Image

ആശാ വര്‍ക്കേഴ്‌സിനെ അറസ്റ്റു ചെയ്ത് ജയിലിലടയ്ക്കണം (രാജു മൈലപ്രാ)

Published on 25 March, 2025
ആശാ വര്‍ക്കേഴ്‌സിനെ അറസ്റ്റു ചെയ്ത് ജയിലിലടയ്ക്കണം (രാജു മൈലപ്രാ)

കഴിഞ്ഞ ഒരു മാസത്തിലധികമായി തികച്ചും ന്യായമല്ലാത്ത ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്, സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തി, ലോക രാഷ്ട്രങ്ങളുടെ മുന്നില്‍ നമ്പര്‍വണ്‍ കേരളത്തെ നിരന്തരം അപമാനിച്ചുകൊണ്ടിരിക്കുന്ന 'ആശാ വര്‍ക്കേഴ്‌സ്' എന്ന ലേബലില്‍ അറിയപ്പെടുന്ന ഒരുപറ്റം ധിക്കാരികളായ സ്ത്രീകളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ച് നമ്മുടെ സംസ്ഥാനത്തിന്റെ മാനം കാക്കണം.

അറസ്റ്റു ചെയ്യുമ്പോള്‍ സാക്ഷാല്‍ രാമന്‍പിള്ള വക്കീലുസാറ് വന്ന് വാദിച്ചാല്‍ പോലും ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചേര്‍ക്കണം. പോലീസിനു അതൊരു പ്രയാസമുള്ള കാര്യമല്ല എന്നു പലതവണ തെളിയിച്ചിട്ടുള്ളതാണല്ലോ!

കാപ്പാ, പോക്‌സോ, ലഹരി, സ്ത്രീവിരുദ്ധ പ്രസ്താവന, ജാതീയ അധിക്ഷേപം- അങ്ങനെ ഏതെല്ലാം വകുപ്പുകള്‍!

ബഹുമാനപ്പെട്ട ആരോഗ്യമന്ത്രിയെ ഈ സമരക്കാരും 'മാപ്രാ'കളും കൂടി നിരന്തരം ആക്ഷേപിക്കുകയാണ്. അതിനൊരറുതി വരുത്തിയേ മതിയീവൂ.

ആശാ വര്‍ക്കേഴ്‌സിന്റെ ആവശ്യങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ നേരില്‍ക്കണ്ട് ധരിപ്പിക്കുവാന്‍, നമ്മുടെ മന്ത്രിക്കൊച്ചമ്മ ഡെല്‍ഹിക്കു പറന്നു. അവിടെ ചെന്നപ്പോള്‍, 'ഇപ്പോള്‍ സൗകര്യമില്ല' എന്ന് അങ്ങേര് പറഞ്ഞു. നോക്കണേ, അയാളുടെ ഒരു ധിക്കാരം.

എന്നെങ്കിലും കേരളത്തില്‍ വരുമല്ലോ! നമ്മുടെ വിദ്യാര്‍ത്ഥി സംഘടനകള്‍ വെറുതെയിരിക്കുമെന്നു കരുതിയോ?

ഡെല്‍ഹി യാത്രയില്‍ മറ്റൊരു സദുദ്ദേശം കൂടിയുണ്ടായിരുന്നു.

ആധുനിക ചികിത്സാ രംഗത്ത് ഏറ്റവും മുന്തിയ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ക്യൂബയുമായി ഒത്തുചേര്‍ന്ന്, ക്യാന്‍സറിനെ പ്രതിരോധിക്കുവാന്‍ ഒരു വാക്‌സിന്‍ കണ്ടുപിടിക്കുവാന്‍, മെഡിക്കല്‍ രംഗത്ത് നമ്പര്‍ വണ്‍ ആയ നമ്മുടെ സംസ്ഥാനവുമായി ഒരു കരാര്‍ ഉറപ്പിക്കുക എന്ന മഹത്തായ ലക്ഷ്യം.

ചര്‍ച്ചകളൊക്കെ കഴിഞ്ഞപ്പോഴേക്കു സന്ധ്യയായി. എന്നാല്‍പ്പിന്നെ അവരോടൊപ്പം ഡിന്നറുകൂടി കഴിച്ചിട്ട് പോരാമെന്നു കരുതി. അത് അത്ര വലിയ അപരാധമായിപ്പോയോ?

അമ്പതിനായിരം രൂപാ വിലയുള്ള ' അര്‍മാണി' ബ്രാന്‍ഡ് ബാഗ് തോളിലിട്ട് കൊണ്ടുപോയതാണ് മറ്റൊരു കുറ്റം. ഇന്ന് ക്യൂബയിലെ ഒരു ബക്കറ്റ് പിരിവ് തൊഴിലാളി പോലും, കുറഞ്ഞത് ഒരു 'ഗൂച്ചി' ബാഗുമായാണ് നടക്കുന്നത്. പിന്നാ, ഒരു 'അര്‍മാണി'.

ആശാ വര്‍ക്കര്‍മാരുടെ ഈ നശിച്ച സമരം കാരണം, കേരളത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രവാഹം നിലച്ചിട്ടുണ്ടെന്നാണ് വകുപ്പ് മന്ത്രി പറയുന്നത്.

'നവകേരള യാത്ര'യ്ക്ക് ഉപയോഗിച്ച, ഇപ്പോള്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന 'ടോയിലറ്റ് ബസ്' കാണുവാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ലക്ഷക്കണക്കിന് ക്യൂബന്‍, കൊറിയന്‍, ചൈനീസ് വിനോദസഞ്ചാരികളാണ് അവരുടെ പരിപാടി ക്യാന്‍സല്‍ ചെയ്തിരിക്കുന്നത്.

അതുപോലെ കേരളത്തില്‍ തുടങ്ങാനിരിക്കുന്ന വിദേശ സ്വകാര്യ വിദ്യാഭ്യാസ മേഖലയേയും ഈ സമരം ബാധിക്കുവാന്‍ സാദ്ധ്യതയുണ്ട്. 'കൊളംബിയ' പോലുള്ള പ്രസിദ്ധമായ യൂണിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വതന്ത്ര അഭിപ്രായം നിഷേധിച്ചതിനെ തുടര്‍ന്ന്, ലോകത്തിന്റെ നാനാഭാഗത്തുനിന്നും വിദ്യാര്‍ത്ഥികള്‍ സ്വാതന്ത്ര്യം പൂത്തുലയുന്ന കേരളാ യൂണിവേഴ്‌സിറ്റികളിലേക്ക് വരുവാന്‍ വെമ്പല്‍പൂണ്ട് നില്‍ക്കുകയായിരുന്നു- അതിന്റെ കാര്യവും കണ്ടറിയണം.

ഈ 'ആശാ' ശല്യങ്ങളെക്കൊണ്ട്, സൈറണ്‍ മുഴക്കിക്കൊണ്ട് ചീറിപ്പായുന്ന കാറുകളില്‍ ഉദ്ഘാടന സമ്മേളനങ്ങള്‍ക്ക് ഓടിയെത്തുവാന്‍ പോലും നമ്മുടെ മന്ത്രിമാര്‍ക്ക് കഴിയുന്നില്ല.

ജനങ്ങള്‍ പണ്ടത്തെപ്പോലെ ഉദ്ദേശിച്ച തോതില്‍ മരിക്കാത്തതുകൊണ്ട്, പെന്‍ഷന്‍കാരുടെ എണ്ണം വര്‍ദ്ധിച്ചെന്നും, അത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നു എന്നുമാണ് നമ്മുടെ സംസ്‌കാര സമ്പന്നനായ സംസ്‌കാര മന്ത്രി കണ്ടുപിടിച്ചിരിക്കുന്നത്.

നിരാഹാരം കിടക്കുന്ന കുറെ ആശമാരുടെ കാറ്റു പോയിരുന്നെങ്കില്‍ അത്രയും കാശു ലാഭിക്കാമായിരുന്നു.

നാലും അഞ്ചും ലക്ഷം രൂപാ വീതം, ശമ്പളവും പിന്നെ കിമ്പളവും ഒക്കെ കിട്ടിയിട്ട് പോലും, മന്ത്രിമാരും മറ്റ് ജനപ്രതിനിധികളുമൊക്കെ ഒരുമാതിരി തട്ടിയും മുട്ടിയുമൊക്കെയാണ് മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നത്.

'സൂര്യനെ മുറംകൊണ്ട് മറയ്ക്കുവാന്‍ സാദ്ധ്യമല്ല മക്കളേ' എന്നു നമ്മുടെ ഒരു മന്ത്രി പറഞ്ഞതില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് നിങ്ങള്‍ ഉച്ചികുത്തി മറിഞ്ഞാലും ഈ സര്‍ക്കാരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കേണ്ട.

ഇരുനൂറ്റിയമ്പത് രൂപാ കൊണ്ട് ഈ നമ്പര്‍വണ്‍ കേരളത്തില്‍ ജീവിക്കുവാന്‍ ശഠിക്കുന്ന, ഈ ആശാ വര്‍ക്കേഴ്‌സ് എന്ന കോമാളികളെ, ആകാശത്തിലേക്ക് വെടിവെച്ചിട്ട്, നേരത്തെ സൂക്ഷിച്ച വകുപ്പുകള്‍ ചുമത്തി ജയിലില്‍ അടച്ച് ലോക മലയാളികളുടെ മാനം രക്ഷിക്കണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിക്കുന്നു.

(നിയമപരമായ മുന്നറിയിപ്പ്: 'സര്‍ഗ്ഗവേദി'യുടെ അടുത്ത പ്രതിമാസ യോഗത്തില്‍ കേരളത്തിലെ ആശാ വര്‍ക്കര്‍മാരുടെ സമരത്തെപ്പറ്റി കൂലങ്കഷമായ ഒരു ചര്‍ച്ച നടത്തുന്നതാണ്. 'സര്‍ഗ്ഗവേദി' കഠിനമായ ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ് ഈ സമരം അവസാനിപ്പിക്കുന്നതായിരിക്കും എല്ലാവര്‍ക്കും അഭികാമ്യം.)
 

Join WhatsApp News
Kannankara George T. 2025-03-25 02:23:49
നിസ്സഹരായ പാവം ആശാ വർക്കേഴ്സിനെ അപമാനിക്കുവാൻ കേരളത്തിലെ മന്ത്രിമാർ മത്സരിക്കുകയാണ്. ഇവരുടെ പ്രശനങ്ങളെപ്പറ്റി പറയുമ്പോൾ നേതാക്കൻമാരുടെ മുഖത്തു വിരിയുന്ന പരിഹാസച്ചിരി അപാരം തന്നെ. സമരം കൊണ്ട് സകലതും നശിപ്പിക്കുന്ന ഒരു പാർട്ടിയുടെ നേതാക്കൻമ്മാരാണ് ഈ പാവങ്ങളുടെ ന്യായമായ സമരത്തെ പുച്ഛിച്ചു തള്ളുന്നത്. ഈ ക്രൂര മനസുള്ള മന്ത്രിമാരെ എഴുന്നെള്ളിച്ചു കൊണ്ട് വരുന്നതും, കേരളത്തിൽ പോയി അവരെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്നതുമായ പരിപാടികൾ, ഫോമാ, ഫൊക്കാന നേതാക്കൻമ്മാർ നിർത്തണം. ഒരുത്തനും ഒരു നാണവുമില്ല. കഷ്ട്ടം.
Thomas Kalayiparampil 2025-03-25 12:19:43
Very cruel statement!
josecheripuram@gmail.com 2025-03-26 18:48:07
We have left Kerala to begin a better and new life in USA, but we still carry the Garbage of Politics, Religion in USA. We have to get into American politics, not that out dated Kerala politics. As always My friend Raju's humor hits the target, I enjoyed it, Keep writing we are here to read.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക