Image
Image

മാതാപിതാക്കളേ.. തലമുറയെ കാക്കുക  (ലേഖനം), എം.തങ്കച്ചൻ ജോസഫ്

Published on 22 March, 2025
   മാതാപിതാക്കളേ..  തലമുറയെ കാക്കുക  (ലേഖനം),  എം.തങ്കച്ചൻ ജോസഫ്

കേരളത്തിന്റെ സമകാലിക മാറ്റങ്ങളെയും ദിശാബോധം തെറ്റിയ യുവത്വത്തെയും പ്രതിപാദിക്കുന്ന ശ്രീ എം.തങ്കച്ചൻ ജോസഫിന്റെ ലേഖനം

 

മ്മുടെ കൊച്ചുകേരളത്തിൽ 2025 വർഷം പിറന്നതിന് ശേഷം വരുന്ന വാർത്തകളെല്ലാം വളരെയധികം ഞെട്ടിക്കുന്നതാണ്. തുടരെ തുടരയുള്ള കൊലപാതക പരമ്പരയുടെ വാർത്തകളാണ് ദിവസവും വന്നുകൊണ്ടിരിക്കുന്നത്.അതിൽ തന്നെയും ഏറെയും, മക്കൾ തന്നെ മാതാപിതാക്കളെ കൊല്ലുന്ന വാർത്തകൾ!. അങ്ങിനെ തുടരുമ്പോഴാണ് തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിലെ കൊലപാതക പരമ്പരകളും വാർത്തയാകുന്നത്.ഏതായാലും സംഗതി ശുഭകരമല്ല നമ്മുടെ നാടിനും കാര്യമായിത്തന്നെ എന്തോ വന്നു ഭവിച്ചിട്ടുണ്ടെന്നത് വ്യക്തമാണ്.

ഇപ്പോൾ സോഷ്യൽമീഡിയകളിലും വിവിധ സാംസ്കാരിക സംഘടനകൾ വിദ്യാഭ്യാസ രംഗങ്ങൾ തുടങ്ങി ഈ കാര്യം ഗൗരവമായി ചർച്ച ചെയ്തു തുടങ്ങിയിട്ടുണ്ട്.മിക്ക ചർച്ചകളും ഈ അവസ്ഥക്ക് ചൂണ്ടിക്കാണിക്കുന്ന പ്രധാന വില്ലൻ നാട്ടിൽ സുലഭമായി ലഭിക്കുന്ന മയക്കുമരുന്ന് വ്യാപനം തന്നെയാണ്. തുടർന്ന് സർക്കാർ തലത്തിൽ തന്നെ മയക്കുമരുന്നിനെതിരെ കർശന നടപടികളും ആരഭിച്ചിട്ടുണ്ട്. വളരെയധികം നല്ലത് തന്നെ, എന്നാൽ നാടിന്റെയും നമ്മുടെ പുതുതലമുറയുടെ പ്രകടമായ ഈ മാറ്റത്തിന് മയക്കുമരുനിന്റെ കൂടിയ ലഭ്യത വലിയൊരു കാരണമാണെങ്കിൽ തന്നെയും എന്റെ നിരീക്ഷണത്തിലും കാഴ്ച്ചപാടിലും പ്രധാന വില്ലന്മാർ ഈ പുതുതലമുറയുടെമാതാപിതാക്കൾ തന്നെയാണ്.

 

വൈകാരിക ബന്ധമില്ലാത്ത മാതാപിതാക്കൾ.

 

നമ്മുടെ പുതുതലമുറയുടെ പ്രകടമായ മാറ്റത്തിനും ദുരവസ്ഥയ്ക്കും കാരണമായ പ്രധാന വില്ലന്മാർ മാതാപിതാക്കൾ തന്നെയാണ് എന്നു ഞാൻ പറയുമ്പോൾ അതംഗീകരിക്കുവാൻ ഒരുപക്ഷേ ലോകത്തിൽ ഒരു രക്ഷിതാവും തയ്യാറായെന്ന് വരില്ല. ഒരു കുട്ടി വഴിതെറ്റി പ്പോകുന്നുവെങ്കിൽ അതിന്റെ ആദ്യ ഉത്തരവാദിത്വം ആ കുട്ടിയുടെ മാതാപിതാക്കൾക്ക് തന്നെയാണ്, പിന്നീട് ആ കുട്ടിയുടെ ചുറ്റുപാടുകൾ,സമൂഹം കൂട്ടുകാർ,അദ്ധ്യാപകർ എന്നിവ അതിന്റെ ഉത്തരവാദിത്വം പേറുന്നവരാണ്.

ഉയർന്ന ധന ഭദ്രതയുണ്ടെങ്കിലും ഉയർന്ന ജോലിയുണ്ടെങ്കിലും കുടുംബത്തെ അറിയാത്ത,കുട്ടികളെ അറിയാത്ത,(ഇതിന് ഒരുപാട് അർത്ഥ തലങ്ങൾ ഉണ്ട്‌ നേരെ വായിക്കുക) വായനപോലും ഇല്ലാത്ത മാതാപിതാക്കളാണ് ഇന്ന് കൂടുതൽ. ജന്മം കൊടുത്തത് കൊണ്ട് ഒരാളും പിതാവ് ആകില്ല,ജന്മം കൊടുത്തത് കൊണ്ട് ഒരു സ്‌ത്രീയും അമ്മയാകില്ല, അഞ്ചു പേരെ കൊന്ന ഒരു അഫാനെ സമൂഹത്തിന് സമ്മാനിച്ചതും ഒരമ്മയല്ല ഒരു സ്‌ത്രീ മാത്രമെന്നാണ് എന്റെ അഭിപ്രായം.

കുഞ്ഞുങ്ങൾക്ക് തുറന്ന സ്നേഹവും പരിചരണങ്ങളും അതോടൊപ്പം ആദ്യ നല്ലപാഠങ്ങളും ലഭിക്കേണ്ട ചെറുബാല്യത്തിൽ തന്നെ അവർക്കത് ലഭിക്കുന്നുണ്ടോ എന്ന് ഓരോ മാതാപിതാക്കളും പരിശോധിക്കുക. ഒരു കുഞ്ഞിന് അതിന്റെ മനസിന്റെ അടിത്തറയാകേണ്ട നല്ല പാഠങ്ങൾ ലഭിക്കേണ്ടത് അതിന്റെ നല്ല മാതാപിതാക്കൾ അടങ്ങുന്ന കുടുംബത്തിൽ നിന്നുതന്നെയാണ്. അതായത് ഒരു കുഞ്ഞിന്റെ ആദ്യ പാഠശാല അവന്റെ കുടുംബം തന്നെയാണ്. നല്ലൊരു കൃഷിക്ക് മണ്ണൊരുക്കിയിടുന്നത് പോലെ കുട്ടികളുടെ മനസ്സ് നല്ലറിവുകൾ ശേഖരിക്കുവാൻ ഒരുക്കിയിടേണ്ടത് അവന്റെ കുടുംബം തന്നെയാണ്.അപ്രകാരം ഒരുക്കിയിട്ട ഒരു ബാലമനസ്സിലേക്ക് മാത്രമാണ് അദ്ധ്യാപകരാകുന്ന നല്ലറിവുകളുടെ കൃഷിക്കാർക്ക് എന്തെങ്കിലുമൊക്കെ ചെയ്യുവാനും കഴിയൂ.എന്നാൽ ഇന്ന് ഭൂരിഭാഗം കുടുംബങ്ങളിലും സംഭവിക്കുന്നത് ഇതിന്റെ അഭാവം തന്നെയാണ്.

പത്രം വായിക്കാത്ത ,ആരെങ്കിലുമൊക്കെ പടച്ചുവിടുന്ന ദുഷിഞ്ഞ സീരിയലുകൾ കാണുന്ന, മദ്യപാനത്തിൽ ഉന്മാദം കണ്ടെത്തുന്ന, മക്കളോടും കുടുംബാഗങ്ങളോടും അല്പം സംസാരിക്കുവാൻ സമയമില്ലാത്ത,മക്കളെ ബാല്യത്തിൽ തന്നെ വിട്ടകന്ന് വിദേശത്ത് ജോലി തേടിപ്പോകുന്ന, തങ്ങൾ പിന്തുടർന്നു പോരുന്ന അന്ധതകൾ എല്ലാം അതേപടി മക്കളിലേക്കും പകർത്തിവെയ്ക്കുവാൻ ശ്രമിക്കുന്ന മാതാപിതാക്കൾ എങ്ങിനെയാണ് നല്ലൊരു സമൂഹത്തെ സൃഷ്ടിച്ചെടുക്കുവാൻ പങ്കാളിയാകുന്നത്!.പണത്തിന്റെയും ജീവിത സൗകര്യങ്ങളുടെയും നടുവിൽ മക്കൾക്ക് ജന്മവും സുഖസൗകര്യങ്ങളും മാത്രം നൽകി സമൂഹത്തിലേക്ക് വിടുന്നത് എത്രമാത്രം അപകടകരമാണെന്നതാണ് ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.കുട്ടികൾക്ക് ജീവിത  സുഖസൗകര്യങ്ങൾക്കൊപ്പം നിങ്ങൾ മൂല്യങ്ങൾ പറഞ്ഞു കൊടുക്കുന്നില്ലെങ്കിൽ നിങ്ങൾ സമൂഹത്തിലേക്ക് പറഞ്ഞുവിടുന്നത് മനുഷ്യകുഞ്ഞുങ്ങളെയല്ല പകരം കാട്ടാളന്മാരെയാണ്.  

സഹപാഠിയെ നിരന്തരം കീറിമുറിച്ചുകൊണ്ട് ആ മുറിവിൽ ശക്തമായ കെമിക്കൽ അടങ്ങിയ നീറുന്ന ലോഷനുകൾപുരട്ടി അവരുടെ വേദനകൾ കണ്ടാസ്വദിച്ചുവന്ന കോട്ടയത്തെ റാംഗിങ്ങ് കേസിലെ പ്രതികളായ കുട്ടികൾക്ക് സ്വന്തം കുടുംബത്തിൽ നിന്നും എന്ത് ജീവിത മൂല്യങ്ങൾ ലഭിചിട്ടുണ്ട്!

കോഴിക്കോട് താമരശേരിയിൽ സഹപാഠിയായ ശുഹൈബിനെ കൊന്നുകളയുവാൻ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി പ്ലാൻ ചെയ്തു ഒടുവിൽ ഒരവസരം കിട്ടിയപ്പോൾ തെരുവിൽ, തെരുവുപട്ടികളെപ്പോലെ കൂട്ടം ചേർന്ന് തലയ്ക്കടിച്ചു  കൊലപ്പെടുത്തിയ പ്രതികളായ കുട്ടികളുടെയും കുടുംബ പശ്ചാത്തലം വളരെ ക്രിമിനലിസം നിറഞ്ഞതാണെന്നാണ് ഇപ്പോൾ പുറത്തുവരുന്നത്. 

കുടുബത്തിന്റെ ജീവനമാർഗ്ഗം തേടി വിദേശത്ത് പോയ ഭർത്താവിന്റെ അസാന്യദ്ധ്യത്തിൽ രണ്ട് കുട്ടികളെ നേരെ ചൊവ്വേ നോക്കിവളർത്തേണ്ട സ്ത്രീ  കൈവിട്ട ഏതോ കളിയിലൂടെ കുടുംബത്തിന് താങ്ങാവുന്നതിലപ്പുറം കടം വരുത്തിവെയ്ക്കുകയും അതുപിന്നെ വീട്ടുവാൻ നിവർത്തിയില്ലാതെ വന്നപ്പോൾ ആത്മഹത്യയുടെ രീതികൾ തിരയുവാൻ ഇളയമകനായ സ്കൂൾക്കുട്ടിയോട് നിർദേശിക്കുകയും അത് നടപ്പാക്കാൻ മൂത്ത കുട്ടിയായ അഫാനെ ഏർപ്പാടക്കുകയും ചെയ്ത വെഞ്ഞാറമൂട് സംഭവത്തിലെ ആ അമ്മ സ്വന്തം കുട്ടികൾക്ക് എന്തു മൂല്യങ്ങളാണ് പകർന്നു കൊടുത്തത്!

സമാനമായ ദാരുണസംഭവങ്ങളിലെ പ്രതികളായ യുവത്വങ്ങളെയും അവരുടെ കുടുംബ പശ്ചാത്തലങ്ങളെയും പഠിച്ചുവെന്നാൽ ഞാൻ മുകളിൽ പറഞ്ഞതരത്തിലുള്ള (ബാഡ്പേരന്റിങ്) മാതാപിതാക്കളാണ് അവരെന്ന് തീർച്ചയായും കണ്ടെത്താം.ഇത്തരം പേരൻസാണ് സമൂഹത്തിൽ കൂടുതലും എന്നതിനാൽ ദാരുണസംഭവങ്ങളുടെ തുടർവാർത്തകൾ  നമ്മുടെ ചുറ്റുപാടുകളിൽ നിന്നു തന്നെ വീണ്ടും വീണ്ടും കേൾക്കാം എന്നതിൽ ആർക്കും സംശയം വേണ്ട.

മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്ക്  സ്നേഹം ലഭിക്കേണ്ട ചെറുപ്രായത്തിൽ തന്നെ അത് കൊടുത്ത്‌ വളർത്തുക.കുട്ടികൾക്ക് അത് കുടുബത്തിൽ ലഭിക്കാതെ വരുമ്പോഴാണ് അവർ അന്യന്റെ സ്നേഹം തേടി അതു വിശ്വസിച്ചു അവന്റെ കൂടെ ഇറങ്ങിപ്പോകുന്നത്. ആ സ്നേഹം വ്യാജമാണെന്നും, അതൊരു മയക്കുമരുനിന്റെ ലോബി ആയിരുന്നു എന്നും  അറിയുമ്പോഴേക്കും ഒരിക്കലും തിരിച്ചു കയറുവാനാകാതെ വൈകിപ്പോയിരിക്കും. ശ്രദ്ധിക്കേണ്ടതായ ഒരു പ്രധാനകാര്യം, നിങ്ങളുടെ കുട്ടികൾക്ക് സ്നേഹത്തോടെയുള്ള ശിക്ഷണങ്ങളും ജീവിത മൂല്യങ്ങളും കുഞ്ഞുനാളിലേ തന്നെ ലഭിച്ചുവെന്നാൽ ആ കുട്ടിയ ഒരു മയക്കുമരുന്ന് ലോബിക്കും പിടികൂടുവാൻ കഴിയുന്നതല്ല. കുടുംബത്തിലെ അസ്വസ്ഥതകളും മാതാപിതാക്കൾ തമ്മിലുള്ള കലഹങ്ങളും സങ്കീർണതകളുമാണ് പലപ്പോഴും കൗമാരക്കാരെ ലഹരിക്കൂട്ടുകളിലേക്കെത്തിക്കുന്നത്.

യുവത്വം ലഹരിയിലേക്കെത്തുന്ന മറ്റൊരു മാർഗ്ഗമാണ് ഇന്നത്തെ അതിരുവിട്ട ആഘോഷങ്ങൾ..ജീവിത സൗകര്യങ്ങൾ മെച്ചപ്പെട്ടതൊടുകൂടി നമ്മുക്ക് ഇന്ന് തൊട്ടതും പിടിച്ചതും എല്ലാം ആഘോഷങ്ങളായി മാറി.ചുരുക്കിപ്പറഞ്ഞാൽ ജീവിതം തന്നെ ആഘോഷമാക്കി മാറ്റിയവരാണ് ഇന്ന് കൂടുതലും.ഇതിൽ കൗമാരക്കാരെന്നോ മാതാപിതാക്കളെന്നോ വേർതിരിവുകൾ ഇല്ല. നമ്മുടെ ആഘോഷങ്ങൾ എല്ലാം തന്നെയും ലഹരികളിൽ മുങ്ങുന്ന കാഴ്ച്ചകളാണെങ്ങും. വളരെയധികം പവിത്രമായി കാണേണ്ട വൈവാഹിക ആഘോഷങ്ങളിൽ പ്പോലും ഇന്ന് നിറഞ്ഞുനിൽക്കുന്നത് ലഹരിയുടെ അതിപ്രസരവും തുടന്നുള്ള പേക്കൂത്തുകളുമാണ്.     (ഈ വിഷയം ഞാൻ മുൻപ് എഴുതിയിട്ടുണ്ട്)

ഇവിടെയാണ് ഞാൻ ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞ" 2025 പിറന്നതിന് ശേഷം" എന്ന വാക്കിന്റെ പ്രസക്തി.കാരണം കഴിഞ്ഞ ന്യൂഇയർ ആഘോഷത്തിന് മുന്നോടിയായി നമ്മുടെ നാട്ടിലേക്കും കണക്കില്ലാത്തവിധം മയക്ക്മരുന്ന് ഒഴുകിയിട്ടുണ്ടെന്നത് വ്യക്തമാണ്.

അതോടൊപ്പംകുറച്ചു കാലങ്ങളായി ഇവിടെയിറങ്ങുന്ന മലയാള സിനിമകൾ പലതിലും വൈലൻസിന്റെ അതിപ്രസരമുള്ളതാണ്. മാറുന്ന സമൂഹത്തിന്റെ മനോനിലയും അഭിരുചിയും മനസിലാക്കിയിട്ടെന്നവണ്ണം മാർക്കോ പോലുള്ള സിനിമയും നമ്മുടെ ഇടയിൽ ഇറങ്ങുകയും അത് സ്വീകരിക്കപെടുകയും ചെയ്തു എന്നുള്ള കാര്യവും വളരെ ആശ്ചര്യപ്പെടുത്തുന്നതാണ്.ചുരുക്കി പറഞ്ഞാൽ  സിനിമയും സീരിയലുകളുമൊക്കെ ഓരോ പ്രേഷകന്റെയും മനസിനെ നിർണ്ണായകമായിത്തന്നെ സ്വാധീനിക്കുവാൻ കഴിയുന്നതാണ്.യുവത്വം പലപ്പോഴും ജീവിതത്തിലേക്കും പകർത്തുവാൻ ശ്രമിക്കുന്ന ക്രൂരതകളും ആശയങ്ങളും കൂടുതലും സിനിമളിൽ നിന്നുള്ളതാണ്.

എത്രയോ ഉദാഹരണങ്ങൾ പറയുവാൻ കഴിയും .ഈ ലേഖനത്തിന്റെ ഇടവേളയിൽ തന്നെ അല്പനേരം ഞാൻ ന്യൂസ് കണ്ടപ്പോൾ ഒരു കുപ്രസിദ്ധ കാപ്പാ പ്രതി തന്റെ ഇരയുടെ മേൽ പ്രയോഗിച്ചത് പണി എന്ന സിനിമയിലെ ഒരു ആശയം ആണെന്ന വാർത്തയാണ് കണ്ടത്!!

  ബാഡ്പേരന്റിങ്ങും മയക്കുമരുന്ന് വ്യാപനവും ദുഷിച്ച സിനിമകളുടെയും അധികരിച്ച ഈ സങ്കലനങ്ങളെയും തുടർന്നാണ് ദിശാബോധം തെറ്റിയ നമ്മുടെ യുവത്വത്തെ സംബന്ധിക്കുന്ന അതിഭയാനക വാർത്തകൾ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്.  ഏതായാലും ഉന്നത തലങ്ങളിൽ നിന്നുള്ള തിരിച്ചറിവുകൾ മൂലം മയക്കുമരുന്ന്കൾക്കെതിരെ എടുക്കുന്ന ആക്ഷനുകളിൽ പിടികൂടുന്ന കണക്കുവിവരങ്ങൾ ഞെട്ടിക്കുന്നത് തന്നെയാണ്.  ആഗോള തലത്തിൽ വ്യാപിച്ചുകിടക്കുന്ന മയക്കുമരുന്ന് ശൃംഖലകളെ തളയ്ക്കുവാൻ സംസ്ഥാനത്തിന് പരിമിതികൾ ഉണ്ടെങ്കിലും അതിന്റെ സുഗമമായ ലഭ്യതയും വ്യാപനവും തടഞ്ഞുകൊണ്ട് നമ്മുടെ യുവതയ്ക്ക്  വന്നിരിക്കുന്ന തെറ്റായ മാറ്റങ്ങളെ തിരുത്താവുന്നതാണ്.

ഇതിനായി നമ്മുടെ പോലീസ് - ഭരണ സവിധാനങ്ങൾക്കൊപ്പം .തന്നെ മാതാപിതാക്കൾ ഉൾപ്പെടുന്ന സമൂഹം വിവിധ സാമൂഹിക,രാഷ്ട്രീയ,സാംസ്കാരിക സംഘടനകൾ, അദ്ധ്യാപന മേഖലയിലുള്ളവർ എന്നിവയെ ഏകോപിപ്പിച്ചുകൊണ്ടും ബോധവത്കരണം നടത്തിക്കൊണ്ടും ശ്രദ്ധയോടെ കർമ്മപദ്ധതികളുമായി മുന്നോട്ട് പോയെന്നാൽ തീർച്ചയായും നല്ലൊരു സാമൂഹിക പുനഃസൃഷ്ടി നമുക്ക് സാധിക്കുന്നതാണ്.

 

Join WhatsApp News
Mahesh 2025-03-22 18:08:12
എങ്ങനെ കാക്കാനാ ചേട്ടാ . എല്ലാ മാതാപിതാക്കളും ഇരുപത്തിനാലു മണിക്കൂറും ടെലിഫോണിൽ കുത്തിക്കൊണ്ടിരിക്കുകയാണ് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക