Image

ഒരു ഞായറാഴ്ചയുടെ ഓർമ്മയ്ക്ക് (ചങ്ങനാശ്ശേരി ഡയറി : ജയശങ്കർ ശങ്കരനാരായണൻ )

Published on 23 July, 2024
ഒരു ഞായറാഴ്ചയുടെ ഓർമ്മയ്ക്ക് (ചങ്ങനാശ്ശേരി ഡയറി : ജയശങ്കർ ശങ്കരനാരായണൻ )

പരമേശ്വരനെ ഞാൻ ആദ്യം കാണുന്നത് ഹൈസ്കൂളിൽ എത്തിയപ്പോളായിരുന്നു. എന്നേക്കാൾ മൂന്ന് വർഷം സീനിയർ ആയിരുന്നു പരമേശ്വരൻ. എന്നാൽ, പരമേശ്വരനെ പ്രത്യേകം ശ്രദ്ധിക്കാൻ ഒരു കാരണമുണ്ടായിരുന്നു. പരമേശ്വരൻ്റെ രണ്ടു കാലുകളും തളർന്നുപോയതായിരുന്നു. 

എന്നും രാവിലെ സ്കൂൾ ബസ്സിൽ വന്നിറങ്ങുന്ന  പരമേശ്വരൻ കൈകൾ കുത്തി ബസ്സിലെ പടികൾ ഇറങ്ങി കഴിയുമ്പോൾ ബസ്സിലെ സഹായി ടോമി പരമേശ്വരൻ്റെ തോളിൽ പുസ്തകങ്ങൾ നിറഞ്ഞ സ്കൂൾ ബാഗ് തൂക്കിയിട്ടു കൊടുക്കും. കൈകൾ തറയിൽ കുത്തി ശോഷിച്ച കാലുകൾ ഇഴച്ചുകൊണ്ട് വരാന്തയിലൂടെ പരമേശ്വരൻ ക്ലാസ്സിലേക്ക് നീങ്ങും. 

ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ പരമേശ്വരൻ പത്താം ക്ലാസ്സിലായിരുന്നു. പരമേശ്വരനെ അറിയാത്തവരായി സ്കൂളിൽ ആരുംത്തന്നെ ഉണ്ടായിരുന്നില്ല. പരമേശ്വരനെ പോലെ പരമേശ്വരൻ മാത്രമേ അന്ന് സ്കൂളിൽ ഉണ്ടായിരുന്നുള്ളു.

1981 ലെ എസ് എസ് എൽ സി പരീക്ഷ തുടങ്ങുന്ന ദിവസം പത്രത്തിൽ വന്ന ഒരു ഫോട്ടോ എല്ലാവർക്കും കൗതുകം ഉണർത്തുന്നതായിരുന്നു. അത് അന്ന് എസ് എസ് എൽ സി പരീക്ഷ എഴുതുന്ന പരമേശ്വരൻ്റെയും സഹപാഠി മനോജിൻ്റെയും ആയിരുന്നു. സ്കൂൾ വരാന്തയിൽ തറയിൽ ഇരിക്കുന്ന മെല്ലിച്ച ശരീരമുള്ള പരമേശ്വരൻ്റെ അടുത്ത് നിൽക്കുന്ന തടിച്ച ശരീരമുള്ള മനോജ്.

**

അഞ്ചാറു വർഷങ്ങൾ കഴിഞ്ഞു. ഞാൻ ചങ്ങനാശേരി എസ് ബി കോളേജിൽ പഠിക്കുന്ന കാലം. അന്നൊക്കെ എല്ലാ ഞാറാഴ്ച്ചയും കോളേജിലെ ഗ്രൗണ്ടിൽ ഞങ്ങൾ കൂട്ടുകാർ ക്രിക്കറ്റ് കളിയ്ക്കാൻ ഒത്തുകൂടുമായിരുന്നു. 

ഒരു ഞാറാഴ്ച്ച, പുഴവാതിലുള്ള വീട്ടിൽ നിന്നും ഇറങ്ങി ടി ബി റോഡ് മുറിച്ചു നടന്നു, സി ഐ ടി യൂ ഓഫീസിനു മുന്നിലൂടെ, കോസ്മിക് മ്യൂസിക് കടയുടെ അടുത്തുള്ള ഇടവഴി കയറി, കെ എസ ആർ ടി സി ബസ്സ്റ്റാൻഡിന് പുറകിലൂടെ നടന്നു സർക്കാർ ആശുപതിയിലേക്കുള്ള റോഡ് മുറിച്ചിറങ്ങി, ശീമാട്ടിയുടെ പുറകിലൂടെ താഴോട്ടിറങ്ങി പെട്രോൾ പമ്പിനടുത്തുള്ള ട്രാഫിക്ക് ഐലൻഡിനടുത്തു എത്തി, വാഹനങ്ങൾ വരുന്നുണ്ടോ എന്ന് നോക്കി പി എസ് പി സ്റ്റാറിൻ്റെ മുന്നിലേക്ക് നടക്കുമ്പോൾ, പിന്നിൽ നിന്നും ആരോ "ശൂ.. ശൂ.." എന്ന് വിളിക്കുന്നത് കേട്ട് ഞാൻ തിരിഞ്ഞു നോക്കി. അവിടെ ഒരു പോസ്റ്റിൽ ചാരി വടിയും കുത്തിപ്പിടിച്ചു ശോഷിച്ച കാലുകളുമായി ഒരു മനുഷ്യൻ നിൽക്കുന്നത് ഞാൻ കണ്ടു. 

"ഒന്ന് നിൽക്കുമോ.." അയാൾ ചോദിച്ചു. ഞാൻ അയാളുടെ അടുത്തേക്ക് നടന്നു ചെന്നു. "എസ് എച്ചിൽ പഠിച്ചതല്ലേ...?", അയാൾ ചോദിച്ചു. "അതെ.." എന്ന് പറയുമ്പോൾ പെട്ടെന്ന് ആ മനുഷ്യനെ ഞാൻ തിരിച്ചറിഞ്ഞു.  അത് പരമേശ്വരനായിരുന്നു. സ്കൂളിൽ വച്ചു കണ്ട പരമേശ്വരൻ്റെ രൂപം എൻ്റെ മനസ്സിൽ തെളിഞ്ഞു. പക്ഷെ ഇപ്പോൾ പരമേശ്വരൻ വല്ലാതെ ക്ഷീണിതനായിരിക്കുന്നു.

സമയം രാവിലെ പത്തര കഴിഞ്ഞിരുന്നു.  എന്താണ് പരമേശ്വരൻ അവിടെ നിൽക്കുന്നതെന്നു ഞാൻ ചോദിച്ചു.  ആരെയോ കാണാൻ രാവിലെ എട്ടുമണിക്ക് കവലയിൽ വന്നതാണെന്ന് പരമേശ്വരൻ പറഞ്ഞു. പക്ഷേ അവിടെ പരമേശ്വരനെ കാണാൻ വരാം എന്ന് പറഞ്ഞയാൾ അതുവരെ എത്തിയിരുന്നില്ല.  പരമേശ്വരൻ വല്ലാതെ വിഷണ്ണനായിരുന്നു. പ്രായത്തിലും അധികം പ്രായം തോന്നിച്ചിരുന്നു പരമേശ്വരന്. ജോലി ഒന്നും ഇല്ലെന്നും സ്ഥിതി വളരെ മോശമാണെന്നും പരമേശ്വരൻ എന്നോട് പറഞ്ഞു. എനിക്ക് പരമേശ്വരനോട് എന്തു പറയണമെന്ന് അറിയില്ലായിരുന്നു. 

"ഒരു സഹായം ചെയ്യാമോ.." എന്ന് പരമേശ്വരൻ ചോദിച്ചപ്പോൾ ഞാൻ അതിശയിച്ചു. പരമേശ്വരൻ പണം എന്തെങ്കിലുമാണോ ചോദിക്കാൻ പോകുന്നതെന്ന് ഞാൻ ആശങ്കപ്പെട്ടു. എൻ്റെ കയ്യിൽ പത്തു പൈസ പോലും അപ്പോൾ ഉണ്ടായിരുന്നില്ല. 

പരമേശ്വരൻ പറഞ്ഞു, "രാവിലെ  ഇതുവരെ ഒന്നും കഴിച്ചിട്ടില്ല. കയ്യിൽ പണമില്ല. എനിക്ക് കഴിക്കാൻ എന്തെങ്കിലും കഴിക്കാൻ വാങ്ങി തരുമോ. എനിക്ക് വിശക്കുന്നു. തല ചുറ്റുന്നത് പോലെ തോന്നുന്നു".

ഒരു മനുഷ്യൻ, "എനിക്ക് വിശക്കുന്നു.." എന്ന് പറഞ്ഞു എൻ്റെ മുന്നിൽ നിൽക്കുന്നു. എൻ്റെ ഉള്ളൊന്നു കാളി. ഞാൻ എന്ത് ചെയ്യും. കയ്യിൽ ഒറ്റ പൈസ ഇല്ലാത്ത അവസ്ഥ. എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. ഞാനന്നുവരെ സാംശീകരിച്ചതും പഠിച്ചതുമായ ഒരറിവും എന്നെ തുണയ്ച്ചില്ല. 

വിശപ്പിൻ്റെ കാഠിന്യത്തിൽ തകർന്ന ആത്മാഭിമാനവമായി എൻ്റെ മുന്നിൽ പരമേശ്വരൻ നിൽക്കുന്നു.

വഴിയിൽ വാഹനങ്ങൾ കുറവായിരുന്നു. പരിചയമുള്ള ഒരു മുഖങ്ങളും അവിടെ കണ്ടില്ല. ഞായറഴ്ചയായിരുന്നതുകൊണ്ട് കടകൾ പലതും അടഞ്ഞു കിടന്നിരുന്നു. എങ്കിലും ഹോട്ടലുകൾ തുറന്നിരുന്നു. ബസ്‌സ്റ്റാൻടിനടുത്ത് മെറീന ഹോട്ടൽ ഉണ്ട്.  ട്രാഫിക് ഐലൻഡിനപ്പുറത്ത് ഹോട്ടൽ ആനന്ദ് ഉണ്ട്. കോളേജ് റോഡിൽ ഗ്രീൻസ് ഹോട്ടൽ ഉണ്ട്. പക്ഷേ എൻ്റെ  കയ്യിൽ പണം ഇല്ലല്ലോ. ഞാൻ വിഷമിച്ചു. 

എൻ്റെ മുഖത്തു നോക്കി വിഷണ്ണനായി നിൽക്കുന്ന അവശനായ പരമേശ്വരൻ. 

വെയിലിനു ചൂടുകൂടുന്നുണ്ടായിരുന്നു.

ഞാനോർത്തു. ബസ്സ്റ്റാൻഡിനുള്ളിൽ ഒരു ഷെഡ്ഡ് കെട്ടി എൻ്റെ ചിറ്റപ്പനും കൂട്ടുകാരും പങ്ക് കച്ചവടമായി ഒരു കാൻറീൻ നടത്തിയിരുന്നു.  ഞാൻ അവിടുന്ന് പലപ്പോഴും ചായയും ഭക്ഷണവും കഴിച്ചിട്ടുണ്ട്.  പരമേശ്വരനെയും കൂട്ടി അങ്ങോട്ട് പോകാമെന്ന് വിചാരിച്ചപ്പോൾ പെട്ടെന്ന് എനിക്ക് ഓർമ്മ വന്നു, രണ്ടാഴ്ച മുമ്പ് നഷ്ടത്തിലോടിയിരുന്ന ആ കാൻറീൻ പൂട്ടി കഴിഞ്ഞിരുന്നു എന്ന്. ചിറ്റപ്പനും കൂട്ടുകാരും കച്ചവടം നിർത്തി കഴിഞ്ഞിരുന്നു. 

ഇനി എന്താണ് ഒരു വഴി. ഞാൻ ആലോചിച്ചു. പരമേശ്വരനെയും കൂട്ടി വീട്ടിലോട്ടു പോയാലോ. ഒരു നിമിഷം ഞാൻ ചിന്തിച്ചു. പക്ഷേ വയ്യാത്ത കാലുമായി പരമേശ്വരനെ അത്രയും ദൂരം നടത്തണമല്ലോ എന്നോർത്തപ്പോൾ അത് വേണ്ടെന്ന് ഞാൻ തീരുമാനിച്ചു. ഇനി എന്തു ചെയ്യും

എന്താണ് ഞാൻ ചെയ്യാൻ പോകുന്നതെന്നു എനിക്ക് തന്നെ അറിയില്ലായിരുന്നു. "വാ..", ഞാൻ പരമേശ്വരനെ വിളിച്ചു. ഞങ്ങൾ മാർക്കറ്റ് റോഡിലൂടെ നടന്നു. തളർന്നുപോയ ശോഷിച്ച കാലുമായി വടിയും കുത്തി ചാടി ചാടി എൻ്റെ ഒപ്പം പരമേശ്വരൻ വന്നു. 

വലിയവീടൻസ് തുണിക്കട കഴിഞ്ഞ്, അസീസി പ്രിൻറിംഗ്  പ്രെസ്സും കഴിഞ്ഞ്, താഴെ കൺസ്യൂമർസ് സ്റ്റോറും മുകളിൽ ഫെഡറൽ ബാങ്കും ഉള്ള കെട്ടിടത്തിന് എതിർവശത്തുള്ള കെട്ടിടത്തിൽ ഒരു ചെറിയ ഹോട്ടൽ ഉണ്ടായിരുന്നു. എസ് ബി കോളേജിൽ ബികോമിന് പഠിക്കുന്ന ജോബിൻ്റെ ചേട്ടനാണ് ആ ഹോട്ടൽ നടത്തിയിരുന്നത്. ജോബും ഞാനും കോളേജിൽ എൻ സി സി യിൽ ഒരുമിച്ച് പ്രവർത്തിക്കുന്നവരായിരുന്നു. ശനിയാഴ്ചകളിൽ പരേഡ് പ്രാക്ടീസിന് ഞങ്ങൾ കണ്ടുമുട്ടിയിരുന്നു.

പരമേശ്വരനുമായി ഞാൻ ആ ഹോട്ടലിൽ ചെന്നു, സമയം പതിനൊന്നര കഴിഞ്ഞിരുന്നു.  ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ആരും തന്നെ ഉണ്ടായിരുന്നില്ല അപ്പോൾ. പരമേശ്വരൻ വാഷ്ബേസിന് അടുത്തേ ക്ക് നീങ്ങി. ഞാൻ കൗണ്ടറിൽ ഇരുന്ന ജോബിൻ്റെ ചേട്ടനെ എന്നെ പരിചയപ്പെടുത്തി. ഞാൻ ജോബിൻ്റെ സുഹൃത്താണെന്ന് പറഞ്ഞപ്പോൾ അയാളുടെ മുഖത്ത് ഒരു സന്തോഷം പടർന്നു. മടിച്ചുമടിച്ച് ഞാൻ ജോബിൻ്റെ ചേട്ടനോട് പറഞ്ഞു, "വഴിയിൽ വച്ച് കണ്ടതാണ് കൂടെയുള്ള പരമേശ്വരനെ. വിശക്കുന്നു എന്നു പറഞ്ഞതുകൊണ്ട് കൂട്ടിക്കൊണ്ടു വന്നതാണ്.  കഴിക്കാൻ ഒരു ദോശ കിട്ടിയിരുന്നെങ്കിൽ.. പണം ഞാൻ പിന്നീട് കൊണ്ടുത്തരാം.. കുഴപ്പമില്ലെങ്കിൽ..". എങ്ങനെ പറയണമെന്ന് എനിക്കറിയില്ലായിരുന്നു. രണ്ടു മൂന്നു നിമിഷങ്ങൾ എൻ്റെ കണ്ണുകളിൽ തന്നെ നോക്കി അയാൾ എന്തോ ആലോചിച്ചു നിന്നു. "ഊണ് തയ്യാറാക്കാൻ ഇനിയും സമയമുണ്ട്.. നോക്കട്ടെ",  എന്ന് പറഞ്ഞു  ഹോട്ടലിനുള്ളിലെ അടുക്കളയിലേക്ക് അയാൾ പോയി.

കയ്യും മുഖവും കഴുകി വന്ന പരമേശ്വരൻ ഒരു മേശയ്ക്കരുകിൽ വന്ന് കസേരയിൽ ഇരുന്നു. ഞാനും അടുത്തുള്ള ഒരു കസേരയിൽ ചെന്നിരുന്നു. രണ്ട് ഗ്ലാസിൽ വെയിറ്റർ വെള്ളം കൊണ്ടുവന്നു വെച്ചു പരമേശ്വരൻ വെള്ളം കുടിച്ചു. ഞാൻ അപ്പോഴും അടുക്കളയിലേക്ക് പോയ ജോബിൻ്റെ ചേട്ടനെ കാണുന്നില്ലല്ലോ എന്ന ആശങ്കയിലായിരുന്നു. കുറച്ചു നേരം കഴിഞ്ഞു  അടുക്കയിൽ നിന്നും ജോബിൻ്റെ ചേട്ടൻ പുറത്തു വന്നപ്പോൾ, ഒരു ട്രെയിൽ  ചൂടോടെ ഉണ്ടാക്കിയ ഒരു മസാലദോശയും രണ്ട് ഗ്ലാസിൽ ചായയുമായി വെയിറ്ററും കൂടെ ഉണ്ടായിരുന്നു. ഞാൻ ചായ കുടിക്കുമ്പോൾ പരമേശ്വരൻ ആർത്തിയോടെ മസാലദോശ കഴിക്കുന്നത് കണ്ടു. മസാലദോശ കഴിച്ചു കഴിഞ്ഞു ചായ കുടിക്കുമ്പോൾ പരമേശ്വരൻ്റെ മുഖത്തു ഒരാശ്വാസം പടരുന്നത് ഞാൻ കണ്ടു. ഒരു ഭാരം ഇറക്കി വച്ച ആശ്വാസം എനിക്കും തോന്നിയിരുന്നു.

കുട്ടനാട്ടിലെ പുളിങ്കുന്നിലായിരുന്നു പരമേശ്വരൻ താമസിച്ചിരുന്നത്. ആരെയോ കാണുവാൻ രാവിലെ ചങ്ങനാശേരിക്ക് വന്നതാണ്. പക്ഷെ കവലയിൽ ഒമ്പതുമണിക്ക് എത്താം എന്ന് പറഞ്ഞയാൾ വന്നില്ല. പരമേശ്വരന് വല്ലാത്ത നിരാശ ഉണ്ടായിരുന്നു. ഇനി പരമേശ്വരൻ തിരിച്ചു വീട്ടിലേക്ക് പോകുകയാണെന്ന് എന്നോട് പറഞ്ഞു. 

ഞങ്ങൾ ഹോട്ടലിൽ നിന്നും ഇറങ്ങി നടന്നു ട്രാഫിക് ഐലൻഡിൽ വന്നപ്പോൾ പരമേശ്വരൻ യാത്ര പറഞ്ഞു. വലതുകൈ വടിയിൽ പിടിച്ചു നിന്നുകൊണ്ട് ഇടതുകൈ കൊണ്ട് എന്നെ ഒന്ന് ചേർത്തുപിടിച്ചു കൊണ്ട് പരമേശ്വരൻ പറഞ്ഞു , "ഞാൻ പോട്ടെടോ...". പരമേശ്വരൻ്റെ കണ്ണുകളിൽ നനവ് പടർന്നിരുന്നു.

വടിയും കുത്തി കാലുകൾ വഴിയിൽ ഇഴച്ചുകൊണ്ട് കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിലേക്ക് നീങ്ങുന്ന പരമേശ്വരനെ കുറേനേരം ഞാൻ നോക്കിനിന്നു.

**

രണ്ടു ദിവസം കഴിഞ്ഞു പണവുമായി ഞാൻ ജോബിൻ്റെ ചേട്ടനെ കാണാൻ ഹോട്ടലിൽ ചെന്നു. ഞാൻ നീട്ടിയ പത്തു രൂപ എൻ്റെ കൈയിൽ നിന്നും വാങ്ങി ജോബിൻ്റെ ചേട്ടൻ എൻ്റെ ഷർട്ടിൻ്റെ പോക്കറ്റിൽ ഇട്ടിട്ട് പറഞ്ഞു, "സാരമില്ലെടോ..". എന്ത് പറയണെമെന്നറിയാതെ ഞാൻ നിന്നു.

**

പരമേശ്വരനെ പിന്നെ ഒരിക്കലും ഞാൻ കണ്ടിട്ടില്ല.

1981 ലെ എസ് എസ് എൽ സി പരീക്ഷയുടെ ദിവസം പത്രത്തിൽ വന്ന ഫോട്ടോയിൽ പരമേശ്വരനൊപ്പം ഉണ്ടായിരുന്ന മനോജ് പിൽക്കാലത്തു ചങ്ങനാശേരി എൻ എസ് എസ് കോളേജിൽ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിൽ അദ്ധ്യാപകനായി പ്രവേശിക്കുമ്പോൾ ഞാൻ കോളേജിൽ പഠനം പൂർത്തിയാക്കി കഴിഞ്ഞിരുന്നു. ഇടയ്ക്കെപ്പോഴോ മനോജ് സാറിനെ കണ്ടപ്പോൾ ഞങ്ങൾ പരമേശ്വരനെക്കുറിച്ചു സംസാരിച്ചിരുന്നു.

വർഷങ്ങൾ കുറെ കടന്നു പോയിരിക്കുന്നു. സാമൂഹ്യ മാധ്യമങ്ങൾക്ക് നന്ദി. ഫേസ്ബുക്കിൽ കുറെ പരതിയപ്പോൾ ഞാൻ മനോജ് സാറിനെ കണ്ടു. പിൽക്കാലത്തു പി എച് ഡി എടുത്ത മനോജ് സാർ ഇപ്പോൾ ഡോക്ടർ മനോജ് നായർ ആണ്. 2011 ഇൽ ചങ്ങനാശേരി എൻ എസ് എസ് കോളേജിൽ നിന്നും ട്രാൻസ്ഫറായി ഇടുക്കിയിലെ രാജകുമാരിയിലുള്ള എൻ എസ് എസ് കോളേജിലേക്ക് അദ്ദേഹം പോയിരുന്നു. ഇന്നിപ്പോൾ ഒരുപക്ഷെ വിരമിച്ചു കാണുമെന്നു വിചാരിക്കുന്നു.

**

ഒരു ശനിയാഴ്ച എൻ സി സി പരേഡിൻ്റെ പരിശീലനത്തിനിടെ കോളേജ് ലൈബ്രറിയുടെ മരത്തണലിൽ വിശ്രമിക്കുമ്പോൾ, മസാലദോശയുടെ പൈസയുമായി ചെന്നപ്പോൾ ചേട്ടൻ പൈസ വാങ്ങിയില്ലെന്നു ഞാൻ ജോബിനോട് പറഞ്ഞു. ജോബ് ചിരിച്ചു.

സ്‌കൂൾ കുട്ടികൾക്ക് ട്യൂഷൻ എടുക്കുമായിരുന്ന എന്നെ ജോബ് "മാഷേ" എന്നായിരുന്നു വിളിച്ചിരുന്നത്. ജോബ് പറഞ്ഞു. "മാഷേ.. മാഷിനൊരു കാര്യമറിയാമോ.. അന്ന് ആരും ഭക്ഷണം കഴിക്കാൻ വരുന്ന ഒരു സമയമായിരുന്നില്ല മാഷ് ചെന്നപ്പോൾ. അടുക്കളയിൽ ഊണ് തയ്യാറാവുന്നതേ ഉണ്ടായിരുന്നുള്ളു. രാവിലത്തെ ഭക്ഷണം തീർന്നു കഴിഞ്ഞിരുന്നു. പക്ഷെ.. ഭാഗ്യത്തിന് ഒരു ദോശയ്ക്കുള്ള മാവ് ബാക്കിയുണ്ടായിരുന്നു". ജോബ് പറയുന്നത് കേട്ട് എനിക്ക് അതിശയം തോന്നിയിരുന്നു.

 **

മുപ്പത്തിനാല് വർഷങ്ങൾ കഴിഞ്ഞെങ്കിലും പരമേശ്വരനെ ഇന്നലെ കണ്ടു പിരിഞ്ഞതുപോലെ തോന്നുന്നു.

മുപ്പത്തിനാല് വർഷങ്ങൾക്കിപ്പുറം പരമേശ്വരനെ ഓർത്തുകൊണ്ട്.. നിറുത്തട്ടെ.

ഒരു ഞായറാഴ്ചയുടെ ഓർമ്മയ്ക്ക് (ചങ്ങനാശ്ശേരി ഡയറി : ജയശങ്കർ ശങ്കരനാരായണൻ )ഒരു ഞായറാഴ്ചയുടെ ഓർമ്മയ്ക്ക് (ചങ്ങനാശ്ശേരി ഡയറി : ജയശങ്കർ ശങ്കരനാരായണൻ )
Join WhatsApp News
പ്രീതവേണുഗോപാൽ 2024-07-23 09:06:55
എഴുത്തിന്റെ റിയാലിറ്റി 👍🌹🌹
Roy Antony 2024-07-24 15:24:11
The presentation is excellent, but I feel the story is incomplete. Can we expect a continuation....?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക