Image

ഫ്രാൻസിസ് തടത്തിലിന് കണ്ണീരോടെ വിട! (ഷീല എം.പി)

Published on 22 October, 2022
ഫ്രാൻസിസ് തടത്തിലിന് കണ്ണീരോടെ വിട! (ഷീല എം.പി)

Read more: https://emalayalee.com/writer/130

ന്യൂജേഴ്‌സി: ആഗോളമലയാളികൾക്കിടയിൽ പത്രപ്രവർത്തനത്തിലൂടെ സുപരിചിതനായ ഫ്രാൻസിസ് തടത്തിലിന് അന്ത്യാഞ്ജലി അർപ്പിക്കുവാൻ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നും നൂറുകണക്കിനാളുകൾ ന്യുജേഴ്‌സിയിൽ എത്തിച്ചേർന്നു. പാറ്റേഴ്സൺ സീറോ മലബാർ ചർച്ചിൽ  വൈകിട്ട് 5 മണി മുതൽ 9 മണി വരെ ആയിരുന്നു മൃതദേഹം പൊതുദർശനത്തിന് വെച്ചത്. നോർത്ത് അമേരിക്കയിലെ വാർത്താമാധ്യമ രംഗത്തെ ഉജ്ജ്വല നക്ഷത്രമായിരുന്നു ഫ്രാൻസിസ് തടത്തിൽ എന്ന് അനുസ്മരണത്തിൽ ഇമലയാളി  പത്രാധിപർ ജോർജ്ജ്  ജോസഫ്‌ പറഞ്ഞു. ഫൊക്കാനയുടെ മുൻകാല പ്രവർത്തകരും സാരഥികളും തുടങ്ങി ഈ വർഷത്തെ പ്രസിഡണ്ട്  ബാബുസ്റ്റീഫൻ, പോൾകറുകപ്പള്ളി, ബിജുകൊട്ടാരക്കര, സജിപോത്തൻ ഉൾപ്പെടെ നിരവധി വ്യക്തികൾ  ഫ്രാൻസിസ് തടത്തിലിൻറെ  നിസ്വാർത്ഥ മാധ്യമസേവനം അനുസ്മരിച്ചു. നോർത്ത് അമേരിക്കയിലെ പ്രസ്ക്ലബ്  ന്യു യോർക്ക് ചാപ്റ്റർ സെക്രട്ടറി കൂടിയായിരുന്ന തടത്തിലിൻറെ വിയോഗം ഒരു തീരാനഷ്ടമാണെന്നു പ്രസ്സ്ക്ലബ് പ്രസിഡന്റ് സുനിൽ തൈമറ്റം  .പറഞ്ഞു..

വിവിധ സാമൂഹ്യ-സാംസ്കാരികതലത്തിലുള്ളവർ പൊതുദർശനസമയത്ത് ഫ്രാൻസിസ് തടത്തിലിന്റെ ഓർമ്മപങ്കുവെച്ചു. വ്യക്തിബന്ധം സുദൃഢമായി സൂക്ഷിക്കുന്ന മഹനീയ വ്യക്തിത്വമായിരുന്നു ഫ്രാൻസിസ് എന്ന് അവിടെക്കൂടിയ ഓരോ വ്യക്തിയും സാക്ഷ്യപ്പെടുത്തി. ക്യാൻസർ എന്ന മാരകരോഗത്തിന്റെ പിടിയിൽനിന്നും മരണത്തെ മുഖാമുഖം കണ്ട ഫ്രാൻസിസിന്റെ ജീവിതത്തിലേയ്ക്കുള്ള തിരിച്ചുവരവ് കുടുംബത്തിനും സുഹൃത്തുക്കൾക്കും ഏറെ സന്തോഷമുണ്ടാക്കിയിരുന്നു. ഊർജ്ജ്വസ്വലനായി കർമ്മമേഖലയിൽ സജീവമായിരിക്കുമ്പോഴാണ്  ആകസ്മികമായി മരണം കാർഡിയാക് അറസ്‌റ്റ് രൂപത്തിലെത്തി ഉറക്കത്തിൽനിന്ന് ജീവൻ കവർന്നത്. കുടുംബത്തിൻറെ നഷ്ടത്തിലും ദുഃഖത്തിലും പങ്കുച്ചേർന്ന് പല പ്രമുഖരും അനുശോചനം അറിയിച്ചു.

സീറോ മലബാർ ചർച്ച് പള്ളിവികാരിയുടെ കാർമ്മികത്തിൽ നടത്തിയ മരണാനന്തരശുശ്രൂഷകളിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
'
കോഴിക്കോട് ദേവഗിരി കോളേജിലെ അധ്യാപകനായിരുന്ന പരേതനായ പ്രൊഫ. ടി.കെ.മാണിയുടെയും എലിസബത്ത് മാണിയുടെയും 11 മക്കളിൽ ഇളയപുത്രനാണ് ഉണ്ണി എന്നുവിളിപ്പേരുള്ള ഫ്രാൻസിസ്. രണ്ടു സഹോദരങ്ങളും കുടുംബവും അമേരിക്കയിലുണ്ട്.   മറ്റു കുടുംബാംഗങ്ങൾ തങ്ങളുടെ ദുഃഖവും ഓർമ്മകളും സന്ദേശങ്ങളിലൂടെ  അറിയിച്ചുകൊണ്ട് ചടങ്ങുകളിൽ വിദൂരങ്ങളിലിരുന്ന് പങ്കുചേർന്നു.
അമ്മ എലിസബത്തിനൊപ്പം കഴിഞ്ഞ അവധിക്കാലം ചെലവഴിച്ചതിന്റെ സന്തോഷം  തടത്തിൽ പലപ്പോഴായി  സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ക്യാൻസർരോഗത്തിന്റെ ആഘാതത്തിൽ നിന്ന് രക്ഷപ്പെടുത്തിയത് ഭാര്യനെസ്സിയും ചങ്കുസുഹൃത്തുക്കളും അവരുടെ കുടുംബവുമാണെന്ന് അദ്ദേഹം പല വേദികളിലും സാക്ഷ്യപ്പെടുത്തിയിരുന്നു. മകൾ ഐറിനെക്കുറിച്ചും പുത്രൻ ഐസക്കിനെക്കുറിച്ചും അഭിമാനത്തോടെ സംസാരിക്കാൻ ഫ്രാൻസിസ് ഉത്സാഹം കാട്ടിയിരുന്നു.

# francis thadathil funeral

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക