Image
Image

കൊരട്ടി മുത്തിക്ക് മുന്നിൽ നേർച്ചയർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി; പൂവൻകുലയും പട്ടും മധുരപലഹാരങ്ങളും സമർപ്പിച്ചു

Published on 04 April, 2025
കൊരട്ടി മുത്തിക്ക് മുന്നിൽ നേർച്ചയർപ്പിച്ച്  കേന്ദ്രമന്ത്രി  സുരേഷ് ​ഗോപി;  പൂവൻകുലയും പട്ടും മധുരപലഹാരങ്ങളും സമർപ്പിച്ചു

തൃശൂർ: വഖഫ് ഭേദഗതി നിയമം പാസായതോടെ വാക്കു പാലിച്ച് കൊരട്ടി സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ നേർച്ച സമർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. കൊരട്ടി മുത്തിയുടെ പ്രധാന വഴിപാടായ പൂവൻകുലയും, പട്ടും മധുരപലഹാരങ്ങളും സുരേഷ് ​ഗോപി  നേർച്ചയായി  സമര്‍പ്പിച്ചു. കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ കൊരട്ടി പള്ളി സന്ദര്‍ശിച്ചപ്പോള്‍ മുനമ്പത്തെ പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കുമെന്നു പറഞ്ഞ സുരേഷ് ​ഗോപി   മുനമ്പം സന്ദര്‍ശിക്കുകയും സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപ്പിക്കുകയും ചെയ്തിരുന്നു. വഖഫ് നിയമം വെള്ളിയാഴ്ച രാജ്യസഭയിലും പാസായതോടെ രാവിലെ ഡല്‍ഹിയില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തി വെള്ളിയാഴ്ച രാവിലെ 9 മണിയോടെ നേരിട്ട് കൊരട്ടി പള്ളിയിലേക്ക് എത്തുകയായിരുന്നു.

പള്ളിയിലെത്തിയ കേന്ദ്ര മന്ത്രിയെ വികാരി ഫാദര്‍ ജോണ്‍സണ്‍ കക്കാട്ട്, സഹവികാരിമാരായ ഫാദര്‍ അമല്‍ ഓടനാട്ട്, ഫാദര്‍ ജിന്‍സ് ഞാണയിൽ എന്നിവരും കൈകാരന്‍മാരും ചേര്‍ന്ന് സ്വീകരിച്ചു. വൈദികൻ ശിരസിൽ കൈ തൊട്ട് പ്രാർത്ഥിച്ചതിന് ശേഷമാണ് സുരേഷ് ​ഗോപി പള്ളിയിൽ നിന്നും മടങ്ങിയത്. സുരേഷ് ഗോപിക്ക് മാതാവിന്‍റെ ചെറിയൊരു രൂപവും  വികാരി സമ്മാനിച്ചു.

ശേഷം, ഓഫീസിലെത്തിയ അദ്ദേഹം കാപ്പി കുടിച്ച് വഖഫ് നിയമ ഭേദഗതികളെ കുറിച്ചും സഭയിലെ അനുഭവങ്ങളും എല്ലാവരുമായി പങ്കുവച്ചു. വഖഫ് നിയമ ഭേദഗതിയുടെ വിജയം മോദി സര്‍ക്കാരിന്‍റെ മറ്റൊരു നാഴികകല്ലാണെന്ന് പറഞ്ഞു. ബില്‍ പാസായി വിജയിച്ചെങ്കിലും പൂര്‍ണ്ണ വിജയം നല്‍കേണ്ടത് ജനങ്ങളാണെന്നും പ്രധാന വിഷയങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്നും പറഞ്ഞു. താന്‍ ഇനിയും കൊരട്ടിയിൽ വരുമെന്നും മുനമ്പത്തെ സമരപങ്കാളികള്‍ക്ക് കൊരട്ടി മുത്തിയുടെ തിരുനടയില്‍ വച്ച് ഒരു നേരത്തെ ഭക്ഷണം കൊടുക്കണമെന്ന ആഗ്രഹമുണ്ടെന്നും അദ്ദേഹം അറിയിക്കുകയും  വികാരി അക്കാര്യം ഉറപ്പ് നല്‍കുകയും ചെയ്തു.

 ബിജെപി കൊരട്ടി മണ്ഡലം പ്രസിഡന്‍റ് വി.സി സിജു ഷാള്‍ കേന്ദ്രമന്ത്രിയെ അണിയിച്ച് സ്വീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക