വാഷിംഗ്ടൺ: യു എസ് ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ഒരു അഴിച്ചു പണിക്കു വിധേയമാവുമെന്നു പ്രസിഡന്റ് ട്രംപ് ഒപ്പു വച്ച എക്സിക്യൂട്ടീവ് ഓർഡർ പറയുന്നു. എന്നാൽ പൂർണമായും ഒരു അഴിച്ചു പണി നടക്കില്ല എന്ന് വൈറ്റ് ഹവ്സ് പ്രസ് സെക്രട്ടറി കരോളിൻ ലെവിറ്റ് പ്രസ്താവനയിൽ പറഞ്ഞു. നിർണായകമായ കർത്തവ്യങ്ങൾ തുടർന്നും ഡിപ്പാർട്മെന്റ് കൈകാര്യം ചെയ്യും. പൗരാവകാശ നിയമങ്ങൾ നടപ്പാക്കുക, വിദ്യാഭ്യാസ വായ്പകളും പെൽ ഗ്രാന്റുകളും മോണിറ്റർ ചെയ്യുക തുടങ്ങിയ ജോലികൾ ഡിപ്പാർട്മെന്റ് തുടർന്നും ചെയ്യും. ഇത് എഡ്യൂക്കേഷൻ സെക്രട്ടറിയുടെ മേൽനോട്ടത്തിലാവും നടക്കുക.
ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികളുടെ വിദ്യാഭാസ ആവശ്യങ്ങൾക്ക് നൽകുന്ന ഗ്രാന്റുകളും ലോണുകളും (പ്രധാനമായും താഴ്ന്ന വരുമാന കുടുംബത്തിൽ നിന്നുള്ളവർ) തുടർന്നും ഡിപ്പാർട്മെന്റിന്റെ കീഴിൽ വരുമെന്ന് ഒരു വക്താവ് പറഞ്ഞു. ഡിപ്പാർട്മെന്റ് പൂർണമായും നിർത്തലാക്കുവാൻ യു എസ് കോൺഗ്രസിന്റെ അനുമതി വേണം. ഇതിനു 60 സെനറ്റ് അംഗങ്ങളുടെ പിന്തുണ വേണം. ഇത് റിപ്പബ്ലിക്കൻ പാർട്ടിക്ക് നേടുക അസാധ്യമായിരിക്കും. എഡ്യൂക്കേഷൻ സെക്രട്ടറി ലിൻഡ മൿമഹോന്റെ സ്ഥിരപ്പെടുത്തൽ ഹിയറിങ്ങിൽ ഇത് പ്രയാസമായിരിക്കും എന്ന് അവർ തന്നെ പറഞ്ഞിരുന്നു. ഡെമോക്രറ്റുകൾ ഒരു ഫിലിബസ്റ്റർ കൊണ്ടുവന്നാൽ (ഉറപ്പായും കൊണ്ട് വന്നേക്കും) അത് മറികടക്കുവാൻ 60 സെനറ്റർമാരുടെ പിന്തുണ നിശ്ചയമായും ആവശ്യമാണ്.
1979ൽ ജിമ്മി കാർട്ടറുടെ ഭരണ കാലത്താണ് ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ നിലവിൽ വന്നത്. 60 വോട്ടിന്റെ ആവശ്യകത വേണ്ടി വന്നേക്കും എന്ന വസ്തുത പ്രസിഡന്റിന് അറിയാം എന്ന് മൿമഹോൻ പറഞ്ഞു. കോൺഗ്രസിനൊപ്പം ചേർന്ന് പ്രവർത്തിക്കേണ്ടി വരും എന്ന് പ്രസിഡന്റിന് അറിയാം എന്ന് ലൂസിയാനയിൽ നിന്നുള്ള സെനറ്റർ ബിൽ കാസ്സിഡിയും പറഞ്ഞു. "എല്ലാ സെനറ്റർമാരും ഒന്നിച്ചു പ്രവർത്തിക്കും എന്ന് ഉറപ്പു വരുത്താനാണ് ഞങ്ങളുടെ ശ്രമം," കാസിഡി കൂട്ടിച്ചേർത്തു.
പ്രസിഡന്റിന്റെ ഒപ്പു വയ്ക്കൽ അദ്ദേഹം കോൺഗ്രസിനെ മറികടക്കുകയാണോ എന്ന സംശയം സൃഷ്ടിച്ചിരിക്കുകയാണെന്നു മൿമഹോൻ പറഞ്ഞു. എന്നാൽ "ഡിപ്പാർട്മെന്റ് ചെയ്യാതെ ഇരിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണെന്ന് എനിക്ക് തോന്നുന്നു. ഡിപ്പാർട്മെന്റ് അധ്യാപകരെ നിയമിക്കുന്നില്ല. കരിക്കുലത്തിൽ തീരുമാനവും എടുക്കുന്നില്ല. സ്കൂൾ ബോർഡുകളെയോ സുപ്രണ്ടുമാരെയോ തിരഞ്ഞെടുക്കുന്നില്ല.
"ഇപ്പോൾ നടക്കുന്ന അഴിച്ചു പണി ഫണ്ടിങ്ങിനു സഹായിക്കും. അത് മൂലം സംസ്ഥാനങ്ങൾക്ക് അവരുടെ പദ്ധതികൾക്ക് സഹായം ലഭിക്കും."
മൿമഹോനും ഭരണകൂടവും ഇതിനകം തന്നെ ചില നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. ഡിപ്പാർട്മെന്റിലെ ജീവനക്കാരെ ഏതാണ്ട് പകുതിയോളം പിരിച്ചു വിട്ടു. ഒരു ടെലിവിഷൻ ചാനൽ ചില സംസ്ഥാന അധികാരികളും നിയമ സഭാ അംഗങ്ങളും തങ്ങൾ വിദ്യാഭ്യാസ നയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറല്ല എന്നു ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു എന്ന് റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ ഈ ഓർഡറും കോടതികളിൽ ചോദ്യം ചെയ്യപ്പെടാനാണ് സാധ്യത.
തൊഴിൽ, പൗരാവകാശ സംഘടനകൾ ഭരണകൂടത്തിന്റെ ഈ ഓർഡർ നിശിതമായി വിമർശിച്ചു. ഇവരിൽ നാഷനൽ എഡ്യൂക്കേഷൻ അസോസിയേഷൻ പ്രസിഡന്റ് ബെക്കി പ്രിങ്‌ളെയും എൻ എ എ സി പി പ്രസിഡണ്ട് ഡെറിക് ജോൺസണും ഉൾപ്പെടുന്നു.
തന്റെ എക്സിക്യൂട്ടീവ് ഓർഡറിനെ കുറിച്ച് വീണ്ടു വിചാരം ഉണ്ടായി ട്രംപിന് എന്നാണ് ഇന്ന് വൈകി പുറപ്പെടുവിച്ച വിശദീകരണത്തിൽ നിന്ന് മനസിലാക്കേണ്ടത്. സ്റ്റുഡന്റ് ലോണുകളും പേൾ ഗ്രാന്റുകളും മറ്റു നിർണായക പ്രവർത്തനങ്ങളും കൈകാര്യം ചെയ്യാൻ പര്യാപ്‌തമായ നിലയിൽ ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷനെ മാറ്റിയെടുക്കും എന്ന് ട്രംപ് പറഞ്ഞു.
ഡി ഓ ജി ഇ ഡിപ്പാർട്മെന്റിന്റെ സ്റ്റിമുല്സ് ചെക്കുകളെ കുറിച്ച് അനിശ്ചിതത്വം തുടരുന്നു. ഫെഡറൽ ഗവെർന്മെന്റിന്റെ ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി നേടാവുന്ന തുകയിൽ നിന്ന് ഓരോ നികുതി ദായകനും (യോഗ്യത ഉണ്ടെങ്കിൽ) 5,000 ഡോളറിന്റെ ചെക്ക് ലഭിക്കും എന്ന വാർത്തക്ക് പല തവണ ഭേദഗതികൾ ഉണ്ടായി. ഇപ്പോൾ ലഭ്യമായിരിക്കുന്ന വിവരം അനധികൃതമായി കുടിയേറിയ മിലിയോണുകൾക്കു ചെക്കുകൾ ലഭിക്കുകയില്ല എന്നാണ്.
"അവർ (നിയമവിരുദ്ധ കുടിയേറ്റക്കാർ ) ഈ രാജ്യത്തു വന്നത് നിയമവിരുദ്ധമായാണ്, യു എസ് പൗരന്മാർ ചെയ്യുന്നത് പോലെ അവർ ഗവെർന്മേന്റിനു പണം നൽകിയിട്ടില്ല," എന്നാണ് ജെയിംസ് ഫിഷ്‌ബാക്ക്, സി ഇ ഓ, അസോറിയ ഇൻവെസ്റ്റ്മെന്റ് ഫേർമ് പറഞ്ഞത്. അസോറിയ ഇൻവെസ്റ്റ്മെന്റാണ് ഈ ചെക്കുകളുടെ പ്രോസസ്സിംഗ് നടത്തുന്നത്. 'അവർക്കു ഒരു പെന്നി പോലും കിട്ടാൻ പോകുന്നില്ല" എന്നും കുറിച്ചേർത്തു.