാരെയൊന്നും കാലങ്ങളായി ഗൗനിക്കാറേയില്ല . സൂപ്പർതാരസിനിമാ റിലീസിങ്ങ് എന്നൊക്കെ പറഞ്ഞാ കാൽ നൂറ്റാണ്ട് കൊണ്ട് മലയാളികളും  തമിഴ് - തെലുങ്കരേക്കാൾ കഷ്ടതരമാണ് . ഒന്നാം ദിവസം പുലർച്ചെ മൂന്ന് മണിക്കും ആറുമണിക്കുമൊക്കെയാണ് ഒന്നും രണ്ടും ഷോകൾ . അതിനിടിച്ച് കയറുക അസോസിയേഷൻകാരാണ് . ആ നിലയ്ക്ക് ഒന്നാം ദിവസം രാവിലെ 10 മണിക്കുള്ളിൽ ഫെയ്സ്ബുക്കിലും വാട്സാപ്പിലും വന്ന മെസേജുകൾ വേറെ ആര് അയക്കാനാണ് ? 

പലതും സിനിമയുടെ ലാഗും ബോറടിയും പറഞ്ഞ് കുറ്റപ്പെടുത്തുകയായിരുന്നു . ബീജീഎം ജോറായില്ല, മലയാളം ഡയലോഗ് കുറവായതിനാൽ ആദ്യ ഭാഗമൊന്നും വ്യക്തമല്ല . പറയാനും മാത്രം ഒരു കഥയില്ല . ഉള്ള കഥ ഒന്നും മനസ്സിലായില്ല  . മൂന്ന് മണിക്കൂറുള്ള സിനിമയിൽ മോഹൻലാൽ  നാലഞ്ച് സീനുകളിലായി ആകെക്കൂടി നാല്പത് മിനുട്ടേയുള്ളൂ - ഇതൊക്കെയായിരുന്നു വിമർശനങ്ങൾ . എന്നാൽ രണ്ടാം ദിവസം നവമാധ്യമങ്ങളിൽ എമ്പുരാൻചർച്ചയുടെ ഭാഗമായി നിറഞ്ഞാടിയത്  , നടത്തിയതാരാണ് ഔദ്യോഗികമായി തെളിയിച്ചിട്ടില്ലാത്ത 2002 ലെ ഗോധ്ര ട്രെയിൻ തീ വെപ്പാണ് . 

ഗുജറാത്തിൽ ഒരു കലാപം ആസൂത്രണം ചെയ്തു കൊണ്ട് ഹിന്ദു രാഷ്ട്രീയക്കാർ സൃഷ്ടിച്ചെടുത്തതാണ് ഗോധ്ര എന്ന് മുമ്പേ സൂക്ഷ്മമായി പല രാഷ്ട്രീയ - മാധ്യമ നിരീക്ഷകരും വിലയിരുത്തിയതാണ് . എന്നാൽ അങ്ങനെ വസ്തുനിഷ്ഠമായ യാതൊരു നിലപാടുമില്ലാതെ തനിയേ പടരുന്ന ഒരു തീയാണ് സിനിമയിൽ കാണിച്ചത് . തുടർന്ന് അവിടെ ബജ്റംഗി എന്ന ആർ എസ് എസ് നേതാവ് ( സിനിമയിലെ പേര് )  ആ മുസ്ലിം കോളനി പ്രദേശത്ത് നടത്തുന്ന താണ്ഡവം അതിൻ്റെ സംഹാര ഭീകരതയോടെ സിനിമ ചിത്രീകരിക്കുന്നു . 23 വർഷം മുമ്പ് തങ്ങൾ നടത്തിയ ആസൂത്രിത കലാപത്തെ ചോദ്യം ചെയ്യുന്ന സിനിമ എന്നതിനാൽ സിനിമയ്ക്കെതിരെ അവരുടെ ഉറഞ്ഞാട്ടമാണ് അടുത്ത നാടകം . 

ലോകത്തെവിടെയായാലും ആവിഷ്കാരസ്വാതന്ത്ര്യത്തെ തൊട്ടാൽ ഉടൻ പൊള്ളുന്ന ഒരു ടീമാണല്ലോ ആറേഴ് കൊല്ലമായി കേരളം ഭരിക്കുന്നത് . ബീജേപി എതിർക്കുന്ന എന്തിനെയും പിന്തുണക്കണം എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലാത്ത അവർ സിനിമയുടെ രക്ഷകരായി ചാടി വീണു . ഒരാഴ്ച്ചയ്ക്കകം പതിനേഴ് സീൻ കട്ട് ചെയ്ത് പുതിയ എമ്പുരാൻ റിലീസ് ചെയ്യും - അതു വരെ പഴയ എമ്പുരാൻ ഓടും ..
പോരേ പൂരം ? കട്ട് ചെയ്യുന്നതിന് മുമ്പേ സിനിമ കാണാൻ സിനിമാ പ്രേമികൾ തിക്കിത്തിരക്കി . 

സംഭവമെന്താണെന്നറിയാൻ ഇന്ന് വരെ തീയറ്ററിൽ പോയി സിനിമ കണ്ടിട്ടില്ലാത്തവർ വരെ ടിക്കറ്റിന്  വേണ്ടി വീണ് മരിച്ചു ! ഫലമോ - റിലീസിങ്ങിൻ്റെ അഞ്ചാം ദിവസം എമ്പുരാൻ 200 കോടിയുടെ കച്ചവടം നടത്തിയത്രേ !
ഈ സന്ദർഭത്തിൽ തൃശൂർ എംപിയും സിനിമാ താരവും എമ്പുരാൻ്റെ ടൈറ്റിലിൽ നന്ദി കാർഡുമുള്ള ബീജേപിക്കാരൻ പറയുന്നു - ആരും ആവശ്യപ്പെട്ടിട്ടല്ല , അവർ തന്നെ ഇങ്ങോട്ട് നിർദ്ദേശിച്ചതാ വെട്ടിമാറ്റാൻ . പറഞ്ഞത് അപ്പടി വിശ്വസിക്കാൻ കഴിയില്ല . എന്നാൽ സെൻസർഷിപ്പിൻ്റെ ഡേറ്റ് കുറേ നീട്ടി , അത്രയും ദിവസം സിനിമ പ്രദർശിപ്പിക്കാൻ അനുമതി നൽകിയ നാഷണൽ സെൻസർ ബോർഡിൻ്റെ നടപടി സംശയാസ്പദമാണ് . പ്രത്യക്ഷത്തിൽ തങ്ങൾക്കെതിരാണെന്ന് തോന്നിക്കുന്ന എമ്പുരാൻ ഉള്ളിലൂടെ തങ്ങൾക്ക് അനുകൂലമാണെന്ന് സംഘപരിവാർ വൈകിയെങ്കിലും തിരിച്ചറിഞ്ഞതു പോലുണ്ട് എമ്പുരാൻ്റെ ചർച്ചാ തുടർ നാടകങ്ങൾ .

( തുടരും )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക