Image
Image

എൻ്റെ കുട്ടിക്കാലം ( ഡയറിക്കുറിപ്പുകൾ : ജയശങ്കർ ശങ്കരനാരായണൻ )

Published on 12 March, 2025
എൻ്റെ കുട്ടിക്കാലം ( ഡയറിക്കുറിപ്പുകൾ : ജയശങ്കർ ശങ്കരനാരായണൻ )

എൻ്റെ കുട്ടിക്കാലത്ത് ഞാൻ പറഞ്ഞു കേട്ട ഒരു കഥയാണ്.

അച്ഛൻ്റെ കുഞ്ഞനുജൻ മുട്ടിലിഴയുന്ന പ്രായത്തിൽ അയലത്തെ അടച്ചുകെട്ടില്ലാത്ത കിണറ്റിൽ വീണു മുങ്ങി മരിച്ചു. കുഞ്ഞിനെ കാണാതെ അച്ഛമ്മ അവിടെയെല്ലാം അന്വേഷിച്ചു നടന്നു. ഒടുവിൽ അയൽക്കാരാണ് കിണറ്റിലെ വെള്ളത്തിൽ പൊങ്ങി കിടക്കുന്ന കുഞ്ഞിനെ കണ്ടെടുത്തത്.

കിണറ്റിൽ വീണു മുങ്ങി മരിച്ച കുഞ്ഞിൻ്റെ മരണവാർത്ത കാട്ടുതീ പോലെ ആ ഗ്രാമത്തിൽ പടർന്നു. അന്ന് കുന്നുംപുറത്തെ സർക്കാർ സ്കൂളിൽ നിന്ന് അലറിക്കരഞ്ഞുകൊണ്ട് ഒരു ഭ്രാന്തനെപ്പോലെ വീട്ടിലേക്കോടിയ അച്ഛനെ ഒരുപാട് കാലം കഴിഞ്ഞും ഗ്രാമവാസികൾ ഓർത്തിരുന്നു.

അയലത്തെ ക്രിസ്തീയ കുടുംബമായ 'ഈയാമ്മേലി' വീട്ടിലെ മൂടിയില്ലാത്ത കിണറ്റിലായിരുന്നു ആ ദുരന്തം സംഭവിച്ചത്.

അച്ഛൻ ഒരിക്കലും ഓർക്കാൻ ഇഷ്ടപെടാത്ത ഓർമ്മയായിരുന്നു കുഞ്ഞനിയൻ്റെ കിണറ്റിലെ ദുരന്ത മരണം. ബാല്യത്തിൽ മനസിനേറ്റ ആ മുറിവ് അച്ഛൻ്റെ ഉള്ളിൽ ഉണങ്ങാത്ത ഒരു മുറിവായി കിടന്നിരുന്നു .. അവസാനം വരെ.

***

മാതാപിതാക്കൾ എന്നെ സ്കൂളിൽ ചേർത്തു . ഒന്നാം ക്ലാസ്സിൽ. നാലു വയസുള്ളപ്പോൾ എനിക്ക് അഞ്ചു വയസ്സ് കഴിഞ്ഞു എന്ന് പറഞ്ഞാണ് അവർ എന്നെ സ്കൂളിൽ ചേർത്തത്.

പട്ടണത്തിലേക്കു പോകുന്ന വഴിയിൽ ഉയർന്നുവന്ന പുതിയ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഞാൻ പോയിത്തുടങ്ങി.

വീട്ടിൽ നിന്നും സ്കൂളിലേക്ക് ഒരു കിലോമീറ്ററായിരുന്നു ദൂരം. അയൽവീടായ കൈലാസത്തിനു മുന്നിൽ റോഡരുകിൽ ഒരു മയിൽകുറ്റി ഉണ്ടായിരുന്നു. പിന്നെ അടുത്ത മയിൽകുറ്റി സ്കൂളിന് മുന്നിലായിരുന്നു. കൈലാസത്തിലെ മതിൽകെട്ടിനു മുകളികൂടെ ബോഗൺവില്ലകൾ പൂത്തുനിൽക്കുന്നത് കാണാമായിരുന്നു.

വാഹനങ്ങൾ പായുന്ന ഹൈവേയുടെ നടുക്ക് ഒറ്റയ്ക്കായിപോയ കുട്ടിയെ പോലെ ഞാൻ പകച്ചു നിന്നു. എൻ്റെ മുന്നിൽ ഒരു പുകമറയ്ക്കപ്പുറം എനിക്ക് പ്രാപ്യമല്ലാത്ത ഒരു ലോകമായിരുന്നു അത് .. സ്കൂൾ.

**

പെൻഗിനുകളെ പോലെയുള്ള കന്യാസ്ത്രീകൾ പഠിപ്പിച്ചിരുന്ന സ്കൂളിലെ കറുത്ത ബോർഡിൽ ചോക്കുകൊണ്ട് എഴുതിയ ഇംഗ്ലീഷ് ലിപികൾ സൈന്യാധിപന്മാരെ പോലെ എഴുന്നു നിന്നു. ആശാൻകളരിയിലെ മണ്ണിൽ നിഷ്കളങ്കരായി കിടന്നിരുന്ന മലയാള അക്ഷരങ്ങൾ പോലെയായിരുന്നില്ല അത്.

കന്യാസ്ത്രീയായ ഞങ്ങളുടെ ഹെഡ്മിസ്ട്രെസ്സിൻ്റെ പേര് മേരി നോവൽ എന്നായിരുന്നു. അവർ കുട്ടികളെ ചൂരൽകൊണ്ട് അടിക്കുന്നത് കണ്ടു ഞാൻ പേടിച്ചിരുന്നു.

സ്വപ്‌നജീവിയായ എന്നെ നാലാം ക്‌ളാസിൽ ഒരു ദൈവത്തിൻ്റെ മണവാട്ടി അനുഗ്രഹിച്ചു. 'ലഞ്ച് ടൈമിൽ കളിയ്ക്കാൻ പോവാതെ ക്‌ളാസിൽ ഉണ്ടാവണം'. ആ കന്യാസ്ത്രീ ടീച്ചർ എന്നോട് പറഞ്ഞു.

ആ ടീച്ചർ ഞങ്ങളുടെ ക്ലാസ് ടീച്ചറായിരുന്നു. ടീച്ചർ എന്നെ മാത്രമായി കുറെ ദിവസങ്ങൾ പഠിപ്പിച്ചു. എൻ്റെ അടുത്തിരുന്നു ടീച്ചർ പറഞ്ഞുതന്നതൊക്കെ എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു. ആ കന്യാസ്ത്രീ ടീച്ചറെ ഞാൻ ഓർക്കാത്ത ദിവസങ്ങളില്ല. എന്നും ഒരു നേരമെങ്കിലും ആ മുഖം എൻ്റെ ഓർമ്മയിൽ വരും.

അവർ ഒരു മാലാഖയായിരുന്നു. സിസ്റ്റർ കോളേറ്റ്. സേലത്തിനടുത്തുള്ള ഏർകാട് എന്ന സ്ഥലത്തു വൃദ്ധരായ കന്യാസ്ത്രീകൾ താമസിക്കുന്ന മഠത്തിൽ താമസിക്കുകയായിരുന്ന സിസ്റ്റർ ഈ കഴിഞ്ഞ ജനുവരിയിൽ സ്വർഗ്ഗത്തെ പുൽകി.

**

ഞാൻ നാലാം ക്‌ളാസ്സിൽ പഠിക്കുമ്പോൾ അച്ഛൻ എന്നെ അയലത്തെ വീടായ ഈയാമ്മേലിയിൽ ട്യൂഷന് കൊണ്ടുചേർത്തു. എനിക്കിപ്പഴും ഓർമ്മയുണ്ട് .. ആ ദിവസം. അതിരാവിലെ കുളിച്ചൊരുങ്ങി അച്ഛനൊപ്പം ഈയാമ്മേലി വീടിൽ ട്യൂഷന് ചേരാൻ ചെന്നതും വെറ്റിലയിൽ ദക്ഷിണ വച്ചു ഈയാമ്മേലിസാറിൻ്റെ കാലിൽ തൊട്ടു നമസ്‌കരിച്ചതും.

ഒരുപക്ഷെ ഈയാമ്മേലിസാറിനും അച്ഛനും അതൊരു ധന്യ നിമിഷം കൂടി ആയിരുന്നിരിക്കണം. കാരണം അച്ഛൻ്റെ കുട്ടിക്കാലത്ത് ഈയാമ്മേലിസാർ അച്ഛനെയും പഠിപ്പിച്ചിട്ടുണ്ടായിരുന്നു. ഇംഗ്ലീഷ് ആയിരുന്നു ഈയാമ്മേലിസാറിൻ്റെ പ്രധാന വിഷയം.

അച്ഛൻ്റെ ബാല്യകാലത്ത് ഇംഗ്ലീഷ് പഠിപ്പിക്കാൻ അറിവുള്ളവർ ആ ഗ്രാമത്തിൽ വേറാരെങ്കിലും ഉണ്ടായിരുന്നുകാണാൻ സാധ്യതയില്ല. ആ കാലഘട്ടത്തിൽ ഈയാമ്മേലിസാർ ഇംഗ്ലീഷിൽ എങ്ങനെ അറിവുനേടി എന്നുള്ളത് ഒരത്ഭുതമായിരുന്നു.

ഈയാമ്മേലിയിൽ ഞാൻ ട്യൂഷന് പോകുമ്പോൾ എൻ്റെ കൂട്ടുകാരായ സജിത്ത് കുമാറും, പ്രദീപ് പരമേശ്വരനും അവിടെ ട്യൂഷന് വരുന്നുണ്ടായിരുന്നു.

അവിടെ പഠിച്ചിരുന്ന ദിവസങ്ങളിൽ ഒരിക്കൽ ഈയാമ്മേലിസാർ പറഞ്ഞാണ് അച്ഛൻ്റെ കുഞ്ഞനിയൻ്റെ ദുരന്തത്തെക്കുറിച്ചു ഞാൻ ആദ്യമായി അറിയുന്നത്.

അന്നും ഈയാമ്മേലി വീടിലെ കിണറിനു മതിൽ കെട്ടിയിട്ടുണ്ടായിരുന്നില്ല.

**

ഈയാമ്മേലി വീട്ടിലെ തിണ്ണയിൽ ഇരുന്നായിരുന്നു ഞാനും സജിത്തും പ്രദീപും പാഠങ്ങൾ പഠിച്ചിരുന്നത്. ഈയാമ്മേലിസാറിൻ്റെ ദാക്ഷിണ്യമില്ലാത്ത ചൂരൽ പ്രഹരങ്ങൾ ഞങ്ങൾ മൂന്നുപേരും ഏറ്റുവാങ്ങിയിരുന്നു. അങ്ങനെ അടി കിട്ടി നീറ്റൽ ആറുംമുമ്പേ കുനിഞ്ഞിരുന്നു ഒളികണ്ണിട്ട് പരസ്‌പരം നോക്കി ശബ്ദമില്ലാതെ ഞങ്ങൾ ചിരിക്കുമായിരുന്നു.

ഈയാമ്മേലി വീട്ടിൽ ഒരു പട്ടി ഉണ്ടായിരുന്നു. കൈസർ. ഒരു ദിവസം രാവിലെ ട്യൂഷന് ചെന്നപ്പോൾ എന്നെ കണ്ടു ഓടിയടുത്ത പട്ടിയെ കണ്ടു പേടിച്ചു നിലവിളിച്ചുകൊണ്ട് ഞാൻ വീടിൻ്റെ തിണ്ണയിൽ ഓടിക്കയറി. എൻ്റെ നിലവിളി ശബ്ദം കേട്ട് ഈയാമ്മേലിസാറും, സാറിൻ്റെ മക്കളായ ബോബിസാറും, ഓമനചേച്ചിയും, ലാലിച്ചനും, അവിടുത്തെ അമ്മച്ചിയും ഓടിയെത്തി. അവർ എന്നെ സമാധാനിപ്പിച്ചു.

പിന്നീട് കൈസറുമായി ഞാൻ ചങ്ങാത്തത്തിലായി. ഈയാമ്മേലിയിലെ തിണ്ണയിൽ ഇരുന്നു പഠിക്കുമ്പോൾ കൈസർ അടുത്തുവന്ന് എൻ്റെ കാലിൽ നക്കുമായിരുന്നു.

ഈയാമ്മേലിസാറിനു ഒരു മകളുകൂടി ഉണ്ടായിരുന്നു. സുഖമില്ലാതെ കിടപ്പിലായിപ്പോയ ആ ചേച്ചിയുടെ പേര് എനിക്കോർത്തെടുക്കാൻ സാധിക്കുന്നില്ല.

കുട്ടിക്കാലത്ത് ഞാൻ കണ്ടിട്ടുണ്ട് .. കട്ടിലിൽ കിടക്കുന്ന സഹോദരിയെ ബോബിസാർ കൈകളിൽ കോരിയെടുത്തുകൊണ്ട് കക്കൂസിലും കുളിമുറിയിലും കൊണ്ടുപോകുന്നത്.

**

ഞങ്ങളുടെ ഗ്രാമത്തിലെ ഒരു ചെറിയ കവലയാണ് മുക്കാട്ടുപടി. അവിടുന്ന് വഴി രണ്ടാകും. മുക്കാട്ടുപടിക്ക് തണലേകി ഒരു വലിയ തകരമരം നിൽക്കുന്നു.

ഈയാമ്മേലിസാറിൻ്റെ ട്യൂഷൻ പിന്നീട് മുക്കാട്ടുപടിയിലുള്ള പ്രദീപിൻ്റെ വീട്ടിലേക്ക് മാറ്റുകയുണ്ടായി.അവിടെ പ്രദീപും അവൻ്റെ അനിയനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു. പ്രദീപിൻ്റെ അച്ഛൻ മഹാരാഷ്ട്രയിലെ പൂനെയിലായിരുന്നു ജോലി ചെയ്തിരുന്നത്. തൃക്കൊടിത്താനം ക്ഷേത്രത്തിൻ്റെ ചുറ്റുമതിൽ ആ വീട്ടിൽ നിന്നു കാണാമായിരുന്നു.

പ്രദീപിൻ്റെ അച്ഛൻ പൂനെയിൽ നിന്നും കൊണ്ടുവന്ന കുഞ്ഞു ചക്രങ്ങളുള്ള കളിപ്പാട്ട കാറുകൾ വിശാലമായ മുറികളിൽ ഞാനും സജിത്തും പ്രദീപും ഓടിച്ചു കളിക്കും സാറ് വരുന്നത് കാണുമോൾ 'നല്ല' കുട്ടികളായി ഞങ്ങൾ അടങ്ങിയിരിക്കും.

വെളുപ്പിന്നെ അഞ്ചരയ്ക്കാണ് ട്യൂഷൻ തുടങ്ങുന്നത്. അതിരാവിലെ അഞ്ചുമണിക് എഴുന്നേറ്റു പല്ലുതേച്ചു, കാലും മുഖവും കഴുകി പുസ്തകകെട്ടുമായി ഇരുട്ടിൽ ഞാൻ ഇറങ്ങും. വഴിയിൽ ചങ്ങനാശേരി ചന്തയിൽ നിന്നും മീനുമായി സൈക്കളിൽ പോകുന്നവരെ കാണാം. അവർ അടുത്തുള്ള കുന്നുംപുറം, പുലിക്കോട്ടുപടി, കുന്നുന്താനം, മല്ലപ്പള്ളി, പായിപ്പാട് എന്നീ സ്ഥലങ്ങളിലേക്കാവും പോകുന്നത്. ഏഴരയ്ക്ക് ട്യൂഷൻ കഴിഞ്ഞു തിരിച്ചു വീട്ടിൽ വന്നിട്ടുവേണം സ്കൂളിൽ പോകാൻ.

ട്യൂഷൻ കഴിഞ്ഞു സാർ ഇറങ്ങുമ്പോൾ സാറിന് പിന്നിൽ സജിത്തും ഞാനും മെല്ലെ നടക്കും. സാറ് മുക്കാട്ടുപടി കടന്നു ഇടത്തോട്ടു നടക്കുമ്പോൾ ഞാനും സജിത്തും വലത്തോടുള്ള ഇടവഴിയിൽ കയറി തിരിഞ്ഞു നിന്നു സാറ് മുളന്താനത്തെ പടിയും കടന്നു പോകുന്നത് വരെ നിൽക്കും. എന്നിട്ട് മുക്കാട്ടുപടി കവലയിൽ ബസ്സിൽ വന്നിറങ്ങിയ ആളുകൾ ഉപേക്ഷിച്ചു പോകുന്ന ബസ്സ് ടിക്കറ്റുകൾ പെറുക്കിയെടുത്തു ഞങ്ങൾ പങ്കുവയ്ക്കും. മഞ്ഞയും, പച്ചയും, ചെങ്കല്ലും നിറങ്ങളുള്ള സർക്കാർ 'ആനവണ്ടി'യുടെ ടിക്കറ്റുകൾ കുറെ ഉണ്ടാവും അവിടുത്തെ തകരമരചോട്ടിൽ. അങ്ങനെ എന്നും പെറുക്കിയെടുത്ത പല നിറങ്ങളുള്ള ടിക്കറ്റുകളുടെ ഒരു വലിയ ശേഖരം ഞങ്ങളുടെ കൈവശം ഉണ്ടായിരുന്നു.

ഒരു ദിവസം എൻ്റെ മേശവലിപ്പു തുറന്ന അച്ഛൻ ടിക്കറ്റുകൾ നിറഞ്ഞിരുക്കുന്നത് കണ്ട് അന്തംവിട്ടു. എൻ്റെ പഠനത്തിനുള്ള ശ്രദ്ധക്കുറവാണ് അത് സൂചിപ്പിക്കുന്നതെന്നു ശാസ്ത്രീയമായി വിലയിരുത്തി എനിക്കും അമ്മയ്ക്കും 'ക്‌ളാസ്' തന്നിട്ട് അച്ഛൻ എൻ്റെ ആ വലിയ 'സമ്പാദ്യം' അഗ്നിക്കിരയാക്കി. ഞാൻ സങ്കടം ഉള്ളിലൊതുക്കി അഗ്നിക്കിരയാകുന്ന നിറമുള്ള ടിക്കറ്റുകൾ കരിഞ്ഞു തീരുന്നത് കണ്ടുനിന്നു.

എനിക്ക് സന്തോഷം നൽകിയിരുന്ന നിഷ്‌കളങ്കമായ ഒരു വിനോദം അന്ന് അവസാനിച്ചു. പിന്നീടുള്ള നാളുകളിൽ ടിക്കറ്റുകൾ പെറുക്കിയെടുത്തു ഞാൻ സജിത്തിനുത്തന്നെ കൊടുത്തു.

**

ഒരു ദിവസം മുക്കാട്ടുപടി കവലയിൽ നിന്നും ടിക്കറ്റുകൾ പെറുക്കിയെടുത്തു കഴിഞ്ഞു ഇടവഴിയിലൂടെ വീട്ടിലേക്ക് നടക്കുമ്പോൾ ഞാനും സജിത്തും ഒരു കാഴ്ച കണ്ടു. ജീവതത്തിൽ ആദ്യമായിരുന്നു അങ്ങനെ ഒരു കാഴ്ച കാണുന്നത്. കമ്മ്യുണിസ്റ്റ് പച്ചക്കാടുകളുടെ മറവിൽ ഇരുന്നു ഞങ്ങൾ കണ്ടു .. ഒരു സംഭവം.

ഒരു വീട്ടിലെ പശുത്തൊഴുത്തിനു മുന്നിൽ ആ വീട്ടിലെ പശുവിൻ്റെ മുകളിൽ മുന്നിലെ കാലുകൾ കയറ്റിവച്ചു നിൽക്കുന്ന ഒരു കാളക്കൂറ്റൻ. പശുവിൻ്റെ ഉടമസ്ഥനായ വീട്ടുകാരൻ പശുവിൻ്റെ മൂക്കുകയറിൽ പിടിച്ചിരുന്നു .. പശു കുതറാതിരിക്കാൻ. കാളക്കൂറ്റനുമായി വന്നയാൾ പശുവിൻ്റെ മുകളിലേക്ക് കാലുകൾ ഉയർത്തി നിൽക്കുന്ന കാളക്കൂറ്റൻ്റെ ഉദ്ധരിച്ചു നിൽക്കുന്ന ലിംഗം പശുവിൻ്റെ പിന്നിലേക്ക് പിടിച്ചു കയറ്റുന്നു. കണ്ണിമ വെട്ടാതെ ഞാനും സജിത്തും ആ കാഴ്ച കണ്ടുകൊണ്ട് കമ്യുണിസ്റ്റ് കാടുകളുടെ മറവിൽ ശബ്ദമുണ്ടാക്കാതെ നിന്നു. ആ വീട്ടിലെ കതകുകളും ജനലുകളും കൊട്ടിയടച്ചിരുന്നു. പതിവുപോലെ ആ വീട്ടിലെ കുട്ടികളെയൊന്നും പുറത്തു കണ്ടില്ല. നിമിഷങ്ങൾ കഴിഞ്ഞു കാളക്കൂറ്റൻ താഴെ ഇറങ്ങുമ്പോൾ അതിൻ്റെ ജ്വലിച്ചു നിന്ന ജനനേന്ദ്രിയം ചുരുങ്ങി തോലുകൾക്കുള്ളിലേക് പിൻവാങ്ങിയിരുന്നു.

വീട്ടിലേക്ക് നടക്കുമ്പോൾ ഞാനും സജിത്തും ഒന്നും സംസാരിച്ചിരുന്നില്ല. എന്തോ ഒന്ന് എൻ്റെ ഹൃദയത്തിൽ വന്നു തൊട്ടിരുന്നു.

ഒരുപാടു ചോദ്യങ്ങൾ എൻ്റെ മനസ്സിൽ ഉത്തരങ്ങൾ കിട്ടാതെ കുമിഞ്ഞു കൂടിയിരുന്നു.

വർഷങ്ങൾ കഴിഞ്ഞു പത്താം ക്‌ളാസ്സിലെ ബയോളജി ടെക്സ്റ്റ് ബുക്കിലാണ് റീപ്രൊഡക്ഷൻ - പ്രത്യുൽപ്പാദനം - എന്ന വാക്ക് ആദ്യമായി കേൾക്കുന്നത്. ബിയോളജി പഠിപ്പിച്ചിരുന്ന ഫാദർ. കുരുശുംമൂട്ടിൽ അച്ചൻ കുർബാന ചൊല്ലുന്ന ഈണത്തിൽ ആ ഭാഗങ്ങൾ ഓടിച്ചു വായിച്ചു തീർത്തു.

.. organisms reproduce ..

.. in reproduction ..

.. male and female reproductive cells ..

.. unite ..

.. to form a new organism ..

(.. amen ..)

