ഇന്ത്യയുടെ ജനസംഖ്യയില്‍ എണ്‍പത് ശതമാനം ഹിന്ദുക്കളും പതിനാലു ശതമാനം മുസ്ലിമുകളും
രണ്ടു ശതമാനം ക്രിസ്ത്യാനികളും ഏതാണ്ട് അത്രയും സിക്കുകാരും രണ്ടു ശതമാനം മറ്റു
മതങ്ങളും ഉള്‍പ്പെടുന്നു. മതങ്ങള്‍ക്കെല്ലാം തുല്യമായ ഏകീകൃത സിവില്‍ നിയമങ്ങള്‍
നടപ്പാക്കണമെന്നുള്ളത് ബിജെപി സര്‍ക്കാരിന്റെ ഒരു അജണ്ടയായിരുന്നു. ഒരുരാഷ്ട്രം,
ഒരു ജനത, ഒരു നിയമം കൈവരിക്കാന്‍ സാമൂഹിക സാംസ്ക്കാരിക വാദികളെയും
പ്രേരിപ്പിക്കുന്നു. രാഷ്ട്രത്തിന് ഇന്നാവശ്യമുള്ള ഏകീകൃത നിയമ നിര്‍മ്മാണത്തില്‍
മഹത്തായ ആശയങ്ങള്‍ നിറഞ്ഞിരിക്കുന്നുവെങ്കിലും പ്രായാഗികതലത്തില്‍ അത്തരമൊരു നിയമം
നടപ്പാക്കുക എളുപ്പമല്ല. മതവും മത തീവ്രതയും രാഷ്ട്രീയവുമാണ് വിലങ്ങുതടികള്‍.
സ്വാതന്ത്ര്യം കിട്ടിയ നാളുമുതല്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍, മതമാമൂലുകളെ
അടിസ്ഥാനമാക്കിയുള്ള നിയമങ്ങളെ ഇല്ലാതാക്കി സര്‍വ്വര്‍ക്കും പ്രയോജനപ്രദമായ നിയമം
നടപ്പാക്കുന്നതിന് ശ്രമിക്കുന്നുണ്ടായിരുന്നു. അപ്പോഴെല്ലാം രാഷ്ട്രീയവും മതവും
ഒന്നായി ഏകീകൃത സിവില്‍ നിയമത്തെ എതിര്‍ക്കുകയാണുണ്ടായത്.
കൊളോണിയല്‍
കാലത്ത് ബ്രിട്ടീഷ്കാര് മതങ്ങളുടെ നിഷ്ടൂരമായ ആചാരങ്ങളെ ഇല്ലാതാക്കാന്‍ പലവിധ
സാമൂഹിക പരിഷ്കാരങ്ങളും നടത്തിയിട്ടുണ്ട്. ബംഗാളിലെ ഗവര്‍ണറായിരുന്ന വില്യം
ബെനറ്റിന്‍ക് (ണശഹഹശമാ ആലിശേിരസ) ഹൈന്ദവരുടെയിടയിലുണ്ടായിരുന്ന 'സതി'
നിര്‍ത്തലാക്കി. അതുവരെ വിധവയായ സ്ത്രീ ഭര്‍ത്താവ് മരിച്ചാല്‍ ചിതയില്‍ ചാടി
ആത്മാഹൂതി ചെയ്യണമായിരുന്നു. 1829ല്‍ ബംഗാളില്‍ സതി നിരോധ നിയമം പാസാക്കി. പിന്നീട്
ആ നിയമം ഇംഗ്ലീഷ്കാര് വസിക്കുന്ന ഭൂവിഭാഗങ്ങളില്‍ മുഴുവനായി വ്യാപിപ്പിച്ചു.
രാജ്യത്തു ക്രിസ്ത്യാനികള്‍ക്കും മുസ്ലിമുകള്‍ക്കും ഹിന്ദുക്കള്‍ക്കും
വ്യത്യസ്തങ്ങളായുള്ള സിവില്‍ നിയമങ്ങളാണ് നിലവിലുള്ളത്. ഇതില്‍ ഹിന്ദുക്കളുടെ
സിവില്‍ നിയമങ്ങളാണ് കൂടുതല്‍ നീതിയും മനുഷ്യത്വപരവുമായിട്ടുള്ളത്. സ്വാതന്ത്ര്യം
ലഭിച്ചശേഷം ഹൈന്ദവര്‍ക്കു വേണ്ടിയുള്ള പരിഷ്ക്കരിച്ച സിവില്‍ നിയമങ്ങള്‍
നടപ്പാക്കാന്‍ കാരണമായത് അംബേദ്ക്കറായിരുന്നുവെന്നതും സ്മരണീയമാണ്.
െ്രെകസ്തവര്‍ക്കും ഇസ്ലാമികള്‍ക്കുമായുള്ള മറ്റു രണ്ടു നിയമങ്ങളും മതങ്ങളുടെ മൗലിക
വിശ്വാസത്തില്‍ എഴുതപ്പെട്ടതായിരുന്നു. ഇന്ത്യാ മൊത്തമായുള്ള ഏകീകൃത നിയമത്തിന്റെ
അഭാവത്തില്‍ മതങ്ങള്‍ അവരുടെ നിയമങ്ങള്‍ കാലാന്തരത്തില്‍ പരിഷ്ക്കരിക്കുമെന്നു
രാഷ്ട്രശില്പികള് കരുതിയിരുന്നു. എന്നാല്‍ കഴിഞ്ഞ എഴുപതു വര്‍ഷങ്ങള്‍
കാത്തിരുന്നിട്ടും മതം തികച്ചും പരിവര്‍ത്തന വിധേയമാകാതെ പാരമ്പര്യ വിശ്വാസങ്ങളില്‍
ഉറച്ചുനില്‍ക്കുകയായിരുന്നു. ''ഇന്ത്യാ ലോ മിഷ്യന്' പരിഷ്ക്കരണങ്ങള്‍ക്കായി
നിലകൊള്ളുന്നുവെങ്കിലും വിവാഹ മോചന കാര്യങ്ങളിലോ ജീവനാംശ കാര്യങ്ങളിലോ യാതൊരു
പുരോഗതിയും കൊണ്ടുവരാന്‍ ശ്രമിച്ചിട്ടില്ല. സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന
യൂണിഫോം സിവില്‍ കോഡില്‍ പ്രശ്നങ്ങളുണ്ടാകുന്ന സ്ഥിതിക്ക് മുസ്ലിം ബോര്‍ഡിന്
സമുദായ സാമൂഹിക പുരോഗമനത്തിനായുള്ള തീരുമാനങ്ങളെടുക്കാമായിരുന്നു. എന്നാല്‍
അതുണ്ടായില്ല.
വിവാഹം, വിവാഹ മോചനം, പാരമ്പര്യ സ്വത്തുക്കള്‍,
സ്ത്രീകള്‍ക്കും തുല്യവകാശങ്ങള്‍ മുതലായ സാമൂഹിക മാറ്റങ്ങള്‍ക്കായി ബില്ല്
നിര്‍മ്മിക്കാനുള്ള സാധ്യതകള്‍ തേടി സര്‍ക്കാര്‍ ഒരു നിയമ കമ്മീഷനെ
ചുമതലപ്പെടുത്തിയിരുന്നു. സര്‍ക്കാരിന്റെ അത്തരമൊരു തീരുമാനം കാരണം വിവിധ
സമുദായങ്ങളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും വലിയ പ്രത്യാഘാതങ്ങള്‍
സൃഷ്ടിക്കാന്‍ കാരണമായി. ഭാരതത്തില്‍ ഓരോ സമുദായത്തിനും പൗരനിയമങ്ങള്‍ വ്യത്യസ്തമായ
രീതികളിലാണുള്ളത്. പാരമ്പര്യ സ്വത്തു വിഭജനകാര്യങ്ങളിലും വിവാഹം, വിവാഹമോചനത്തിലും
ഹിന്ദുവിന് ഒരു നിയമം, മുസ്ലിമിനും, ക്രിസ്ത്യാനിക്കും പാഴ്സിക്കും മറ്റു
നിയമങ്ങളുമാണുള്ളത്. ഏകീകൃത സിവില്‍ നിയമമെന്നാല്‍ നിലവിലുള്ള മതങ്ങളും ജാതികളും
വേര്‍തിരിച്ചുള്ള നിയമങ്ങള്‍ റദ്ദ് ചെയ്ത് രാജ്യത്തിനു പൊതുവായ ഒരു നിയമം
സൃഷ്ടിക്കുകയെന്നതാണ്.
ഏകീകൃത സിവില്‍ നിയമങ്ങള്‍ ഭാരതമാകെയും
നടപ്പാക്കണമെന്ന ശ്രമങ്ങള്‍ കൊളോണിയല്‍ കാലം മുതല്‍ തുടങ്ങിയതാണ്. അവര്‍ നിയമങ്ങള്‍
കൊണ്ടുവന്നെങ്കിലും മതങ്ങളുടെ എതിര്‍പ്പുകള്‍ മൂലം അത്തരം സാമൂഹിക
പരിഷ്ക്കാരങ്ങളൊന്നും നടപ്പാക്കാന്‍ സാധിച്ചില്ല. വലിയൊരു ജനസമൂഹത്തിന്റെ തീവ്ര
ചിന്തകളെയും പ്രശ്നങ്ങളെയും പേടിച്ചു മതപരമായ കാര്യങ്ങളില്‍ അവര്‍
ഇടപെട്ടിരുന്നില്ല. ഒരേ മതത്തിലുള്ളവരുടെ വ്യക്തിഗത കാര്യങ്ങള്‍ അതാത് സ്ഥലത്തെ
കോടതികള്‍ കൈകാര്യം ചെയ്തിരുന്നു. ഹിന്ദുക്കളുടെ കേസുകളാണെങ്കിലും വിവിധ
സ്ഥലങ്ങളില്‍ ജാതി തിരിച്ചുള്ള വ്യത്യസ്തങ്ങളായ നിയമങ്ങളുണ്ടായിരുന്നു. 1937ല്‍
ബ്രിട്ടീഷ് സര്‍ക്കാര്‍ ഷാരിയാ നിയമങ്ങള്‍ അംഗീകരിച്ചുകൊണ്ട് മുസ്ലിമുകള്ക്ക്
പ്രത്യേകമായ നിയമങ്ങള്‍ പാസാക്കി.
ഇന്ത്യന്‍ ഭരണഘടന തയ്യാറാക്കുന്ന
വേളകളില്‍ ഓരോ മതങ്ങളുടെയും വ്യക്തിഗത നിയമങ്ങളെ സൂക്ഷ്മമായി പഠിച്ചു
വിലയിരുത്തിക്കൊണ്ടുള്ള ചര്‍ച്ചകളുണ്ടായിരുന്നു. ഏകീകൃത നിയമം ഭാരതത്തിനു മൊത്തമായ
ഐക്യബോധമുണ്ടാകുമെന്നും ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങള്‍
ലഘുകരിക്കുമെന്നും അന്നുള്ളവരുടെയിടയിലും വാദങ്ങളുണ്ടായിരുന്നു. എന്നാല്‍
പുരോഗമനപരമായ മൂല്യങ്ങളെക്കാള്‍ എതിര്‍പ്പുകാരായിരുന്നു കൂടുതലായുണ്ടായിരുന്നത്.
ഒരോ മതങ്ങളുടെയും മൂല്യങ്ങളും സാംസ്ക്കാരികതയും അതുമൂലം നശിക്കാനിട വരുമെന്നും
മതന്യൂന പക്ഷങ്ങളുടെ താല്പര്യങ്ങള്ക്ക് ഹാനികരമാവുമെന്നും ബില്ലിനെ എതിര്‍ത്തവര്‍
വാദിച്ചു. ഏകീകൃത സിവില്‍ നിയമങ്ങള്‍ക്ക് ഒരു തീരുമാനമെടുക്കാന്‍ സാധിക്കാതെ
വന്നതുമൂലം അത്തരമുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക്
നല്കി. ഹൈന്ദവര്‍ക്ക് മാത്രമായി ബില്ലുകള്‍ ഉണ്ടാക്കിയപ്പോള്‍ ബില്ലിനെതിരായി
രാജ്യവ്യാപകമായ പ്രക്ഷോപണങ്ങള്‍ ഉണ്ടായിരുന്നു.
ഏകീകൃത പൗരാവകാശ നിയമങ്ങളുടെ
ലക്ഷ്യം മതങ്ങള്‍ അനുശാസിക്കുന്ന വ്യക്തിഗത നിയമങ്ങളെ മാറ്റി മനുഷ്യത്വപരമായ
നിയമങ്ങള്‍ പ്രാബല്യമാക്കുക എന്നുള്ളതാണ്. അത്തരം ഒരു നിയമ ഭേദഗതിയെ ഭാരതീയ ജനതാ
പാര്‍ട്ടിയും കമ്യൂണിസ്റ്റുകാരും പിന്താങ്ങുമ്പോള് കോണ്‍ഗ്രസ്സും ആള് ഇന്ത്യ
മുസ്ലിം ബോര്‍ഡും എതിര്‍ക്കുന്നത് കാണാം. ഹിന്ദു മതത്തെ സംബന്ധിച്ച് വിവാഹമോചനം
അനുവദനീയമല്ല. സ്ത്രീകള്‍ക്ക് തുല്യ സ്വത്തുക്കള്‍ നല്കുന്നതു സംബന്ധിച്ചും
തര്‍ക്കങ്ങളുണ്ടായിരുന്നു. കൂട്ടുകുടുംബ വ്യവസ്ഥയെ തകര്‍ക്കുമെന്നും തീവ്ര
ചിന്താഗതിക്കാര്‍ വാദിച്ചു. ഹൈന്ദവ മതത്തെ മാത്രം പരിഷ്കരിക്കുന്ന നിയമങ്ങളും
നീതിയല്ലെന്നു ചര്‍ച്ചകളിലുണ്ടായിരുന്നു. ഹിന്ദുക്കളില്‍ ഐക്യമത്യം ഉണ്ടാക്കാന്‍
അത്തരം നിയമം ആവശ്യമെന്നായിരുന്നു നെഹ്രുവിന്റെ ചിന്താഗതി. ദേശീയ ഐക്യമത്യത്തിനു
അത് ഉതകുമെന്നും നെഹ്റു മനസിലാക്കി. നെഹ്റു നിയമങ്ങളെ തന്നെ നാലായി വിഭജിച്ചു.
വിവാഹം, വിവാഹ മോചനം പാരമ്പര്യ സ്വത്തു വിഭജനം, കുട്ടികളെ ദത്തെടുക്കുമ്പോള്‍
ഹിന്ദുക്കള്‍ അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ എന്നിവകള്‍ തരം തിരിച്ചു നിയമങ്ങള്‍
പാസാക്കി. 1950ല്‍ ഹൈന്ദവ പരിഷ്കാര നിയമങ്ങള്‍ അധികം പ്രതിഷേധങ്ങളില്ലാതെ
പാസാക്കാനും സാധിച്ചു.
1985ലെ 'ഷാ ബാനോ' കേസിന്റെ സുപ്രീം കോടതി വിധി
മുസ്ലിം വ്യക്തിഗത നിയമത്തിനെതിരായിരുന്നു. കേസില്‍ സുപ്രീം കോടതിയുടെ തീരുമാനം
യാഥാസ്ഥികരായ മുസ്ലിമുകളില്‍ വലിയ ഒച്ചപ്പാടുകളുമുണ്ടാക്കി. ഇന്ത്യാ മുഴുവനായി
ഏകീകൃത നിയമത്തിന്റെ ആവശ്യകതയും അന്നത്തെ വിധിന്യായത്തില്‍
വ്യക്തമാക്കിയിരുന്നു.
അഞ്ചു കുട്ടികളുടെ തള്ളയായ 'ഷാബാനോ'യെന്ന മുസ്ലിം
സ്ത്രീയെ അവരുടെ ഭര്‍ത്താവ് ഇസ്ലാമിക ആചാരപ്രകാരം മൂന്നുപ്രാവശ്യം തലാക്ക് ചൊല്ലി
ഉപേക്ഷിക്കുകയുണ്ടായി. ഇസ്ലാമിക നിയമം അനുസരിച്ചു അവര്‍ വീണ്ടും വിവാഹം
കഴിച്ചില്ലെങ്കില്‍ മൂന്നു മാസം വരെ ജീവനാംശം കൊടുക്കാനെ അവരുടെ
ഭര്‍ത്താവായിരുന്നയാള്‍ക്ക് ബാദ്ധ്യതയുണ്ടായിരുന്നുള്ളൂ. ഇസ്ലാമിലെ ഹാഡിത്ത്
നിയമമനുസരിച്ച് അയാള്‍ കോടതിയില്‍ അങ്ങനെയുള്ള വാദങ്ങളുന്നയിച്ചു. കേസ് സുപ്രീം
കോടതിയില്‍വരെ പരിഗണനയിലുമെത്തി. അവര്‍ക്ക് ജീവിക്കാന്‍ മറ്റു
മാര്‍ഗങ്ങളില്ലാഞ്ഞതിനാല്‍ അവരുടെ പുനര്‍വിവാഹം വരെയോ മരിക്കുന്നവരെയോ ജീവനാംശം
കൊടുക്കാന്‍ ഇന്ത്യന്‍ പീനല്‍ കോഡ് 125 വകുപ്പുപ്രകാരം വിധിയുണ്ടായി. നിയമം
ഏവര്‍ക്കും ഒരുപോലെ ബാധകമെന്ന സുപ്രിം കോടതിയുടെ തീരുമാനത്തില്‍ മുസ്ലിം വ്യക്തിഗത
നിയമത്തിനു തിരിച്ചടിയും കോടതിയില്‍ വിലയില്ലാതെയുമായി. മത മൗലികവാദികളായ
മുസ്ലിമുകള് ഈ വിധി മതത്തിനെതിരായ വിധിയായി കരുതിയും ഇസ്ലാമിക നിയമത്തെ
പരിഗണിക്കാത്തതിലും ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ ആരംഭിച്ചു.
മുസ്ലിമുകളില്‍നിന്നും വന്ന എതിര്‍പ്പുകാരണം കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ 1986ല്‍
സ്ത്രീകളുടെ വിവാഹ മോചനം സംബന്ധിച്ച പുതിയ വകുപ്പ് പാര്‍ലമെന്റില്‍ പാസാക്കുകയും
സുപ്രീം കോടതി വിധി അസാധുവാക്കുകയും ചെയ്തു. ഈ നിയമം അനുസരിച്ചു വിവാഹ മോചനം നേടിയ
സ്ത്രീക്ക് മൂന്നു മാസം ചെലവിന് കൊടുത്താല്‍ മതിയാകും.
മുസ്ലിം സമുദായവും ഷിയാ
ബോര്‍ഡും ഈ വിധി അസാധുവാക്കിയതില്‍ സര്‍ക്കാരിനെ അഭിനന്ദിക്കുകയും പുതിയ നിയമത്തിനു
പിന്തുണ നല്കുകയുമുണ്ടായി. ഇന്ത്യാ ഒരു മതേതരത്വ രാജ്യമെന്ന നിലയില്‍
മതത്തിന്റെയടിസ്ഥാനത്തിലുള്ള ഒരു നിയമ ഭേദഗതി ഖേദകരമായിട്ടാണ് സുപ്രീം കോടതി
കണ്ടത്. മതത്തെ അകറ്റി നിര്‍ത്തുന്നതിനു പകരം ഈ നിയമം മൂലം ദേശീയ കാഴ്ചപ്പാട് തന്നെ
അര്‍ത്ഥമില്ലാത്തതെന്നും വിലയിരുത്തി. ഇന്ത്യാ ഒന്നാണെന്നുള്ള ആദര്‍ശങ്ങള്‍ക്കും
വിലയില്ലാതെയായി. മതങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു നിയമ ഭേദഗതി സംസ്ഥാനങ്ങള്‍ക്ക്
നടപ്പാക്കാന്‍ സാധിക്കുമെങ്കിലും വോട്ടു ബാങ്കുകള്‍ പ്രതീക്ഷിച്ച് സംസ്ഥാനങ്ങള്‍
തയ്യാറാകാത്തതിലും കോടതി കുറ്റപ്പെടുത്തി.
മുസ്ലിമുകളില്‍ ബഹുഭാര്യത്വം
അനുവദിച്ചിട്ടുണ്ടെങ്കിലും ഹിന്ദുക്കളെക്കാളും ബുദ്ധമതക്കാരെക്കാളും
ആദിവാസികളെക്കാളും ബഹുഭാര്യത്വം അവരുടെയിടയില്‍ കുറവെന്നും കാണാം. ഇന്ത്യയുടെ
സെന്‍സസ് കണക്കുകള്‍ ഇത് വ്യക്തമാക്കുന്നുമുണ്ട്. മുസ്ലിം സമുദായത്തില്‍ നിയമപരമായി
ബഹു ഭാര്യത്വം അനുവദനീയമായതുകൊണ്ട് അനേകം പേര് ഇസ്ളാം മതം സ്വീകരിക്കാനും
താത്പര്യപ്പെടുന്നു. ക്രിസ്ത്യാനികളില്‍ മതപരമായ വിവാഹമോചനം എളുപ്പമല്ലാത്തതിനാല്‍
കോടതിവഴിയേ സാധിക്കുകയുള്ളൂ. അതിനായി ഭരണഘടനയില്‍ പ്രത്യേക ചട്ടങ്ങള്‍
എഴുതിയുണ്ടാക്കിയിട്ടുണ്ട്.
ഹിന്ദു നിയമം അനുസരിച്ച് ഒരു അമ്മയ്ക്ക്
മക്കള്‍ക്കൊപ്പം സ്വത്തുക്കളില്‍ തുല്യവകാശമുണ്ട്. മരിച്ചുപോയ മകന്റെ
സ്വത്തുക്കളില്‍ അവകാശം മകന്റെ വിധവയ്ക്കായിരിക്കും. എന്നാല്‍ വിവാഹിതയായ മകള്‍
മരിക്കുകയാണെങ്കില്‍ അവരുടെ മക്കള്‍ക്കൊപ്പം അമ്മയ്ക്കും അവകാശം ലഭിക്കും. ഇങ്ങനെ
മതങ്ങള്‍ തമ്മിലുള്ള വ്യക്തിഗതങ്ങളായ നിയമങ്ങളുടെ അന്തരം കാരണമാണ് ഏകീകൃതമായ ഒരു
നിയമത്തിന്റെ ആവശ്യം വരുന്നത്. സ്ത്രീകള്‍ക്ക് വിവാഹത്തിലും, വിവാഹമോചനത്തിലും,
പാരമ്പര്യ സ്വത്തുക്കളിലും എല്ലാ മതങ്ങളിലും വിവേചനമാണുള്ളത്.
ഇന്ത്യയെ
സംബന്ധിച്ച് വിവിധ സംസ്കാരങ്ങളുടെയും മതങ്ങളുടെയും ജാതികളുടെയും മദ്ധ്യേ ഏകീകൃതമായ
ഒരു നിയമം നടപ്പാക്കുക എളുപ്പമല്ല. 1955ലെ ഹിന്ദു വിവാഹ നിയമം അനുസരിച്ചാണെങ്കിലും
ഹിന്ദുവിന്റെ നിര്‍വചനത്തില്‍ വരുന്ന എല്ലാ ജാതികളുടെയും നിലവിലുള്ള ആചാരങ്ങള്‍
അനുസരിച്ച് വിവാഹം നടത്തണം. മുസ്ലിമുകളെ സംബന്ധിച്ച് നീണ്ട ആചാരങ്ങള്‍ ഇല്ലെങ്കിലും
ഷിയാകളുടെയും സുന്നികളുടെയും ഇടയിലുള്ള ആചാരങ്ങളില്‍ വലിയ അന്തരമുണ്ട്. ഏകീകൃത
നിയമം നടപ്പാക്കുന്നതിന് പ്രശ്നക്കാരായി മുമ്പില്‍ നില്‍ക്കുന്നത്
രാഷ്ട്രീയക്കാരാണ്. ഏകീകൃത സിവില്‍ കോഡുകള്‍ സംബന്ധിച്ച് ബി.ജെപി.യ്ക്കും
കോണ്‍ഗ്രസിനും കമ്യൂണിസ്റ്റുകാര്‍ക്കും അവരുടേതായ നയങ്ങളുണ്ട്. ഭൂരിഭാഗം
ജനങ്ങള്‍ക്കും നിയമം എന്തെന്നുപോലും അറിയത്തില്ല. അത്തരക്കാരാണ് രാഷ്ട്രീയക്കാരുടെ
ചട്ടുകങ്ങളായി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതും പ്രകടനങ്ങള്‍ നടത്തുന്നതും.
ഏകീകൃത സിവില്‍ കോഡിനെപ്പറ്റി പലര്‍ക്കും തെറ്റായ ധാരണകളുമുണ്ട്. ന്യൂന
പക്ഷങ്ങളുടെ ഇടയില്‍ ഇതേസംബന്ധിച്ചു ശക്തമായ രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തുന്നത്
കാണാം. ഹിന്ദുക്കള്‍ക്ക് മാത്രം ഈ നിയമം പ്രയോജനപ്പെടുന്നുവെന്നുള്ള മിഥ്യാധാരണകളും
അജ്ഞരായ ജനത്തെ വഴിതെറ്റിക്കുന്നു. ഒരു പക്ഷെ സിവില്‍ കോഡ് നിയമങ്ങള്‍ ഒറ്റയടിക്ക്
നടപ്പിലായാല്‍ ദേശീയ തലങ്ങളില്‍ പ്രത്യാഘാതങ്ങളുണ്ടായേക്കാം. സമുദായ മൈത്രിക്ക്
കോട്ടം സംഭവിച്ചേക്കാം. പടിപടിയായുള്ള ചെറിയ പരിഷ്ക്കാരങ്ങളില്‍ക്കൂടി
യുക്തിപൂര്‍വം നിയമം നടപ്പാക്കുകയായിരിക്കും നല്ലത്. നിയമങ്ങള്‍ ആധുനിക
കാലത്തിനനുയോജ്യമായ വിധം മാറ്റങ്ങള്‍ വരുത്താനും ശ്രമിക്കാം. മതങ്ങള്‍ തമ്മിലുള്ള
അന്തരം കുറയ്ക്കുന്നതിനുമായിരിക്കണം ലക്ഷ്യം. അങ്ങനെ ഏകീകൃത നിയമങ്ങള്‍
പൂര്‍ണ്ണമായും പിന്നീടുള്ള കാലഘട്ടത്തില്‍ നടപ്പാക്കാനും സാധിക്കും. ഇന്ത്യാ ഒരു
മതേതര രാഷ്ട്രമെന്ന നിലയ്ക്ക് എന്തുകൊണ്ട് ഓരോ മതങ്ങള്‍ക്കും വ്യത്യസ്ത നിയമങ്ങള്‍
എന്നതും ചര്‍ച്ചാ വിഷയമാണ്. രാഷ്ട്രീയക്കാരുടെ തെരുവുകളിലെ പ്രസംഗങ്ങളില്‍ ഇന്ത്യ
ഒരു മതേതര രാഷ്ട്രമെങ്കിലും നിയമത്തിന്റെ പേജുകളില്‍ മതമാണ് നിറഞ്ഞിരിക്കുന്നത്.
നമുക്കൊരു ഏകീകൃത നിയമം രാജ്യത്തു നടപ്പാക്കാന്‍ സാധിക്കാതെ പോയത് മതഭ്രാന്തന്മാര്
ഈ നാടിനെ ഭരിക്കുന്നതുകൊണ്ടായിരുന്നു. അവര്‍ വെറുപ്പിന്റെ പ്രസംഗങ്ങളില്‍ക്കൂടി
രാജ്യത്താകമാനം രക്തച്ചൊരിച്ചിലുകളുടെ വിപ്ലവങ്ങള്‍ നടത്തിക്കൊണ്ടിരുന്നു.
രാജ്യത്തുടനീളമുള്ള മുസ്ലിം വനിതാ സംഘടനകള്‍ ഇന്ന് നിലവിലുള്ള ഇസ്ലാമിന്റെ
വ്യക്തിഗത നിയമങ്ങള്‍ സ്ത്രീകളോട് വിവേചനം കാണിക്കുന്നുവെന്ന് കരുതുന്നു.
തുല്യാവകാശങ്ങള്‍ക്കായി പ്രതിഷേധങ്ങളും സംഘടിപ്പിക്കാറുണ്ട്. ഒരു കാരണവും കൂടാതെ
ഒരു മുസ്ലിം പുരുഷന് മൂന്നു പ്രാവിശ്യം തലാക്ക് ചൊല്ലി സ്ത്രീയെ വിവാഹ ജീവിതത്തില്‍
നിന്നും പുറത്താക്കാം. അതേസമയം സ്ത്രീയ്ക്ക് പുരുഷനെ ഒഴിവാക്കണമെങ്കില്‍, അയാള്‍
എത്ര വെറികെട്ടവനാണെങ്കിലും കോടതിയുടെ സഹായവും വേണം. വിവാഹ മോചനം ലഭിക്കണമെങ്കില്‍
അവര്‍ക്ക് വര്‍ഷങ്ങളോളം കോടതിയില്‍ പട പൊരുതുകയും വേണം. ഭര്‍ത്താവിന്റെ ക്രൂരതയും
വ്യപിചാരവുമെല്ലാം തെളിവുകള്‍ സഹിതം കോടതിയില്‍ ഹാജരാക്കേണ്ടിയും വരും. ഒരു
സ്ത്രീയ്ക്ക് വിവാഹ മോചനം കോടതിവഴി നേടാന്‍ ദീര്‍ഘകാലവും ആവശ്യത്തിനുള്ള തെളിവുകളും
ഹാജരാക്കേണ്ടപ്പോള്‍ പുരുഷന് യാതൊരു ചെലവുകളുമില്ലാതെ സ്ത്രീയില്‍ നിന്നും
വിവാഹമോചനം നേടാന്‍ സാധിക്കുന്നു. പുരുഷന് ഒരേ സമയം നാലു ഭാര്യമാരെ വിവാഹം
കഴിക്കാം. സ്ത്രീയ്ക്ക് ഒരു ഭര്‍ത്താവേ പാടുള്ളൂ. ടെക്കനോളജിയുടെ വളര്‍ച്ചയോടെ ഒരു
മുസ്ലിം മനുഷ്യന് നിമിഷങ്ങള്‍ക്കുള്ളില്‍ ഭാര്യയെ വിവാഹ മോചനം നടത്താം. പോസ്റ്റല്‍
വഴിയും, ഫോണ്‍, എസ്.എം.എസ്. മൊബയില്‍ വഴിയും വിവാഹ മോചിതരാവുന്നുണ്ട്. ഇങ്ങനെ
മനുഷ്യത്വ രഹിതമായ വിവാഹ മോചന രീതികള്‍ ഇസ്ലാമിക്ക് രാജ്യങ്ങളിലും മലേഷ്യ,
ഇന്തോനേഷ്യ, പാക്കിസ്ഥാന് വരെയും നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇന്നും
ഇസ്ലാമികളുടെയിടയില്‍ അത്തരം ആചാരം തുടരുന്നു.
ക്രിസ്ത്യാനികള്‍ക്കുള്ള
നിയമം 1872 ല്‍ പാസാക്കിയ ക്രിസ്ത്യന്‍ നിയമവ്യവസ്ഥയനുസരിച്ചായിരിക്കും. എന്നാല്‍
ഗോവയില്‍ എല്ലാ മതങ്ങള്‍ക്കും തുല്യമായ ഏകീകൃത പൊതു നിയമങ്ങളുണ്ട്. വിവാഹ മോചനം
സംബന്ധിച്ച് ക്രിസ്ത്യാനികള്‍ക്ക് 1869ല്‍ പാസാക്കിയ ക്രിസ്തീയ വിവാഹമോചന നിയമം
ബാധകമായിരിക്കും. ആ നിയമം ഗോവയില്‍ അസ്ഥിരപ്പെടുത്തിക്കൊണ്ട് ഏകീകൃത നിയമം
ക്രിസ്ത്യാനികള്‍ക്കും ബാധകമാക്കി. അവിടെ 1954ലെ സിവില്‍ നിയമപ്രകാരം മതത്തിനു
വെളിയിലും സിവില്‍ വിവാഹം അനുവദിച്ചിട്ടുണ്ട്.
സര്‍ക്കാരിന്റെ ഏകീകൃത
സിവില്‍ കോഡ് പൊതുവായി കത്തോലിക്കസഭ എതിര്‍ത്തിരിക്കുകയാണ്. സഭയ്ക്ക് ആത്മീയ
കാര്യങ്ങള്‍ പരിഗണിക്കാന്‍ കാനോന്‍ നിയമങ്ങളുണ്ട്; വിവാഹം, വിവാഹമോചനം, പാരമ്പര്യ
സ്വത്തവകാശം, മുതലായവകള്‍ കൈകാര്യം ചെയ്യുന്നത് സഭയുടെ കോടതികളാണെന്നാണ്'
വരാനിരിക്കുന്ന ഈ നിയമത്തിനെതിരെ കാത്തലിക് സെക്യൂലര്‍ ഫോം ജനറല്‍ സെക്രട്ടറിയായ
ശ്രീ ജോസഫ് ഡിയാസ് പ്രതികരിച്ചിരിക്കുന്നത്. ഭൂരിപക്ഷ താല്പര്യത്തിനായി
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ബിജെപി
ശ്രമിക്കുന്നതെന്നു കര്‍ദ്ദിനാള്‍ ക്ളീമിയസ് ബസിലിയോസും (Baselios Cleemis Thottunkal) ആരോപണമുന്നയിച്ചു. ന്യൂനപക്ഷങ്ങളുടെ അധീനതയിലുള്ള സ്ഥാപനങ്ങളും
സ്വത്തുക്കളും കയ്യടക്കാനും മത നേതൃത്വങ്ങളെ ഇല്ലായ്മ ചെയ്യാനുമാണ് സര്‍ക്കാര്‍
പ്രയത്നിക്കുന്നതെന്നു പറഞ്ഞു കുറ്റപ്പെടുത്തി. ഭരണഘടന വാഗ്ദാനം ചെയ്യുന്ന
മതസ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി.
ക്രിസ്ത്യാനികള്‍ ഈ നിയമത്തിനെതിരാണെന്നു തറപ്പിച്ചു പറയുകയും ചെയ്തു.
സ്വത്തവകാശത്തിന്റെ പേരില്‍ ട്രാവന്‍കൂര്‍ സര്‍ക്കാര്‍ 1916ലും കൊച്ചി
സര്‍ക്കാര്‍ 1921ലും ക്രിസ്ത്യന്‍ പിന്തുടര്ച്ചാവകാശ നിയമങ്ങള്‍ പാസാക്കിയിരുന്നു.
വിവാഹിതരാകാത്ത സ്ത്രീ ജനങ്ങള്‍ക്കു പുരുഷന്മാര്ക്കുള്ള സ്വത്തിന്റെ പകുതി
അവകാശമുണ്ടായിരുന്നു. എന്നാല്‍ സ്ത്രീകള്‍ വിവാഹിതരായാല്‍ പൂര്‍വിക സ്വത്തിന്മേല്
യാതൊരു അവകാശവും ഉണ്ടായിരുന്നില്ല. 'മേരി റോയി' എന്ന വിധവയായ സ്ത്രീയെ
കുടുംബത്തിന്റെ സ്വത്തുക്കള്‍ ഒന്നും കൊടുക്കാതെ അവരുടെ സഹോദരന് വീട്ടില്‍ നിന്നും
പുറത്താക്കി. അയാള്‍ക്കെതിരായി മേരി റോയി കേസ് ഫയല്‍ ചെയ്യുകയും കോടതി അനുകൂലമായി
വിധി പ്രസ്താവിക്കുകയും ചെയ്തു. രാജഭരണം നിലവിലുണ്ടായിരുന്ന തിരുവിതാംകൂറും
കൊച്ചിയും സ്റ്റേറ്റുകള്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചതുകൊണ്ടു രാജനിയമങ്ങള്‍
അസാധുവെന്നായിരുന്നു വിധി. ഇന്ത്യാ നിയമങ്ങളനുസരിച്ചു ഇന്ത്യയിലെ മറ്റു
സ്ഥലങ്ങളിലുള്ള ക്രിസ്ത്യാനികളെപ്പോലെ സ്വത്തുക്കളുടെ തുല്യമായ വീതം മേരി റോയിക്ക്
നല്കാന് വിധിയുമുണ്ടായി. ഇതനുസരിച്ചു ക്രിസ്ത്യന്‍ സ്ത്രീകള്‍ക്കും സ്വത്തിന്റെ
അവകാശം ലഭിക്കാന്‍ തുടങ്ങി.
മുസ്ലിം സമൂഹത്തില്‍ ഏകീകൃത സിവില്‍
നിയമത്തിനെതിരെ തീവ്രമായ ചര്‍ച്ചകളുണ്ടെങ്കിലും ക്രിസ്ത്യന്‍ സമൂഹം അത്തരം ഒരു
നിയമത്തെ കാര്യമായി ഗൗനിക്കുന്നില്ല. ബഹുഭാര്യത്വം ക്രിസ്ത്യന്‍ സഭയില്‍
അനുവദനീയമല്ല. വിവാഹ മോചനം സഭ അസാധാരണ സാഹചര്യങ്ങളില്‍ മാത്രം അനുവദിക്കുന്നതു
കൊണ്ട് വിവാഹമോചനങ്ങള്‍ക്കായി കോടതികളെ ആശ്രയിക്കാം. ഇസ്ലാം മതത്തിലെപ്പോലെ
'തലാക്ക്' ചൊല്ലി സ്ത്രീയെ പുറത്താക്കാന്‍ സാധിക്കില്ല. രണ്ടു കൂട്ടരുടെയും
ഉഭയസമ്മത പ്രകാരം സ്വത്തുക്കളിലും വിവാഹമോചനത്തിനും തീരുമാനങ്ങളെടുക്കാന്‍ കോടതി
വഴികളില്‍ സാധിക്കും. പാരമ്പര്യ സ്വത്തുക്കളിലും ഒരു കുടുംബത്തിലെ മറ്റുള്ള
അംഗങ്ങളെപ്പോലെ സ്ത്രീയ്ക്കും തുല്യാവകാശമുണ്ട്. ഏകീകൃത നിയമം കൊണ്ട് ഇന്നുള്ള
നിയമത്തിനെക്കാളും വ്യത്യസ്തമായതു സംഭവിച്ചെങ്കില്‍ മാത്രമേ ചര്‍ച്ചകള്‍ക്കും
പ്രതിഷേധങ്ങള്‍ക്കും കാരണമാവുന്നുള്ളൂ.
ഏകീകൃത നിയമത്തില്‍ സ്ത്രീകള്‍ക്ക്
നീതി കിട്ടുമെങ്കിലും മാറ്റങ്ങള്‍ക്കായുള്ള ശ്രമങ്ങള്‍ വലിയ പ്രത്യാഘാതങ്ങളും
സൃഷ്ടിക്കും. ഇത്തരം ഒരു നിയമത്തിനായി കാത്തു നില്‍ക്കാതെ സ്ത്രീകള്‍ തന്നെ മുന്‍കൈ
എടുത്ത് സമുദായ പരിഷ്ക്കര്‍ത്താക്കളെ ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍
പ്രശ്നങ്ങള്‍ സമാധാനപരമായി കൈകാര്യം ചെയ്യാന്‍ സാധിക്കുമായിരുന്നു. പക്ഷെ
എന്തെങ്കിലും പരിഷ്ക്കാരങ്ങള്‍ക്ക് മുതിര്‍ന്നാല്‍ തന്നെ മതനിയമങ്ങള്‍ അവിടെ
തടസമാകും. ഇസ്ലാമിക സാമൂഹിക വ്യവസ്ഥയില്‍ പരിഷ്ക്കാരങ്ങള്‍ വരുത്തണമെങ്കില്‍
സ്ത്രീ ശക്തികരണം ആവശ്യമാണ്. അതിനുള്ള ബോധവല്‍ക്കരണവും സ്ത്രീകളിലുണ്ടാവണം.
അഫ്!ഗാനിസ്ഥാന്, പാക്കിസ്ഥാന് രാജ്യങ്ങള്‍ പോലെ ഇന്ത്യയില്‍ മുസ്ലിം
സ്ത്രീകള്‍ക്ക് മത വിദ്യാഭ്യാസം നിഷേധിക്കാത്തത് ഒരു ആശ്വാസമാണ്. അതിന് അലിഗഢ്
മുസ്ലിം യൂണിവേഴ്സിറ്റി സ്ഥാപകനായ 'സര് സെയ്ദ്' പോലുള്ള മഹാന്മാരോട്
കടപ്പെട്ടിരിക്കുന്നു.
Thanks for the unbiased report on the issue of ‘Uniform Civil Code’. As the writer concludes, the best method is education of the public, and thus reduces resistance to reform. Revolutionary changes may be difficult to accommodate for some religious groups and if that alienate them, it is not good for the unity of India. Most important for us is to be able to work together for the development of India. What is the use of reform if that leads to another division? The same result can be achieved may be in 15 years from now by education. It is politics and our own fears and insecurities that make us wish for uniformity. India as a nation can be compared to an arranged marriage. A boy and girl, born and brought up in two different families with different family values try to live together. Instead of trying for a uniform code of behavior, it is better to understand the differences and accept it. Boy may be trained to get the toothpaste by pressing from the bottom and girl practiced it by pressing from anywhere she is comfortable. Instead of educating the other person on the advantages of pressing from the bottom, if one person insists on uniformity, it can lead to resentment and division. Better learn to respect and accept the other person as he/she is rather than go for uniformity as we have more important issues here in our best interests.