ആര്‍എസ്എസിനെതിരെ നടത്തിയ പ്രസ്താവന വിവാദമായ സാഹചര്യത്തില്‍, പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നതായും, മാപ്പ് പറയില്ലെന്നും വ്യക്തമാക്കി ഗാന്ധിജിയുടെ പ്രപൗത്രനായ തുഷാര്‍ ഗാന്ധി. ചരിത്രപ്രസിദ്ധമായ മഹാത്മാഗാന്ധി- ശ്രീനാരായണഗുരു കൂടിക്കാഴ്ചയുടെ 100-ആം വാര്‍ഷികത്തില്‍ പങ്കെടുക്കാനായി ശിവഗിരി മഠത്തില്‍ എത്തിയപ്പോഴായിരുന്നു ആര്‍എസ്എസ് ഇന്ത്യയുടെ ആത്മാവിനെ നശിപ്പിക്കുന്ന ക്യാന്‍സറാണെന്ന് തുഷാര്‍ ഗാന്ധി പറഞ്ഞത്. തുടര്‍ന്ന് ആര്‍എസ്എസ്, ബിജെപി എന്നിവര്‍ തുഷാറിനെതിരെ രംഗത്ത് വരികയും, നെയ്യാറ്റിന്‍കരയില്‍ വച്ച് അദ്ദേഹത്തെ തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇന്ന് ആലുവയിലെ യൂണിയന്‍ ക്രിസ്ത്യന്‍ കോളജില്‍ നടന്ന പരിപാടിയില്‍, താന്‍ മാപ്പ് പറയില്ലെന്ന് തുഷാര്‍ വ്യക്തമാക്കി. ഒരു തവണ ഒരു കാര്യം പറഞ്ഞാല്‍ അത് പിന്‍വലിക്കാനോ, മാപ്പ് പറയാനോ താന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയ തുഷാര്‍, കേരളം പോലൊരു സ്ഥലത്ത് താന്‍ തടഞ്ഞുവയ്ക്കപ്പെട്ടു എന്നത് ആശ്ചര്യപ്പെടുത്തുന്നതാണെന്നും കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടുകയും, പ്രതിപക്ഷബഹുമാനം ഉണ്ടാകുകയും ചെയ്യുക എന്നത് കേരളത്തിന്റെ സംസ്‌കാരത്തില്‍ ഉള്ളതാണെന്നും, ഇത്തരത്തില്‍ വിഷം വമിപ്പിക്കുന്നവരെ കേരളം പുറന്തള്ളണമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്രസമരത്തെക്കാള്‍ വലിയ സമരമാണ് ഇപ്പോഴത്തേത് എന്നും, നമുക്കെല്ലാവര്‍ക്കും ഇപ്പോഴുള്ളത് ഒരു പൊതുശത്രു ആണെന്നും തുഷാര്‍ പറഞ്ഞു. ചടങ്ങില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശനും സന്നിഹിതനായിരുന്നു.
ഗാന്ധിജിയുടെ മകനായ മണിലാല്‍ ഗാന്ധിയുടെ മകന്‍ അരുണ്‍ മണിലാലിന്റെ മകനാണ് എഴുത്തുകാരന്‍ കൂടിയായ തുഷാര്‍ ഗാന്ധി.