പത്താം ക്‌ളാസ്സ് കഴിഞ്ഞ അവധിക്കാലത്തായിരുന്നു മുൻസിപ്പൽ ലൈബ്രറിയിൽ മെമ്പർഷിപ്പ് എടുക്കുന്നതും അവിടുന്ന് എടുത്ത 'റീപ്രൊഡക്ഷൻ' എന്ന് തലകെട്ടുള്ള പുസ്തകത്തിൽ വിശദമായി പ്രത്യുൽപ്പാദനം എന്താണെന്നു ഞാൻ വായിച്ചറിഞ്ഞതും.

പ്രത്യുൽപ്പാദനം

ജീവികളുടെ അടിസ്ഥാന പ്രത്യേകതയാണ് പ്രത്യുൽപ്പാദനം. എല്ലാ ജീവികളും ജൈവീക പ്രക്രിയയായ പ്രത്യുൽപ്പാദന ത്തിൻ്റെ ഫലമായാണ് ഉണ്ടാകുന്നത്.

പ്രത്യുൽപ്പാദനത്തെ പ്രധാനമായും രണ്ടായി തരംതിരിച്ചിരിക്കുന്നു. ലൈംഗികമെന്നും അലൈംഗികമെന്നും.

ലൈംഗിക പ്രത്യുൽപ്പാദനത്തിൽ പങ്കാളികൾ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിൻ്റെ ഫലമായി പുരുഷൻ്റെ ബീജകോശം സ്ത്രീയുടെ അണ്ഡകോശവുമായി ചേർന്ന് സിക്താണ്ഡം രൂപപ്പെടുകയും ഗർഭപാത്രത്തിൽ പറ്റിപ്പിടിച്ചു വളരുകയും ചെയ്യുന്നു. ഇതാണ് ഗർഭധാരണം. പ്രസവത്തിലൂടെ കുട്ടി പുറത്തേക്ക് വരുന്നു.

ഉദ്ധരിച്ച ലിംഗത്തിലൂടെ പുംബീജം സ്‌ത്രീയുടെ യോനിയിലേക്ക് നിക്ഷേപിക്കപ്പെടും. ഇരുപത്തെട്ടു ദിവസങ്ങൾ വരുന്ന ആർത്തവചക്രത്തിൻ്റെ ഏതാണ്ട് പകുതിയോടെ നടക്കുന്ന അണ്ഡവിസർജനകാലത്ത് ഗർഭധാരണം നടക്കാൻ സാധ്യത കൂടുതലാണ്.

അലൈംഗിക പ്രത്യുൽപ്പാദനം നടക്കുന്നതിന്‌ ഒരേ ജീവഗണത്തിലെ രണ്ട് ജിവികളുടെ ആവശ്യമില്ല. ബാക്ടീരിയകളിൽ കോശം വിഭജിക്കപ്പെട്ട് രണ്ട് ബാക്ടീരിയകളായി മാറും. ഏകകോശ ജീവികളിൽ മാത്രമല്ല അലൈംഗിക പ്രത്യുൽപ്പാദനം കാണപ്പെടുന്നത്. സസ്യങ്ങളിൽ നല്ലൊരു ഭാഗത്തിനും അലൈംഗിക പ്രത്യുൽപ്പാദനം നടത്താൻ കഴിയുന്നവയാണ്‌.

മനുഷ്യരിൽ ലൈംഗിക പ്രത്യുത്പാദനമാണ് നടക്കുക. പ്രത്യുത്പാദനം വഴി ജീവിവർഗ്ഗങ്ങളിലെ ജനിതക ഘടകങ്ങൾ പുതിയ തലമുറയിലേക്ക് പകരുന്നു.

അതുവരെ .. അമ്മയുടെ പൊക്കിൾ വഴിയാണ് ഞാൻ വന്നതെന്നും .. അനിയനെ മീൻ വാങ്ങിയപ്പോൾ കിട്ടിയതാണെന്നും വിശ്വസിച്ചതൊക്കെ കള്ളക്കഥകളായിരുന്നു.

എൻ്റെ കുട്ടിക്കാലം ( ഡയറിക്കുറിപ്പുകൾ : ജയശങ്കർ ശങ്കരനാരായണൻ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക