ഓസ്റ്റിൻ, ടെക്സസ്: റിപ്പബ്ലിക്കൻ പാർട്ടിയിൽ ടെക്സസ് ഗവർണർ ഗ്രെഗ് അബ്ബോട്ട് വലിയ ശക്‌തിയായി മാറിയിരിക്കുകയാണ്. വർഷങ്ങളായി പടുത്തുയർത്തിയ ജനപിന്തുണ വളരുന്ന കാഴ്ചയാണ് രാഷ്‌ടീയ നിരീക്ഷകർ കാണുന്നത്. പ്രസിഡന്റ് ട്രംപിന് പിന്നിൽ ദൃഢമായി നിന്നത് പാർട്ടിയിൽ അദ്ദേഹത്തിന്റെ പിന്തുണ വർധിപ്പിച്ചു.
മൂന്നു തവണ ടെക്സസ് ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടത് ജനപിന്തുണ വർധിച്ചതിന് തെളിവായി നിരീക്ഷകർ പറയുന്നു. ട്രംപിന് നൽകിയ നിരുപാധിക പിന്തുണയും ടെക്സസും മെക്സികോയുമായുള്ള അതിർത്തിയിലെ പ്രശ്നങ്ങളിൽ സ്വീകരിച്ച വിട്ടു വീഴ്ചയില്ലാത്ത നിലപാടും അബോട്ടിന്റെ വളർച്ച നിരുപാധികം സഹായിച്ചു. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിച്ഛായ കൂടുതൽ ഉയരങ്ങളിലേക്ക് നീങ്ങുവാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുകയാണെന്നു കഴിഞ്ഞ വർഷങ്ങളിലെ പ്രത്യക്ഷവും പരോക്ഷവും ആയ സൂചനകൾ വ്യക്തമാകുന്ന വര്ഷങ്ങളിലൂടെയാണ് അമേരിക്കൻ രാഷ്ട്രീയം കടന്നു പോകുന്നത്.
ഇങ്ങനെ പടുത്തുയർത്തിയ ദേശിയ പ്രതിച്ഛായ അധികം ഗവര്ണര്മാര്ക്ക് അവകാശപ്പെടാനാവില്ല. കഴിഞ്ഞ പത്തു വർഷങ്ങളിൽ പ്രസിഡന്റിന്റെ പ്രശംസയും പിന്തുണയും നിരുപാധികം അബോട്ടിനു ലഭിച്ചിരുന്നു.
അബോട്ടിനു യു എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുവാനോ നാലാം തവണയും ഗവർണറാകാൻ മത്സരിക്കുവാനോ ഉള്ള അവസരം ഒരുങ്ങുകയാണ്. രണ്ടു മാർഗങ്ങളിൽ ഏതായാലും റിപ്പബ്ലിക്കൻ പാർട്ടിയിൽ അദ്ദേഹത്തിന് വലിയ കരുത്തും ശക്തിയും നൽകുന്ന വര്ഷങ്ങളാണ് മുന്നിലുള്ളത്.
അബോട്ടും ട്രംപും തമ്മിൽ സാമ്യങ്ങൾ ഏറെ
രണ്ടാമത് തവണ പ്രസിഡന്റായി അധികാരം ഏറ്റ ശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ ട്രംപ് അബോട്ടിനു മേൽ പ്രശംസകൾ ചൊരിയുന്നത് കണ്ടവർ അബോട്ടിനെ കാത്തിരിക്കുന്ന വലിയ പദവിയെ കുറിച്ച് ചർച്ചകളിൽ മുഴുകി. അബോട്ടും ട്രംപും തമ്മിൽ സാമ്യങ്ങൾ ഏറെയുണ്ട്. രണ്ടു പേരും ചെയ്യുന്ന കാര്യങ്ങൾക്കു മാധ്യമങ്ങളിലൂടെ പ്രസിദ്ധി വേണമെന്ന് നിർബന്ധമാണ്. ഇത് തന്നെയാണ് അബോട്ട് ഗവർണർ സ്ഥാനത്തു തന്നെ ഒതുങ്ങി നിൽക്കില്ല എന്ന് ഊഹിക്കുവാൻ നിരീക്ഷകരെ തയ്യാറാക്കിയത്.
ഇപ്പോൾ അബ്ബോട്ട് ടെക്സസിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു സംസ്ഥാനത്തിന്റെ പ്രശ്നങ്ങളിൽ വ്യാപൃതനായി കഴിയുകയാണ്.
അബോട്ട് തുടരെ പറയാറുണ്ട്, തനിക്കു കിട്ടിയിരിക്കുന്നത് രാജ്യത്തെ ഏറ്റവും മെച്ചമായ രണ്ടാമത്തെ പദവിയാണ്, ഈ പദവിയിൽ താൻ സംതൃപ്‌തനാണ്, താൻ ചെയ്യുന്ന കാര്യങ്ങളിലും സംതൃപ്‌തനാണ് എന്ന്. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പു വേളയിൽ തനിക്കു വാഷിങ്ങ്ടണിലേക്ക് പോകാൻ താല്പര്യം ഇല്ല എന്നും ട്രംപിനോട് പറഞ്ഞു.
ഇതൊക്കെയാണെങ്കിലും അബോട്ടിന്റെ ഭാവി സ്വപ്നങ്ങളെ കുറിച്ച് ഊഹാപോഹങ്ങൾ തുടരുകയാണ്.
ട്രംപും അബോട്ടും യോജിക്കുന്ന പല കാര്യങ്ങളും ഉണ്ട്. ഇവയിൽ പ്രധാനം (നിയമവിരുദ്ധ) കുടിയേറ്റം, അതിർത്തി സുരക്ഷ, ഫെഡറൽ ഗവണ്മെന്റിന്റെ നിയന്ത്രണം, ഗവർണറുടെ പുതിയ നിലപാടായ സ്റ്റേറ്റ് ബോർഡർ സെക്യൂരിറ്റിക്ക് വേണ്ടി ബൈഡൻ ഭരിക്കുമ്പോൾ സംസ്ഥാനം ചിലവഴിച്ച 11 ബില്യൺ ഡോളർ തിരിച്ചു നൽകണം എന്ന ആവശ്യം എന്നിവയിൽ ടെക്സസും പ്രസിഡന്റും യോജിച്ചു തീരുമാനം എടുക്കണം എന്നീ വിഷയങ്ങളിൽ അബോട്ടിനോട് ട്രംപ് വിയോജിപ്പ് രേഖപ്പെടുത്തിയിട്ടില്ല.
ഈ വിഷയങ്ങളിൽ സംസ്ഥാനത്തിന് ലഭിക്കാനുള്ള പണത്തിനു വേണ്ടി പല തവണ വാഷിഗ്ടണിലേക്കു അബോട്ട് യാത്ര ചെയ്തിട്ടുണ്ട്. ട്രമ്പിനോട് അടുത്ത് നിൽകുമ്പോൾ 'ബട്ടറിങ് ടെക്സസ്' (ടെക്സസിനെ അനുകൂലിക്കുക എന്ന നയം) ഫെഡറൽ അധികാരികളിൽ നിന്ന് പ്രതീക്ഷിക്കാം എന്ന് അബോട്ടും അനുയായികളും കരുതുന്നു.
2024 ൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് മല്സരിക്കുവാൻ അബോട്ട് ചില്ലറ ശ്രമങ്ങൾ നടത്തിയതാണ്. പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പു പ്രചാരണ കാലത്തു മത്സരം കൊടുമ്പിരി കൊള്ളാറുള്ള 'ബാറ്റിൽ ഗ്രൗണ്ട്' സംസ്ഥാനങ്ങളിൽ പല തവണ പ്രത്യക്ഷപെട്ടു. എന്നാൽ പ്രത്യക്ഷമായി ഒരു സ്ഥാനാർത്ഥിയായി രംഗത്ത് വന്നില്ല. ട്രംപ് സ്ഥാനാർത്ഥിയായി രംഗത്ത് വന്നപ്പോൾ പിൻവാങ്ങുകയും ചെയ്തു. ഇപ്പോൾ 8 വർഷത്തെ പരിമിതിയിൽ ട്രംപ് വീണ്ടും മത്സരിക്കില്ല എന്ന് കരുതുമ്പോൾ മത്സര രംഗം പൂർണമായും തുറന്നിരിക്കുന്നതിനാൽ അബോട്ട് മത്സരിക്കുവാൻ വലിയ പ്രശ്നങ്ങൾ മുന്നിൽ ഇല്ല.
മത്സരിക്കുമോ ഇല്ലയോ എന്ന് തീർത്തു പറയാനാവില്ലെങ്കിലും മത്സരിക്കുവാൻ ഉള്ള വലിയ സാദ്ധ്യതകൾ തള്ളിക്കളയുവാനാകുന്നില്ല. 'ഗ്രെഗ് അബോട്ടിന്റെ സാദ്ധ്യതകൾ വർധിക്കുകയാണ്', റിപ്പബ്ലിക്കൻ പൊളിറ്റിക്കൽ കോൺസൾറ്റൻറ് ബ്രെണ്ടൻ സ്റ്റൻഹാസർ പറഞ്ഞു.
2028 പ്രസിഡണ്ട് സ്ഥാനാർത്ഥിയാകാൻ ആഗ്രഹിക്കുന്നവർ 'എടുത്തു ചാടുക' തിങ്ങി നിറഞ്ഞ മത്സര വേദിയിലേക്കാവും. വൈസ് പ്രസിഡണ്ട് ജെ ഡി വാൻസ്, സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ,യു എസ് സെനറ്റർ റ്റെഡ് ക്രൂസ് (ടെക്സാസ്), തുടങ്ങി ധാരാളം പേർ റിപ്പബ്ലിക്കൻ പ്രൈമറികളിൽ മത്സരിക്കുവാൻ തയ്യാറായേക്കും. അടുത്ത വർഷം (2026 ) ആദ്യം മുതൽ സൂചനകൾ ലഭ്യമായി തുടങ്ങും.
അബോട്ട് ഫെഡറൽ ഗവൺമെന്റിന്റെ പിന്തുണയിൽ പല കാര്യങ്ങളും ടെക്സസിനു വേണ്ടി ചെയ്തിട്ടുണ്ട്. യുദ്ധ മുഖത്ത് നിന്ന് ശാരീരിക പരിമിതികളുമായി മടങ്ങിയ ഈ വിമുക്ത ഭടൻ വീൽ ചെയറിൽ ഇരുന്നാണ് കൃത്യ നിർവഹണം നടത്തുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ ടിക്കറ്റ് ലഭിച്ചാലോ പ്രസിഡന്റായി വിജയിക്കുവാൻ കഴിഞ്ഞാലോ ഇത്രയും ശാരീരിക പരിമിതികൾ ഉള്ള ഒരു വ്യക്തി ആദ്യമായി ആയിരിക്കും ഈ നേട്ടങ്ങൾ കൈവരിക്കുക.
Texas Gov seen a possible GOP presidential candidate