പ്രസിഡന്റ് ജോൺ കെന്നഡിയെ വധിച്ചതുമായി ബന്ധപ്പെട്ട 80,000 ഫയലുകൾ ചൊവാഴ്ച്ച പുറത്തു വിടുമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിങ്കളാഴ്ച്ച പ്രഖ്യാപിച്ചു. പതിറ്റാണ്ടുകൾ പൊടിമൂടി കിടന്ന ഒട്ടേറെ രഹസ്യങ്ങൾ പുറത്തു കൊണ്ടുവരുന്ന ഫയലുകൾ അങ്ങേയറ്റം കൗതുകകരമാവും എന്നദ്ദേഹം പറഞ്ഞു.
കെന്നഡി 46 വയസിൽ ടെക്സസിൽ വച്ചു വെടിയേറ്റു മരിക്കുമ്പോൾ ട്രംപിനു വയസ് 17 മാത്രം. അപ്പോൾ 61 വർഷം രാജ്യവും ലോകവും ആകാംക്ഷയോടെ കാത്തിരുന്ന നിഗൂഢതകളാണ് പുറത്തു വരാൻ പോകുന്നത്.
കെന്നഡി സെന്ററിൽ വച്ചാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. "നാളെ ഈ ഫയലുകൾ പുറത്തു വിടുന്നത് ഉചിതമാവും എന്നു ഞാൻ കരുതുന്നു. മല പോലെ കടലാസുണ്ട്. ഒട്ടേറെ വായിക്കാം. എന്തെങ്കിലും നമ്മൾ മറച്ചു വയ്ക്കാൻ സാധ്യതയില്ല."
പ്രചാരണ കാലത്തു പറഞ്ഞ വാക്ക് താൻ പാലിക്കയാണെന്നു ട്രംപ് ചൂണ്ടിക്കാട്ടി.
എന്നാൽ ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക പരിശോധനയിൽ പൊട്ടിത്തെറി ആകാവുന്ന എന്തെങ്കിലും കണ്ടെത്തിയിട്ടില്ല എന്നാണ് 'ന്യൂ യോർക്ക് പോസ്റ്റ്' പറയുന്നത്.
ജോൺ കെന്നഡിയുടെ സഹോദരനും മുൻ അറ്റോണി ജനറലുമായ റോബർട്ട് കെന്നഡിയുടെ വധവും സിവിൽ റൈറ്സ് നേതാവ് മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ വധവും സംബന്ധിച്ച ഫയലുകളും പുറത്തു വിടുമെന്നു ട്രംപ് പറഞ്ഞിട്ടുണ്ട്. റോബർട്ട് കെന്നഡിയുടെ പുത്രൻ റോബർട്ട് കെന്നഡി ജൂനിയർ ട്രംപിന്റെ ആരോഗ്യ സെക്രട്ടറിയാണ്.
Trump to release JFK files Tuesday