'വിമൻസ് ഹിസ്റ്ററി മന്ത് ഈ മാർച്ച് മാസം ആചരിക്കുമ്പോൾ, ഇന്ത്യൻ അമേരിക്കൻ ടിയാറ തങ്കം എബ്രഹാം പുതുചരിത്രം കുറിക്കുന്നു. കഴിഞ്ഞ മെയ് മാസത്തിൽ, പതിനെട്ടാം വയസ്സിൽ മാസ്റ്റർ ഓഫ് മ്യൂസിക് ബിരുദം നേടി ശ്രദ്ധനേടിയ ഈ കൊച്ചുമിടുക്കി പത്തൊൻപതാം വയസ്സിൽ പിഎച്ച്ഡി-യുടെ ഒന്നാം വർഷം പൂർത്തിയാക്കി വീണ്ടും അമ്പരപ്പിക്കുന്നു. ഇൻഡ്യാന യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിന്ന് ബിരുദാനന്തര ബിരുദം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിനിയായി, ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടറൽ വിദ്യാർത്ഥി എന്നിങ്ങനെ നേട്ടങ്ങളുടെ പരമ്പര സൃഷ്ടിക്കുമ്പോഴും ടിയാറ വിനയം കൈവിടുന്നില്ല. ഇൻഡ്യാന യൂണിവേഴ്സിറ്റിയിലെ പ്രശസ്തമായ ജേക്കബ്സ് സ്കൂൾ ഓഫ് മ്യൂസിക്കിലാണ് അവൾ ഡോക്ടറേറ്റിന് ചേർന്നിരിക്കുന്നത്. രൺവീർ സിങ്ങ് പഠിച്ച കോളജ് എന്നതുകൊണ്ട് ബോളിവുഡ് ആരാധകർക്ക് ഈ പേര് സുപരിചിതമാണ്. കലയെ ഉപാസിക്കുന്ന യുവതീയുവാക്കൾക്ക് ടിയാറ ഒരു 'റോൾ മോഡലാണ്'.
മൂത്ത സഹോദരൻ തനിഷ്ക് എബ്രഹാം സാൻ ഫ്രാൻസിസ്കോ ബോയ്‌സ് കോറസിൽ ആഴ്ചതോറുമുള്ള ക്ലാസുകളിൽ ഇരിക്കുമ്പോൾ ടിയാറയ്ക്കും അതിൽ താൽപര്യമുണ്ടെന്ന് തിരിച്ചറിഞ്ഞ് അമ്മ ഡോ. താജി എബ്രഹാമാണ് വെറും മൂന്ന് വയസ്സിൽ മകളെയും ഒപ്പം പഠനത്തിനിരുത്തിയത്. ആ അമ്മയ്ക്ക് തെറ്റുപറ്റിയില്ലെന്ന് കാലം തെളിയിച്ചു. 4 വയസ്സുള്ളപ്പോൾ മെൻസയിൽ ചേരാൻ ക്ഷണം ലഭിച്ചതിനെത്തുടർന്ന് സർട്ടിഫൈഡ് ചൈൽഡ് ജീനിയസ് ആയതാണ് ആദ്യമായി തേടിയെത്തിയ അംഗീകാരം. ഹോംസ്‌കൂളിങ്ങിനൊപ്പം 7 വയസ്സുള്ളപ്പോൾ ക്യാമ്പസ് കോളജുകളിൽ എൻറോൾ ചെയ്തു. ഇത്ര ചെറുപ്രായത്തിൽ കോളജ് വിദ്യാഭ്യാസം ആരംഭിച്ചത് പലരും സംശയത്തോടെയാണ് നോക്കിക്കണ്ടത്.
