Image

ശ്രീകുമാർ ഉണ്ണിത്താൻ കർഷകശ്രീ; ലാലി കളപ്പുരക്കൽ പുഷ്‌പശ്രീ: അവാർഡുകൾ മാർച്ച് 28 -നു നൽകും

മാത്യുകുട്ടി ഈശോ Published on 26 March, 2025
ശ്രീകുമാർ ഉണ്ണിത്താൻ  കർഷകശ്രീ; ലാലി കളപ്പുരക്കൽ  പുഷ്‌പശ്രീ:  അവാർഡുകൾ മാർച്ച് 28 -നു നൽകും

ന്യൂയോർക്ക്:  കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലധികമായി ന്യൂയോർക്കിൽ നടത്തി വരുന്ന കർഷകശ്രീ, പുഷ്‌പശ്രീ അവാർഡുകൾ 2024-ലെ ജേതാക്കൾക്ക് ഈ വെള്ളിയാഴ്ച വൈകിട്ട് 5-ന്  എൽമോണ്ടിലുള്ള കേരളാ സെൻററിൽ (Kerala Center, 1824 Fairfax Street, Elmont, NY 11003)   വച്ച് നടത്തപ്പെടുന്ന ചടങ്ങിൽ വിതരണം ചെയ്യുന്നു.  "അമേരിക്കൻ കർഷകശ്രീ ന്യൂയോർക്കും" മലയാളം ഗ്ലോബൽ വോയ്‌സ് എന്ന അച്ചടി മാധ്യമവും സംയുക്തമായാണ് അവാർഡ് വിതരണം നടത്തുന്നത്. പരിമിത കാലാവസ്ഥയിൽ പച്ചക്കറി കൃഷി ചെയ്യുവാൻ തൽപ്പരായവരെയും വീടുകളുടെ മുൻഭാഗം പൂന്തോട്ടങ്ങളാൽ മനോഹരമാക്കുവാൻ പരിശ്രമിക്കുന്നവരെയും പ്രോത്സാഹിപ്പിക്കുന്ന  മലയാളീ കൂട്ടായ്മയാണ്  2009-ൽ സ്ഥാപിതമായ  "അമേരിക്കൻ കർഷകശ്രീ ന്യൂയോർക്ക്".  അച്ചടി മാധ്യമ രംഗത്ത് പുതുമ സൃഷ്ഠിച്ചുകൊണ്ട് ലോങ്ങ് ഐലൻഡിൽ നിന്നും പുതുതായി  പ്രസിദ്ധീകരിക്കുന്ന ന്യൂസ്പേപ്പറാണ്  മലയാളം ഗ്ലോബൽ വോയ്‌സ്.

മലയാളം 24-ന്യൂസ് ചാനൽ എഡിറ്റർ-ഇൻ-ചാർജ് പി. പി. ജെയിംസ്  മുഖ്യാതിഥിയായി അവാർഡുകൾ സമ്മാനിക്കും. ഫൊക്കാനാ നാഷണൽ  ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനാണ് ഈ വർഷത്തെ കർഷകശ്രീ അവാർഡ് ജേതാവ്.  ലോങ്ങ് ഐലൻഡ് മലയാളീ സമൂഹത്തിൽ വിവിധ സംഘടനകളിലൂടെ സാമൂഹിക പ്രവർത്തനങ്ങളിൽ വ്യാപൃതയായ ലാലി കളപ്പുരക്കലാണ്  പുഷ്‌പശ്രീ അവാർഡിന് അർഹയായത്. മുൻ സ്പോർട്സ് താരവും അത്ലറ്റിക്സിൽ ഏഷ്യൻ ഗെയിംസ് ജേതാവുമായ ബെന്നി ജോൺ  കർഷകശ്രീ അവാർഡ് രണ്ടാം സ്ഥാനത്തിനും  ലോങ്ങ് ഐലൻഡ് ഭാഗത്തെ സ്ഥിര താമസക്കാരനും കൃഷി തല്പരനുമായ റോയി മാണി കർഷകശ്രീ മൂന്നാം സ്ഥാനത്തിനും അർഹരായി.

നേഴ്‌സായ സുഷമാ സ്വർണ്ണകുമാറിന് പുഷ്‌പശ്രീ രണ്ടാം സ്ഥാനവും, ഷേർളി പ്രാലേലിനു പുഷ്‌പശ്രീ മൂന്നാം സ്ഥാനവും ലഭിച്ചു. സുഷമ ബാബിലോണിലാണ് താമസം.  കാതൊലിക് ഹെൽത്ത് കെയറിൽ നേഴ്‌സായി സേവനം ചെയ്യുന്നു. മൂന്നാം സമ്മാനാർഹ ഷേർളി  ക്വീൻസ് ബെല്ലറോസിലാണ് താമസം. വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് നടക്കുന്ന സമ്മാനദാന ചടങ്ങിൽ സമൂഹത്തിലെ വിവിധ തുറകളിൽപ്പെട്ട ധാരാളം പേർ പങ്കെടുക്കുമെന്ന് സംഘാടകനും മലയാളം ഗ്ലോബൽ വോയ്‌സ് ചീഫ് എഡിറ്ററുമായ ഫിലിപ്പ് മഠത്തിൽ അറിയിച്ചു. അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള എല്ലാവരെയും മഠത്തിൽ യോഗത്തിലേക്ക് ക്ഷണിക്കുന്നു.

“കർഷകശ്രീ” ഒന്നാം സമ്മാനമായ എവർ റോളിങ്ങ് ട്രോഫി പ്രമുഖ വ്യവസായിയും എറിക് ഷൂസ്, ഹാനോവർ ബാങ്ക് എന്നിവയുടെ സാരഥിയുമായ വർക്കി എബ്രഹാമാണ് സ്പോൺസർ ചെയ്തിരിക്കുന്നത്. “പുഷ്പശ്രീ”-യുടെ ഒന്നാം സമ്മാനമായി എവർ റോളിങ്ങ് ട്രോഫി ഡാള്ളസിലുള്ള പ്രമുഖ വ്യവസായിയും യാക്കോബായ സഭാ കമ്മാൻഡറുമായ വർഗ്ഗീസ് ചാമത്തിലാണ് സ്പോൺസർ ചെയ്തിരിക്കുന്നത്.  കൂടുതൽ വിവരത്തിന് ബന്ധപ്പെടുക : ഫിലിപ്പ് മഠത്തിൽ - 917-459-7819.

Join WhatsApp News
സുഭാഷ് പോണോളി 2025-03-26 16:45:20
സാറെ അഭിനന്ദനങ്ങൾ എല്ലാവർക്കും,ഉണ്ണിത്താനെ എനിക്ക് പരിചയമുണ്ട്..👍👍🙏🙏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക