എൻ്റെ കുട്ടിക്കാലം ഒരു ഗ്രാമത്തിലായിരുന്നു.
ജലവും പച്ചയും തിരണ്ടി നിൽക്കുന്ന തൃക്കൊടിത്താനം എന്ന ഗ്രാമത്തിലായിരുന്നു എൻ്റെ കുട്ടിക്കാലം.
ഒരായുഷ്കാലത്തിൻ്റെ ഓർമ്മകൾ എനിക്ക് സമ്മാനിച്ച ഒരു കുട്ടികാലം.
**
ഇരൂപ്പാക്കുന്നിറങ്ങി വരുമ്പോൾ കലിങ്കിനു കിഴക്കോട്ട് തൃക്കൊടിത്താനം എന്ന ഗ്രാമം തുടങ്ങുന്നു.
അവിടെയാണ് ഞാൻ ജനിച്ച ഇളയശ്ശേരിൽ വീട്.
എൻ്റെ അച്ഛൻ്റെ ബാല്യത്തിൽ ഓലകെട്ടി മറച്ച പൂഴിമണ്ണ് തറയായിട്ടുള്ള ഒരു വീടായിരുന്നു ഇളയശ്ശേരിൽ വീട്. പിന്നീട് തറകെട്ടി ചാണകം മെഴുകിയ വീടായി. പിൽകാലത്ത് ഓടിട്ട വീട് പണിതിരുന്നെങ്കിലും ആ പഴയ ഓലമേഞ്ഞ വീട് "ചാർത്ത്" എന്ന പേരിൽ നിലനിന്നിരുന്നു .. എൻ്റെ കുട്ടിക്കാലത്തും.
ആറു ചിറ്റപ്പന്മാരും ഒരപ്പച്ചിയും രണ്ടു വല്യച്ഛന്മാരും അച്ഛമ്മയും ഉണ്ടായിരുന്ന ഒരു വലിയ ജനക്കൂട്ടത്തിലോട്ടായിരുന്നു ഞാൻ പിറന്നുവീണത് .
മാവും പ്ലാവും .. ആഞ്ഞിലിയും പുളിമരവും .. തെങ്ങും കൗങ്ങും .. നെല്ലിയും, ജാതിയും .. പേരയും ഓമലും .. ചേമ്പും കാച്ചിലും കൈതയും സമൃദ്ധമായി തഴച്ചു വളർന്നു നിൽക്കുന്ന ഒരു ഭൂമികയായിരുന്നു അത്.
തൊടിയിൽ പൂക്കളും പറന്നു കളിക്കുന്ന വണ്ടുകളും, പൂമ്പാറ്റകളും, തുമ്പികളും .. പൂഴിമണ്ണിൽ നീങ്ങുന്ന ഉറുമ്പുകളും ഒളിഞ്ഞു കിടന്നുറങ്ങുന്ന കുഴിയാനകളും .. മരങ്ങളിൽ ചാടി ചാടി ഓടികളിക്കുന്ന അണ്ണാറക്കണ്ണന്മാർ ..
പറമ്പിനപ്പുറം പച്ച വിരിച്ച നെല്പാടങ്ങളായിരുന്നു.
വിളഞ്ഞു നിൽക്കുന്ന നെൽക്കതിരുകൾ സൂര്യപ്രകാശത്തിൽ സ്വർണം പോലെ തിളങ്ങിയിരുന്നു .. നോക്കെത്താത്ത ദൂരം വരെ. നെല്പാടങ്ങൾക്ക് നടുവിലൂടെ ഒഴുകുന്ന വലിയ തോട്. ദൂരെ പാടത്തിനു കുറുകെ നീണ്ടുകിടക്കുന്ന തീവണ്ടി പാളങ്ങൾ.
ഈയാമ്മേലിയും, കണിയാൻപ്പറമ്പും, മണ്ണാവുന്നേലും, മണലോടിയും, കൈലാസവും ഇളയശ്ശേരി വീടിൻ്റെ അയല്പക്കങ്ങളായിരുന്നു.
**
തൃക്കൊടിത്താനത്തെ മഹാദേവ ക്ഷേത്രത്തിൻ്റെ നിർമ്മിതിയുടെ നാളുകളിൽ വൈക്കത്തുനിന്നും ത്രിക്കൊടിത്താനത്ത് വന്നു താമസമാക്കിയ ആശാരിമാരായിരുന്നു ഞങ്ങളുടെ കുടുംബത്തെ പൂർവികർ. ഐതീഹ്യമാലയിൽ ഈ ആശാരിമാരെക്കുറിച്ചു പറയുന്നുണ്ട്. വൈക്കത്തുശേരിയും, കിശക്കേടവും, വാലുപ്പറമ്പും, മല്ലപ്പള്ളി പറമ്പും, ഇളയശ്ശേരിയുമൊക്കെ തലമുറകൾക്ക് മുമ്പ് ആ ദേശത്തു വന്നു താമസമാക്കിയ ആശാരിമാരായിരുന്നു. അവർ പിന്നെ പെറ്റുപെരുകി.
ഉത്സവകാലത്തു മഹാദേവ ക്ഷേത്രത്തിൻ്റെ പടിഞ്ഞാറേ നടയിൽ നരസിംഹ മൂർത്തിക്ക് മുന്നിൽ കൊടിമരം നാട്ടുവാനുള്ള അവകാശം ഈ കുടുംബങ്ങൾക്ക് പണ്ട് കാലം മുതലേ അവകാശപ്പെട്ടതായിരുന്നു.
വ്രതാനുഷ്ഠാനങ്ങളോടെ ഈ കുടുംബങ്ങളിൽ ഏതെങ്കിലും ഒന്നിലെ പറമ്പുകളിൽ നിന്ന് ഒരു കവുങ്ങ് വെട്ടി ചെത്തി മിനുക്കി ആചാരമര്യാദകളോടെ ക്ഷേത്രത്തിലെ പടിഞ്ഞാറേ നടയിൽ കുടുംബത്തിലെ മുതിർന്നവർ കൊണ്ടുചെന്ന് സ്ഥാപിക്കുമായിരുന്നു .. എൻ്റെ കുട്ടിക്കാലത്ത്.
കാലം നീങ്ങിയപ്പോൾ അമ്പലത്തിൽ സ്ഥിരമായ കൊടിമരങ്ങൾ സ്ഥാപിതമാകുകയും പഴയ ആചാരങ്ങൾ അന്യം നിന്ന് പോകുകയും ചെയ്തു.
**
വല്യച്ചന്മാരും ചിറ്റപ്പന്മാരും വീട്ടിലെ ചാർത്തിനടുത്തുള്ള ഓല മേഞ്ഞ പണിപ്പുരയിൽ ഇരുന്നു തടിയിൽ ഉളിയും കൊട്ടുവടിയും കൊണ്ട് തട്ടി ഉണർത്തുന്ന ശബ്ദങ്ങൾ കേട്ടുകൊണ്ടായിരുന്നു രാവിലെ ഞാൻ ഉണരുന്നത്.
ഒരു കൊച്ചുളിയും, കൊട്ടുവടിയും ചിന്തേരും അവർ എനിക്കും ഉണ്ടാക്കിത്തന്നിരുന്നു. വലുതാവുമ്പോൾ വല്യച്ചന്മാരെ പോലെ ഞാനും ഉളിയും കൊട്ടുവടിയുമായി ആശാരിപ്പണിക്കു പോകും എന്നു ഞാൻ സ്വപ്നം കണ്ടിരുന്നു.
എൻ്റെ അച്ഛമ്മ എപ്പോഴും വീട്ടു ജോലികളിൽ വ്യാപൃതയായിരുന്നു. പതിമൂന്നാം വയസ്സിൽ വല്യച്ഛനെ കല്യാണം കഴിച്ച അച്ഛമ്മ പതിമൂന്നു കുഞ്ഞുങ്ങളെ പ്രസവിച്ചു. നാലു കുഞ്ഞുങ്ങൾ അസുഖം വന്നു മരിച്ചു പോയി. ഏറ്റവും ഇളയതായി പിറന്ന ആൺകുഞ്ഞ് അയലത്തെ വീട്ടിലെ അടപ്പില്ലാത്ത കിണറ്റിൽ വീണു മുങ്ങി മരിച്ചു. നിലനിന്നവർ എട്ടു പേർ. ഏഴു ആണും ഒരു പെണ്ണും. എൻ്റെ അച്ഛനായിരുന്നു എട്ടുപേരിലും മൂത്തത്ത്. അഹോരാത്രം അച്ഛമ്മ വീട്ടുപണികൾ ചെയ്‌തു. പറമ്പും പരിസരങ്ങളും അവർ ഒറ്റയ്ക്കു വെട്ടി തൂത്തു വൃത്തിയാക്കിയിരുന്നു. അടുക്കളത്തോട്ടത്തിലെ ഫലവർഗങ്ങളെ സ്വന്തം കുഞ്ഞുങ്ങളെ പോലെ നോക്കിയിരുന്നു. ഞാൻ ജനിക്കുമ്പോൾ സുഖദുഃഖ സമ്മിശ്രമായ നാലു സംവത്സരങ്ങൾ അച്ഛമ്മ ആ കുടുംബത്തിൽ ജീവിച്ചു കഴിഞ്ഞിരുന്നു.
കുട്ടനാട്ടിലെ വാലടി എന്ന തുരുത്തിലായിരുന്നു അച്ഛമ്മ ജനിച്ച വീട്. അച്ഛമ്മയുടെ ആങ്ങളമാർ ഇളയശ്ശേരിൽ വീട്ടിൽ വരുമ്പോൾ എൻ്റെ അച്ഛനും ചിറ്റപ്പന്മാരും ഭയഭക്തി ബഹുമാനങ്ങളോടെ അമ്മാവന്മാരെ പരിചരിച്ചിരുന്നു. 'വാടാ ഇവിടെ .. കഴിവരുടമക്കളെ ..' എന്ന് അമ്മാവന്മാർ വിളിക്കുമ്പോൾ അവർ ഓടി എത്തിയിരുന്നു.
**
എൻ്റെ ആദ്യത്തെ വിദ്യാലയം ഒരു കളരിയായിരുന്നു. തറയിൽ ഇരുന്നു മണ്ണിൽ വിരൽകൊണ്ട് എഴുതിയ മലയാള അക്ഷരങ്ങൾ ഒരു തരിത്തരിപ്പോടെ വിരലിലൂടെ ആത്മാവിൽ ചെന്നു പതിയുന്നത് ഒരു അനുഭൂതിയായി അനുഭവിച്ചിരുന്നു ഞാൻ എൻ്റെ ബാല്യത്തിൽ.
ആശാൻ എഴുത്തോലയിൽ നാരായം കൊണ്ടെഴുതുന്ന അക്ഷരങ്ങളെ തൊട്ടനുഭവിച്ചിരുന്നു.
വൃദ്ധദമ്പതികളായ ആശാനെയും, ആശാട്ടി എന്നു വിളിക്കുന്ന ആശാൻ്റെ സഹധർമ്മിണിയുടെയും മുഖങ്ങൾ ഞാനിപ്പോഴും ഓർക്കുന്നു.
ഗ്രാമത്തിലെ ധനികനായ കളരിക്കൽ വാസുവിൻ്റെ വാടക മുറികളിൽ ഒന്നിലായിരുന്നു ആശാനും ആശാട്ടിയും താമസിച്ചിരുന്നത്.
പഞ്ചായത്തു റോഡരികിലുള്ള ആ ഇരുണ്ട മുറിയായിരുന്നു എൻ്റെ ആദ്യ വിദ്യാലമായ 'ആശാൻ കളരി'.
ആശാൻ കളരിയുടെ തൊട്ടപ്പുറത്തുള്ള മുറി ഒരു ബാർബർഷോപ്പായിരുന്നു. വെള്ള ഷർട്ടും മുണ്ടും ധരിച്ചു, എണ്ണ തേച്ചു മുടി പുറകോട്ടു ചീകി വച്ചു, മുഖം ക്ഷൗരം ചെയ്തു എപ്പോഴും വൃത്തിയായിരിക്കുന്ന ക്ഷുരകൻ പുരുഷൻ്റെ ബാബർഷോപ്പായിരുന്നു അത്.
മുടിവെട്ടാൻ ചെല്ലുമ്പോൾ കസേരയുടെ കൈകളിൽ ഒരു പലക വച്ചിട്ടു കേറി ഇരുന്നോളാൻ പറയുമായിരുന്നു ആ പുരുഷനായ ക്ഷുരകൻ. ആ ക്ഷുരകൻ്റെ പേര് 'പുരുഷൻ' എന്നായിരുന്നു.
പുരുഷൻ്റെ മുടിവെട്ടുകടയുടെ അടുത്ത മുറി ഇരൂപ്പാ കുന്നിനപ്പുറത്തു നിന്ന് വരുന്ന മോൻമുതലാളിയുടെ പലചരക്കുകടയായിരുന്നു. 'മോൻ' എന്നത് അയാളുടെ പേരായിരുന്നു.
'അല്ലാഹു അക്ബർ .. അല്ലാഹു അക്ബർ' എന്ന് തുടങ്ങുന്ന വാങ്കുവിളി ഇരൂപ്പാകുന്നിനപ്പുറത്തുള്ള മസ്‌ജിദിൽ നിന്നും ഉയരുമ്പോൾ 'മോൻ' മുതലാളി കടമുറിയിലെ തറയിൽ വിരിച്ച പുൽപ്പായിൽ ഇരുന്നു നിസ്കരിക്കുന്നത് കാണാമായിരുന്നു.
ഈ കടമുറികളുടെ മുന്നിലൂടെ പോകുന്ന പഞ്ചായത്ത് റോഡ് ഒരു മൺപാതയായിരുന്നു എൻ്റെ കുട്ടികാലത്ത്. മൺപാതയിൽ കാളവണ്ടികൾ 'കട കട' ശബ്ദത്തോടെ പോകുന്നത് കാണാമായിരുന്നു.
മൺപാതയുടെ ഇരുവശവും പുരയിടങ്ങളാണ്. അടുത്ത പുരയിടങ്ങൾ കൈലാസവും, മണ്ണാവുന്നേലും, വാലുപറമ്പും പിന്നെ അതുകഴിഞ്ഞാൽ ജോബ് സാറിൻ്റെ വീടും. ജോബ് സാർ എൻ്റെ എസ് എച് സ്കൂളിലെ സാറായിരുന്നു. വാർദ്ധക്യത്തിൽ സാറിന് കണ്ണിന് കാഴ്ച നഷ്ടപ്പെട്ടിരുന്നു. ഒരുപാടുകാലം സാർ കാഴ്ചയില്ലാത്ത ജീവിച്ചു.
ജോബ് സാറിൻ്റെ വീടുകഴിഞ്ഞാൽ അടുത്ത വീട് പാട്ടത്തിൽ വീടാണ്. പാട്ടത്തിലെ ദിവാകരൻ സാർ ചങ്ങനാശേരിയിലെ എസ ബി സ്കൂളിലെ അദ്ധ്യാപകനായിരുന്നു.
അടുത്ത വീട് റേഷൻകട വീടാണ്. ആ വീടിനു മുന്നിൽ വഴിയരികിൽ പണിത കടമുറിയിൽ അവരുടെ റേഷൻകട ഉണ്ടായിരുന്നു.
മഴക്കാലങ്ങളിൽ ഇരൂപത്തോടിനരികിൽ നിന്ന് വലവീശി മീൻപിടിക്കുമായിരുന്നു റേഷൻകട മുതലാളി. ആജാനുബാഹുവായ ഒരു മനുഷ്യനായിരുന്നു അയാൾ.
പടങ്ങളിൽ കാണുന്ന .. താമരപ്പൂവിന് മുകളിൽ ഇരുന്നു വീണ വായിക്കുന്ന സരസ്വതിദേവിയെ പോലെ ദൈവീകഭാവമുള്ള ഒരു മുഖമായിരുന്നു റേഷൻകട മുതലാളിയുടെ സഹധർമ്മിണിയുടേത്. അതിസുന്ദരിയായ ഒരു സ്ത്രീ.
പിന്നെ വരുന്ന വീടുകൾ .. പടിഞ്ഞാത് വീട്, മണലോടിയിൽ വീട്, മുളന്താനത്ത് വീട് .. അങ്ങനെ പോകുന്നു.
എൻ്റെ കുട്ടികാലത്തായിരുന്നു ആ മൺപാത ആദ്യമായി കല്ലിട്ട് താറിട്ടത്.
ഒരു ദിവസം ഞാനും കണിയാംപറമ്പിലെ ബാബുവും മുറ്റത്തു കളിച്ചുകൊണ്ടിരുന്നപ്പോളാണ് ഭൂമികുങ്ങുന്നപോലെ ഭീകരമായ ശബ്ദങ്ങൾ കേട്ട് ഞങ്ങൾ ഞെട്ടിയത്. ഒരു നിമിഷം പേടിപ്പിക്കുന്ന ഒരു നിശബ്ദത അവിടെമെല്ലാം നിറഞ്ഞു നിന്നു. അത് പഞ്ചായത്തു റോഡ് കല്ലിട്ടു പണിയാൻ വലിയ ലോറിയിൽ പാറക്കല്ലുകൾ കൊണ്ടിറക്കിയ ശബ്ദമായിരുന്നു.
പാറക്കല്ലുകൾ റോഡിലിട്ടു നിരപ്പാകാൻ ആദ്യമായി ആ ഗ്രാമത്തിൽ കല്ലെഞ്ചിൻ വണ്ടി വന്നു. കരിങ്കൽ കഷ്ണങ്ങളുടെ മേൽ കല്ലെഞ്ചിൻ വണ്ടിയുടെ കല്ലിൻ്റെ ചക്രങ്ങൾ വലിയ ഒച്ചയോടെ പതിയുമ്പോൾ മണ്ണിനടിയിൽ ഭൂമി വിറച്ചിരുന്നു. ആ പ്രകമ്പനത്തിൽ മോൻ മുതലാളിയുടെ പലചരക്കു കടയിലെ കുപ്പിപ്പാത്രങ്ങൾ തട്ടുകളിൽ ഇരുന്നു വിറച്ചു.
ആ വലിയ കല്ലെഞ്ചിൻ വണ്ടി ഓടിച്ച അരോഗദൃഢഗാത്രനായ കറുത്ത തടിച്ച വലിയ മനുഷ്യനെ ഞാനും കണിയാംപറമ്പിലെ ബാബുവും അത്ഭുതത്തോടെ നോക്കി നിന്നു.
കണിയാംപറമ്പിലെ ബാബുവായിരുന്നു കുഞ്ഞുംനാളിലെ കൂട്ടുകാരൻ. ഞാനും ബാബുവും ഒരുമിച്ചായിരുന്നു ആശാൻ കളരിയിൽ അക്ഷരങ്ങൾ പഠിക്കാൻ പോയിരുന്നത്. എൻ്റെ കാലിൽ കരപ്പൻ വന്നപ്പോൾ കണിയാംപറമ്പിലെ ബാബുവിനും കാലിൽ കരപ്പൻ വന്നിരുന്നു. വൃണമായ കാലിലെ തൊലി മീൻ ചെതുമ്പലുപോലെ പോലെ കട്ടിയാകുമായിരുന്നു. കിണറ്റുകരയിൽ നിറുത്തി ഇഞ്ചത്തേച് അമ്മ കുളിപ്പിക്കുമ്പോൾ വേദനകൊണ്ട് ഞാൻ ഉറക്കെ കരയുമായിരുന്നു. അപ്പോൾ കണിയാംപറമ്പിലെ കിണറ്റുകരയിൽ നിന്നും ബാബുവിൻ്റെ നിലവിളി ശബ്ദവും കേൾക്കാമായിരുന്നു.
കണിയാംപറമ്പിലെ ബാബുവിനു ഒരനിയൻ ഉണ്ടായിരുന്നു. കഴുത്തിൽ ഒരു കിങ്ങിണിയുള്ള സാബു. അധികമായി വളർന്ന മാംസം ഒരു മണിപോലെ സാബുവിൻ്റെ കഴുത്തിൽ തൂങ്ങി കിടന്നിരുന്നു.
റേഷൻകട വീടിനു എതിർവശത്തും കളരിക്കൽ വാസുവിൻ്റെ കടമുറികളായിരുന്നു. അതിൽ ഒന്നിൽ കുന്നുംപുറത്തിനപ്പുറത്തുനിന്നും വരുന്ന തങ്കച്ചൻ്റെ കടയായിരുന്നു. വെറ്റിലയും പാക്കും മുറുക്കാനും, സിഗരറ്റും ബീഡിയും, മുട്ടായിയും പഴവും, സൂചിയും നൂലുമൊക്കെ വിൽക്കുന്ന ആ കടയ്ക്ക് നാട്ടുകാർ 'തങ്കച്ചൻ്റെ മാടക്കട' എന്നായിരുന്നു പറഞ്ഞിരുന്നത്.
അന്ന് അഞ്ചു പൈസയും പത്തു പൈസയും ഒക്കെ വച്ചുള്ള ചിട്ടി തങ്കച്ചൻ ചേട്ടൻ നടത്തുവായിരുന്നു . അങ്ങനെ കുറെ നാളുകൾ അടച്ചടച് അഞ്ച് രൂപ ആകുമ്പോൾ ചിട്ടി പിടിക്കാം.
തങ്കച്ചൻ്റെ മടക്കടയുടെ തൊട്ടപ്പുറത്തുണ്ടായിരുന്നത് സദാശിവൻ്റെ ചായക്കടയായിരുന്നു. സദാശിവനും കുടുംബവും ആ ചായക്കടയുടെ പിന്നിലുള്ള ചായ്പ്പിലായിരുന്നു താമസിച്ചിരുന്നത്.
കളരിക്കലെ വാസുവിൻ്റെ ആ കടമുറികളെല്ലാം നീണ്ട പലകകൾ അടുക്കടുക്കായി വച്ചായിരുന്നു അടച്ചിരുന്നത് . പിൽക്കാലത്തു ധനികനായ കളരിക്കൽ വാസു പുതിയ കടമുറികൾ പണിതപ്പോൾ അതിനൊക്കെ ഷട്ടർ ഇട്ടായിരുന്നു അടച്ചിരുന്നത്. പുതിയ കടകളുടെ ഷട്ടറുകൾ തുറക്കുകയും അടക്കുകയും ചെയുമ്പോൾ ആ വലിയ ഒച്ച ദൂരെനിന്നാലും കേൾക്കാമായിരുന്നു.
തങ്കച്ചൻ്റെ മടക്കടയുടെയും സദാശിവൻ്റെ ചായക്കടയുടെയും പിന്നിൽ കളരിക്കൽ വാസുവിൻ്റെ കള്ള് ഷാപ്പായിരുന്നു. പകൽ മുഴുവൻ മൗനം മൂടി കിടക്കുന്ന ഷാപ്പും പരിസരങ്ങളും സന്ധ്യ ഇരുട്ടുമ്പോൾ ഉഷാറാവും. നാലുമണിയാകുമ്പോൾ കന്നാസുകളിൽ നിറച്ച തെങ്ങുംകള്ളുമായി ഷാപ്പിലെ ജീപ്പെത്തും. സന്ധ്യ ഇരുട്ടുമ്പോൾ പണികഴിഞ്ഞു വരുന്ന കള്ളുകുടിയന്മാർ ഷാപ്പിൽ വന്നുതുടങ്ങും. കപ്പ വേവിച്ചതും, മീൻ വറ്റിച്ചതും വറുത്തതും, കക്കയിറച്ചി പൊരിച്ചതും ഒക്കെ കൂടിക്കലർന്ന മണം ആ പരിസരങ്ങളിൽ കാറ്റിൽ ഒഴുകി നടക്കും.
കലാവാസനയുള്ള കുടിയന്മാർ ഷാപ്പിലെ മേശയിൽ താളം കൊട്ടി ഉറക്കെ പാട്ടുകൾ പാടും. ഉറപ്പില്ലാത്ത കാലുകളുമായി ചില കുടിയന്മാർ രാത്രിയിൽ വീടുകളിലേക്ക് പോകുമ്പോൾ ദുർബലരായ കുടിയന്മാർ ഈയലുകളെ പോലെ വഴിയരികിലെ മണ്ണിൽ കുഴഞ്ഞു വീഴും. കള്ളിൻ്റെ കെട്ടിറങ്ങുമ്പോൾ അവർ എഴുന്നേറ്റു മെല്ലെ നടന്നു വീടുകൾ തേടി പോകും.
ഷാപ്പുപടി എന്നായിരുന്നു ആ വളവിനു പേര്. ബസ്സുകൾ അവിടെ നിറുത്തുമായിരുന്നു. ഷാപ്പ്‌പടി കഴിഞ്ഞാൽ പിന്നെ ബസ്സുകൾ നിറുത്തുന്നത് മുക്കാട്ടുപടിയിലായിരുന്നു.
വയോധികനായ കളരിക്കൽ വാസുവും സഹധർമ്മിണിയും പകൽ മുഴുവനും ചെലവഴിച്ചിരുന്നത് പുതിയ കടമുറികളിൽ ഒന്നിലായിരുന്നു. ആ കടമുറികളുടെ പിന്നിലായിരുന്നു അവർ നടത്തിയിരുന്ന വിറകുകട. ആ അമ്മയുടെ കൈയിൽ ഒരു കൊച്ചു പണപെട്ടിയുണ്ടാവും. പകൽ മുഴുവനും ആ കടമുറിയിൽ അവർ കഴിയും. വഴിയിലേക്കു കണ്ണുംനട്ട് കളരിക്കൽ വാസു ചാരുകസേരയിൽ കിടക്കും. അടുത്ത് തന്നെ സഹധർമ്മിണി കസേരയിൽ ഇരിപ്പുണ്ടാവും ക്കും .
ഒരു രസകരമായ സംഭവം. എഴുപതുകളിലെ ഒരു മാർച്ച് മാസം . ധനികനായ കളരിക്കൽ വാസുവിന് ഷാപ്പുപടി എന്ന സ്ഥലപ്പേരിനോട് ഒരു അസ്‌ക്യത തോന്നിയപ്പോൾ വാസു ആ കൊച്ചു മുക്കിനു സ്വയം പേരിട്ടു. കളരിക്കൽ ജംഗ്ഷൻ. തൻ്റെ പുതിയ കടമുറിയുടെ മുകളിൽ വലിയ അക്ഷരത്തിൽ 'കളരിക്കൽ ജംഗ്ഷൻ' എന്ന ബോർഡ് വച്ചു വാസു. ആ കൊച്ചു ഗ്രാമവാസികൾക്ക് ഇത് വളരെ കൗതുകം ഉണർത്തി.
ഏപ്രിൽ മാസം ഒന്നാം തിയതി - വിഡ്ഢികളുടെ ദിനം - ഉണർന്നത് അതിശയിപ്പിക്കുന്ന കാഴ്ച്ചകളോടെയായിരുന്നു. ആ ഗ്രാമത്തിലെ ഓരോ വീടിനു മുന്നിലും ഓരോ ബോർഡുകൾ ഉയർന്നു നിന്നിരുന്നു. ഓരോ ബോർഡിലും വീട്ടുപേരിനൊപ്പം 'ജംഗ്ഷൻ' എന്ന വക്കും ചേർത്ത് എഴുതിയിരുന്നു.
'പാട്ടത്തിൽ ജംഗ്ഷൻ', 'കൈലാസം ജംഗ്ഷൻ', 'പടിഞ്ഞതു ജംഗ്ഷൻ', 'മുളന്താനത്തു ജംഗ്ഷൻ' ... അങ്ങനെ .. അങ്ങനെ.
**
ഞാൻ നാലാം ക്‌ളാസ്സിൽ പഠിക്കുമ്പോളായിരുന്നു ടാറിട്ട പഞ്ചായത്ത് റോഡിനപ്പുറം പുതിയ വീടുവച്ചു ഞങ്ങൾ അവിടെ താമസിച്ചു തുടങ്ങിയത്.
വൈക്കത്തുശ്ശേരിയും, കളരിക്കലും, വേണാട്ടുശേരിയും, കിഴക്കേടവും ഞങ്ങളുടെ പുതിയ അയല്പക്കങ്ങളായിരുന്നു.
പുതിയ വീട്ടിലേക്ക് മാറിയപ്പോൾ പഴയ വീടായ ഇളയശ്ശേരിൽ വീട് രണ്ടു വർഷത്തേക്ക് ഒറ്റിക്ക് കൊടുത്തിരുന്നു. കുഞ്ഞച്ചൻ എന്ന് പേരുള്ള ഒരു ടാക്സി ഡ്രൈവറും കുടുംബവുമായിരുന്നു രണ്ടു വർഷം ഇളയശ്ശേരിൽ വീട്ടിൽ ഒറ്റിക്ക് താമസിച്ചിരുന്നത്.
ഒറ്റിക്ക് താമസിക്കുന്ന കാലയളവിൽ ആ പുരയിടത്തിലെ തെങ്ങിലെ തേങ്ങയും, പ്ലാവിലെ ചക്കയും, മാവിലെ മാങ്ങയും, കൗങ്ങിലെ പാക്കും, പറമ്പിലെ കൈതച്ചക്കയും എല്ലാം കുഞ്ഞച്ചനും കുടുംബത്തിനും അവകാശപെട്ടതായിരുന്നു. അതാണ് വീടും പുരയിടവും ഒറ്റിക്ക് കൊടുക്കുമ്പോളുള്ള 'കൊയപ്പ'വും ഒറ്റിക്ക് താമസിക്കുന്നതിൻ്റെ 'കോണ'വും.
പുതിയ വീട് പൂർത്തിയായപ്പോൾ കുറച്ചു കട ബാധ്യതകൾ വന്നിരുന്നത് പരിഹരിക്കാനായിരുന്നു പഴയ വീട് ഒറ്റിക്ക് കൊടുത്തു ഷാപ്പിനു പിന്നിൽ പണിത പുതിയ വീട്ടിലേക്ക് എല്ലാവരും കൂടി താമസമയത്.
പുതിയ വീട്ടിൽ ഞങ്ങൾ നാലു വർഷങ്ങൾ മാത്രമേ താമസിച്ചിരുന്നുള്ളു. വിധി ഒരുക്കുന്ന വിചിത്ര സംഭവങ്ങൾ നമുക്ക് മുൻകൂട്ടി അറിയാൻ കഴിയില്ലല്ലോ. ആ വീട് വിറ്റിട്ട് ഞങ്ങൾ ആ ഗ്രാമത്തിൽ നിന്നും പോകേണ്ടിവന്നു. പിന്നെ നീണ്ട ഇരുപത്തിരണ്ടു വർഷങ്ങൾ ഞങ്ങൾ ചങ്ങനാശേരിയുടെ പട്ടണത്തിനടുത്തുള്ള പുഴവാതിൽ പല പല വാടക വീടുകളിൽ താമസിച്ചു. ധനികനായ കളരിക്കൽ വാസുവായിരുന്നു ഞങ്ങളുടെ വീട് വാങ്ങിയത്.
കുട്ടികാലത്ത് ഞാൻ താമസിച്ചിരുന്നു ഗ്രാമം നൽകിയ ഓർമകളും സ്നേഹബന്ധങ്ങളും .. ഒരു ആയുഷ്കാലം മുഴുവൻ താലോലിക്കാനുള്ള ഓർമകളായിരുന്നു എനിക്ക് സമ്മാനിച്ചത്.
**
എൻ്റെ കുട്ടികാലത്തെ ഒരു ഓണനാൾ …
അതിരാവിലെ ഉണർന്നു പൂക്കൾ പറിക്കാൻ ഗ്രാമത്തിലെ അയല്പക്കങ്ങളിൽ ഒരു ഓട്ട പ്രദക്ഷിണം.
അന്ന് സന്തോഷ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൽ ഓണാഘോഷ പരിപാടികളാണ്. കോളാമ്പി സ്പീക്കറുകൾ മുളന്താനത്തെ തെങ്ങിലും പടിഞ്ഞാത്തെ കൗങ്ങിലും രാവിലെതന്നെ പാടി തുടങ്ങി.
പൂവിളി പൂവിളി പൊന്നോണമായി .. നീ വരൂ നീ വരൂ പൊന്നോണത്തുമ്പി ..
സന്തോഷ് ക്ലബ്ബിൻ്റെ ആജീവനാന്ത സെക്രട്ടറി നാരായണപിള്ള സാർ മൈക്കിൽ പറഞ്ഞു.
പ്രിയമുള്ള നാട്ടുകാരെ.. ഇന്ന് രാവിലെ കൃത്യം പത്തുമണിക്ക് മുക്കാട്ടുപടിയിൽ മാവേലിത്തമ്പുരാന് സ്വീകരണം നൽകാൻ നിങ്ങളോരോരുത്തറയും ഞാൻ ഹാർദ്ദവമായി ക്ഷണിക്കുന്നു. സന്തോഷ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ പേരിൽ നിങ്ങൾ ഒരോരുത്തരും വന്നു പങ്കെടുക്കണമെന്ന് വിനീതനായി ഞാൻ അഭ്യർത്ഥിക്കുന്നു.
ഇരുപ്പാക്കുന്നിനപ്പുറത്ത് റെയിൽവേ ലെവൽ ക്രോസ്സിനടുത്തായിരുന്നു ചങ്ങനാശേരി എൻ എസ് എസ് കോളേജിലെ കെമിസ്ട്രി അദ്ധ്യാപകനായ നാരായണപിള്ള സാർ.
കുട്ടികളായ ഞങ്ങൾ ആവേശഭരിതരായിരുന്നു. കീരീടവും കുടവയറുമായി ഒരുങ്ങി വരുന്ന മാവേലിത്തമ്പുരാന് മുക്കാട്ടുപടിയിൽ നിന്ന് സ്വീകരിച്ചു താലപ്പൊലി ഏന്തി വരുന്ന പെൺകുട്ടികൾ പുഷ്പവൃഷ്ടി നടത്തി. തകിലു മേളം തുടങ്ങി. നാദസ്വരം വായിച്ചു തങ്കൻ ചേട്ടൻ മുന്നിൽ നടന്നു.
തങ്കൻ ചേട്ടൻ നാദസ്വരത്തിൽ സിനിമാപാട്ടുകൾ വായിക്കുന്നത് കാണാൻ എനിക്ക് കൗതുകമായിരുന്നു. തൃക്കൊടിത്താനം അമ്പലത്തിനു കിഴക്കു കുളത്തിനു അപ്പുറമായിരുന്നു നിർദ്ധനനായ തങ്കൻ ചേട്ടൻ്റെ വീട്.
എൻ്റെ അപ്പച്ചി വീട്ടിൽ കുട്ടികൾക്ക് ട്യൂഷൻ എടുക്കുമായിരുന്നു. തങ്കൻ ചേട്ടൻ്റെ മോളും വീട്ടിൽ പഠിക്കാൻ വരുമായിരുന്നു. രണ്ടു രൂപയും, അഞ്ചു രൂപയും ഒക്കെയായിരുന്നു അന്ന് ഫീസ്. പണത്തിനു പകരം നിർദ്ധനനായ തങ്കൻ ചേട്ടൻ വീട്ടിലെ തോട്ടത്തിൽ നട്ടു വളർത്തിയ ഫല വർഗങ്ങൾ ഒരു കൊട്ട കൊണ്ടുവരുമായിരുന്നു വീട്ടിൽ.
കലാകായിക മത്സരങ്ങൾ ഉടൻ തന്നെ ആരംഭിക്കുന്നതാണ്. മൈക്കിൽ ഈയാംമേലിലെ ബോബി സാർ വിളംബരം ചെയ്തു. വർഷത്തിൽ ഒരിക്കൽ മൈക്കിൽ സംസാരിക്കാൻ കിട്ടുന്ന അവസരമാണ്..
അന്നത്തെ ചോരത്തിളപ്പുള്ള ചെറുപ്പക്കാരായിരുന്നു വെളുത്തേടത്തെ ഗോപാലൻ ചേട്ടനും , മണലോടിയിലെ ജോയി ചേട്ടനും എൻ്റെ ചിറ്റപ്പന്മാരും ഒക്കെ.
പലതരം കലാകായിക മത്സരങ്ങളുടെ പേരുകൾ സന്തോഷ് ക്ലബ്ബിൻ്റെ മുന്നിൽ കറുത്ത ബോർഡിൽ വെളുത്ത ചോക്കുകൊണ്ട് എഴുതിവച്ചിരുന്നു.
• ലളിതഗാന മത്സരം.
• സിനിമ ഗാന മത്സരം.
• കവിതാ പാരായണ മത്സരം.
• അത്തപൂക്കള മത്സരം.
• മുട്ടായി പെറുക്ക് മത്സരം.
• ചാക്കിൽകയറി ഓട്ട മത്സരം.
• കലം തല്ലി പൊട്ടിക്കൽ മത്സരം.
• തലയണ അടി മത്സരം.
ദിവസം മുഴുവൻ ഗ്രാമം ശബ്ദ മുഖരിതമാകും. കോളാമ്പിയിൽ നിന്നും സിനിമ ഗാനങ്ങൾ അനസ്യുതം ഒഴുകും.
ഓണപ്പൂവേ പൂവേ പൂവേ
ഓമൽ പൂവേ പൂവേ പൂവേ
നീ തേടും മനോഹര തീരം..
ദൂരെ മാടിവിളിപ്പൂ.. ഇതാ ഇതാ ഇതാ
വൈകിട്ട് അഞ്ചു മണിയോട് കൂടി കുട്ടികളുടെ കലാപരിപാടികൾ തുടങ്ങി. കളരിക്കലെ രജി ചേട്ടൻ പഠിപ്പിക്കുന്ന പെൺകുട്ടികളുടെ ഡാൻസായിരുന്നു ആദ്യം അവതരിപ്പിച്ചത്. അടുത്തത് പിന്നെ കുട്ടികളായ ഞങ്ങളുടെ കൊച്ചു നാടകമായിരുന്നു. മീശപിടിപ്പിച്ചു വലിയവരെ പോലെ ഞങ്ങൾ അഭിനയിക്കുന്ന നാടകം.
അന്ന് രാത്രിയിൽ ഓണഘോഷ സമാപനത്തിനു വിശിഷ്ട അതിഥികളായി വന്നത് സിനിമ നടനായ എം ജി സോമനും , നടിയായ മല്ലികയും , യുവ രാഷ്ട്രീയ നേതാവ് വി എം സുധിരനുമായിരുന്നു.
വിശിഷ്ട അതിഥികൾ വേദിയിൽ ഇരുന്നു.
അടുത്തതായി ഒരു ഗാനം ആലപിക്കുന്നു “ഇളയശ്ശേരിൽ ജയശങ്കർ". ജോബ് സാർ മൈക്കിൽ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ ഞെട്ടി. ആദ്യമായിട്ടായിരുന്നു പേരിനൊപ്പം വീട്ടുപേർ ചേർത്ത് കേട്ടത്. അവസാനമായും.
സ്കൂൾ യൂണിഫോമിലായിരുന്നു ഞാൻ സ്റ്റേജിൽ കയറിയത്. വെള്ള ഷർട്ട് , കറുത്ത നിക്കർ , കറുത്ത ടൈ , വെളുത്ത സോക്സ് , കറുത്ത ഷൂ. ഞങ്ങളുടെ യൂണിഫോം കണ്ടിട്ട് മറ്റു സ്കൂളിലെ കുട്ടികൾ " പല്ലിത്തീട്ടം" എന്ന് അന്ന് കളിയാക്കിയിരുന്നു.
മൈക്ക് സെറ്റുകാരൻ ചേട്ടൻ മൈക്ക് എൻ്റെ പൊക്കത്തിലേക്കു താഴ്ത്തി ഇറക്കി.
ഞാൻ പാടി.
സംക്രമ സ്നാനം കഴിഞ്ഞു
പ്രകൃതി സന്ധ്യാവന്ദനത്തിനിരുന്നു....
പെട്ടെന്ന് ചന്നം പിന്നം മഴ പെയ്തു. ആളുകൾ ഓടി കടത്തിണ്ണകളിൽ അഭയം തേടി. അഭയം കിട്ടാത്തവർ മഴ നനഞ്ഞു. എം ജി സോമനും മല്ലികയും അന്തം വിട്ടിരുന്നു. ഞാൻ പാട്ട് നിറുത്തിയില്ല.
അഖണ്ഡ നാമം ഉരുവിട്ടു ഞാൻ
അഞ്ജലി ബദ്ധനായി നിന്നു
കലാമെനിക്കു തന്ന വരപ്രസാദമേ
കന്യകേ നീയാം ത്രിപ്രസാദം
അർത്ഥമറിയില്ലെങ്കിലും സംഗീതം പഠിക്കുന്ന ചിറ്റപ്പൻ പഠിപ്പിച്ച ഈണത്തിൽ ഞാൻ പാടി തീർത്തു. പാടി തീർന്നപ്പോൾ മഴയും നിന്നു. അവസാന പരിപാടിയായി മുതിർന്നവർ അഭിനയിക്കുന്ന നാടകം ഉണ്ടായിരുന്നു.
അങ്ങനെ.. ഒരു ഓണക്കാലം നഷ്ടമാവാതെ ഞാൻ ഇന്നും മനസ്സിൽ സൂക്ഷിക്കുന്നു.
കാലം മുന്നോട്ടു നീങ്ങുമ്പോൾ പിന്നിലാകുന്നത് ബാല്യകാലമാണ്. അല്ലലില്ലാത്ത ഒരു ബാല്യകാലം. ഇനി ഒരിക്കലും തിരിച്ചു വരാത്ത ഒരു കുട്ടികാലം.