Image
Image

കൊടകരകുഴല്‍പ്പണ കേസില്‍ ബി.ജെ.പി നേതാക്കള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കി ഇ.ഡിയുടെ കുറ്റപത്രം (എ.എസ് ശ്രീകുമാര്‍)

Published on 25 March, 2025
കൊടകരകുഴല്‍പ്പണ കേസില്‍ ബി.ജെ.പി നേതാക്കള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കി ഇ.ഡിയുടെ കുറ്റപത്രം (എ.എസ് ശ്രീകുമാര്‍)

പ്രമാദമായ കൊടകര കുഴല്‍പ്പണ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ബി.ജെ.പിക്ക് ആശ്വാസം പകര്‍ന്നിരിക്കുന്നു.  കലൂര്‍ പി.എം.എല്‍.എ (ജൃല്‌ലിശേീി ീള ങീില്യ ഘമൗിറലൃശിഴ അര)േ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍, തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പണം എത്തിച്ചത് ബി.ജെ.പിക്ക് അല്ലെന്ന് പറയുന്നു. കേസില്‍ പോലീസിന്റെ കണ്ടെത്തലാണ് ഇ.ഡി തള്ളിയിരിക്കുന്നത്. കേസില്‍ ആകെ 23 പ്രതികളാണുള്ളത്. കവര്‍ച്ച നടന്ന ശേഷം പണം ഏതൊക്കെ തരത്തില്‍ വെളുപ്പിച്ചു എന്ന അന്വേഷണത്തിന്‍ന്മേലുള്ള കുറ്റപത്രമാണ്  സമര്‍പ്പിച്ചത്. മറ്റ് ദിശകളിലേക്ക് ഇ.ഡി അന്വേഷണം പോയിട്ടില്ല. അതേസമയം കവര്‍ന്നതില്‍ 1.4 കോടി രൂപ എവിടെയെന്ന് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.

അതേസമയം, 2024 നവംബറില്‍ ഇരിങ്ങാലക്കുട സെഷന്‍സ് കോടതിയില്‍ പോലീസ് നല്‍കിയ കുറ്റപത്രത്തില്‍ ബി.ജെ.പി നേതാക്കളുടെ ബന്ധം വിശദീകരിക്കുന്ന രേഖകള്‍ ഉണ്ട്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരുന്ന കെ സുരേന്ദ്രനെ ഏഴാം സാക്ഷിയായി ഉള്‍പ്പെടുത്തിയ കുറ്റപത്രത്തില്‍ 145-ാം സാക്ഷിയാക്കിയിരിക്കുന്നത് അദ്ദേഹത്തിന്റെ മകന്‍ കെ.എസ് ഹരികൃഷ്ണനെയാണ്. രണ്ടാം സാക്ഷിയും ബി.ജെ.പി അനുഭാവിയുമായ ധര്‍മരാജന്‍ ഹവാല ഏജന്റാണെന്നും സുരേന്ദ്രന്റെ അറിവോടെയാണ് അയാള്‍ കര്‍ണാടകയില്‍നിന്ന് പണമെത്തിച്ചതെന്നും കുറ്റപത്രത്തിലുണ്ട്.

ബി.ജെ.പി സംസ്ഥാന കോര്‍ഡിനേറ്റിങ് സെക്രട്ടറി എം ഗണേശ്, സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ഗിരീശന്‍ നായര്‍ എന്നിവരുടെ നിര്‍ദേശ പ്രകാരമാണ് ധര്‍മരാജന്‍ ബെംഗളൂരുവില്‍ നിന്ന് ഹവാലപണം എത്തിച്ചത്. കോഴിക്കോടുള്ള ഹവാല ഏജന്റുമാര്‍ മുഖേന 23 കോടി രൂപയാണെത്തിയത്. ധര്‍മരാജന്റെ ഫോണില്‍നിന്ന് കേസിലെ സാക്ഷികളുടെ ഫോണിലേക്ക് തുടര്‍വിളികളെത്തിയെന്ന് കുറ്റപത്രത്തിലുണ്ട്. ആറാം സാക്ഷി സുനില്‍കുമാര്‍, ഗിരീശന്‍ നായര്‍, തൃശ്ശൂര്‍ ജില്ലാ ട്രഷറര്‍ സുജയ് സേനന്‍, ആലപ്പുഴ ജില്ലാ സെക്രട്ടറി ഗോപാലകൃഷ്ണന്‍ കര്‍ത്താ, കെ സുരേന്ദ്രന്റെ ഡ്രൈവര്‍ ലിബീഷ്, സുരേന്ദ്രന്റെ സെക്രട്ടറി ദിപിന്‍ എന്നിവരുമായി ധര്‍മരാജന്‍ സംസാരിച്ചിട്ടുണ്ട്.

യുവമോര്‍ച്ച മുന്‍ സംസ്ഥാന ഖജാന്‍ജി സുനില്‍ നായികും സാക്ഷിയാണ്. ആലപ്പുഴയിലുള്ള തിരുവതാംകൂര്‍ പാലസ് പ്രോപ്പര്‍ട്ടി വാങ്ങുന്നതിന് ധര്‍മരാജ്, ഡ്രൈവര്‍ ഷംജീറിന്റെ പക്കല്‍ കൊടുത്തുവിട്ട 3.56 കോടി രൂപ കൊടകരയില്‍ വച്ച് കൊള്ളയടിച്ചതെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ധര്‍മരാജ് ഹാജരാക്കിയിരുന്നു. പൊലീസ് കണ്ടെത്തിയ കളവ് മുതലിന് പുറമെ 3 ലക്ഷം രൂപയും 8 ലക്ഷം രൂപയുടെ വസ്തുക്കളും ഇഡി കണ്ടുകെട്ടിയിരുന്നു.

കൊടകര കുഴല്‍പ്പണ കേസിനിടയാക്കിയ സംഭവം ഇങ്ങനെയായിരുന്നു...2021 ഏപ്രില്‍ നാലിന് പുലര്‍ച്ചെ 4.40-നാണ് കൊടകരയില്‍ വ്യാജ അപകടം സൃഷ്ടിച്ച് കാര്‍ തട്ടിക്കൊണ്ടു പോയി ക്രിമിനല്‍ സംഘം മൂന്നരക്കോടി കവര്‍ന്നത്. തുടര്‍ന്ന് കാര്‍ ഡ്രൈവര്‍ ഷംജീര്‍ കൊടകര പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. കാര്‍ തട്ടിക്കൊണ്ടു പോയെന്നും അതില്‍ 25 ലക്ഷമുണ്ടെന്നുമായിരുന്നു പരാതി. കേസ് അന്വേഷിച്ച പ്രത്യേക സംഘം, അത് ബി.ജെ.പിയുടെ പണമായിരുന്നുവെന്നും മൂന്നരക്കോടി ഉണ്ടായിരുന്നുവെന്നും കണ്ടെത്തി.

നിയമസഭാ തിരഞ്ഞെടുപ്പിനായി കര്‍ണാടകയില്‍ നിന്ന് ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി കര്‍ത്തയ്ക്ക് നല്‍കാനാണ് കൊണ്ടുപോയതെന്നും ഇരിങ്ങാലക്കുട കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കാണിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 23 പേരെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ 19 നേതാക്കള്‍ സാക്ഷികളാണ്. പണം കൊണ്ടുവന്ന കാറിന്റെ ഡ്രൈവര്‍ ഷംജിര്‍ ആണ് ഒന്നാം സാക്ഷി. ധര്‍മരാജന്‍ രണ്ടാം സാക്ഷിയാണ്. സംഭവത്തില്‍ കേസെടുത്ത കേരള പോലീസ് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. അന്വേഷണം ഏറ്റെടുക്കണമെന്ന പോലീസിന്റെ ആവശ്യത്തോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതികരിച്ചതുമില്ല. രണ്ടു വര്‍ഷത്തോളം അന്വേഷിച്ചിട്ടും ഒളിപ്പിച്ച പണം കണ്ടെത്താനാകാത്തതിനാലായിരുന്നു അന്വേഷണം ഇ.ഡി ഏറ്റെടുക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടത്.

ആവശ്യപ്പെടാതെ തന്നെ ഇത്തരം കേസുകള്‍ ഏറ്റെടുക്കുന്ന ഇ.ഡി എന്നാല്‍ കൊടകര കുഴല്‍പ്പണക്കേസ് അവഗണിക്കുകയായിരുന്നു. കെ സുരേന്ദ്രനെ വിളിച്ചു വരുത്തി തെളിവെടുത്ത കേസ്, അപ്രസക്തമാക്കിയതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ആദ്യഘട്ടത്തില്‍ ശക്തമായ അന്വേഷണവും നടപടികളുമുണ്ടായ കേസ് രണ്ടാം ഘട്ടത്തില്‍ ദുര്‍ബലമായി. കേരളത്തിലേക്ക് പണം എത്തിയ വഴി കണ്ടെത്തി ഒന്നാം ഘട്ട കുറ്റപത്രം സമര്‍പ്പിച്ച് രണ്ടാം ഘട്ട അന്വേഷണത്തില്‍ പണത്തിന്റെ ഉറവിടത്തിനടുത്തേക്ക് എത്തിയപ്പോഴാണ് അന്വേഷണം അട്ടിമറിക്കപ്പെട്ടത്.

സംസ്ഥാന പൊലീസ് മേധാവി 2022 ജൂണില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ഇ.ഡി , ആദായ നികുതി വകുപ്പ്, തിരഞ്ഞെടുപ്പ് കമ്മിഷന്‍ എന്നിവയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍, ധര്‍മരാജന്‍ വഴി ഹവാലപ്പണമായി കേരളത്തില്‍ എത്തിയത് 41.4 കോടി രൂപയെന്നും ബി.ജെ.പിക്ക് വേണ്ടി തിരഞ്ഞെടുപ്പില്‍ ചിലവഴിക്കാനാണ് പണം എത്തിച്ചതെന്നും നേതാക്കളായ കെ സുരേന്ദ്രന്‍, എം ഗണേഷ്, ഗിരീശന്‍ നായര്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണ് പണം എത്തിച്ചത് എന്നും വ്യക്തമാക്കിയിരുന്നു. ഹവാല ഇടപാട് സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇന്വേഷണ സംഘം മേധാവി വി.കെ രാജു, ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ക്കും കത്തയച്ചിരുന്നു.

കേരളത്തിലെ നിയമസഭാ കാലഘട്ടമായ 2021 മാര്‍ച്ച് 5 മുതല്‍ ഏപ്രില്‍ 5 വരെയുള്ള സമയത്താണ് 41.4 കോടി രൂപ തിരുവനന്തപുരം, തൃശൂര്‍, ആലുവ, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, പത്തനംതിട്ട എന്നീ ജില്ലകളിലെ പാര്‍ട്ടി ഭാരവാഹികള്‍ക്ക് വിതരണം ചെയ്തത്. എത്ര കോടി ആര്‍ക്കൊക്കെ ഏതൊക്കെ തീയതികളില്‍ കൈമാറിയെന്നതിന്റെ വിശദ വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. പണം കൊടുത്തവരും വാങ്ങിയവരും തമ്മില്‍ നടന്ന ഫോണ്‍ കോളുകളുടെ രേഖകളും ഇവരെത്തിയ ടവര്‍ലൊക്കേഷനും ചേര്‍ത്താണ് റിപ്പോര്‍ട്ട് നല്‍കിയത്. പക്ഷേ, രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ബന്ധപ്പെട്ട അധികൃതര്‍ ആരും ഒരു നടപടിയുമെടുത്തില്ല.

കേസിലെ സാക്ഷിയും കുഴല്‍പ്പണ ഇടപാട് സമയത്തെ ബി.ജെ.പി ഓഫീസ് സെക്രട്ടറിയുമായിരുന്ന തിരൂര്‍ സതീശ് നടത്തിയ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് കാര്യങ്ങള്‍ തകിടം മറിച്ചത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് തൃശൂരിലെ ബി.ജെ.പി ഓഫീസിലേക്ക് കോടികളുടെ കുഴല്‍പ്പണം എത്തിച്ചെന്നായിരുന്നു തിരൂര്‍ സതീശിന്റെ വെളിപ്പെടുത്തന്‍. ബി.ജെ.പിയെ വെട്ടിലാക്കിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലോടെയാണ് കൊടകര കുഴല്‍ പണക്കേസ് വീണ്ടും പൊങ്ങിവന്നത്.

''ഓഫീസിലേക്ക് ആറ് ചാക്കുകെട്ടുകളില്‍ നിറച്ചായിരുന്നു പണം എത്തിച്ചിരുന്നത്. ധര്‍മ്മരാജന്‍ പണവുമായി ജില്ലാ ഓഫീസിലെത്തുമ്പോള്‍ അവിടെ അന്നത്തെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉണ്ടായിരുന്നു. കവര്‍ച്ച ചെയ്യപ്പെട്ടത് തൃശൂര്‍ ജില്ലാ ഓഫീസില്‍ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപ്പോയ കോടികളാണ്. കുഴല്‍പ്പണം കൊണ്ടുവന്നവര്‍ക്ക് റൂം ബുക്ക് ചെയ്തത് ജില്ലാ ട്രഷറര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ്...'' എന്നാണ് തിരൂര്‍ സതീശ് പറയുന്നത്.

തൃശൂര്‍ ജില്ലയിലേക്കുള്ള പണം ഓഫീസില്‍ ഇറക്കി, ബാക്കി പണവുമായി ആലപ്പുഴയ്ക്കു പോകുമ്പോഴാണ് കൊടകരയില്‍ മൂന്നരക്കോടി രൂപ കൊള്ളയടിച്ചതെന്നും സതീശ് പറഞ്ഞു. കൊടകര കുഴല്‍പ്പണ കേസ് ആരോപണത്തിലുറച്ച് നില്‍ക്കുകയാണ് തിരൂര്‍ സതീശ്. കൊടകര കുഴല്‍പ്പണ കേസിലെ മുഴുവന്‍ സത്യങ്ങളും പൊലീസിനോട് പറയുമെന്നും തിരൂര്‍ സതീശ് ആവര്‍ത്തിച്ചു. സതീസിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കൊടകര കുഴല്‍പ്പണക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ തുടരന്വേഷണം പ്രഖ്യാപിക്കുകയും തുര്‍ന്ന് അന്വേഷണം തുടങ്ങുകയും ചെയ്തു. ഇരിങ്ങാലക്കുട കോടതിയില്‍ രണ്ടു ഘട്ടങ്ങളിലായി കുറ്റപത്രം നല്‍കിയ സംസ്ഥാന പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് പുനരന്വേഷണം ആരംഭിച്ചത്.

സതീശിന്റെ മൊഴികള്‍ ശരിവെക്കുന്ന തരത്തിലാണ് 2021-ല്‍ സമര്‍പ്പിച്ച കുറ്റപത്രവും പണമെത്തിച്ച ധര്‍മരാജന്റെ മൊഴിയും. ധര്‍മ്മരാജനെ ഹവാല ഏജന്റ് എന്നാണ് കുറ്റപത്രം വിശേഷിപ്പിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മാത്രമല്ല, തദ്ദേശ തിരഞ്ഞെടുപ്പിലും 12 കോടി രൂപ ബംഗളൂരുവില്‍ നിന്ന് എത്തിച്ചെന്നാണ് ധര്‍മരാജന്‍ പൊലീസിന് നല്‍കിയ മൊഴി. 2021-ലെ നിയമസഭ തിരഞ്ഞെടുപ്പും അതിന് തൊട്ടുമുന്‍പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പും അട്ടിമറിക്കുക ലക്ഷ്യമിട്ടായിരുന്നു ബി.ജെ.പി കള്ളപ്പണം ഇറക്കിയതത്രേ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക