ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ കാണാതായ ഇന്ത്യൻ അമേരിക്കൻ വിദ്യാർഥിനി സുദിക്ഷ കൊണാങ്കിയോടൊപ്പം അവസാനം കാണപ്പെട്ട അയോവ സ്വദേശി ജോഷ്വ റൈബ് അമേരിക്കയിലേക്കു തിരിച്ചു പറക്കുമ്പോൾ ബുധനാഴ്ച്ച രാത്രി പോർട്ടോ റിക്കയിൽ അധികൃതർ തടഞ്ഞു വച്ചു.
കൊണാങ്കി മുങ്ങി മരിച്ചതാണെന്ന അധികൃതരുടെ വാദം അവളുടെ മാതാപിതാക്കൾ അംഗീകരിച്ചതിനെ തുടർന്നു ഡൊമിനിക്കൻ അധികൃതർ റൈബിനെ വിട്ടയച്ചിരുന്നു. അദ്ദേഹത്തിന്റെ പാസ്പോർട്ട് തിരിച്ചു കൊടുക്കാൻ ഡൊമിനിക്കൻ കോടതിയുടെ ഉത്തരവും ഉണ്ടായിരുന്നു. എന്നാൽ യാത്ര വേഗത്തിലാക്കാൻ താത്കാലികമായി യുഎസ് കോൺസലേറ്റ് നൽകിയ പാസ്പോർട്ടിലെ ഒരു സ്റ്റാമ്പ് ആണ് ഇക്കുറി വില്ലനായത്.
സ്റ്റാമ്പ് ശരിയല്ലെന്നു ചൂണ്ടിക്കാട്ടിയാണ് പോർട്ടോ റിക്കൻ അധികൃതർ റൈബിനെ ലൂയി മുനോസ് മാറിൻ വിമാനത്താവളത്തിൽ തടഞ്ഞത്. അദ്ദേഹത്തെ അധികൃതർ ചോദ്യം ചെയ്തു.
മാധ്യമങ്ങൾ ചോദ്യങ്ങളുമായി എത്തിയപ്പോൾ റൈബിന്റെ പിതാവ് ആൽബർട്ട് പറഞ്ഞു: "ദയവായി ഞങ്ങളെ വെറുതെ വിടുക."
അയോവ റോക്ക് റാപിഡ്‌സിലെ വീട്ടിൽ നിന്നു റൈബ് പോന്നിട്ടു രണ്ടാഴ്ചയായി. കൊണാങ്കിയെ കാണാതായ കേസിൽ അദ്ദേഹത്തിനെതിരെ യാതൊരു കുറ്റങ്ങളും ആരോപിക്കപ്പെട്ടിട്ടില്ല. എന്നാൽ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്ത ഡൊമിനിക്കൻ പോലീസ് പാസ്പോർട്ട് പിടിച്ചു വച്ചു.
Joshua Riibe detained in PR