March 18, 2025
അമേരിക്കൻ മലയാളി കുട്ടികൾക്ക് മലയാളഭാഷയുമായി ബന്ധപ്പെടാൻ മുംബൈയിൽ നിന്നും അമ്പിളി ടീച്ചർ ഈ ആഴ്ച ഈ പംക്തി കൈകാര്യം ചെയ്യുന്നത് അമ്പിളി ടീച്ചർ. ഇതിലെ കഥകളും കവിതകളും അമ്പിളി ടീച്ചറുടെ രചനകളാണ്. പാട്ടോർമ്മകൾ എന്ന പംക്തിയിലൂടെ അമേരിക്കൻ മലയാളി വായനക്കാർക്ക് സുപരിചിതയായ എഴുത്തുകാരി, ഗ്രന്ഥകാരി, സംഘാടക, അധ്യാപിക, അഭിനേത്രി എന്നീ നിലകളിലും അറിയപ്പെടുന്നു. മുംബൈ മലയാളി സാഹിത്യരംഗത്ത് പ്രമുഖ സാന്നിധ്യം. -editor
അമ്പിളി കൃഷ്ണകുമാർ, മുംബൈ:-കൊല്ലം ജില്ലയിലെ ചടയമംഗലം സ്വദേശി. വിവാഹശേഷം പതിനഞ്ച് വർഷമായി മുംബൈയിൽ സ്ഥിരതാമസം. എഴുത്ത്, വായന, യാത്ര, പാട്ടുകേൾക്കൽ ഒക്കെ ഇഷ്ടവിനോദം. കഥ, കവിത , യാത്രാവിവരണം, ഗാനരചന, ഓർമ്മക്കുറിപ്പ്, ലേഖനം, പുസ്തകാസ്വാദനം, സിനിമ നിരൂപണം, ഗാനനിരൂപണം എന്നിങ്ങനെ എല്ലാ മേഖലകളിലും സാന്നിധ്യമറിയിച്ചുകൊണ്ടിരിക്കുന്നു. നാല് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിലവിലുള്ള ആഖ്യാനപാരമ്പര്യങ്ങളിൽ നിന്നും വ്യത്യസ്തവും നവീനവുമായ രചനാശൈലി എപ്പോഴും പിന്തുടരാൻ ശ്രമിക്കുന്ന എഴുത്തുകാരിയാണ്. ചരിത്രത്തിലും ആധുനിക സമകാലികതയിലും നിറഞ്ഞുനിൽക്കുന്ന സംഭവങ്ങൾ എപ്പോഴും കഥകൾക്ക് ആധാരമാക്കാറുണ്ട്. ഭാഷാപ്രയോഗരീതികളിലും വിഷയ സമീപനത്തിലും ഏറെ ശ്രദ്ധപതിപ്പിച്ചുകൊണ്ടു തന്റേതായ രചനാതന്ത്രങ്ങൾ മെനയുന്നു ഒന്നിനോടും ചാരി നിൽക്കാതെ.
(താഴെ പറയുന്ന അക്ഷരമാല പാട്ടിന്റെ വീഡിയോ ഇതോടൊപ്പം ചേർത്തിരിക്കുന്നത് കാണുക)
അക്ഷരമാലപ്പാട്ട്
അ അമ്മ, ആ ആന, കണ്ടെഴുതൂ
ഇ ഇല, ഈ ഈച്ച, കേട്ടെഴുതൂ
ഉ ഉരൽ, ഊ ഊഞ്ഞാൽ, ഉരച്ചീടൂ
ഋ ഋഷി, എന്നെഴുതി, വായിക്കൂ
എ എലി, ഏ ഏണി, എന്നെഴുതൂ
ഐ ഐരാവതമാദ്യം ആരെഴുതും
ഒ ഒച്ച്, ഓ ഓന്ത്, ഓർത്തെഴുതൂ
ഔ ഔഷധമെഴുതിയവർ എഴുന്നേല്ക്കൂ
അം അംബുജം എഴുതീടൂ, വരച്ചീടൂ
അഃ എഴുതി നമഃ എന്ന് മൊഴിഞ്ഞീടൂ
അ മുതൽ അഃ വരെ തെറ്റാതെഴുതീടൂ
സ്വരച്ചിഹ്നം പതിനഞ്ചും കണ്ടീടൂ
ക മുതൽ റ വരെ കാണാതെഴുതീടൂ
ചില്ലും കൂട്ടക്ഷരവും ഗ്രഹിച്ചീടൂ
വാക്കുകളും വാചകവും വായിക്കൂ
എഴുതാനും പറയാനും ശീലിക്കൂ
.മഴത്തുള്ളി (കുഞ്ഞിക്കവിത)
തൂമ തേടുന്ന പൂവാങ്കുരുന്നില
ക്കുഞ്ഞു കൈകളിൽ മാമഴത്തുള്ളികൾ ..!
ചേമ്പിലത്തണ്ടിന്മേലോടിക്കളിക്കുന്ന
തൂമഴത്തുള്ളിയിൽ കണ്ണാടി നോക്കുമ്പോൾ,
ആ മരച്ചോട്ടിൽ നനഞ്ഞിരിക്കുന്നോരു കോഴിക്കുഞ്ഞേ നിന്റെയമ്മയടുത്തി ല്ലേ...?
ഓടി വന്നോമനേ ഈ കുടക്കീഴിലായ്
ഓരം ചേർന്നങ്ങനെ നിന്നിടണേ..
ഈ മഴയെല്ലാമേ ശാന്തമായീടുമ്പോൾ
ആകാശ പ്പെയ്ത്തിനവസാനമാകുമ്പോൾ ,
കുഞ്ഞില ക്കൈയ്യുകൾ കണ്ണാരം പൊത്തുമ്പോൾ ,
വാനിലായർക്കനും
പുഞ്ചിരി തൂകുമ്പോൾ ..
രാഗവിലോലരായ് നർത്തനമാടുന്ന
പൂന്തെന്നൽ കൈകളിലൂയലാടാം...
കടങ്കഥകൾ.
1 . കാള കിടക്കും കയറോടും.
2. മുറ്റത്തെ ചെപ്പിന് അടപ്പില്ല ?
3. ഞെട്ടില്ലാ വട്ടയില.?
4. ഒരു കുപ്പിയിൽ രണ്ടെണ്ണ ?
5. മാനത്തെ അങ്കത്തിന് ഭൂമി പിടിച്ച പരിച ?
ഉത്തരങ്ങൾ കണ്ടുപിടിക്കുക
1. മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്. ?
2 . കേരളത്തിൻ്റെ ഔദ്യോഗിക പുഷ്പം ഏത്.?
3. 'കിഴക്കിൻ്റെ വെനീസ് ' എന്നറിയപ്പെടുന്നത്?
4 കേരളത്തിൻ്റെ സാംസ്കാരിക തലസഥാനം ഏത്?
5. കേരള വാല്മീകി എന്നറിയപ്പെടുന്നതാരെ?
(അടുത്താഴ്ച അമ്പിളി ടീച്ചർ രചിച്ച അപ്പൂപ്പൻ താടി എന്ന കഥയും പതിവ് ഇനങ്ങളും)