പ്രായത്തിനും ഭരണത്തിനും അതീതനായി പാര്‍ട്ടിയില്‍ ആരാലും ചോദ്യം ചെയ്യപ്പെടാത്ത അധികാര കേന്ദ്രമായി മാറിയ പിണറായി വിജയന്റെ അപ്രമാദിത്യം അരക്കിട്ടുറപ്പിച്ച് സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനം കൊല്ലത്ത് കൊടിയിറങ്ങുമ്പോള്‍ വെട്ടിനിരത്തലിന്റെ വേദനയും പ്രതിഷേധ സ്വരങ്ങളും കേട്ടുതുടങ്ങി. മാര്‍ക്സിസവും ലെനിനിസവുമല്ല 'പിണറായിസ'മാണ് ഇനി സി.പി.എമ്മിന്റെ പത്യയശാസ്ത്രമെന്ന വാഴ്ത്തുപാട്ടുകളുടെ ക്ലീഷേ കൊല്ലത്ത് പ്രകടമായി. കൊല്ലം കണ്ട ചിലര്‍ പാര്‍ട്ടി ഇല്ലം ഉപേക്ഷിക്കാനുള്ള പുറപ്പാടിലുമാണ്.
'നവകേരളത്തിന്റെ പുതിയ വഴികള്‍' വെട്ടിത്തുറക്കുന്നുവെന്ന നയരേഖ സമ്മേളനത്തില്‍ വലിയ സ്വീകാര്യത നേടിയെങ്കിലും സി.പി.എം സംസ്ഥാന സമ്മേളനങ്ങളുടെ ചരിത്രത്തിലാദ്യമായി പാര്‍ട്ടി സംസ്ഥാന സമതി രീപീകരിച്ചതിനെ പരസ്യമായി ചോദ്യം ചെയ്ത് പാര്‍ട്ടിയിലെ മുതിര്‍ന്ന രണ്ട് നേതാക്കള്‍ പരസ്യമായി രംഗത്തു വന്നത് കല്ലുകടിയായി. പത്തനംതിട്ടയില്‍ നിന്നുള്ള മുതിര്‍ന്ന അംഗവും മുന്‍ എം.എല്‍.എയുമായ എ പത്മകുമാറും, നിര്‍ദാക്ഷിണ്യം തഴയപ്പെട്ട മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനുമാണ് സി.പി.എം നേതൃത്വത്തെ ഞെട്ടിച്ചത്.
തന്റെ 52 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യത്തെ ചവിട്ടി മെതിച്ച് വെറും 9 വര്‍ഷം മാത്രം പ്രവര്‍ത്തിച്ച മന്ത്രി വീണാ ജോര്‍ജിനെ സി.പി.എം സംസ്ഥാന സമിതിയില്‍ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ''ചതിവ്... വഞ്ചന... അവഹേളനം.. 52 വര്‍ഷത്തെ ബാക്കി പത്രം... ലാല്‍ സലാം...'' എന്ന എ പത്മകുമാറിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വിവാദമായിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ കൂടിയായ എ പത്മകുമാര്‍ താമസിയാതെ തരംതാഴ്ത്തല്‍ നടപടിക്ക് വിധേയനായേക്കും. താന്‍ വഞ്ചിക്കപ്പെട്ടതിലാണ് പത്മകുമാറിന്റെ സങ്കടവും രോഷവും.
പത്മകുമാറിനെ സംസ്ഥാന കമ്മിറ്റിയില്‍ എടുക്കാത്തതിന് കാരണമുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കെ ശബരിമലയില്‍ യുവതികളെ കയറ്റുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി പത്മകുമാര്‍ ഇടഞ്ഞിട്ടുണ്ട്. അന്നുമുതല്‍ പിണറായിയുടെ കണ്ണിലെ കരടാണ് പത്മകുമാര്‍. പാര്‍ട്ടി ഉപരി കമ്മിറ്റികളിലേക്ക് അംഗങ്ങളെ എടുക്കുമ്പോള്‍ രാഷ്ട്രീയബോധം, സംഘടനാ ധാരണ എന്നിവ ഉണ്ടാകണം. അങ്ങനെയാണ് പഴയ നേതാക്കന്‍മാര്‍ പഠിപ്പിച്ചിരിക്കുന്നതെന്നാണ് പത്മകുമാര്‍ തുറന്നടിച്ചത്. ഭാരവാഹികളെ നിശ്ചയിക്കുന്നതിന് ഏര്‍പ്പെടുത്തിയ പ്രായപരിധി നിബന്ധനയെ പരിഹസിച്ച് ജി സുധാകരന്‍ പരസ്യമായി നിലപാടെടുത്തതും സി.പി.എമ്മിന് ക്ഷീണമായി.
അഴിമതി രഹിതനെന്ന് പേരെടുത്ത ജി സുധാകരനെ ബോധപൂര്‍വം തഴയുന്നതില്‍ പാര്‍ട്ടിയില്‍ത്തന്നെ കടുത്ത എതിര്‍പ്പുണ്ട്. കൊല്ലം സമ്മേളനത്തോടെ വിഭാഗീയതയ്ക്ക് അന്ത്യം കുറിച്ചതായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും അതിനേക്കാള്‍ ഉച്ചത്തില്‍ എതിര്‍പ്പുകളുടെ ശബ്ദം മുഴങ്ങിത്തുടങ്ങി. എല്ലാം പിണറായി വിജയന്റെ താന്‍പ്രമാണിത്തത്തിനെതിരെയാണ്. പിണറായി പാര്‍ട്ടിയെ കൈപ്പിടിയില്‍ ഒതുക്കി സ്ഥാനങ്ങളെല്ലാം തന്റെയും മരുമകന്റെയും ഇഷ്ടക്കാര്‍ക്ക് വീതംവച്ച് നല്‍കിയപ്പോള്‍ പാര്‍ട്ടി വളര്‍ത്താന്‍ അഹോരാത്രം പണിയെടുത്തവര്‍ കളത്തിന് പുറത്തായതാണ് കൊല്ലം സമ്മേളനത്തിന്റെ ബാക്കിപത്രം.
പിണറായിക്ക് ജയ് വിളിക്കുന്നവരെയാണ് സംസ്ഥാന സമിതിയിലും സെക്രട്ടേറിയറ്റിലും തിരുകി കയറ്റിയിരിക്കുന്നതെന്നാണ് ആക്ഷേപം. പാര്‍ട്ടിയില്‍ ഉള്‍പ്പെടെ എല്ലാ രംഗത്തും സ്ത്രീകള്‍ മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും നേതൃനിരയിലേയ്ക്ക് അതിന്റെ പ്രതിഫലനം ഉണ്ടായിട്ടില്ലെന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷന്‍ ദേശീയ ജോയിന്റ് സെക്രട്ടറിയുമായ എന്‍ സുകന്യ ചൂണ്ടിക്കാട്ടി. ''ഓരോ അനീതിക്കും നിങ്ങള്‍ കോപത്താല്‍ വിറയ്ക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ സഖാവാണ്-ചെഗുവേര...'' എന്ന കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ സുകന്യ പോസ്റ്റ് ചെയ്തതിന്റെ അര്‍ത്ഥം വരികള്‍ക്കിടയില്‍നിന്ന് വായിച്ചെടുക്കാം.
കൊല്ലം ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന അംഗവും ട്രേഡ് യൂണിയന്‍ നേതാവും മുന്‍ മന്ത്രിയുമായ ജെ മേഴ്സിക്കുട്ടി അമ്മ, മന്ത്രി എം.ബി രാജേഷ്, പി ജയരാജന്‍ തുടങ്ങിയവര്‍ ഇക്കുറി വെട്ടിനിരത്തപ്പെട്ടവരാണ്. പാര്‍ട്ടിയുടെ ഈറ്റില്ലമായ കണ്ണൂരിലെ പി ജയരാജന്റെ വര്‍ധിച്ച ജനകീയ പിന്തുണയും 'പി.ജെ ആര്‍മി' രൂപീകരിച്ചതുമാണ് പി ജയരാജനെ തെരഞ്ഞുപിടിച്ച് സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാന്‍ കാരണം. അതേസമയം കണ്ണൂരിലെ തന്നെ മറ്റൊരു സഖാവ് എം.വി ജയരാജനെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ഇതില്‍ കലിപൂണ്ട് പി ജയരാജന്റെ മകന്‍ നേതൃത്വത്തിനെതിരെ പ്രതികരിക്കുകയും ചെയ്തു. സമ്മേളനം കഴിയുമ്പോള്‍ പി ജയരാജന് പാര്‍ട്ടി നിയമത്തിലെ പ്രായ നിബന്ധന പരിമിതിയാവുമെന്നതാണ് യാഥാര്‍ത്ഥ്യം.
മന്ത്രി എം.ബി രാജേഷിനെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ചിലര്‍ ഉയര്‍ത്തിക്കാട്ടിയതിലുള്ള പകയാണ് അദ്ദേഹത്തെ പരിഗണിക്കാതിരുന്നതിന്റെ കാരണം. സി.പി.എമ്മിന് കേരളത്തില്‍ ഒരേയൊരു മുഖ്യമന്ത്രിയേ ഉള്ളൂ, അത് പിണറായി വിജയനാണെന്ന് ഇടയ്ക്കിടയ്ക്ക് സഖാക്കള്‍ ഓര്‍ക്കുന്നത് നല്ലതാണ്. ആഴക്കടല്‍ മത്സ്യബന്ധന വിഷയത്തിലും കരിമണല്‍ ഖനനത്തിലും പിണറായിയുടെയും പാര്‍ട്ടിയുടെയും വാക്കുകള്‍ ധിക്കരിച്ച മേഴ്സിക്കുട്ടിയമ്മ പുറത്തായതും സ്വാഭാവികം. പ്രായപരിധി നിബന്ധനയില്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് പുറത്തു പോകേണ്ടി വന്നവരാണ് എ.കെ ബാലന്‍, പി.കെ ശ്രീമതി, ആനാവൂര്‍ നാഗപ്പന്‍ എന്നിവര്‍. എ.കെ ബാലന്‍ തലശ്ശേരി ബ്രണ്ണന്‍ കേളേജില്‍ പിണറായിയുടെ സഹപാഠിയായിരുന്നിട്ടും വിശേഷമൊന്നുമുണ്ടായില്ല.
തിരുവനന്തപുരത്ത് നിന്നുള്ള മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയും മുന്‍ സ്പീക്കറുമായ എം വിജയകുമാറിനും സെക്രട്ടേറിയറ്റിലെത്താനായില്ല. ഇപ്പോള്‍ തന്നെ പ്രായപരിധിയുടെ പടിവാതിലിലെത്തി നില്‍ക്കുന്ന വിജയകുമാറിന്റെ എല്ലാ സാധ്യതകളും അടഞ്ഞു. കോഴിക്കോട് നിന്നുള്ള ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറി എ പ്രദീപ് കുമാറിന് ഇത്തവണ സംസ്ഥാന സെക്രട്ടേറിയറ്റില്‍ സ്ഥാനക്കയറ്റം ഉണ്ടാകുമെന്നായിരുന്നു പൊതു വിലയിരുത്തലെങ്കിലും അദ്ദേഹത്തിനും സെക്രട്ടേറിയറ്റില്‍ ഇടം ലഭിച്ചില്ല. മുഖ്യമന്ത്രിയുടെ മകളുടെ ഭര്‍ത്താവും പൊതുമാമത്ത് മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസിന്റെ സ്വാധീനം സംസ്ഥാന കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രകടമായതാണ് മറ്റൊരു കാര്യം.
''കഴിഞ്ഞ എറണാകുളം സമ്മേളനത്തോടെ തന്നെ പിണറായി വിജയന്‍ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ ആരംഭിച്ച ശ്രമം കൊല്ലം സമ്മേളനത്തോടെ സമ്പൂര്‍ണമായി. ഇപ്പോള്‍ പാര്‍ട്ടിയില്‍ പിണറായി വിജയന്റെ കാലമാണ്. ചൈനയില്‍ ഷീ ജിന്‍ പിങ് അദ്ദേഹത്തിന്റെ മരണം വരെ തുടരണമെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചതിന് സമാനമാണിത്...'' സി.എം.പി ജനറല്‍ സെക്രട്ടറി സി.പി ജോണിന്റെ ഈ വാക്കുകള്‍ വളരെ അര്‍ത്ഥവത്താണ്. വി.എസ് അച്യുതാനന്ദനെ സംസഥാന സമതിയില്‍ തുടരാന്‍ അനുവദിച്ചിട്ടുണ്ട്. അത് പിണറായിയുടെ മഹാമനസ്‌കതയായി കാണേണ്ടതില്ല, പ്രായാധിക്യത്തില്‍ വിശ്രമിക്കുന്ന വി.എസ് ഇനി പാര്‍ട്ടി വേദികളില്‍ വരില്ലല്ലോ...എല്ലാവര്‍ക്കും സ്ഥാനം കൊടുക്കാന്‍ പറ്റില്ല. പക്ഷേ, കൊള്ളാവുന്നവരെ തള്ളരുതല്ലോ...