കോടതി ജഡ്ജിമാര്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് തലവേദനയും നാണക്കേടുമാവുകയാണോ..? അതേ, എന്ന ഉത്തരം നല്‍കേണ്ട ഗതികേടാണ് സംജാതമായിരിക്കുന്നത്. ഇന്നലെ ഒരു വിവാദ ഉത്തരവിലൂടെയാണ് ഒരു ഹൈക്കോടതി ജഡ്ജി പുലിവാല് പിടിച്ചതെങ്കില്‍ ഇന്ന് മറ്റൊരു ജഡ്ജി വീട്ടില്‍ ചാക്ക് കണക്കിന് നോട്ട്‌കെട്ടുകള്‍ സൂക്ഷിച്ചതിന്റെ പേരിലാണ് കുപ്രസിദ്ധനായിരിക്കുന്നത്. സ്ത്രീയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുന്നതും ബലാത്സംഗ കുറ്റമോ ബലാത്സംഗ ശ്രമമോ ആകില്ലെന്ന വിചിത്രമായ നിരീക്ഷണമാണ് അലഹബാദ് ഹൈക്കോടതി ജഡ്ജി രാം മനോഹര്‍ നാരായണ്‍ മിശ്ര ഇന്നലെ നടത്തിയത്. ഔദ്യോഗിക വസതിയിലെ തീപിടിത്തമാണ് ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മക്ക് ഇന്ന് കുരുക്കായത്.
ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വീട്ടിലെ തീ അണയ്ക്കാന്‍ എത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും പോലീസും കണ്ടത് കെട്ടുകണക്കിന് നോട്ടുകളായിരുന്നു. ഇക്കാര്യം അവര്‍ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതോടെയാണ് ജഡ്ജി അഴിയാ കുരുക്കില്‍ പെട്ടത്. വിശദ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണമാണെന്ന് സ്ഥിരീകരിച്ചതോടെ സുപ്രീം കോടതിയും അടിയന്തര നടപടി ആരംഭിച്ചു. ജസ്റ്റിസ് യശ്വന്ത് വര്‍മ്മ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിയില്‍ തീപ്പിടിത്തം ഉണ്ടാവുന്നത്. കുടുംബാംഗങ്ങള്‍ ഉടന്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഹൈക്കോടതി ജഡ്ജിയുടെ വീടായതിനാല്‍ ഫയര്‍ഫോഴ്സിലേയും പോലീസിലേയും ഉന്നത ഉദ്യോഗസ്ഥര്‍ വീട്ടിലേക്ക് പാഞ്ഞെത്തി.
അതേ സ്പീഡില്‍ തീ അണയ്ക്കുകയും ചെയ്തു. നടപടിക്രമങ്ങളുടെ ഭാഗമായി നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടക്കുമ്പോഴാണ് ഒരു മുറിയില്‍ നിന്ന് കെട്ടുകണക്കിന് കണക്കില്‍പ്പെടാത്ത നോട്ടുകെട്ടുകള്‍ കണ്ടെത്തുന്നത്. ഉടന്‍ തന്നെ സംഭവം ഉദ്യോഗസ്ഥര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നതരുടെ ശ്രദ്ധയില്‍പ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ വിവരം സുപ്രീം കോടതിയുടെ ശ്രദ്ധയിപ്പെട്ടുത്തിയതോടെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അടിയന്തിരമായി സുപ്രീം കോടതി കൊളീജിയം വിളിച്ചുചേര്‍ത്ത് ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയയ്ക്കാന്‍ ശുപാര്‍ശ ചെയ്തു. വിചിത്രവും വിവാദവുമായ വിധികള്‍ പുറപ്പെടുവിക്കുന്ന കാര്യത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ് അലഹബാദ് ഹൈക്കോടതി.
ജുഡീഷ്യറിയുടെ വിശ്വാസ്യത കളങ്കപ്പെടുത്തിയ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയോട് രാജിവയ്ക്കണം എന്ന ആവശ്യം വരെ കൊളീജിയത്തില്‍ ഉയരുകയുണ്ടായി. ഒരു ജഡ്ജിക്കെതിരെ അഴിമതി ആരോപണം ഉണ്ടായാല്‍ ആരോപണ വിധേയനോട് വിശദീകരണം ചോദിക്കുക എന്നതാണ് ആദ്യപടി. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ സുപ്രീം കോടതിയിലെ ഒരു ജഡ്ജിയും രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും അടങ്ങുന്ന ഒരു ആഭ്യന്തര അന്വേഷണ സമിതി ആരോപണം അന്വേഷിക്കും. ആരോപണം ശരിയെന്ന് തെളിഞ്ഞാല്‍ ജഡ്ജിയെ പുറത്താക്കാനുള്ള നടപടികളിലേക്ക് പാര്‍ലമെന്റിന് കടക്കാവുന്നതാണ്.
അതേസമയം, വിവാദ ഉത്തരവുകളുടെ പരമ്പര രതന്നെയാണ് കുറെ നാളുകളായി അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നത്. സ്ത്രീയുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ബലാത്സംഗമോ ബലാത്സംഗ ശ്രമമോ അല്ല എന്നാ അലഹബാദ് ഹൈക്കോടതി ജഡ്ജി, ജസ്റ്റിസ് രാം മനോഹര്‍ നാരായണ്‍ മിശ്രയുടെ പരാമര്‍ശത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ബലാത്സംഗവും ബലാത്സംഗത്തിനുള്ള തയ്യാറെടുപ്പും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ചാണ് ജസ്റ്റിസ് മിശ്ര ഇത്തരത്തില്‍ ഉത്തരവാദിത്ത ബോധമില്ലാതെ പരാമര്‍ശം നടത്തിയിരിക്കുന്നത്.
ജസ്റ്റിസ് രാം മനോഹര്‍ നാരായണ്‍ മിശ്ര ഇതിന് മുമ്പും വിവാദ വിധികളുമായി രംഗത്തുവന്നിട്ടുണ്ട്. ഭര്‍തൃബലാത്സംഗം കുറ്റകരമല്ലെന്ന വിധിയായിരുന്നു അത്. വൈവാഹിക ജീവിതം ദുരിതപൂര്‍ണമാണെന്നും വാക്കുകള്‍ കൊണ്ടും ശാരീരികമായും ഭര്‍ത്താവ് നിരന്തം പീഡിപ്പിക്കുകയാണെന്നായിരുന്നു ഭാര്യയുടെ പരാതി. ഭാര്യയ്ക്ക് 18 വയസോ അതിന് മുകളിലോ ആണ് പ്രായമെങ്കില്‍ ഭര്‍തൃബലാത്സംഗം കുറ്റകരമല്ലെന്നായിരുന്നു 2003-ല്‍ ജസ്റ്റിസ് മിശ്ര ഉത്തരവിട്ടത്. പ്രകൃതി വിരുദ്ധ പീഡനം നടത്തിയെന്നാരോപിച്ച് ഭാര്യ നല്‍കിയ കേസിലായിരുന്നു ഈ പരാമര്‍ശം. കേസില്‍ ഐ.പി.സി 377 പ്രകാരമുള്ള കുറ്റങ്ങളില്‍ നിന്ന് ഭര്‍ത്താവിനെ കോടതി വിമുക്തനാക്കുകയും ചെയ്തു.
നേരത്തെ ബലാത്സംഗ കേസിലെ പ്രതി, ഇരയെ മൂന്ന് മാസത്തിനുള്ളില്‍ വിവാഹം കഴിക്കണമെന്ന വിചിത്ര ജാമ്യവ്യവസ്ഥയില്‍ പ്രതിക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ച് മറ്റൊരു ഉത്തരവും ഇറക്കിയിരുന്നു. കേസില്‍ നിന്നും മോചിതനായാല്‍ മൂന്ന് മാസത്തിനുള്ളില്‍ ഇരയെ വിവാഹം കഴിക്കണമെന്നായിരുന്നു വ്യവസ്ഥ. ഫെബ്രുവരി 20 ന് ജസ്റ്റിസ് കൃഷന്‍ പഹാലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതി നരേഷ് മീണ ഇരയെ വിവാഹം കഴിച്ചോളാം എന്നറിയിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ വിവാദ വിധി.
ഉത്തര്‍പ്രദേശ് പോലീസില്‍ റിക്രൂട്ട് ചെയ്യാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാള്‍ ഇരയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഇയാള്‍ പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. കേസില്‍ അറസ്റ്റിലായ പ്രതിയെ കോടതി വെറുതെ വിടുകയായിരുന്നു. പെണ്‍കുട്ടിയെ പ്രതി വിവാഹം കഴിക്കാമെന്ന് അറിയച്ചതിനാലാണത്രെ ഈ വിധി ഉണ്ടായത്. 2021-ല്‍ ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച ഒരു വിധിയും വിവാദമായി മാറുകയുണ്ടായി. 2016 ഡിസംബറില്‍ 39-കാരന്‍ 12 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ കേസിന്റെ വിധി പറയവെയാണ് ബോംബെ ഹൈക്കോടതിയിലെ അഡിഷണല്‍ ജഡ്ജായ ജസ്റ്റിസ് പുഷ്പ ഗനേഡിവാല വിവാദ പ്രസ്താവന നടത്തിയത്.
വസ്ത്രത്തിന് മുകളിലൂടെയാണ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചതെന്നും നേരിട്ടുള്ള സ്പര്‍ശനം നടക്കാത്തതിനാല്‍ പോക്‌സോ നിയമമനുസരിച്ചുള്ള ലൈംഗികാതിക്രമം നടന്നതായി കരുതാനാവില്ലെന്നുമായിരുന്നു ജഡ്ജി ചൂണ്ടിക്കാട്ടിയത്. ഈ വിചിത്ര വിധി പിന്നീട് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ശുദ്ധ ഭോഷ്‌ക് എന്ന് പറയാവുന്ന വിധി പുറപ്പെടുവിച്ച ജസ്റ്റിസ് പുഷ്പയെ സ്ഥിരം ജഡ്ജിയാക്കാനായി കേന്ദ്ര സര്‍ക്കാരിനയച്ച ശുപാര്‍ശ അടക്കം സുപ്രീം കോടതി കൊളീജിയം തിരിച്ച് വിളിച്ചിരുന്നു. പെന്‍ഷനും റദ്ദാക്കിയിരുന്നു. ഇത്തരത്തില്‍ സുപ്രീം കോടതി പല കാലങ്ങളില്‍ താക്കീത് നല്‍കിയിട്ടും ചില ജഡ്ജിമാര്‍ക്ക് ഇന്നും നേരം വെളുത്തിട്ടില്ല.