പൊൻമാൻ എന്നത് ഒരു പക്ഷിയുടെ പേരിനപ്പുറം മറിച്ചൊന്നും ചിന്തിച്ചിട്ടില്ലായിരുന്ന എനിക്ക് കണ്ടതെല്ലാം ചിന്തിപ്പിക്കുന്നതും ചിന്തിക്കേണ്ടതും !
പിന്നെങ്ങനെ അതിനെകുറിച്ച് എഴുതാതിരിക്കും. ?
ഈ സിനിമയ്ക്ക് 'പൊൻമാൻ ' എന്ന പേരിട്ടത് ആരായിരിക്കും എന്നു തുടങ്ങി ആ പക്ഷിയുടെ പ്രത്യേകതകളും ശാന്തതയും അത് ഇരപിടിക്കുന്ന രീതിയും ഒക്കെ ഓർത്തു നോക്കി.
പൊന്മാൻ മീനിനെ തേടി കുളത്തിനു ചുറ്റും വട്ടമിട്ടു പറക്കുന്നതു പോലെ തൻ്റെ പൊന്നിനു വേണ്ടി മരിയാനോ യ്ക്കു പിന്നാലെ വിടാതെ പിൻതുടരുന്ന അജേഷ് .
ഉള്ളിൽ സുനാമികളും മലരികളും ചുഴികളും ഗർത്തങ്ങളും ഒളിപ്പിച്ചു വച്ചൊരു കടൽ പുറമേ ശാന്തമായിരിക്കുന്നതുപോലൊരു സ്വർണ്ണ മനുഷ്യൻ !
തൻ്റെ ജോലി കള്ളത്തര സ്വഭാവമുള്ളതാണെങ്കിലും അതിൽ നൂറു ശതമാനം ആത്മാർത്ഥത പുലർത്തുന്നൊരാൾ. !
വാക്കുകളിൽ ഒട്ടും ക്ഷോഭമില്ലാതെ എങ്ങനെയാണ് ഒരാൾ ഒരു കൊടുക്കാറ്റിനെ കെട്ടഴിച്ചു വിടുന്നത് !?
ബേസിലിൻ്റെ ശരീരഭാഷ അതുമായി എത്രമേൽ പരുവപ്പെട്ടിരിക്കുന്നു എന്നതാണ്.
അപകടത്തിലേക്കാണ് പോകുന്നതെന്നറിഞ്ഞിട്ടും ആത്മവിശ്വാസവും ധൈര്യവും കൊണ്ടാണ് ആരും പോകാൻ മടിക്കുന്ന തലവെട്ടിച്ചിറയിലേക്ക്,
മല പോലൊരു മനുഷ്യനായ മരിയാനോയ്ക്കു മുന്നിലേക്ക് അജേഷ് നിർഭയനായി ഒറ്റയ്ക്കു പോകുന്നത്.
ആത്മവിശ്വാസത്തിന് മറ്റൊരു വാക്ക് നൽകണമെങ്കിൽ അതാണ് PP അജേഷ്.
അജേഷാടാ അജേഷ്.!
32 വയസ്സായിട്ടും ഒരു ജോലിക്കും പോകാതെ പൊന്നു കൊണ്ട് തൂക്കിനോക്കി കെട്ടിക്കൊണ്ട് പോകാൻ ആരെങ്കിലും വരുന്നതും കാത്തിരിക്കുന്ന ഇനിയും നേരം വെളുക്കാത്ത പെൺകുട്ടികളിലേക്കാണ് ഈ സിനിമ നേരിട്ടിറങ്ങി ചെല്ലുന്നത്.
കഷ്ടപ്പാടുള്ള ഇടത്തരം വീടുകളിലെ പെൺകുട്ടികളെല്ലാം ജോലിക്കു പോകുന്നുണ്ടോ? ഇല്ലെന്നാണ് ഉത്തരം.
അത് എന്തുകൊണ്ടാണെന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ?
പാർട്രിയാർക്കിക്കലായ സമൂഹം തീർക്കുന്ന അരുതുകളുടെ , അസ്വാതന്ത്ര്യത്തിൻ്റെ ഒരദൃശ്യ വിലക്കുണ്ടവിടെ. ചുരുക്കം ചിലരേ അത് മറികടക്കാറുള്ളൂ .
കണ്ടു മാത്യകയാക്കാൻ കൂടി ചുറ്റിനും ഒന്നുമില്ലാതിരുന്ന സാഹചര്യം.
പക്ഷേ അജേഷിൻ്റെ വീടും അവിടെ പെങ്ങൾ കൂടി ജോലിക്കു പോയി പണിയെടുക്കുന്നതും കാണുമ്പോഴാണ് സ്റ്റെഫിക്ക് താനെന്തൊരു മണ്ടിയാണെന്ന് മനസ്സിലാകുന്നതും ഒരു ഉറച്ച തീരുമാനമെടുക്കുന്നതും.
പൊൻമാൻ നമ്മോട് പറയുന്നത് അത്യന്തം ഗൗരവകരമായ ഒരു വിഷയമാണ്.
ഇതിൽ നായകനും വില്ലനും നായികയും ഒന്നുമില്ല. എല്ലാവരും തൻ്റെ സാഹചര്യങ്ങൾക്കനുസരിച്ച് തെറ്റും ശരിയും ഒക്കെ ചെയ്യുന്ന സാധാരണ മനുഷ്യർ !
ഒരിക്കലും ഒരിടത്തും ഉപദേശ സ്വഭാവങ്ങൾ ഇല്ലാതെ തന്നെ അത് നമ്മിലേക്ക് ആഴത്തിൽ ഇറങ്ങി വരും.
കല്യാണ തലേന്ന് പ്രതീക്ഷിച്ച ആളെത്താത്ത കാരണം കടലിലേക്കു കമിഴ്ത്തുന്ന ബിരിയാണിച്ചെമ്പും മകളുടെ കല്യാണപന്തലിൽ ഒരിറ്റു വെള്ളം പോലും കുടിക്കാനാകാതെ ഇരിക്കുന്ന അമ്മയുമെല്ലാം കൊല്ലത്തിൻ്റെ അടിസ്ഥാന വിഭാഗക്കാരുടെ നേർച്ചിത്രങ്ങളാണ്.
കൊല്ലം ജില്ലയിൽ വിവാഹമാർക്കറ്റിൽ പൊന്നിനുള്ള പ്രാധാന്യം എത്രയെന്ന് കൃത്യമായറിയുന്ന എനിക്ക് ഈ സിനിമ ഒട്ടും അതിശയോക്തി തോന്നിയില്ല.
വിദ്യാഭ്യാസം കൊണ്ട് കുറച്ചൊക്കെ മാറ്റമുണ്ടെങ്കിലും മാറ്റം എന്നത് അടിസ്ഥാന വിഭാഗക്കാരിലേക്കെത്തുന്നത് ഒച്ചിഴയുന്ന വേഗതയിലായിരിക്കുമെന്നു മാത്രം.
കല്യാണ തലേന്നത്തെ ക്യാഷ് കളക്ഷൻ ഒക്കെ ഇന്നും അതേപടി ഉണ്ട്. 500 രൂപ കിട്ടിയിട്ടുള്ളവർ അത് ഓർത്ത് വച്ച് അവരുടെ വീട്ടിലെ കല്യാണം നടക്കുമ്പോൾ നൂറു രൂപയെങ്കിലും അധികമിട്ട് തിരികെ കൊടുക്കണം എന്ന അലിഖിത നിയമം. ഒരു നോട്ട് ബുക്കുമായി ഇരുന്ന് പേരും വീട്ടുപേരും വട്ട പേരും , ബന്ധവും സ്ഥലവും സഹിതം എഴുതിവച്ച് തിരികെ കിട്ടി എന്നുറപ്പിക്കും. ഇത്രയൊക്കെ പണം പിരിഞ്ഞു കിട്ടുമോ എന്ന സംശയം പലർക്കുമുണ്ടാകും. പക്ഷേ കിട്ടും എന്ന സത്യം കൊണ്ടാണ് 'കൊടുത്താൽ കൊല്ലത്തും കിട്ടും ' എന്ന ചൊല്ലു തന്നെ ഉണ്ടായത്. അറിയാത്ത വീടുകളിൽ പോലും കല്യാണം വിളിക്കേം ചെയ്യും. അറിയില്ലെങ്കിൽ കൂടി കല്യാണം വിളിച്ചാൽ പോകേണ്ടതും കൊടുക്കേണ്ടതും കടമയായി കരുതുന്നവർ. അവർക്കത് നാളത്തേക്കുള്ള നിക്ഷേപമാണ്.
തിരയെടുത്തു പോകുന്ന ആഗ്രഹങ്ങളും പ്രതീക്ഷകളും കടലോര നിവാസികളുടെ നിശ്വാസത്തോടലിഞ്ഞുചേർന്നതാണ്.
ഇവിടെ മൺട്രോ തുരുത്തിൻ്റെ ദൃശ്യഭംഗിയിലേക്ക് ക്യാമറ ചലിക്കാത്തത് ചെമ്മീൻ കെട്ടും വീടും പരിസര പ്രദേശങ്ങളും സംഘർഷങ്ങളുമാണല്ലോ സിനിമയുടെ കാതൽ എന്നതിനാലാകണം.
" ഞാൻ ചത്താ നിനക്കെന്താ ?
ഞാൻ വന്നില്ലേൽ നിനക്കെന്താ " ?
ഇത്തരം ദയയില്ലാത്ത തിരിച്ച് ചോദ്യങ്ങളാണ് ചിലപ്പോഴൊക്കെ ചിലരുടെ സ്നേഹഭാഷ ! അത്തരക്കാർക്ക് സ്നേഹത്തിൻ്റെ ഭാഷ വഴങ്ങില്ല. അത് ഇങ്ങനെയേ പറയാൻ അറിയൂ . അതിൽ സ്നേഹിക്കപ്പെടാനുള്ള കൊതിയുണ്ട്. പക്ഷേ അവർ സ്നേഹത്തിൻ്റെ ഭാഷയിൽ സംസാരിക്കാൻ ലജ്ജയുള്ളവരാണ് . അജേഷും അങ്ങനൊരാളാണ് .
ജി.ആർ ഇന്ദുഗോപൻ്റെ 'നാലഞ്ചു ചെറുപ്പക്കാർ' എന്ന നോവലിനെ മികച്ച സിനിമയുടെ നിരയിലേക്കു ചേർത്തു വയ്ക്കാവുന്ന ഒരു തങ്കക്കട്ടിയായി നമുക്കു തന്ന അതിൻ്റെ എല്ലാ അണിയറ പ്രവർത്തകരും അഭിനന്ദനമർഹിക്കുന്നു . ബേസിൽ ജോസഫ്, സജിൻ ഗോപു , ആനന്ദ് മന്മദൻ, ലിജോമോൾ , സന്ധ്യാ രാജേന്ദ്രൻ ഇവരെല്ലാം കൊല്ലം ജില്ലയിലെ നമ്മുടെ അയൽക്കാരായി വന്ന് പരകായ പ്രവേശം ചെയ്ത് പോയപോലെ . അഭിനയമേ അല്ലായിരുന്നു .