Image

എമ്പുരാൻ ചരിത്ര വിജയമാകട്ടെ ; മോഹൻലാലിനും പൃഥ്വിരാജിനും ആശംസകൾ നേർന്നുകൊണ്ട് മമ്മൂട്ടി

Published on 26 March, 2025
എമ്പുരാൻ ചരിത്ര വിജയമാകട്ടെ ; മോഹൻലാലിനും പൃഥ്വിരാജിനും ആശംസകൾ നേർന്നുകൊണ്ട് മമ്മൂട്ടി

ഏറെ നാളത്തെ മലയാള സിനിമാ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് എംപുരാൻ നാളെ തിയറ്ററുകളിലെത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തിന് വിജയാശംസകൾ നേർന്നിരിക്കുകയാണ് നടൻ മമ്മൂട്ടി. എംപുരാൻ ഒരു ചരിത്ര വിജയമായി മാറട്ടെ എന്നാണ് മമ്മൂട്ടി ആശംസിച്ചിരിക്കുന്നത്. മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും പേരെടുത്ത് പറഞ്ഞു കൊണ്ടായിരുന്നു മമ്മൂട്ടിയുടെ പോസ്റ്റ്.

"എംപുരാന്റെ മുഴുവൻ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും ആശംസകൾ, ഒരു ചരിത്ര വിജയമാവട്ടെ! ചിത്രം ലോകമെമ്പാടുമുള്ള അതിർവരമ്പുകൾ ഭേദിക്കുകയും മലയാള ചലച്ചിത്ര വ്യവസായത്തിനു മുഴുവൻ അഭിമാനിക്കാവുന്ന നേട്ടം കൊയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പ്രിയ ലാലിനും പൃഥ്വിക്കും വലിയ വിജയമുണ്ടാകട്ടെ!"- മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.

മമ്മൂട്ടിയുടെ ആശംസകൾക്ക് പൃഥ്വിരാജ് നന്ദിയും അറിയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ആശംസ ആരാധകർ ആഘോഷമാക്കുകയാണിപ്പോൾ. മലയാളം ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ വിജയം എംപുരാൻ നേടട്ടെയെന്ന് ആരാധകരും കുറിച്ചു. നാളെ ഇന്ത്യൻ സമയം രാവിലെ ആറു മണിക്കാണ് സിനിമയുടെ ആദ്യ പ്രദർശനം ആരംഭിക്കുക.

നേരത്തെ ചിത്രത്തിൽ മമ്മൂട്ടിയുണ്ടോയെന്ന തരത്തിൽ വൻ തോതിൽ ചർച്ചകളും നടന്നിരുന്നു. എന്നാൽ മമ്മൂട്ടി ചിത്രത്തിന്റെ ഭാ​ഗമല്ലെന്ന് മോഹൻലാൽ പ്രൊമോഷനിടെ വ്യക്തമാക്കിയിരുന്നു. എന്തായാലും ഹൈപ്പിനൊപ്പം എംപുരാൻ ഉയരുമോയെന്ന് ഉറ്റു നോക്കുകയാണ് മലയാള സിനിമാ ലോകവും ആരാധകരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക