മലയാള സിനിമയിൽ നിന്നു ലോക സഭയിലേക്കു തെരഞ്ഞെടുക്കപ്പട്ട ഏക നടനെന്ന വിശേഷണം ഇന്നസെൻ്റിൻ്റെ ചലച്ചിത്ര ചരിത്രങ്ങൾക്കു മേലെയാണ്. അടൂർഭാസി, ബഹദൂർ, കുതിരവട്ടം പപ്പു, മാള അരവിന്ദൻ, മാമുക്കോയ മുതലായ ഹാസ്യതാരങ്ങളിൽ നിന്നു ഏറെ വിഭിന്നമായൊരു നർമരീതിയായിരുന്നു ഇന്നസെൻ്റിൻ്റേതെങ്കിലും, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിൽ അദ്ദേഹത്തിനു നേടാനായ പദവി മറ്റാർക്കും പങ്കുവയ്ക്കാനായില്ലയെന്ന യാഥാർത്ഥ്യമാണ് ഈ ഇരിങ്ങാലക്കുടക്കാരനെ അദ്വിതീയനാക്കിയത്.
2014-ൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ നിന്നു എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച ഇന്നസെൻ്റ് പതിനാലായിരത്തോളം വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചു കയറിയത്. 2019-ലെ തെരഞ്ഞെടുപ്പിൽ വിജയിച്ചില്ലെങ്കിലും, ലോകസഭാംഗമായിരുന്ന അഞ്ചു വർഷത്തിൽ ചെയ്ത ജനസേവന പ്രവർത്തനങ്ങളാൽ അദ്ദേഹമിന്നും ഓർമിക്കപ്പെടുന്നു.
പഠന കാലത്ത് സ്കൂൾ സെക്രട്ടറിയായി പ്രവർത്തിച്ച ഇന്നസെൻ്റ് ഇരിങ്ങാലക്കുട മുൻസിപ്പൽ കൗൺസിലറായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാനും അവരെ സഹായിക്കാനും അത് അദ്ദേഹത്തിനു അവസരം നൽകി.
"കുട്ടിക്കാലത്തു തന്നെ ഞാൻ മനുഷ്യരെ അടുത്തറിയാനും, ജനസേവനത്തിൻ്റെ ബാലപഠങ്ങൾ പഠിക്കാനും തുടങ്ങി. ഈ അറിവ് പിന്നീടുള്ള കാലങ്ങളിൽ എന്നെ വളരെ സഹായിച്ചിട്ടുണ്ട്. പഠിപ്പും പത്രാസുമില്ലാത്ത എനിയ്ക്ക് ഇവയെല്ലാം വലിയ അനുഭവങ്ങളായിരുന്നു," ഒരു അഭിമുഖത്തിൽ ഇന്നസെൻ്റ് ഈ ലേഖകനോടു പറഞ്ഞ വാക്കുകളാണിവ!
ശോഭന പരമേശ്വരൻ നായർ 1972-ൽ നിർമ്മിച്ച 'നൃത്തശാല'യായിരുന്നു ഇന്നസെൻ്റ് അഭിനയിച്ച പ്രഥമ പടം. ബോക്സോഫീസിൽ ലക്ഷങ്ങൾ വാരിയ 'നാടോടിക്കാറ്റ്' (1987), 'റാംജി റാവ് സ്പീക്കിങ്' (1989),
മഴവിൽകാവടി' (1989), 'കിലുക്കം' (1991), 'ഗോഡ്ഫാദർ' (1991), 'വിയറ്റ്നാം കോളനി' (1992), 'കാബൂളിവാല' (1994) മുതലായ പടങ്ങളെല്ലാം മലയാള ചലച്ചിത്ര ചരിത്രത്തിൻ്റെ ഭാഗം.
നടനാവും മുമ്പെ അദ്ദേഹത്തിനു ചലച്ചിത്ര നിർമ്മാണവുമായി ബന്ധമുണ്ടായിരുന്നു. തുടർന്നു ഇന്നസെൻ്റും ഡേവിഡ് കാച്ചപ്പള്ളിയും ചേർന്നു നിർമ്മിച്ചതാണ് 'വിട പറയും മുമ്പെ' (1981), 'ഇളക്കങ്ങൾ' (1982), 'ഓർമ്മയ്ക്കായി' (1982), 'ഒരു കഥ ഒരു നുണക്കഥ' (1986) മുതലായ പ്രശസ്ത പടങ്ങൾ. ഒരു വ്യാഴവട്ടക്കാലം മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ അധ്യക്ഷ പദവിയിലിരുന്ന മഹാനടൻ മികച്ചൊരു സംഘാടകൻ എന്ന നിലയിലും തൻ്റെ കഴിവ് തെളിയിച്ചു.
അദ്ദേഹം പണ്ടു പറഞ്ഞ തമാശകൾ പലതും പിന്നീട് സിനിമയിൽ പ്രത്യക്ഷപ്പെട്ടു. "എൻ്റെ ചില പടങ്ങൾ കണ്ടതിനുശേഷം സുഹൃത്തുക്കൾ പറായാറുണ്ട്, അതിൽ കണ്ട തമാശ സീൻ പണ്ട് ഞാൻ അവരോട് നേരിൽ പറഞ്ഞിട്ടുണ്ടെന്ന്! ഞാൻ ചെയ്യുന്ന കോമഡികൾ പലതും ഞാൻ തന്നെ സംവിധായകർക്കു പറഞ്ഞുകൊടുക്കുന്ന സിനാരിയോകളാണ്. ഞാൻ പറഞ്ഞതിലെ ഹാസ്യം ഉൾക്കൊണ്ട് അവർ അത് സിനിമയിൽ ചേർക്കുന്നു. പ്രേക്ഷകരെ കൂട്ടത്തോടെ ചിരിപ്പിക്കുന്ന എൻ്റെ പല അഭിനയങ്ങളും ഇതുപോലെ സിനിമയിൽ എത്തിയതാണ്," ഒടുവിലത്തെ അഭിമുഖത്തിൽ ഇന്നസെൻ്റ് എടുത്തു പറഞ്ഞിരുന്നു.
ഏറ്റവുമധികം അനുകരിക്കപ്പെട്ട അഭിനേതാവുകൂടിയാണ് ഇന്നസെൻ്റ്. മിമിക്രിക്കാർ അദ്ദേഹത്തെ പതിവായി അനുകരിക്കാൻ കാരണം, പ്രേക്ഷകർക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ് എന്നതുകൊണ്ടു തന്നെയാണ്. തുടർന്നു ചില സംഭാഷണങ്ങളും, മേനറിസങ്ങളും, തമാശാരംഗങ്ങളും ഇന്നസെൻ്റിൻ്റെ പേരിൽ അവതരിപ്പിച്ചാലെ ജനം ആസ്വദിക്കൂ എന്നുമായി! ഈ വക കോമഡികൾ വേറൊരു നടനിലൂടെ പറഞ്ഞാൽ ജനം വിശ്വസിക്കില്ല, ഇന്നസെൻ്റാണെങ്കിൽ സ്വീകാര്യമാണ്. ഇതു സൂചിപ്പിക്കുന്നത് ഇന്നസെൻ്റ് എന്ന അഭിനേതാവിൻ്റെ ജനകീയതയല്ലാതെ മറ്റെന്താണ്!
ഇന്നസെൻ്റിൻ്റെ ജീവിത കഥയാണ് 'കേൻസർ വാർഡിലെ ചിരി'എന്ന പുസ്തകം. കേൻസർ ചികിത്സയിലായിരുന്നപ്പോഴുള്ള
അദ്ദേഹത്തിൻ്റെ ഓർമക്കുറിപ്പുകളാണ് ഈ പുസ്തകത്തിലുള്ളത്. ഇതിനകം തന്നെ അതിൻ്റെ പത്തിരുപതു പതിപ്പുകളിറങ്ങി.
'കേൻസർ വാർഡിലെ ചിരി' ഇറ്റാലിയൻ, ഇംഗ്ലീഷ്, തമിഴ്, കന്നഡ മുതലായ ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. കേൻസർ ബാധിച്ചു എല്ലാം കൈവിട്ടു പോയെന്നു കരുതുന്നവർക്ക് ഈ പുസ്തകമൊരു ആലംബം നൽകട്ടെ!
"ജീവിതത്തെ സ്നേഹിക്കുന്നവരും ജീവിതത്തിനായി ദാഹിക്കുന്നവരും ഈ പുസ്തകം വായിക്കണം. ജീവിതം കാത്തുനിൽക്കുമ്പോൾ നമുക്ക് എങ്ങനെ മരിക്കാൻ കഴിയും?" ഇന്നസെൻ്റ് 'കേൻസർ വാർഡിലെ ചിരി'യിൽ കുറിച്ചിട്ടുണ്ട്!
തനിയ്ക്ക് ഏറ്റവും ആനന്ദം അനുഭവപ്പെട്ട നിമിഷമെന്നു ഇന്നസെൻ്റ് വിശേഷിപ്പിച്ച ഒരു സംഭവം ഇന്നുമുണ്ട് ഈ ലേഖകൻ്റെയുള്ളിൽ: “ഞാൻ എഴുതിയ 'കേൻസർ വാർഡിലെ ചിരി' ഏഴു കൊല്ലമായി അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്ക് പഠിക്കാനുണ്ട്. അഞ്ചാം ക്ലാസ്സിൽ മൂന്നു കൊല്ലം തോറ്റ ഞാൻ എഴുതിയ ആ പുസ്തകം, അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന എൻ്റെ കൊച്ചുമകൻ ഉറക്കെ വായിക്കുന്നതു കേട്ട ആ നിമിഷത്തിലാണ് എനിക്കെൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ആനന്ദം അനുഭവപ്പെട്ടത്! എനിയ്ക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണത്. ഞാൻ വൈലോപ്പിള്ളി ശ്രീധരമേനോൻ്റെ കവിത പഠിക്കുമ്പോൾ കരുതിയിരുന്നില്ല അഞ്ചാം ക്ലാസ്സിൽ എൻ്റെ പുസ്തകവും പഠിക്കാൻ വരുമെന്ന്! അർബുദ ചികിത്സാ രംഗത്തെ പ്രസിദ്ധനായ ഡോക്ടർ, വി.പി. ഗംഗാധരൻ എഴുതിയ മുഖവുര, 'ഇന്നസെൻ്റ് എന്നാൽ ഇപ്പോൾ കാൻസറിനുള്ള ഒരു മരുന്നാണ്', എന്നത് എൻ്റെ കൊച്ചുമകൻ്റെ ശബ്ദത്തിൽ കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞുപോയി. ഈ എട്ടാം ക്ലാസ്സുകാരന് സന്തോഷിക്കാൻ ഇനിയെന്താണ് വേണ്ടത്!”
'ഇരിങ്ങാലക്കുടക്കു ചുറ്റും' എഴുതി, മികച്ച ഹാസ കൃതിയ്ക്കുള്ള 2020-ലെ കേരള സാഹിത്യ അക്കാഡമി പുരസ്കാരം നേടിയ ഇരിങ്ങാലക്കുടക്കാരൻ ഇന്നസെൻ്റ് ഏറെ ഗൗരവത്തിൽ തൻ്റ തൻ്റെ പുസ്തകത്തിൽ പറയുന്നു: ഇരിങ്ങാലക്കുട ഞാൻ ജനിച്ചു വളർന്ന നാടാണ് . സൃഹൃത്തുക്കളും, മുഖചരിചയമുള്ളവരുമാണ് ഇരിങ്ങാലക്കുടക്കു ചുറ്റും. അവരുമായുള്ള ഇടപെടലുകളും, വർത്താമാനങ്ങളും ഓർത്തെടുത്ത് എഴുതിയതാണ് പുരസ്കാരത്തിനു ഹേതുവായ പുസ്തകത്തിലുള്ളത്. എൻ്റെ ജീവിതത്തിലെയും, സിനിമയിലെയും, രാഷ്ടീയത്തിലെയും അനുഭവങ്ങൾ തമാശകളാണ്. കാരണം, തമാശയില്ലാതെ ഒന്നിനും ചൈതന്യം ലഭിക്കില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ആരാധനാലയങ്ങളിലെ പ്രഭാഷണങ്ങൾ പോലും ശ്രോതാക്കൾ നെഞ്ചിലേറ്റണമെങ്കിൽ, അത് നർമ്മോക്തിയോടെ അവതരിപ്പിക്കണം. വരണ്ട പ്രഭാഷണങ്ങളിലെ ഉപദേശങ്ങൾ ആരുടെയും തലയിൽ കയറില്ല. കാൻസർ രോഗിയായി ആശുപത്രിയിൽ കിടക്കുമ്പോഴും ഞാൻ ചിരിക്കുകയായിരുന്നു. ഹാസ്യത്തിന് അസുഖങ്ങൾ ഭേദപ്പെടുത്താനുള്ള ശക്തിവരെയുണ്ട്. അതിനാൽ, ഹാസ്യം ചിരിച്ചു തള്ളേണ്ടതല്ല, വളരെ ഗൗരവമുള്ള കാര്യമാണ്!
ഒന്ന് അങ്ങോട്ട് വെളിയിലിറങ്ങിയാൽ കാണുന്നത് പണ്ടത്തെ കൂട്ടുകാരെയാണ്. കച്ചവടക്കാരായോ, അല്ലെങ്കിൽ എന്തെങ്കിലും തൊഴിലെടുത്തു ജീവിക്കുന്നവരാണ് അവർ. പഴയ കാര്യങ്ങളും പുതിയ കാര്യങ്ങളുമായി ഞങ്ങൾക്ക് എന്തെങ്കിലും സംസാരിക്കാനുണ്ടാവും. ചിലർ പറയും ചേട്ടാ ആ സിനിമയിൽ കണ്ട സീൻ പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് പറഞ്ഞ തമാശ ആണല്ലോയെന്ന്. ചിലർ രാഷ്ട്രീയം പറയും. എതിർകക്ഷിക്കാരനോടും ഇഷ്ടക്കേടില്ല. തമാശ സകലരെയും ചേർത്തുപിടിക്കുന്ന ഒരു വികാരമാണ്. അങ്ങനെ ഇരിങ്ങാലക്കുടക്കു ചുറ്റും സംഭവിച്ചത് എഴുതിയതാണ് ഇപ്പേരിലിലുള്ള പുസ്തകം.
----------------------------