Image
Image

ഇന്ന് കുഞ്ഞുണ്ണി മാഷിന്റെ ഓർമദിനം (ലാലു കോനാടിൽ)

Published on 26 March, 2025
ഇന്ന് കുഞ്ഞുണ്ണി മാഷിന്റെ ഓർമദിനം (ലാലു കോനാടിൽ)

ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു 
നാരായണിയമ്മയുടെയും മകനായി 1927 മേയ് 10-ന് ആണ് 
കുഞ്ഞുണ്ണി ജനിയ്ക്കുന്നത്... തന്റെ വലപ്പാടുള്ള തറവാട്ടിൽ 2006 മാർച്ച് 26-നു ലോകത്തോട്‌ യാത്രയും പറഞ്ഞു...

"പൊക്കമില്ലായ്മയാണെന്റെ പൊക്കം" എന്ന് പറഞ്ഞു തന്റെ പൊക്കമില്ലായ്മയെ 
കളിയാക്കവരോട് തന്റേടത്തോടെ 
മറുപടിയും നല്കി അദ്ദേഹം...
ആ കുറിയ്ക്കു കൊള്ളുന്ന മറുപടി ആർക്കു മറക്കാൻ കഴിയും..?

വായിച്ചാൽ വിളഞ്ഞു വളരും 
വായിച്ചില്ലേൽ വളഞ്ഞു വളരും... കുഞ്ഞുണ്ണി മാഷിന്റെ വളരെയേറെ രസം നിറഞ്ഞ ചൊല്ലുകൾ അറിയാത്ത 
മലയാളി ഉണ്ടാകുമോ..? നിരവധി ചൊല്ലുകളാൽ സമൃദ്ധമായിരുന്നു 
കുഞ്ഞുണ്ണി മാഷിന്റെ എഴുത്തുകൾ... കുട്ടികളുടെ പ്രിയപ്പെട്ട മുത്തശ്ശനായും 
വട്ട കണ്ണട വച്ച മുതിർന്നവരുടെ പ്രിയ മാഷായും അദ്ദേഹം പ്രിയപ്പെട്ടവനായി...

ദാർശനിക ആശയങ്ങളിലുള്ള കവിതകൾ കൊണ്ടാണ് കുഞ്ഞുണ്ണി മാഷ്‌ 
ആസ്വാദകരുടെ ഹൃദയത്തിൽ ഇടം നേടിയത്... പൊതുവേ കുട്ടി കവിതകളാണ് 
കുഞ്ഞുണ്ണി മാഷിനെ പ്രശസ്തനാക്കിയതെങ്കിലും 
അത്തരം കുഞ്ഞു കവിതകളിൽ ഉറച്ചു 
പോയ ഒരു കവി ആയിരുന്നില്ല അദ്ദേഹം... പക്ഷേ എന്തു തന്നെ ആയാലും ആ കുഞ്ഞു 
കവിതകളോളം ദാർശനികത മലയാളത്തിൽ മറ്റൊരു കവിയ്ക്കും നൽകാൻ ആയിട്ടില്ല... അതും വളരെ ലളിതമായ മലയാളത്തിൽ, 
കുഞ്ഞുങ്ങൾക്ക്‌ പോലും മനസ്സിലാകുന്ന ഭാവുകത്വത്തോടെ...

നർമ്മരസപ്രധാനമായ സംഭാഷണവും 
കലാനിപുണതയും എന്നുമുണ്ടായിരുന്നു 
ആ ഇത്തിരി മനുഷ്യനിൽ...

വളരെ രസകരവും ദാർശനിക 
പ്രധാനവുമായ ഇത്തരം എത്രയധികം കുഞ്ഞു കവിതകൾ കുഞ്ഞുണ്ണി മാഷെ 
ഓർമ്മിക്കാൻ മലയാളിയുടെ മനസ്സിൽ ഇപ്പോഴും തത്തിക്കളിക്കുന്നുണ്ട്... 
എണ്ണിയാലൊടുങ്ങാതെ സമുദ്രം പോലെ അവയങ്ങു പരന്നു കിടക്കുകയുമാണ്... 
അദ്ദേഹത്തിന്റെ വാക്കുകളുടെ ലാളിത്യം കൊണ്ട് തന്നെ ബാല സാഹിത്യ കർത്താവായാണ് കുഞ്ഞുണ്ണിമാഷ് പുറമേ 
അറിയപ്പെട്ടതും... മാത്രമല്ല തനിയ്ക്ക് വരുന്ന 
കുട്ടികളുടെ കത്തുകൾക്ക് പോലും ഒരു മുത്തശ്ശനായി നിന്ന് കൊണ്ട് അദ്ദേഹം 
മറുപടികൾ അയക്കുകയും 
ചെയ്യുമായിരുന്നു...

ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ മാതൃഭൂമി ആഴ്ചപതിപ്പിലെ 
ബാലപംക്തിയിലേക്ക് കുട്ടേട്ടന് ഒരു കവിത അയച്ചു കൊടുത്തു... ഒരാഴ്ചയ്ക്ക് ശേഷം എനിക്ക് ആ കവിത തിരിച്ചു വന്നു...കുറച്ചു കൂടി തിരുത്തലുകൾ വേണമെന്നും 
കുറച്ചു ഉപദേശങ്ങളും നൽകി കുറച്ചു വരികൾ... അന്ന് 
ആ കത്ത് എനിക്കയച്ച
കുട്ടേട്ടൻ കുഞ്ഞുണ്ണി മാഷ് ആയിരുന്നു എന്ന് പിന്നീട് വളരെ നാളുകൾക്ക് ശേഷമാണ് അറിയാൻ കഴിഞ്ഞതും... ✍️

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക