യെമെനിലെ ഹൂത്തി ഭീകരർക്കു നേരെ ആക്രമണം നടത്താനുള്ള പദ്ധതി മാധ്യമ പ്രവർത്തകനു ചോർന്നു കിട്ടിയതിന്റെ കുറ്റം ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്സേത്തിനാണെന്നു സെനറ്റിൽ ചൊവാഴ്ച്ച നടന്ന വിചാരണയിൽ ട്രംപ് ഭരണകൂടത്തിലെ മറ്റു പ്രധാന ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
എന്നാൽ അതീവ രഹസ്യമായ വിവരങ്ങൾ 'അറ്റ്ലാന്റിക്' എഡിറ്റർ ഇൻ ചീഫ് ജെഫ്രി ഗോൾഡ്ബർഗിനു ചോർന്നിട്ടില്ല എന്നാണ് ഡയറക്‌ടർ ഓഫ് നാഷനൽ ഇന്റലിജൻസ് തുൾസി ഗാബർഡ്, സി ഐ എ ഡയറക്‌ടർ ജോൺ റാറ്റ്ക്ലിഫ് എന്നിവർ തറപ്പിച്ചു പറഞ്ഞത്.
"അതീവ രഹസ്യമായ ഒരു വിവരവും ചോർന്നില്ല," ഗാബർഡ് പറഞ്ഞു. റാറ്റ്ക്ലിഫ് അത് ശരിവച്ചു. ചോർന്ന കാര്യങ്ങളിൽ ഡിഫൻസ് ഡിപ്പാർട്മെന്റ് രഹസ്യങ്ങൾ ഉണ്ടോ എന്ന ചോദ്യത്തിന് ഇരുവരും നൽകിയ മറുപടി അക്കാര്യം ഹെഗ്സേത്ത് ആണ് പറയേണ്ടത് എന്നാണവർ പ്രതികരിച്ചത്. ഒന്നും ഉണ്ടായിരുന്നില്ലെന്നു ഹെഗ്സേത്ത് വിശദീകരിച്ചിട്ടുണ്ടെന്നും ഇരുവരും ചൂണ്ടിക്കാട്ടി.
ഇന്റലിജൻസ് ഏജൻസികൾ കുറ്റം ഹെഗ്സേത്തിന്റെ മേൽ ചാരാൻ ശ്രമിക്കയാണ് ചെയ്‌തതെന്ന വ്യാഖ്യാനം ഉണ്ടായതായി സി എൻ എൻ പറയുന്നു.
ആക്രമണത്തിന്റെ സമയം, ലക്ഷ്യങ്ങൾ, ആയുധങ്ങൾ ഇവയെ കുറിച്ച് പരാമർശിക്കുന്നത് അതീവ രഹസ്യ വിവരം തന്നെയാണെന്നു വിദഗ്‌ധർ പറയുന്നത്. ചർച്ച നടന്ന സിഗ്നൽ എന്ന പ്ലാറ്റ്‌ഫോമിന് രഹസ്യമായ ഗവൺമെൻറ് വിവരങ്ങൾ കൈകാര്യം ചെയ്യാനുള്ള അനുമതിയില്ല.
സൈനിക രഹസ്യം ഡിഫൻസ് സെക്രട്ടറിയുടെ വിഷയമാണെന്നും സിവിലിയൻ രഹസ്യങ്ങൾ വ്യത്യസ്തമെന്നും സ്ഥാപിക്കാനാണ് ഗാബർഡും റാറ്റ്ക്ലിഫും ശ്രമിക്കുന്നതെന്നു റിപ്പബ്ലിക്കൻ സെനറ്റർ ടോം കോട്ടൺ ചൂണ്ടിക്കാട്ടി. "ഇന്റലിജൻസ് സമൂഹത്തിൽ അതീവ രഹസ്യ വിവരങ്ങൾ ഇല്ല," അദ്ദേഹം പറഞ്ഞു.
"അതു ശരിയാണ്," ഗാബർഡും റാറ്റ്ക്ലിഫും പറഞ്ഞു.
യുദ്ധപദ്ധതി ചർച്ച ചെയ്തിട്ടില്ലെന്നു ഹെഗ്സേത്ത് തിങ്കളാഴ്ച്ച പറഞ്ഞിരുന്നു. ഗോൾഡ്ബർഗിനെ പ്രസിഡന്റ് ട്രംപ് ആക്ഷേപിച്ച രീതിയിൽ തന്നെ വിമർശിക്കയും ചെയ്തു.
ഗാബർഡ് നിലപാടുകൾ മാറ്റുന്നു
ചർച്ചയിൽ പങ്കെടുത്തുവെന്നു സ്ഥിരീകരിക്കാൻ ആദ്യം വിസമ്മതിച്ച ഗാബർഡ് പിന്നീട് ആ സംഭാഷണ ഭാഗങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചു. "പൊതുവായി ആക്രമണ ലക്ഷ്യങ്ങളെ കുറിച്ചാണ് അവർ സംസാരിച്ചത്."
ഹെഗ്സേത്ത് ആയുധങ്ങൾ, പാക്കേജുകൾ, ലക്ഷ്യങ്ങൾ, സമയം എന്നിവയെ കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകിയെന്നു നാഷനൽ സെക്യൂരിറ്റി കൗൺസിൽ സ്ഥിരീകരിച്ച സന്ദേശങ്ങൾ ഉദ്ധരിച്ചു 'ദ അറ്റ്ലാന്റിക്' പറഞ്ഞു.
ഹെഗ്സേത്ത് അതീവരഹസ്യമായ വിവരങ്ങൾ മനസിലാക്കിയോ എന്ന ചോദ്യമാണ് വിവാദത്തിൽ പ്രധാന വിഷയമാവുന്നത്.
ചില റിപ്പബ്ലിക്കൻ നേതാക്കന്മാർ ഹെഗ്സേത്തിന്റെ നേരെ വിരൽ ചൂണ്ടാൻ മടിച്ചില്ല. എയർ ഫോഴ്സ് ബ്രിഗേഡിയർ ജനറൽ ആയിരുന്ന റെപ്.ഡോൺ ബേക്കൺ പറഞ്ഞു: "ഏറ്റവും ഉത്തരവാദിത്തം കാട്ടേണ്ടത്, അല്ലെങ്കിൽ ഏറ്റവും കുറ്റക്കാരനായത് ഡിഫൻസ് സെക്രട്ടറിയാണ്."
Senate hearing points to Hegseth