തിരുവനന്തപുരം: വെഞ്ഞാറമൂട് സെൻട്രൽ ബാങ്ക് ജീവനക്കാരിൽ നിന്ന് വായ്പ തിരിച്ചടയ്ക്കാൻ നിരന്തരമായ സമ്മർദം നേരിട്ടിരുന്നതായി കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ഉമ്മ ഷെമി. സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയതിനുശേഷം ഭർത്താവ് അബ്ദുൽ റഹീമിനോടാണ് ഷെമി ഇക്കാര്യം പങ്കുവെച്ചത്. പേരുമലയിലെ വീട്ടിൽ ഇനി താമസിക്കാൻ ഇല്ലെന്നും അഫാന്റെ മാതാവ് ബന്ധുക്കളെ അറിയിച്ചു.
ജീവിതത്തിനും മരണത്തിനും ഇടയിൽ കഴിച്ചുകൂട്ടിയ 17 ദിവസത്തിനു ശേഷമാണ് വെഞ്ഞാറമൂട് സംഭവത്തിൽ ജീവനോടെ അവശേഷിച്ച ഇര ഷെമി ആശുപത്രി വിട്ടത്. കൊടും ക്രൂരകൃത്യത്തിന് 23 വയസുകാരനായ മൂത്തമകൻ അഫാനെ പ്രേരിപ്പിച്ച സാമ്പത്തിക പ്രശ്നങ്ങൾ വിവരിക്കുന്നതിനിടയിലാണ് ഭർത്താവ് അബ്ദുൽ റഹീമിനോട് വെഞ്ഞാറമൂട് സെൻട്രൽ ബാങ്ക് ശാഖയിലെ ജീവനക്കാർ 8 ലക്ഷം രൂപയുടെ വായ്പ തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നതായി ഷെമി വെളിപ്പെടുത്തിയത്.
റഹീമിന്റെ അറിവോടെ സെൻട്രൽ ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും 4 ലക്ഷം രൂപ റഹീം വിദേശത്തുനിന്ന് കുടുംബത്തിന് അയച്ചു നൽകിയിരുന്നു. എന്നാൽ ഇതിൽ 2 ലക്ഷം രൂപ മാത്രമാണ് ഷെമിയും മകൻ അഫാനും ചേർന്ന് ബാങ്കിൽ തിരിച്ചടച്ചത്. ശേഷിച്ച പണം എന്ത് ചെയ്തെന്ന് അബ്ദുൽ റഹീമിന്റെ ചോദ്യത്തിന് ഭാര്യ വ്യക്തമായ മറുപടി നൽകിയില്ലെന്നാണ് സൂചന. 8 ലക്ഷം രൂപ വായ്പ എടുത്തതിന്റെയും 2 ലക്ഷം രൂപ ഒറ്റത്തവണയായി തിരിച്ചടച്ചതിന്റെയും രേഖകൾ വെഞ്ഞാറമൂട് പൊലീസ് ബാങ്കിൽ നിന്ന് ശേഖരിച്ചിട്ടുണ്ട്.