പ്രായത്തിനപ്പുറമുള്ള ഒരു അക്കാദമിക് അന്തരീക്ഷത്തിൽ മുന്നേറുക എന്നത് ഒട്ടും എളുപ്പമായിരുന്നില്ല. അചഞ്ചലമായ സമർപ്പണത്തിലൂടെയും അഭിനിവേശത്തിലൂടെയുമാണ് അവൾ തടസ്സങ്ങളെ മറികടന്നുകൊണ്ട് പ്രായം മികവിന് ഒരു പരിമിതിയുമല്ലെന്ന് തെളിയിച്ചത്. 19 വയസ്സുള്ള ഒരു ഒപ്പേറ ഗായികയും ഡോക്ടറൽ വിദ്യാർത്ഥിയുമായി തല ഉയർത്തിനിൽക്കാൻ ടിയാറയെ പ്രാപ്തയാക്കിയത് അവളുടെ സ്ഥിരോത്സാഹവും ദൃഢനിശ്ചയവുമാണ്.
കഴിഞ്ഞ വര്ഷം ബയോമെഡിക്കൽ എഞ്ചിനീയറിംഗിൽ പിഎച്ച്ഡി നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി സഹോദരൻ തനിഷ്കും ചരിത്രം സൃഷ്ടിച്ചിരുന്നു.
അബുദാബിയിൽ നടന്ന എക്സ്പാൻസ് 2024-ൽ ഇൻഡ്യാന യൂണിവേഴ്സിറ്റിയെ ആഗോള വേദിയിൽ പ്രതിനിധീകരിച്ച് പങ്കെടുത്തതാണ് യാത്രയിലെ മറ്റൊരു പൊൻതൂവൽ. ജീവിതത്തിൽ മുന്നേറിയ 3,500-ലധികം പേർ തങ്ങളുടെ യാത്ര വിവരിച്ചിട്ടുള്ള ടെഡ് പോലുള്ള അന്താരാഷ്‌ട്ര പരിപാടിയിലും അവൾക്ക് പ്രചോദനാത്മകമായി സംസാരിക്കാൻ സാധിച്ചു. മുൻ ഊർജ്ജ അണ്ടർ സെക്രട്ടറി ഡോ. സ്റ്റീവൻ ചു , നോബൽ സമ്മാന ജേതാക്കൾ , ശ്രദ്ധേയരായ കലാകാരന്മാർ, പ്രശസ്ത ശാസ്ത്രജ്ഞർ എന്നിവർക്കൊപ്പം അവൾ വേദി പങ്കിട്ടു. സാങ്കേതികവിദ്യയും ശാസ്ത്രീയ സംഗീതവും സമന്വയിപ്പിച്ചുകൊണ്ട് "When AI Meets Opera" എന്ന പ്രസംഗത്തിലൂടെ ടിയാറ പ്രേക്ഷകരെ ആകർഷിച്ചു, തുടർന്ന് നിരവധി അതിശയകരമായ പ്രകടനവും സ്റ്റേജിൽ നടത്തി.
തന്റെ അസാമാന്യമായ കഴിവുകൊണ്ട്, ന്യു യോർക്കിലെ കാർണഗീ ഹാളിലും, വിയന്നയിലെ മത്സര വേദിയിലും വിജയിക്കുകയും ദേശീയഗാനം ആലപിക്കാനുള്ള ക്ഷണം ലഭിക്കുകയും ചെയ്തിട്ടുണ്ട്. സാൻ ഫ്രാൻസിസ്കോ ജയന്റ്സിനായി രണ്ടുതവണ ദേശീയഗാനം ആലപിക്കാനും, കാലിഫോർണിയ ഡേവിസ് സർവകലാശാലയിലും ഐയു ബ്ലൂമിംഗ്ടണിലും നടന്ന ബിരുദദാന ചടങ്ങുകൾ ഉൾപ്പെടെ നിരവധി ഇടങ്ങളിൽ ദേശീയഗാനം ആലപിക്കാനും ടിയാറയ്ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. മെമ്മറി കെയറിലും സീനിയർ കെയർ സെന്ററുകളിലും പാടുന്നതും ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി പെർഫോം ചെയ്യുന്നതും അവൾ ഏറെ ഇഷ്ടപ്പെടുന്നു. പള്ളിയിലെ ക്വയറിലും സജീവമാണ്.
പതിനേഴാം വയസ്സിൽ ഡോൺ ജിയോവാനിയിലെ സെർലിന എന്ന കഥാപാത്രമായി ഇറ്റലിയിലെ ഫ്ലോറൻസിൽ നടന്ന സമ്മർ ഒപേറ പ്രോഗ്രാമിലൂടെയാണ് ആ രംഗത്തെ അരങ്ങേറ്റം. തുടർന്ന് അടുത്ത വർഷം ചിക്കാഗോ സമ്മർ ഒപേറയിൽ ഡിഡോ & ഐനിയസിൽ ബെലിൻഡയെ അവതരിപ്പിച്ചു. മാർച്ച് 8 ന് ഐയു ബ്ലൂമിംഗ്ടണിലെ മ്യൂസിക്കൽ ആർട്സ് സെന്ററിൽ ബെഞ്ചമിൻ ബ്രിട്ടന്റെ 'ടേൺ ഓഫ് ദി സ്ക്രൂ' എന്ന നാടകത്തിലെ ടിയാറ തന്റെ ആദ്യ പ്രധാന വേഷം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. മാർച്ച് 14 ന് ഐയു ബ്ലൂമിംഗ്ടണിലെ സൈമൺ സെന്ററിൽ തന്റെ ആദ്യത്തെ ഡോക്ടറൽ വോയ്‌സ് റിസൈറ്റലും നൽകി .
ടിയാറയുടെ അസാമാന്യ കഴിവിനെ അംഗീകരിച്ചുകൊണ്ട്, സൗത്ത് സെൻട്രൽ ഇന്ത്യാനയിൽ നിന്നുള്ള യുവ സംഗീതജ്ഞർക്കും പ്രതിഭകൾക്കും ടിയാറ എബ്രഹാം അച്ചീവ്‌മെന്റ് അവാർഡ് എന്ന പേരിൽ ബഹുമതി ഏർപ്പെടുത്തിയിട്ടുണ്ട് . ഈ വർഷം അർഹതയുള്ള ഒരു വ്യക്തിക്ക് തന്റെ പേരിലുള്ള അവാർഡ് സമ്മാനിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഈ പത്തൊമ്പതുകാരി.
തന്നെ സ്വാധീനിച്ച വനിതകൾ ആരെന്ന ചോദ്യത്തിന് ഉത്തരം തേടി അവൾക്ക് ദൂരേയ്ക്ക് പോകേണ്ടതില്ല.1960 കളുടെ മധ്യത്തിൽ ഇന്ത്യയിൽ നിന്ന് പിഎച്ച്ഡി നേടുന്ന ആദ്യത്തെ വനിതാ വെറ്ററിനറി ഡോക്ടറായി മാറിയ മുത്തശ്ശി ഡോ. തങ്കം മാത്യുവും വെറ്ററിനറി ഡോക്ടർ എന്ന കരിയർ ഉപേക്ഷിച്ച് മകളെ വീട്ടിലിരുത്തി പഠിപ്പിച്ച അമ്മ ഡോ. താജി എബ്രഹാമുമാണ് അവളുടെ റോൾ മോഡൽസ്. സ്വപ്‌നങ്ങൾ നിരന്തരം പിന്തുടരണമെന്ന് അമ്മയെ പഠിപ്പിച്ച മുത്തശ്ശി തങ്കം മാത്യു കൊച്ചുമകളുടെ ഈ നേട്ടങ്ങൾ കാണാൻ ജീവിച്ചിരിപ്പില്ല എന്നതാണ് കുടുംബത്തിന്റെ വലിയ ദുഃഖം. അവരുടെ അനുഗ്രഹമാണ് തന്റെ ചുവടുകൾക്ക് കരുത്താകുന്നതെന്ന് ടിയാറ വിശ്വസിക്കുന്നു.