കൊച്ചി: ‘ഓഫീസർ ഓൺ ഡ്യൂട്ടി’ സിനിമയുടെ കണക്കുമായി ബന്ധപ്പെട്ട് നടൻ കുഞ്ചാക്കോ ബോബൻ നടത്തിയ പ്രതികരണത്തിൽ മറുപടിയുമായി തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. കുഞ്ചാക്കോ ബോബന് ഏത് കണക്കിലാണ് വ്യക്തത വേണ്ടതെന്നും സിനിമകളുടെ കളക്ഷൻ പുറത്തുവിടുന്നതിൽ ആരും അലോസരപ്പെട്ടിട്ട് കാര്യമില്ലെന്നും ഫിയോക് പ്രസിഡന്റ് കെ വിജയകുമാർ പറഞ്ഞു.
കുഞ്ചാക്കോ ബോബൻ ചിത്രത്തെ പറ്റി മാത്രം ചിന്തിച്ചാൽ പോരെന്നും ഫിയോക് പറഞ്ഞു. പെരുപ്പിച്ച കണക്കുകൾ കാരണം തിയേറ്റർ ഉടമകൾ പ്രതിസന്ധിയിലാണ്.
ഓഫീസർ ഓൺ ഡ്യൂട്ടി തിയേറ്ററുകളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസം നൽകിയ സിനിമയാണെന്നും ഫിയോക് പറഞ്ഞു. വിജയിച്ച 10 ശതമാനം സിനിമകളുടെയല്ല, പരാജയപ്പെട്ട 90 ശതമാനം സിനിമകളുടെ നിർമാതാക്കളുടെ അവസ്ഥ കൂടി കാണണം. തിയേറ്ററുകളുടെ ദുരവസ്ഥ പുറത്തുകാണിക്കുന്ന കണക്കുകളാണ് പുറത്തുവിട്ടതെന്നും ഫിയോക് വിശദീകരിച്ചു. പുതുമുഖ നിർമാതാക്കളെ സിനിമയിലേക്ക് ഇറക്കി വഞ്ചിക്കുന്നതിനെതിരെയാണ് നടപടി. പരിചയമില്ലാത്ത പുതിയ നിർമാതാക്കളെ കൊണ്ടുവന്ന് വഞ്ചിക്കാനായി ഒരു കൂട്ടം ആളുകൾ തന്നെ പ്രവർത്തിക്കുന്നുണ്ട്. കോടികളുടെ കണക്ക് കാണിച്ച് അവരെ വഞ്ചിക്കുകയാണെന്നും ഫിയോക് ആരോപിച്ചു