Image
Image

ഭഗവത് ഗീതയാണ് കരുത്തു പകരുന്നത്, നല്ല സമയത്തും മോശപ്പെട്ട സമയത്തും: തുൾസി ഗബ്ബാർഡ് (പിപിഎം)

Published on 17 March, 2025
ഭഗവത് ഗീതയാണ് കരുത്തു പകരുന്നത്, നല്ല സമയത്തും മോശപ്പെട്ട സമയത്തും: തുൾസി ഗബ്ബാർഡ് (പിപിഎം)

ജീവിതത്തിൽ നല്ല സമയങ്ങളിലും മോശപ്പെട്ട സമയങ്ങളിലും തനിക്കു കരുത്തു പകരാറുള്ളത് ഭഗവത് ഗീതയിൽ ഭഗവൻ ശ്രീ കൃഷ്ണൻ അർജുനനു നൽകുന്ന പാഠങ്ങൾ ആണെന്നു യുഎസ് ഡയറക്‌ടർ ഓഫ് നാഷനൽ ഇന്റലിജൻസ് തുൾസി ഗബ്ബാർഡ്. ഉറച്ച കൃഷ്ണഭക്തയാണ് താനെന്നു സമോവ വംശജയാണെങ്കിലും ഹിന്ദു മതം സ്വീകരിച്ച കുടുംബത്തിൽ അംഗമായ ഗബ്ബാർഡ് (44) പറഞ്ഞു.

ഡൽഹിയിൽ ഉന്നതതല സുരക്ഷാ ചർച്ചയ്ക്കു എത്തിയ ഗബ്ബാർഡ് മാധ്യമങ്ങളുമായി തന്റെ ആധ്യാത്മിക ജീവിതം പങ്കിടുകയായിരുന്നു. "ഗീത എനിക്ക് ദിവസം മുഴുവൻ കരുത്തും സമാധാനവും സുഖവും നൽകുന്നു," അവർ പറഞ്ഞു.

ദൈവവുമായുള്ള വ്യക്തിബന്ധമാണ് തന്റെ ജീവിതത്തിൽ മുഖ്യമെന്നു ഗബ്ബാർഡ് പറഞ്ഞു. "എല്ലാ ദിവസവും ദൈവത്തെ സന്തോഷിപ്പിക്കുന്ന രീതിയിൽ ജീവിക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്. ദൈവത്തിന്റെ മക്കൾക്ക് കഴിയുന്നത്ര സേവനങ്ങൾ ചെയ്യാൻ ശ്രമിക്കുന്നു.

"ഏറ്റവും നല്ല സമയത്തും മോശപ്പെട്ട സമയത്തും ഭഗവത് ഗീതയിൽ ശ്രീകൃഷ്ണൻ പഠിപ്പിക്കുന്ന കാര്യങ്ങളിലേക്കാണ് ഞാൻ ശ്രദ്ധ തിരിക്കുക."

ഇന്ത്യയിൽ എത്തുമ്പോൾ സ്വന്തം വീട്ടിൽ എത്തിയ തോന്നലാണെന്നു അവർ പറഞ്ഞു. ഇന്ത്യൻ ഭക്ഷണം ഇഷ്ടമാണ്. "ആളുകൾ വളരെ സന്തോഷത്തോടെ ഇടപെടുന്നു. ഭക്ഷണം ഏറെ രുചികരമാണ്. ദാൾ മഖാനി, പനീറിന്റെ ഏതു വിഭവവും ഇവയൊക്കെ മികച്ചതാണ്.

ഇന്തോ-പാസിഫിക് രാജ്യങ്ങളിലെ സന്ദർശനത്തിന്റെ ഭാഗമായാണ് ഗബ്ബാർഡ് ഇന്ത്യയിൽ എത്തിയത്. ചൊവാഴ്ച്ച റൈസിന ഡയലോഗിൽ പങ്കെടുക്കുന്നുണ്ട്.

ഒബ്സെർവേർ റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഡയലോഗ് 10ആം എഡിഷനാണിത്. ഫൗണ്ടേഷൻ പ്രസിഡന്റ് സമീർ സരണുമായി ഗബ്ബാർഡ് ചർച്ച നടത്തും.

Gabbard discusses her spiritual life 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക