Image

ബദൽ ചികിത്സ മൂലം അഞ്ചാം പനി വഷളാകുന്നുവെന്നു ടെക്സസിൽ ഡോക്ടർമാർ പറയുന്നു (പിപിഎം)

Published on 26 March, 2025
ബദൽ ചികിത്സ മൂലം  അഞ്ചാം പനി വഷളാകുന്നുവെന്നു ടെക്സസിൽ ഡോക്ടർമാർ പറയുന്നു (പിപിഎം)

യുഎസ് ഹെൽത്ത് സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയറിനെ പോലുള്ള വാക്സീൻ വിരോധികൾ അഞ്ചാം പനി (Measles) വരുന്നവർക്കു നിർദേശിച്ച ബദൽ ചികിത്സ മൂലം രോഗം കൂടുതൽ സങ്കീർണമായെന്നു വെസ്റ്റ് ടെക്സസിൽ നിന്നു റിപ്പോർട്ട്. ടെക്സസിൽ അഞ്ചാം പനിയുടെ കേന്ദ്രമായ  ഗെയ്ൻസ് കൗണ്ടിയിൽ വാക്സിനേഷൻ എടുക്കാത്ത കുട്ടികൾക്കു സപ്ലിമെന്റുകളും ഫലം കാണിക്കാത്ത മരുന്നുകളും നൽകിയെന്നാണ് ഡോക്ടർമാർ പറയുന്നത്.  

വൈറ്റമിൻ എ അടങ്ങിയ മീൻ നെയ് ആണ് സപ്ലിമെന്റുകളിൽ ഒന്ന്. അഞ്ചാം പനിക്ക് അത്ഭുതകരമായ മരുന്നാണ് ഇതെന്നു കെന്നഡി പറയുന്നു.

വാക്‌സിൻ എടുക്കാത്ത കുട്ടികൾക്ക് ഈ ചികിത്സ നൽകിയപ്പോൾ അവരുടെ കരളിനു രോഗലക്ഷണം കണ്ടെന്നു ലുബ്ബോക്കിലെ കവനന്റ് ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ഡോക്ടർമാർ പറയുന്നതായി 'ന്യൂ യോർക്ക് ടൈംസ്' റിപ്പോർട്ട് വ്യക്തമാക്കുന്നു. അഞ്ചാം പനി തടയാൻ എന്ന പേരിൽ ആഴ്ചകളോളം അവർക്ക് സുരക്ഷിതമല്ലാത്ത അളവിൽ മീൻ എണ്ണയും മറ്റു വൈറ്റമിൻ എ സപ്ലിമെന്റുകളും നൽകി.

മീസൽസ്, മമ്പ്സ്, റൂബെല്ല വാക്സീൻ രണ്ടു ഡോസ് ചെന്നാൽ 97% ഫലപ്രദമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. വൈറ്റമിൻ എ ഉയർന്ന തോതിൽ കഴിച്ചാൽ കരളിനു തകരാർ ഉണ്ടാവാം. തൊലി വരണ്ടു പോകാം. മുടി കൊഴിയാം. അപൂർവമായി ബോധം മറയുകയും കോമയിലേക്കു വഴുതുകയും ചെയ്യാറുമുണ്ട്.

കരളിന് രോഗം ബാധിച്ച നിരവധി പേരെ കുറിച്ച് വെസ്റ്റ് ടെക്സസ് ആശുപത്രികളിലെ ഡോക്ടർമാർ പറയുന്നുണ്ട്. ആ രോഗികളിൽ പലരും കടുത്ത അഞ്ചാം പനിക്കു ചികിത്സ തേടി എത്തിയവരാണ്.  

ജനുവരിയിലാണ് അഞ്ചാം പനി പ്രത്യക്ഷപ്പെട്ടത്. ചൊവാഴ്ചത്തെ കണക്കനുസരിച്ചു 320 രോഗികളുണ്ട് ടെക്സസിൽ. ഒരു കുട്ടി മരണമടഞ്ഞു.

സമീപത്തു ന്യൂ മെക്സിക്കോ കൗണ്ടികളിൽ 43 രോഗികളുണ്ട്. ഒക്ലഹോമയിൽ 7 കേസുകൾ സ്ഥിരീകരിച്ചു. ഫലം തെളിയിച്ചു ഉറപ്പു നല്കിയിട്ടില്ലാത്ത മരുന്നുകൾ പരീക്ഷിക്കാൻ ഡോക്ടർമാർക്ക് മടിയുണ്ട്.

മീസൽസിനു വാക്സീൻ മാത്രമാണ് ഫലപ്രദമെന്നു തെളിഞ്ഞ ചികിത്സയെന്നു ഡോക്ടർമാർ ഉറപ്പായി പറയുമ്പോഴാണ് തെളിയിക്കപ്പെടാത്ത ബദൽ ചികിത്സകൾ കൊണ്ടു കൈവിട്ടു കളിക്കുന്നത്. നിർണായക ചികിത്സ ആളുകൾക്ക് ലഭിക്കാതെ പോകുന്നു എന്നതാണ് ഡോക്ടർമാർ എടുത്തു പറയുന്നത്.

ഗെയ്ൻസ് കൗണ്ടിയിൽ പ്രകൃതി ചികിത്സയോട് ആഭിമുഖ്യമുളള മെന്നോനൈറ്റ് സമുദായം ബദൽ ചികിത്സകൾ പരീക്ഷിക്കാൻ ഉത്സാഹത്തിലുമാണ്.

Alternative therapy for measles worsens illness 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക