Image
Image

'ലൗ ജിഹാദി'ന് തടയിടാന്‍ കടുത്ത നിയമം; 'ഘര്‍ വാപസി' യഥേഷ്ടം തുടരട്ടെ...(എ.എസ് ശ്രീകുമാര്‍)

Published on 10 March, 2025
'ലൗ ജിഹാദി'ന് തടയിടാന്‍ കടുത്ത നിയമം; 'ഘര്‍ വാപസി' യഥേഷ്ടം തുടരട്ടെ...(എ.എസ് ശ്രീകുമാര്‍)

വിവാഹത്തിന്റെ മറവില്‍ നടക്കുന്നതായി ആരോപിക്കപ്പെടുന്ന മതപരിവര്‍ത്തനങ്ങള്‍ക്കെതിരേ നിയമം പാസാക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര നിയമസഭയില്‍ ബി.ജെ.പി അംഗങ്ങള്‍ സ്വകാര്യബില്‍ അവതരിപ്പിച്ചതോടെ 'ലൗ ജിഹാദ്' വിഷയും വീണ്ടും ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുന്നു. വിവാഹശേഷം നടക്കുന്ന 'ഏകപക്ഷീയമായ മതപരിവര്‍ത്തനങ്ങള്‍' തടയുന്നതിനുള്ള നിയമവ്യവസ്ഥകളാണ് ബില്ലില്‍ നിര്‍ദേശിക്കുന്നത്. മറ്റൊരുമതം സ്വീകരിക്കാനുദ്ദേശിക്കുന്ന ഏതൊരുവ്യക്തിയും കുറഞ്ഞത് 60 ദിവസം മുന്‍പെങ്കിലും ജില്ലാ മജിസ്ട്രേറ്റിനോട് ഉദ്ദേശ്യം വ്യക്തമാക്കണമെന്നാണ് ബില്ലിലെ ഒരു പ്രധാന നിര്‍ദേശം.

സംസ്ഥാനത്ത് ലൗ ജിഹാദുമായി ബന്ധപ്പെട്ട് ഒരുലക്ഷത്തോളം പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മഹാരാഷ്ട്രയില്‍ ലവ് ജിഹാദ് നിയമത്തിന്റെ ആവശ്യകത അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. ലൗ ജിഹാദുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പഠിക്കുന്നതിനായി ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പഠിച്ച ശേഷം സര്‍ക്കാര്‍ തുടര്‍നടപടികള്‍ പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ലൗ ജിഹാദ്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ നിയമം ഭേദഗതി ചെയ്യുമെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ നിലപാട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതുപോലെ, ഇനി മുതല്‍ ലൗ ജിഹാദിലും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിലും ഉള്‍പ്പെടുന്നവര്‍ക്കും വധശിക്ഷ നല്‍കുമെന്നും ഇതുസംബന്ധിച്ച് മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമത്തില്‍ ഭേദഗതി വരുത്തുമെന്നും മോഹന്‍ യാദവ് വ്യക്തമാക്കി.

മുസ്ലീം വിദ്വേഷ പ്രസംഗത്തില്‍ ജാമ്യം ലഭിച്ചെങ്കിലും വീണ്ടും വിവാദ പ്രസംഗവുമായി ബി.ജെ.പി നേതാവ് പി.സി ജോര്‍ജ് രംഗത്തുവന്നു. ലൗ ജിഹാദിലൂടെ കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികളെ  നഷ്ടപ്പെട്ടുവെന്നാണ് പി.സി ജോര്‍ജ് പറഞ്ഞത്. 41 പേരെ മാത്രമാണ് തിരികെ കിട്ടിയതെന്നും ക്രിസ്ത്യാനികള്‍ 24 വയസിന് മുമ്പ് പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കാന്‍ തയ്യാറാകണമെന്നും പി.സി ജോര്‍ജ് പറയുന്നു. കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയില്‍ പിടികൂടിയ സ്‌ഫോടക വസ്തുക്കള്‍ കേരളം മുഴുവന്‍ കത്തിക്കാനുള്ളതുണ്ടെന്നും അത് എവിടെ കത്തിക്കാന്‍ ആണെന്നും അറിയാമെന്നും പക്ഷേ പറയുന്നില്ലെന്നും പി.സി പറഞ്ഞു.

ലൗ ജിഹാദിനെതിരെയുള്ള പേരാട്ടത്തില്‍ ഹൈന്ദവ സഹോദരങ്ങളെ കൂടെകൂട്ടണമെന്നും അതല്ലാതെ രാജ്യത്ത് രക്ഷയില്ലെന്നുമാണ് പി.സിയുടെ അഭിപ്രായം. കേരളത്തിലെ ബി.ജെ.പി ഘടകം ക്രൈസ്തവ സഭകളുമായി ചങ്ങാത്തം കൂടാനുള്ള പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കെ, സംഘപരിവാര്‍ ശക്തികളുടെ 'ഘര്‍വാപ്പസി'യും വിമര്‍ശിക്കപ്പെടുന്നുണ്ട്. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങളും വിലക്കുകളും ഏര്‍പ്പെടുത്തി വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മധ്യപ്രദേശിലെ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളുകളെയാണ് ഈ നിയന്ത്രണങ്ങള്‍ ഏറെയും ബാധിക്കുന്നത്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കുട്ടികള്‍ സാന്താ ക്ലോസ്, കന്യാമറിയം, ജോസഫ്, ആട്ടിടയന്മാര്‍ തുടങ്ങിയ വേഷങ്ങള്‍ ധരിക്കുന്നതിന് മാതാപിതാക്കളുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റേയും ബാലാവകാശ കമ്മിഷന്റെയും ഉത്തരവ്.

ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, ചത്തീസ്ഗഡ്, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ക്രിസ്ത്യാനികള്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കുമെതിരെ ഹിന്ദുത്വ ശക്തികളില്‍ നിന്ന് അക്രമങ്ങളും വിവേചനങ്ങളും അരങ്ങേറുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഛത്തീസ്ഗഡിലെ ഗോത്രവര്‍ഗ ക്രൈസ്തവര്‍ താമസിക്കുന്ന ബസ്തര്‍ ജില്ലയില്‍  ക്രിസ്മസ് ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ ക്രൈസ്തവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയ സംഘപരിവാര്‍ സംഘടനകള്‍, ക്രൈസ്തവ വിശ്വാസത്തില്‍ നിന്ന് ഹിന്ദു വിശ്വാസത്തിലേക്ക് ഗോത്രവര്‍ഗക്കാര്‍ മടങ്ങി വരണമെന്ന് ആവശ്യപ്പെട്ടുന്നുമുണ്ട്. 2024-ല്‍ ഇന്ത്യയില്‍  ക്രൈസ്തവര്‍ക്കെതിരെ 834 അതിക്രമങ്ങള്‍ നടന്നതായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രാജ്യത്തിന്റെ മതേതര സങ്കല്‍പ്പത്തിന് കളങ്കം ചാര്‍ത്തുന്നതും വലിയ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതുമാണ് സംഘപരിവാര്‍ സംഘടനകളായ വിശ്വ ഹിന്ദു പരിഷത്ത്, ആര്‍.എസ്.എസ്. തുടങ്ങിയ ഹിന്ദുത്വ സംഘടനകള്‍ നേതൃത്വം നല്‍കുന്ന ഘര്‍വാപ്പസി. ഹിന്ദു മതത്തില്‍ നിന്ന് മതം മാറി മറ്റ് മതങ്ങള്‍ സ്വീകരിച്ചവരെ വീണ്ടും ഹിന്ദു മതത്തിലേക്ക് കൂട്ട മതപരിവര്‍ത്തനം നടത്തുന്ന ചടങ്ങാണ് ഘര്‍വാപസി. ഇതിന്റെ മലയാള അര്‍ത്ഥം 'വീട്ടിലേക്കുള്ള മടക്കം' എന്നാണ്.  

കേരളത്തിലെ എല്ലാ മിശ്രവിവാഹങ്ങളെയും ലൗ ജിഹാദെന്നും ഘര്‍ വാപസിയെന്നും വൈകാരികമായി അവതരിപ്പിക്കാനുള്ള നീക്കങ്ങള്‍ അമ്പരപ്പിക്കുന്നതാണെന്നും പ്രണയത്തിന് അതിര്‍വരമ്പില്ലെന്നും ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ലൗ ജിഹാദും ഘര്‍ വാപസിയും വാര്‍ത്തകളില്‍ നിറഞ്ഞിട്ട് കാലം കുറേയായി. കേരളത്തിലും കര്‍ണ്ണാടകയിലും മുസ്ലീങ്ങളല്ലാത്ത യുവതികളെ പ്രണയം നടിച്ച് ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുവാനായി സംഘടിത തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഉയര്‍ന്നു വന്നതാണ് ലൗ ജിഹാദ് വിവാദം.

കര്‍ണ്ണാടകയിലെയും കേരളത്തിലെയും ഹിന്ദു ജനജാഗ്രത സമിതി, ക്ഷേത്ര സംരക്ഷണ സമിതി തുടങ്ങിയ സംഘടനകള്‍ ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി രംഗത്ത് വന്നതോടെ വിവാദം ചൂടുപിടിച്ചു. മുസ്ലിം പുരുഷനും അമുസ്ലിം സ്ത്രീയും തമ്മിലുള്ള, മതപരിവര്‍ത്തനത്തിനു വേണ്ടിയെന്നാരോപിക്കപ്പെടുന്ന, വിവാദപരമായ പ്രണയബന്ധങ്ങളെ സൂചിപ്പിക്കാനാണ് കേരളത്തിലെ മാധ്യമങ്ങള്‍ 'ലൗ ജിഹാദ്' എന്ന സംജ്ഞ ഉപയോഗിച്ചത്.

വിവാദത്തെത്തുടര്‍ന്ന് ലൗ ജിഹാദിനെ കുറിച്ചും അങ്ങനെയുള്ളവരുണ്ടെങ്കില്‍ അവര്‍ക്കുള്ള ദേശീയ-അന്തര്‍ദ്ദേശീയ ബന്ധവും അത്തരക്കാര്‍ക്ക് മയക്കുമരുന്ന്-കൊള്ള സംഘങ്ങള്‍ തുടങ്ങിയവരുമായുള്ള ബന്ധങ്ങളും അന്വേഷിക്കണമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരള ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഡി.ജി.പി. ജേക്കബ് പുന്നൂസ് ഹൈക്കോടതിയില്‍ നടത്തിയ സത്യവാങ് മൂലത്തില്‍ ഇത്തരത്തില്‍ സംഘടനകള്‍ കേരളത്തില്‍ ഉള്ളതിനു തെളിവില്ലെന്നു വ്യക്തമാക്കി. കള്ളക്കടത്ത്, മയക്കുമരുന്ന് വ്യാപാരം, ഭീകരപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ആരോപിതമായ പ്രവര്‍ത്തനങ്ങളുമായി വിവാദ മിശ്രവിവാഹങ്ങള്‍ക്ക് ബന്ധമുണ്ടെന്നതിന് തെളിവുകളില്ലെന്നും എന്നാല്‍ ഇത്തരത്തില്‍ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കപ്പെടാത്ത വിവരങ്ങള്‍ ഉണ്ടെന്നും ഡി.ജി.പിയുടെ സത്യവാങ്മൂലത്തിലുണ്ടായിരുന്നു.

ഉത്തരേന്ത്യയില്‍ ഘര്‍വാപസി വ്യാപകമായത് 2014 കാലഘട്ടത്തിലാണ്. ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ 43 മുസ്ലീം മതവിശ്വാസികള്‍ ഹിന്ദുമതം സ്വീകരിച്ചവാര്‍ത്ത അക്കാലത്ത് മാധ്യമങ്ങളില്‍ വന്നു. ഫെസാബാദിലെ അംബേദ്ക്കര്‍ നഗറില്‍ നിന്നുള്ള മുസ്ലീംങ്ങളാണ് ഹിന്ദുമതം സ്വീകരിച്ചിച്ചത്. ഫൈസാബാദിലെ ഒരു ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഘര്‍വാപസി നടന്നത്. അംബേദ്ക്കര്‍ നഗറിന്റെ ചുമതലയുള്ള ആര്‍.എസ്.എസ് നേതാവ് സുരേന്ദ്രകുമാറാണ് ഘര്‍വാപസിക്ക് നേതൃത്വം നല്‍കിയത്. പിന്നീടത് തുടര്‍ക്കഥയായി. കേരളത്തില്‍ പലയിടത്തും ഘര്‍വാപസി നടന്നു. വിശ്വഹിന്ദു പരിഷത്ത്, ശിവസേന, ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് മതംമാറ്റല്‍. ഹിന്ദുവായില്ലെങ്കില്‍ ഭയത്തോടെ ജീവിക്കേണ്ടി വരുമെന്ന് വിശ്വസിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഘര്‍ വാപസി നടത്തുന്നത്. 

Join WhatsApp News
josecheripuram@gmail.com 2025-03-10 21:05:19
Is there any fairness in any area in any states, to get privilege ,if you belong to a party and if that party is ruling.
Nainaan Mathullah 2025-03-10 16:39:47
It is interesting that Mr. M.S. Sreekumar is just reporting news but not ready to condemn 'Khar Vaapassi' as 'mathaparivarthanam'. Where is fairness and justice?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക