മറ്റൊരാളിൽ ആനന്ദം തിരഞ്ഞു പോകുമ്പോൾ ആണ് ഒരാൾ ഭൂമിയിലെ ഏറ്റവും വലിയ വിഡ്ഢിയാകുന്നത്.
കാരണം അപ്പോൾ അവനെ ബാധിച്ചിരിക്കുന്നത് തന്റെ മനസ്സിലേക്ക് തന്നെ ചുഴിഞ്ഞു നോക്കേണ്ട സ്വന്തം കണ്ണുകളിലെ അന്ധതയാണ്..
ആരാണ് അവനെ അല്ലെങ്കിൽ അവളെ അന്ധയാക്കിയത്. അതിനു പല കാരണങ്ങൾ ഉണ്ടാകാം.. ഒരിറ്റു വെളിച്ചം കാണിച്ചിട്ട് ഇരുളിൽ തനിച്ചാക്കിയവരാകാം.
എന്നും കൂടെ കൂട്ടായി ഉണ്ടാകും എന്ന് മോഹിപ്പിച്ച ഒരാൾ ആകാം. ഓർക്കാപ്പുറത്തു മാഞ്ഞൂ പോയ സീമന്ത സിന്ദൂരമാകാം..കാലം ബാക്കി വെച്ച പല നിഗൂഢതകളും ഉള്ളിൽ ഒളിപ്പിച്ചു വെച്ച ഒരാൾ തുറന്ന പുസ്തകമായ നിങ്ങളെ വായിച്ചു മനസ്സിലാക്കി ഇനി തുറക്കാതെ അടച്ചു വെച്ച ഒരു അദ്ധ്യായം ആക്കിയിട്ടാകാം. മെല്ലെ മെല്ലെ അടർന്നടർന്നവർ അകന്നു പോകുമ്പോൾ ഹൃദയത്തിൽ നിന്നു വേ രോടെ പിഴുതു മാറ്റി ആ സ്ഥാനത്തു നിങ്ങളെ തന്നെ കാണുക.
നിങ്ങളിൽ തന്നെ ആഴത്തിൽ വേരോടിയ നിങ്ങളെ കണ്ടെത്തുക.. ചിലപ്പോൾ നിങ്ങൾ പോലും അറിയാതെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകളെ അപ്പോഴാകും സ്വയം തിരിച്ചറിയുക.
അത്രത്തോളം ഭാഗ്യം നിങ്ങൾക്ക് തന്നവരോട് നന്ദി പറയുകയല്ലേ വേണ്ടത് അപ്പോൾ.? അല്ലാതെ അയാളോ അവളോ ഇല്ലാതെ ഒരു ജീവിതമില്ല.. തേച്ചിട്ടു പോയില്ലേ എന്ന് വിലപിക്കുന്ന, പരിഭവിക്കുന്ന നേരത്ത് ചുറ്റിനും ഒന്ന് നോക്കു.
പ്രിയപ്പെട്ടതെന്തെല്ലാം അവിടെയു ണ്ടാകും. ഓർമ്മകളുടെ നിറമുള്ള കുപ്പിവളപ്പൊട്ടുകൾ, ഇടറാതെ ബാല്യത്തിന്റെ നടവരമ്പുകൾ പിന്നിടാൻ ചൂണ്ടു വിരൽ തുമ്പായ അച്ഛനോർമ്മകൾ,അനുസരണയുടെ മുൾവേലികൾക്കുള്ളിൽ തളച്ചിട്ട ശാസനകളുടെ അമ്മയോർമ്മകൾ.. യൗവനം പകുത്തെടുത്ത പ്രണയോന്മാദങ്ങൾ.. ആരുമറിയാതെ ആത്മാവിനോട് ചേർത്ത് പിടിക്കുന്ന ഒരു വിമൂക പ്രണയം... അത്ര മേൽ പ്രിയമാർന്നൊരാൾ..
നേടിയവ എല്ലാം നമ്മുടെത് ആയിരുന്നില്ലെന്നും നാം ഒന്നും കൊണ്ട് വന്നിട്ടില്ല എന്നും കൂടെ ഒന്നും കൊണ്ടുപോകുന്നില്ല എന്നുമുള്ള വിശുദ്ധമായ തിരിച്ചറിവ്..
എപ്പോൾ വേണമെങ്കിലും ഇല്ലാതാകാവുന്ന പ്രാണനിൽ സൂക്ഷിക്കാൻ ആരെയും നോവിച്ചിട്ടില്ല എന്ന സന്തോഷം. ഒരു കാലഘട്ടം കഴിഞ്ഞാൽ ഇതൊക്കെ പോരേ ജീവിക്കാൻ.. ജീവിതം ആസ്വദിക്കാൻ..അത് കൊണ്ട് ആനന്ദം തിരഞ്ഞു പോകേണ്ടതില്ലല്ലോ. അത് നമ്മളിൽ തന്നെയല്ലേ കുടി കൊള്ളുന്നത്.? പിന്നെന്തിനീ നൊമ്പരം?
( ഈ അടുത്ത കാലത്ത് ഒരുപാട് തേപ്പ് പോസ്റ്റുകൾ വായിച്ചപ്പോൾ തോന്നിയത്. ചിലപ്പോൾ അവ വെറും സങ്കൽപ്പങ്ങൾ ആയിരിക്കാം.. ചിലപ്പോൾ സത്യവും )