Image
Image

പ്രിയപ്പെട്ട 'വട്ടുസോഡ' രൂപവും ഭാവവും മാറി യു.കെയും കടന്ന് അമേരിക്കയിലേയ്ക്കും (എ.എസ് ശ്രീകുമാര്‍)

Published on 24 March, 2025
പ്രിയപ്പെട്ട 'വട്ടുസോഡ' രൂപവും ഭാവവും മാറി യു.കെയും കടന്ന് അമേരിക്കയിലേയ്ക്കും (എ.എസ് ശ്രീകുമാര്‍)

അറ്റ്‌ലാന്റ പട്ടണത്തില്‍ നിന്നും കടല്‍ കടന്ന് എത്തിയ കൊക്ക കോളയും പിന്നെ പെപ്‌സിയും സെവന്‍അപ്പും വിപണി കീഴടക്കുംമുമ്പ് ഇന്ത്യയിലെ പ്രത്യേകിച്ച് കേരളീയരുടെ പ്രിയപ്പെട്ട ദാഹശമിനിയായിരുന്നു വട്ടുസോഡ. പച്ചക്കുപ്പിയുടെ അറ്റത്ത് കാര്‍ബണ്‍ ഡയോക്‌സൈഡ് വാതകത്തിന്റെ ബലത്തില്‍ പിടിച്ച് മുറുക്കി നിര്‍ത്തിയിരിക്കുന്ന നീല വട്ട് അല്ലെങ്കില്‍ ഗോലി ചൂണ്ടുവിരല്‍ കൊണ്ട് അമര്‍ത്തി കുപ്പിയുടെ തൊണ്ടയിലേയ്ക്കിടുമ്പോള്‍ ഉണ്ടാകുന്ന ശബ്ദത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കവുമുണ്ട്. ഗോലിയെ കുപ്പിയിലേയ്ക്ക് തള്ളി വിടുന്ന വിരല്‍ പുറത്തെടുക്കുമ്പോള്‍ ഉണ്ടാവുന്ന ശബ്ദമാണ് വട്ടു സോഡയുടെ ഗുണനിലവാരം നിശ്ചയിക്കുന്നത്. ഒരു കുഞ്ഞ് അമിട്ട് പൊട്ടുന്ന ശബ്ദമാണെങ്കില്‍ ഓകെ. ചീറ്റപ്പോയാല്‍ സോഡായില്‍ ഗ്യാസില്ലെന്ന് അര്‍ത്ഥം. പടക്കം പൊട്ടുന്ന ശബ്ദത്തോടെ സോഡാക്കുപ്പി തുറക്കുന്നത് തന്നെ ഒരു കലയായാണ് എല്ലാവരും കണ്ടിരുന്നത്.

ഒരുകാലത്ത് കേരളത്തിന്റെ നാട്ടുമ്പുറങ്ങളിലുള്ള പെട്ടിക്കകളിലെ അവിഭാജ്യ ഘടകമായിരുന്നു വട്ടുസോഡ, ഗോട്ടിസോഡ, ഗോലിസോഡ എന്നൊക്കെയാണ് ഈ ഐക്കോണിക് നൊസ്റ്റാള്‍ജിക് ഡ്രിങ്ക് അറിയപ്പെട്ടിരുന്നത്. ഈ സോഡ ഒഴിച്ചുള്ള സര്‍ബത്തും നാരങ്ങാ വെള്ളവും ഇന്ന് സുലഭമായി കിട്ടുന്ന സോഫ്റ്റ് ഡ്രിങ്കുകളെ വെല്ലുന്നതായിരുന്നു. മൂന്നോ നാലോ കുപ്പികളില്‍ വെള്ളം നിറച്ച് ഒരു മെഷീനില്‍ വച്ച് കറക്കിയെടുക്കുമ്പോള്‍ വട്ടു സോഡ റെഡി. അത്രയും ലളിതമാണ് അതിന്റെ ഉത്പാദനം. ഈ മെഷീനും ഒരാള്‍ക്ക് നില്‍ക്കാന്‍ പാകത്തിലുള്ള മുറിയും ഉണ്ടെങ്കില്‍ 'വ്യവസായ യൂണിറ്റ്'ആയി. എന്നാല്‍ വിവിധ ബ്രാന്‍ഡുകളിലുള്ള സോഫ്റ്റ് ഡ്രിങ്കുകള്‍ മോഹിപ്പിക്കുന്ന നിറത്തിലും മണത്തിലും രുചിയിലും (ഗുണം..?) കടകളില്‍ നിരന്നതോടെ വട്ടുസോഡയുടെ ആധിപത്യം നിലച്ചു. എന്നാലും പൂര്‍ണമായിട്ടും അത് അന്യം നിന്നുപോയതുമില്ല.

കാലത്തിനനുസരിച്ച് കോലം മാറണമെന്നാണല്ലോ വയ്പ്പ്. ബഹുരാഷ്ട്ര പാനീയ കമ്പനികളുടെ ആധിപത്യത്തില്‍ പ്രതാപം നഷ്ടപ്പെട്ട നമ്മുടെ സ്വന്തം വട്ടുസോഡ രൂപവും ഭാവവും മാറി ഇപ്പോള്‍ അമേരിക്കയിലും കിട്ടും. യു.കെ, യൂറോപ്പ്, ഗള്‍ഫ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന അന്താരാഷ്ട്ര വിപണികളില്‍ ശീതളപാനീയപ്രിയരെ ആകര്‍ഷിച്ച് കുതിക്കുന്ന ഗോലി സോഡയുടെ മാഹാത്മ്യം അമേരിക്കയിലെത്തിച്ചിരിക്കുന്നത് ലുലുവിന്റെ സാരഥി യൂസഫലിയാണ്. കേരളത്തിലെ ചാരായക്കടകളിലും ആദ്യകാല ബാറുകളിലും മുറുക്കാന്‍ കടകളിലും യഥേഷ്ടം ലഭിച്ചിരുന്ന വട്ടുസോഡ 'ഗോലി പോപ് സോഡ' എന്ന പേരില്‍ റീ ബ്രാന്‍ഡ് ചെയ്താണ് അമേരിക്കയുള്‍പ്പെടെയുള്ള ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റുകളില്‍ എത്തിക്കുന്നത്. ചില്ലുകുപ്പിക്കുള്ളിലെ 'വട്ട്' തന്നെയാണ് ഗോലി പോപ്പ് സോഡയുടെയും ട്രേഡ് മാര്‍ക്ക്.

പുതിയ തലമുറയ്ക്ക് വട്ടുസോഡ എന്താണെന്നറിയില്ല. ഇത് കുടിച്ച് ശീലിച്ചവരുടെ ഓര്‍മയില്‍ മാത്രമുണ്ട്. എന്നാല്‍ ഈ ജനകീയ പാനീയത്തിന്റെ തിരിച്ചുവരവ് 2017 കാലഘട്ടത്തിലായിരുന്നത്രേ. പുതിയ കുപ്പിയില്‍ ഇത് വീണ്ടും കണ്ടവരില്‍ കൗതുകം ഉണര്‍ത്താന്‍ കഴിഞ്ഞതോടെ സംഗതി ഹിറ്റായി. സോഷ്യല്‍ മീഡിയയിലൂടെ പുതിയൊരു ഐറ്റം കണ്ട ന്യൂജനറേഷനും ഗോലി സോഡയുടെ പിന്നാലെ വട്ടംകൂടിയെന്ന് പറഞ്ഞാല്‍ മതിയല്ലോ. പ്രൊഫഷണല്‍ ബ്രാന്‍ഡിംഗും മാര്‍ക്കറ്റിംഗും ഒപ്പം പുതിയ ഫ്ളേവറുകളും കൂടി ചേര്‍ന്നതോടെ ഗോലി സോഡ വീണ്ടും സൂപ്പര്‍ മാര്‍ക്കറ്റുകളുടെയും ഹൈപ്പര്‍മാര്‍ക്കറ്റുകളുടെയും മാളുകളുടെയുമൊക്കെ ശീതീകരണ ഷെല്‍ഫുകളില്‍ പ്രഥമ സ്ഥാനം പിടിച്ചു. ന്യൂജനറേഷന് കൂടി ഇഷ്ടപ്പെട്ട ബ്ലൂബെറി, ലെമന്‍, മിന്റ്, മസാല ജീര, ആപ്പിള്‍, ഓറഞ്ച്, പൈനാപ്പിള്‍, മൊഹിത്തോ തുടങ്ങിയ വെറൈറ്റി ഫ്ളേവറുകളില്‍ ഇന്ന് ഗോലി സോഡ ലഭ്യമാണ്.

യൂസഫലിയുടെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലൂടെ ഗള്‍ഫ് രാജ്യങ്ങളിലെത്തിയതോടെയാണ് ഗോലി സോഡയുടെ ജാതകം മാറ്റിയെഴുതപ്പെടുന്നത്. അവിടങ്ങളില്‍ ഗോലി സോഡക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് കേന്ദ്രവാണിജ്യ മന്ത്രാലയവും സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യാ ഗവണ്‍മെന്റിന്റെ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സംസ്‌കരിച്ച കാര്‍ഷിക ഭക്ഷ്യ ഉല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റിയാണ്  (അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി) ഗ്ലോബല്‍ എന്‍ട്രിക്ക് മുന്‍കൈ എടുത്തത്.

ആഗോള വിപണികളില്‍ ഈ ഉത്പന്നം ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും യു.എസ്.എ, യു.കെ, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പരീക്ഷണ കയറ്റുമതി വിജയം കണ്ടതായി അതോറിറ്റി വക്താക്കള്‍ വ്യക്തമാക്കുന്നു. ഫെയര്‍ എക്‌സ്‌പോര്‍ട്ട്‌സ് ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലകളിലൊന്നായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് സ്ഥിരമായ ഡെലിവറികള്‍ ഉറപ്പാക്കിയിട്ടുണ്ട്. ലുലു ഔട്ട്‌ലെറ്റുകളില്‍ ആയിരക്കണക്കിന് കുപ്പികള്‍ സംഭരിച്ചിട്ടുണ്ട്. ഇതിന് വളരെയധികം നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും അവര്‍ പറയുന്നു.

ഗള്‍ഫില്‍ നിന്ന് പതിയെ യൂറോപ്യന്‍, യു.എസ്, യു.കെ വിപണിയിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഗോലി സോഡ ജനപ്രിയ ഇനമായി. യു.കെയില്‍, ഗോലി പോപ്പ് സോഡ ട്രെന്‍ഡി പാനീയമായി മാറിയിട്ടുണ്ട്. ഇക്കൊല്ലം ഫെബ്രുവരി നാലിനായിരുന്നു ഗോലി പോപ്പ് സോഡയുടെ ഗ്ലോബല്‍ എന്‍ട്രിയുടെ ഔദ്യോഗിക ലോഞ്ച്. മാര്‍ച്ച് 17-19 വരെ ലണ്ടനില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫുഡ് ആന്‍ഡ് ഡ്രിങ്ക് ഇവന്റില്‍ പങ്കെടുത്തതോടെ കൂടുതല്‍ ഓര്‍ഡറുകള്‍ ഗോലിക്ക് സോഡക്ക് ലഭിക്കുകയും ചെയ്തു. കൈയ്യൊപ്പ് ചാര്‍ത്തിയ പോപ്പ് ഓപ്പണര്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് കുപ്പികള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

വട്ടുസോഡയ്ക്ക് നൂറിലേറെ സംവല്‍സരങ്ങളുടെ പ്രൗഢമായ ചരിത്രപ്പഴമയുണ്ട്. 1767 മുതല്‍ സോഡ നിര്‍മാണമുണ്ട്. കാര്‍ബണേഷന്‍ പ്രോസസ് കണ്ടുപിടിച്ചതിന് ശേഷം തണുത്ത സോഡ ഉപയോഗം വ്യാപകമായി. 1800-കളില്‍ ജിഞ്ചര്‍ ബിയര്‍ വില്‍പ്പന ആരംഭിച്ചു. 1870-കളില്‍ ഇംഗ്ലണ്ടില്‍ ഗോലി സോഡക്ക് സമാനമായ പാനീയങ്ങളുടെ വില്‍പ്പന സജീവമായിരുന്നു. പിന്നീട് ഇത്തരം പാനീയങ്ങള്‍ ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തി. തമിഴ്‌നാട്ടില്‍, കാളീശ്വരി പോലുള്ള തദ്ദേശീയ കമ്പനികള്‍ ഗോലിസോഡ വിപണിയില്‍ എത്തിച്ചിരുന്നു.

1924-ല്‍ കണ്ണുസാമി മുതലിയാര്‍ ആണ് ഇന്ത്യയില്‍ ഗോലി സോഡയുടെ നിര്‍മ്മാണവും വില്‍പ്പനയും ആരംഭിച്ചതെന്ന് പറയപ്പെടുന്നു. ചെന്നൈ-ബെംഗളൂരു ഹൈവേയിലൂടെ സഞ്ചരിക്കുന്ന ബസ് യാത്രക്കാര്‍ വഴിമധ്യേ ഗോലി സോഡ കുടിച്ചിരുന്നുവെന്ന് പഴമക്കാര്‍ പറഞ്ഞിരുന്നതായി വെളിപ്പെടുത്തലുകളുണ്ട്. ഇത് വട്ടുസോഡയെ ജനപ്രിയമാക്കി. തമിഴ്നാട്ടില്‍ ആദ്യമായി വെല്ലൂരിലാണ് ഗോലി സോഡ നിര്‍മ്മിച്ചത്. ആര്‍ക്കോട്ട് മേഖല വളരെ ഉഷ്ണമേഖലാ പ്രദേശമായതിനാല്‍, ചൂടിനെ മറികടക്കാന്‍ ആളുകള്‍ ഗോലി സോഡ കുടിച്ചുതുടങ്ങി. ഒരു കുടില്‍ വ്യവസായമായാണ് ഗോലി സോഡ ഉല്‍പാദനം തുടങ്ങിയത്. ആ എളിയ തുടക്കമാണ് ഇന്ന് ലോക മാര്‍ക്കറ്റുകളില്‍ വമ്പന്‍ ഹിറ്റായിരിക്കുന്നത്.

ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തുന്ന ചില ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് ഇന്നും ലോക മാര്‍ക്കറ്റുണ്ടെന്ന് തെളിയിച്ച ഉല്‍പന്നമാണ് വട്ടു സോഡ. നല്ല വൃത്തിയും മെനയും ഉന്നത ഗുണ നിലവാരവുമുണ്ടെങ്കില്‍ ഏത് മള്‍ട്ടി നാഷണല്‍ പ്രോഡക്ടിനോടും കിടപിടിക്കാന്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കും കഴിയുമെന്ന് തെളിയിച്ച ബിസിനസ് മുന്നേറ്റമാണ് വട്ടു സോഡയുടെ റീ ബ്രാന്‍ഡിംഗ്. നൂതനമായ പുനര്‍നിര്‍മ്മാണത്തിന്റെയും തന്ത്രപരമായ വാണിജ്യവത്കരണത്തിന്റെയും അപാര വിജയം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക