കാതോർക്കുക, ദൂരെ ദൂരെ നിന്നും ഒരു പൂങ്കുയിൽ നാദം കേൾക്കുന്നില്ലേ?. വസന്തകാലം വരുന്നു. കൂടെ കാമദേവനും. മൂപ്പര് അമ്പും വില്ലും ഉപയോഗിക്കാൻ തയ്യാറായി പൂവണിഞ്ഞു നിൽക്കുന്ന പ്രകൃതിയെ നോക്കി ശൃങ്കാര ലോലനായി പാടുന്നത് നമുക്ക് കേൾക്കാം. "നിന്റെ പല്ലാക്ക് മൂക്ക് കണ്ടു ഞാൻ കൊതിച്ചു നിന്റെ പഞ്ചാരവാക്ക് കേട്ടു കോരിത്തരിച്ചൂ''. പല്ലാക്ക് എന്ന് പറയുന്നത് മൂക്കുത്തിയല്ല മറിച്ച് മൂക്കിന്റെ ഇരുദ്വാരങ്ങൾക്ക് ഇടയിൽ ഗോത്രവർഗ്ഗക്കാർ സ്ത്രീകൾ അണിയുന്ന ആഭരണമാണ്, പ്രകൃതി പ്രതിദിനം ഭൂമിദേവിക്ക് അർച്ചന നടത്തുന്ന പൂക്കൾക്കും സുന്ദരിമാരുടെ അവയവ സാദൃശ്യം. ശംഖുപുഷ്പം കണ്ടു അത് ഒരു സുന്ദരിയുടെ കണ്ണുകളെന്നു ഒരു കവിക്ക് തോന്നുന്നു വരികൾ പിറന്നു വീഴുന്നു. ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ ശകുന്തളേ നിന്നെ ഓർമ്മ വരും. നീണ്ട അവധിക്ക് പോയ കാമുകിമാരെപോലെ തിരിച്ചുവരാൻ മഞ്ഞിന്റെ കുളിരു വിട്ടുമാറാൻ കാത്ത് നിൽക്കെയാണ് എന്റെ ഉദ്യാനത്തിലെ പൂക്കൾ. ഓരോ പൂമൊട്ടിലും അവർ ഒളിപ്പിച്ചുവച്ച പ്രണയസന്ദേശങ്ങൾ ആപാതമധുരങ്ങളായിരുന്നു. അനുഭൂതികളുടെ ഒരു ലോകം ഇതാ വരവായി.
മാർച്ച് 20. അമേരിക്കയിൽ വസന്തകാലം ആരംഭിച്ചു. ശിശിരക്കുളിരിൽ പുതച്ചുറങ്ങിയിരുന്ന ഭൂമി ഉണർന്നെണീക്കായായി. ഭൂമിയിൽ ഒരു ഉത്സവാഘോഷത്തിനു തയ്യാറാടെക്കുന്നു പ്രകൃതി. പതിനാറു സൗന്ദര്യവസ്തുക്കൾ ചേർത്ത് അണിഞ്ഞൊരുങ്ങുന്ന നവവധുവിനെപോലെ ഭൂമിയും ലാവണ്യവതിയാകുന്നു. ശിശിരമാസം ഊരികൊണ്ടുപോയ അവളുടെ മൂക്കുത്തിയും, ലോലാക്കും, വളകളും ആഭരണങ്ങളുമായി കാലമെന്ന കലാകാരൻ കൂടെയുണ്ട്. ഇനി മൂന്നു മാസത്തേക്ക് ഒരു വർണ്ണോത്സവം അരങ്ങേറുകയായി.
വസന്തമാസം നമുക്ക് ദീർഘമായ പകലുകൾ സമ്മാനിക്കുന്നു. പ്രകൃതിയുടെ കമനീയ കാഴ്ചകൾ കണ്ടു തീര്ക്കാൻ ഇഷ്ടംപോലെ സമയം. മൊട്ടിടുകയും പൂത്തുല്ലസിക്കയും ചെയ്യുന്ന വർണ്ണപുഷ്പങ്ങൾ ശിശിരനിദ്ര കഴിഞ്ഞെത്തുന്ന മൃഗങ്ങൾ, ദേശാന്തരാഗമനം കഴിഞ്ഞെത്തുന്ന പക്ഷികൾ, പുനർജന്മമെടുക്കുന്ന ജീവജാലങ്ങൾ, അകലെ നിന്നും കേൾക്കുന്ന പൂങ്കുയിൽ നാദം. മുറ്റത്തെ മരങ്ങൾ പൂവണിയുമ്പോൾ അതിന്റെ കൊമ്പത്തേക്ക് ചേക്കേറുന്ന കുയിലുകൾ പാടുന്നത് എപ്പോഴും പ്രണയത്തിന്റെ ഈരടികൾ അല്ലത്രേ. നമ്മുടെ നാട്ടിൽ ഇതിനെ വിഷുപ്പക്ഷി എന്ന പേരിൽ അറിയപ്പെടുന്നു. വിഷുക്കാലത്ത് ഈ പക്ഷികൾ എപ്പോഴും പാടിക്കൊണ്ടിരിക്കുന്നത് "കള്ളൻ ചക്കേട്ടു, കണ്ടാൽ മിണ്ടണ്ട" എന്നാണു. ഈ പക്ഷി ചൈനയിൽ പാടുന്നത് "ഒറ്റക്കാണ്, ഏകനാണ്" നമുക്ക് ഗോതമ്പ്‌വയലുകളിൽ കൊയ്യാൻ പോകാം" എന്നൊക്കയാന്നെന്നു വിശ്വസിക്കുന്നു. കുയിലുകൾ സങ്കോചസ്വഭാവക്കാരാണ്. അവരെ നമുക്ക് കേൾക്കാമെങ്കിലും കാണുക പ്രയാസമാണ്.
കുയിലിനെ വസന്തത്തിന്റെ സന്ദേശവാഹകൻ എന്നൊക്കെ വിശേഷിപ്പിക്കുന്നുണ്ട്. ഏകാകിയായ ഒരു കൊയ്ത്തുകാരിയുടെ പാട്ടിന്റെ വശ്യത സ്കോട്ട്ലാന്ഡിന്റെ വടക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന എഴുപതോളം ദ്വീപുകളുടെ സമുച്ചയമായ ഹൈബ്രിഡ്സ്ഇൽ നിന്നും വസന്തകാലാരംഭത്തിൽ കുയിലുകൾ പാടുന്നതിനേക്കാൾ മനോഹരമായിരുന്നുവെന്നു വേഡ്‌സ്-വർത്തു അദ്ദേഹത്തിന്റെ കവിതയിൽ പറയുന്നുണ്ട്. 'എന്നാൽ സ്പ്രിങ് (spring) എന്ന ഷെയ്‌ക്‌സ്‌ഫിയരുടെ സൊന്നേറ്റിൽ (പതിന്നാലു വരി കവിത, Love's Labour 's Lost എന്ന നാടകത്തിൽ നിന്നും) കുയിലിനെ വിവാഹിതരായ പുരുഷൻമാരെ കളിയാക്കുന്ന പക്ഷിയായി ചിത്രീകരിച്ചിട്ടുണ്ട്. കുയിലിന്റെ cuckoo എന്ന ശബ്ദം cuckold എന്ന വാക്കിനെ ഓർമ്മിപ്പിക്കുന്നു എന്നദ്ദേഹം എഴുതുന്നു. cuckold എന്ന പദത്തിന്റെ അർഥം വ്യഭിചാരിണിയായ സ്ത്രീയുടെ ഭർത്താവ് എന്നാണു. മരക്കൊമ്പുകളിലിരുന്നു കുയിലുകൾ കൂ ക്കു കൂ എന്നിങ്ങനെ ശബ്ദമുണ്ടാക്കുമ്പോൾ ആ ശബ്ദം വിവാഹിതരായ പുരുഷന്മാർക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു എന്നാണു കവി സങ്കൽപ്പിക്കുന്നത്.
താഴെ പറയുന്ന വരികളിലൂടെ കുഞ്ചൻ നമ്പ്യാരുടെ കല്യാണ സൗഗന്ധികത്തിൽ കുയിലുകൾ പൊയ്കയിൽ നീന്തുന്നതായി കണ്ടുവെന്ന് എഴുതിയിട്ടുണ്ട് .
ഗന്ധർവ്വിമാർവന്നു നീന്തുന്ന കണ്ടു
ഗഗനചരകുലമഖിലമുപരിബത കണ്ടു
കൽഹാരപുഷ്പം നിരന്നങ്ങു കണ്ടു"
അർത്ഥം =കുയിലുകൾ നീന്തുന്നതും അവിടെ കല്ല്യാണസൗഗന്ധികം നിരന്നു നിൽക്കുന്നതും കണ്ടു.
കുയിലിന്റെ പാട്ടു കേട്ട് വിരിയുന്ന പൂക്കൾ വസന്തകാലത്തിന്റെ പ്രത്യേകതയാണ്.മാമ്പഴത്തിനു മധുരം കിട്ടിയത് കുയിലുകൾ പാടുന്നത് കൊണ്ടാണെന്നു വിശ്വസിക്കുന്നു. അമേരിക്കയിൽ വസന്തം ആരംഭിക്കുന്നേയുള്ളു. നമ്മുടെ നാട്ടിൽ വസന്തകാലം മാർച്ചു മാസത്തോടെ അവസാനിക്കുന്നു. എന്നാലും മാമ്പഴവും കുയിലിന്റെ സംഗീതവും വിഷു കഴിയുന്നത് വരെ തുടരുന്നു.
വസന്തം നമ്മുടെ പടിവാതിൽക്കൽ എത്തി നിൽക്കുന്നു. വസന്തകാലം പ്രത്യാശയുടെ കാലമാണ്. പ്രകൃതിക്കൊപ്പം ആനന്ദിക്കുക. മഞ്ഞിന്റെ മൂടുപടം മാറ്റി പ്രകൃതി ഒരുക്കുന്ന കാർണിവൽ. ആഘോഷിക്കുക, പങ്കുകൊള്ളുക. ജീവിതം ഒരു ആഘോഷമാക്കുക. എല്ലാവർക്കും സന്തോഷകരമായ വസന്തകാലം നേരുന്നു. ശുഭം