മലയാളത്തിലെ ആദ്യ പാരാനോര്‍മല്‍ ഇന്‍വെസ്റ്റിഗേഷന്‍ എന്ന വിശേഷണവുമായി എത്തിയ 'വടക്കന്‍' മലയാളി ഇതിനു മുമ്പ് കണ്ടിട്ടില്ലാത്ത ഒരു മികച്ച ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്. റിലീസിനു മുമ്പ് തന്നെ രാജ്യാന്തര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം #ിരവധി പുരസ്‌കാരങ്ങളും നേടിയിട്ടാണ് വരവ്. പ്രേക്ഷകരില്‍ ഇത്ര മേല്‍ ഭയം ജനിപ്പിച്ച ഒരു ത്രില്ലര്‍ സമീപ കാലത്തെങ്ങും ഇറങ്ങിയിട്ടില്ലെന്നു തന്നെ പറയാം. കാല്‍ നഖം മുതല്‍ ശിരസ് വരെ അരിച്ചു കയറുന്ന ഭയം.
അമേരിക്കയില്‍ നടന്ന ഫ്രൈറ്റ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സൂപ്പര്‍ നാച്വുറല്‍ ത്രില്ലര്‍ അവാര്‍ഡ് നേടിയ ചിത്രമാണ് 'വടക്കന്‍'. ഈ മേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ മലയാള ചിത്രമെന്ന ഖ്യാതിയും വടക്കന് മാത്രം സ്വന്തം. ഇതിഹാസ കഥകളില്‍ മാത്രം വായിച്ചറിഞ്ഞിട്ടുള്ള പ്രേതാത്മാക്കളുടെ ഇരുണ്ടു കറുത്ത ലോകവും ആത്മാക്കളെ കുറിച്ച് അന്വേഷണം നടത്തുന്ന ആധുനിക ലോകവും തമ്മില്‍ ബന്ധിപ്പിക്കുന്ന ഘടകങ്ങള്‍ വടക്കനിലുണ്ട്.
ഇന്ത്യയിലെ ആദ്യത്തെ ഹൊറര്‍ റിയാലിറ്റി ഷോയായ എം.ടി.വി ഗേള്‍സ് നൈറ്റ് ഔട്ട് 2011 എന്ന ചിത്രത്തിന്റെ അണിയറ ശില്‍പിയായ സജീദ് എ സംവിധാനം ചെയ്ത ചിത്രമാണ് 'വടക്കന്‍'. ബ്രഹമഗിരി മലയില്‍ നടക്കുന്ന ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനാണ് അവര്‍ ആറു പേരും ആ ബംഗ്‌ളാവില്‍ എത്തുന്നത്. രവി വര്‍മ്മന്‍ എന്ന സെലിബ്രിറ്റി ആങ്കറാണ് റിയാലിറ്റി ഷോ നിര്‍മ്മിക്കുന്നത്. പ്രേതശല്യമുണ്ടെന്ന് പറയപ്പെടുന്ന ആ പഴയ ബംഗ്‌ളാവില്‍ താമസിക്കണം. ഭയന്ന് റിയാലിറ്റി ഷോ ഇട്ടിട്ട് പോകാതെ അവസാനം വരെ അവിടെ പിടിച്ചു നില്‍ക്കണം. അതാണ് മത്സരം. നയന്‍താര അഭിനയിച്ച മായ എന്ന ചിത്രത്തിലും സമാനമായ കാര്യമുണ്ട്. അതു പക്ഷേ ഭയം ജനിപ്പിക്കുന്ന ഒരു ത്രില്ലര്‍ മൂവി ആരുമില്ലാതെ ഒറ്റയ്ക്ക് തിയേറ്ററില്‍ ഇരുന്ന് തീരും വരെ കാണണം. ഏതാണ്ട് അതേ രീതിയിലാണ് ഇതിലും കഥയുടെ സഞ്ചാരം.
റിയാലിറ്റി ഷോയില്‍ പങ്കടുത്ത് മത്സര വിജയിയാകുന്നത് സ്വപ്നം കണ്ടെത്തിയ അവരെ കാത്തിരുന്നത് ഭയപ്പെട്ടുത്തുന്ന ഒട്ടേറെ അനുഭവങ്ങളായിരുന്നു. അവരെ ആറുപേരെയും ഞെട്ടിച്ചു കൊണ്ട് ആങ്കര്‍ രവി വര്‍മ്മനും കൊല്ലപ്പെടുന്നു. ഇതോടെ വര്‍മ്മയുടെ ഭാര്യ മേഘയ്ക്ക് ഈ സംഭവങ്ങളുടെയെല്ലാം പിന്നില്‍ ചില അമാനുഷ ശക്തികളുണ്ടോ എന്ന സംശയം ഉടലെടുക്കുന്നു. പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും മേഘയ്ക്ക് അതില്‍ വിശ്വാസവും തൃപ്തിയുമില്ല. അവര്‍ പാരാനോര്‍മല്‍ ഇന്‍വെസ്റ്റിഗേഷന്‍ രംഗത്തെ പ്രഗല്‍ഭനായ രാമന്‍ പെരുമലയനെ കൊണ്ട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്നു. അയാളാകട്ടെ വിദേശത്ത് സമാന രംഗത്ത് ഗവേഷണം നടത്തുകയാണ്. പോലീസിന്റെ പ്രത്യേക താല്‍പ്പര്യ പ്രകാരം തന്റെ കീഴിലുള്ള ഗവേഷക വിദ്യാര്‍ത്ഥിയായ അന്നയുമൊത്ത് അയാള്‍ ബംഗ്‌ളാവിലെയും നാട്ടിലെയും കൊലപാതകങ്ങള്‍ അന്വേഷിക്കാനെത്തുന്നു. തുടര്‍ന്ന് രാമന്‍ പെരുമലയന്റെ അന്വേഷണ വഴികളിലുണ്ടാകുന്ന ഭയപ്പെടുത്തുന്ന കാര്യങ്ങളും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നുത്.
കന്നഡ താരമായ കിഷോര്‍ കുമാറാണ് രാമന്‍ പെരുമലയനായി ചിത്രത്തിലെത്തുന്നത്. കഥാപാത്രമായി മികച്ച പ്രകടനമാണ് കിഷോര്‍ കാഴ്ച വച്ചിരിക്കുന്നത്. മേഘ എന്ന കഥാപാത്രമായെത്തിയ ശ്രുതി മേനോന്‍ തന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രമായി മാറുന്ന കാഴ്ചയാണ് ചിത്രത്തില്‍ കാണാനാവുക. അതിസങ്കീര്‍ണ്ണമായ ഭാവപ്പകര്‍ച്ചകള്‍ ആവശ്യമായി വരുന്ന മേഘ എന്ന കഥാപാത്രത്തെ ഉജ്ജ്വലമായ രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രുതിയ്ക്ക് കഴിഞ്ഞു. മാലാ പാര്‍വതി. ഗാര്‍ഗി അനന്ദ്, കലേഷ് രാമാനന്ദ്, മീനാക്ഷി ഉണ്ണിക്കൃഷ്ണന്‍ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി.
ഓരോ നിമിഷവും പ്രേക്ഷകനെ ഭയത്തിന്റെ ചങ്ങലയില്‍ തളച്ചിടാന്‍ കഴിവുള്ള കഥയും തിരക്കഥയുമാണ് ചിത്രത്തിന്റേത്. ഉണ്ണി ആര്‍ ആണ് തിരക്കഥ. റിയാലിറ്റി ഷോയുടെ രംഗങ്ങളും പാരാനോര്‍മല്‍ രംഗങ്ങളുമെല്ലാം വളരെ ഉയര്‍ന്ന സാങ്കാതികത്തികവില്‍ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇന്‍ഫ്രാറെഡ് ടെക്‌നോളജി ഉപയോഗിച്ചാണ് വടക്കന്റെ ചിത്രീകരണം. ഭയപപെടുത്തുന്ന രംഗങ്ങളില്‍ ഈ ഉന്നത സാങ്കേതിക നിലവാരം പ്രേക്ഷകനെ ഏറെ ഭയപ്പെടുത്തുന്നുമുണ്ട്. കെയ്ക്കു നക്കുഹോര എന്ന ജാപ്പനീസ് ഛായാഗരാഹകനാണ് സിനിമയുടെ ഛായാഗ്രഹണം.
ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ശബ്ദമിശ്രണം. പ്രേക്ഷകനെ ഭയപ്പെടുത്തുന്ന ഭീദിതമായ ശബ്ദങ്ങളും ഗാനങ്ങളുമെല്ലാം അതിന്റേതായ ഭംഗിയില്‍ ഒറിജിനാലിറ്റിയോടെ അനുഭവിച്ചറിയാന്‍ കഴിയും. ബിജിബാലിന്റെ സംഗീതവും മികച്ച ശബ്ദവിന്യാസവും എഡിറ്റിങ്ങും ചിത്രത്തിന് മുതല്‍ക്കൂട്ടായി.