Image

പാണക്കാട് തങ്ങളെ അവമതിക്കുന്ന അൽപന്മാർ (ഷുക്കൂർ ഉഗ്രപുരം)

Published on 24 December, 2023
പാണക്കാട് തങ്ങളെ അവമതിക്കുന്ന അൽപന്മാർ (ഷുക്കൂർ ഉഗ്രപുരം)

കേരളീയ മുസ്ലിം സമൂഹത്തിന് വരദാനമായി ലഭിച്ചതാണ് പാണക്കാട് സയ്യിദ് നേതൃത്വം. ആ  കുലീനമായ പ്രൗഢ നേതൃത്വത്തിന്റെ പിന്നിൽ സുശക്തമായി അണിനിരന്നാണ് കേരളീയ മുസ്ലിംകൾ രാഷ്ട്രീയ വിദ്യാഭ്യാസ പുരോഗതി കൈവരിക്കുന്നത്. എന്നാൽ എതിരാളികൾ പോലും പറയാത്ത / പറയാൻ മടിക്കുന്ന കാര്യങ്ങൾ യാതൊരു ലജ്ജയുമില്ലാതെ പൊതുസമൂഹത്തിലിട്ട് അലക്കുകയാണ് മുസ്ലിം സമൂഹത്തിലെ ചില അൽപൻമാർ. പാണക്കാട് തങ്ങൾക്ക് പൊതുസമൂഹത്തിലും മുസ്ലിം സമുദായത്തിന് അകത്തും ലഭിക്കുന്ന സർവ്വസ്വീകാര്യതയാണ് തങ്ങളോടുള്ള അസൂയയുടെ കാര്യങ്ങളിൽ ഒന്ന്. പൊതുസമൂഹവും ഇസ്ലാമേതര മതവിഭാഗങ്ങളോടുമൊക്കെ സ്നേഹവും ബഹുമാനവും മാത്രം പ്രകടിപ്പിക്കുന്ന പാണക്കാട് തങ്ങൾമാർക്ക് വ്യത്യസ്ഥ മതങ്ങളുടെ ആഘോഷങ്ങളിലേക്കും മറ്റും ക്ഷണമുണ്ടാകാറുണ്ട്. തങ്ങൾ സന്തോഷത്തോടെ അത് സ്വീകരിക്കാറുമുണ്ട്. സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ കാലം മുതലേ അത് അങ്ങിനെയാണ്. 

എന്നാൽ ഇത്തവണ സാദിഖലി ശിഹാബ് തങ്ങൾ ഒരു കൃസ്ത്യൻ പശ്ചാതലത്തിലുള്ള ആഘോഷത്തിൽ പങ്കെടുത്തതാണ് അൽപൻമാർ പ്രശ്നമാക്കിയത്. 

"ക്രിസ്തുമസുമായി ബന്ധപ്പെട്ട് എറണാകുളത്ത് ക്രിസ്തീയ സഭകൾ സംഘടിപ്പിച്ച സർവ്വ മത പ്രാർത്ഥന സദസ്സിലേക്ക് പാണക്കാട് സാദിഖലി തങ്ങൾ ക്ഷണിക്കപ്പെട്ടു. കെസിബിസി പ്രസിഡന്റ് ബഹു: കർദ്ദിനാൾ മാർ ബാസേലിയാസ് ക്ളീമ്മീസ് തിരുമേനി കേക്ക് മുറിച്ചു ഒരു കഷ്ണം സാദിഖലി തങ്ങൾക്ക് കൊടുത്തു. തങ്ങൾ അത് സ്വീകരിച്ചു. ഇതിൽ എന്താണ് കുഴപ്പം? ഇതിൽ എവിടെയാണ് ആദർശ വ്യതിയാനം?  NRC വിഷയത്തിലും ബാബരി ധ്വoസനത്തിലും മുസ്ലിം വേദനകൾക്കൊപ്പം നില കൊണ്ട മതേതര പ്രതിബദ്ധതയുള്ള ഒരു തിരുമേനിയാണ് അഭിവദ്യനായ ക്ളീമ്മീസ് പിതാവ്. സാദിഖലി തങ്ങൾ നടത്തിയ സ്നേഹ സന്ദേശ യാത്രയിൽ പങ്കെടുത്ത മഹനീയ വ്യക്തിത്വം കൂടിയാണ് അദ്ദേഹം. കേരളം ഒരു ബഹുമത സംഗമ ഭൂമിയാണ്. പാണക്കാട് തങ്ങൾമാരിൽ എല്ലാ മലയാളികൾക്കും അവകാശങ്ങൾ ഉണ്ട്. ആ അവകാശമുപയോഗിച്ച് അവർ അവരുടെ പ്രിയപ്പെട്ട പരിപാടികൾക്ക് ക്ഷണിച്ചെന്നിരിക്കും. ആ സ്നേഹമസ്ര്യണ ക്ഷണം സ്വീകരിച്ചു പാണക്കാട് തങ്ങൾമാർ പോയെന്നിരിക്കും. അതിൽ ആർക്കാണ് ചേതം? എല്ലാ മതക്കാർക്കും സ്വീകാര്യനായ വ്യക്തിത്ത്വം ആയത് കൊണ്ടാണ് സാദിഖലീ തങ്ങൾ ക്ഷണിക്കപ്പെടുന്നത്. ഏത് മതക്കാർ എന്ത് ആഘോഷത്തിനും വിളിച്ചാലും പാണക്കാട് തങ്ങൾമാർ പോവണം. അവരുടെ സന്തോഷത്തിൽ പങ്കെടുക്കണം". പാണക്കാട് തങ്ങളെ അവമതിക്കാൻ ശ്രമിക്കുന്ന അൽപൻമാരോട് അതി ശക്തമായ കർക്കശഭാഷയിലാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ സാധരണക്കാർ പ്രതികരിക്കുന്നത്. 

സ്വപ്നങ്ങളും മോഹങ്ങളും വൈയക്തിമായ എല്ലാ താൽപര്യങ്ങളേയും തൃണവൽഗണിച്ച് ജീവിതം സമൂഹത്തിന് സമർപ്പിക്കുന്ന പദവിയുടെ പേരാണ് 'പാണക്കാട് തങ്ങൾ'! ആ പദവിക്ക് (പാണക്കാട് തങ്ങൾ) ചുരുങ്ങിയത് രണ്ട് നൂറ്റാണ്ടിൻറെയടുത്ത് പഴക്കമുണ്ട്. സയ്യിദ് ഹുസൈൻ ശിഹാബ് ആറ്റക്കോയ തങ്ങൾ, സയ്യിദ് കോയഞ്ഞിക്കോയ തങ്ങൾ, സയ്യിദ് അലി പൂക്കോയ തങ്ങൾ, പി.എം. എസ്.എ പൂക്കോയ തങ്ങൾ, സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ, സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ എന്നിവരിലൂടെ കൈമാറി ഇന്ന് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളിൽ എത്തിച്ചേർന്നിരിക്കുന്നു ആ പദവി! 

വിവാദമായ സംഭവം ഇതാണ് 

കേരളാ കാത്തലിക്ക് ബിഷപ്പ്സ് കൗൺസിൽ എറണാകുളത്ത് KCBC ക്രിസ്മസ്  സർവ്വ മത കൂട്ടായ്മ സംഘടിപ്പിച്ചു. സീറോ മലബാർ കത്തോലിക്ക സഭ, ലത്തീൻ കത്തോലിക്കാ സഭ, മലങ്കര കത്തോലിക്കാ സഭ എന്നീ മൂന്ന് കത്തോലിക്ക സഭകളുടെ ബിഷപ്പുമാരുടെ സംയുക്ത കൂട്ടായ്മ.

അതായത് കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിൻറെ 70 ശതമാനം വരുന്ന കത്തോലിക്ക സഭയുടെ ഏറ്റവും ഉയർന്ന പുരോഹിത നേതൃത്വം. കർദ്ദിനാൾ ബസേലിയോസ് ക്ലിമ്മീസ് തിരുമേനിയാണ് KCBC യുടെ പ്രസിഡൻ്റ്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ( മുസ്ലിം ലീഗ്) സി.എൻ മോഹനൻ ( സി.പി.എം ) പി. രാജു (സി.പി.ഐ) ജോസഫ് വാഴക്കൻ, ടി ജെ വിനോദ്, ഡിസിസി പ്രസിഡൻ്റ് ഷിയാസ്, അൻവർ സാദത്ത് എംഎൽഎ, (കോൺഗ്രസ് ) ശ്രീ ശങ്കരാചര്യ സ്വാമികൾ, വേണു ( എൻ.എസ്. എസ്) കെ. സുരേന്ദ്രൻ (ബി.ജെ.പി) മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ്മാരായ ജസ്റ്റിസ് ആൻറണി ഡൊമിനിക്ക്, ജസ്റ്റിസ് സി കെ അബ്ദുൽ റഹീം, ജസ്റ്റിസ് എബ്രഹാം മാത്യു തുടങ്ങി നിരവധി പേർ ഈ പരിപാടിയിൽ പങ്കെടുത്തു. ക്ലിമീസ് തിരുമേനി ക്രിസ്മസ് കേക്ക് മുറിച്ച് പാണക്കാട് സാദിഖലി തങ്ങൾക്കു നൽകിയാണ് പ്രോഗ്രാം ഉദ്ൽഘാടനം നടത്തിയത്. തുടർന്ന് ക്ലിമീസ് തിരുമേനിയും, സാദിഖലി തങ്ങളും, ശ്രീ ശങ്കരാചാര്യ  സ്വാമിയും ക്രിസ്മസ് സന്ദേശം നൽകി.

"ഇന്നത്തെ രാജ്യത്തെ പ്രത്യേക സാഹചര്യത്തിൽ മത വിശ്വാസികൾ തമ്മിൽ വെറുപ്പുണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തികൾ ഉണ്ടാകാൻ പാടില്ല " എന്നായിരുന്നു ക്രിസ്തുമസ് സന്ദേശം. ക്രിസ്തീയ വിശ്വാസികളുടെ ഏറ്റവും പ്രധാനപെട്ട ആഘോഷമായ ക്രിസ്മസിനു  അവരുടെ ആസ്ഥാന മന്ദിരത്തിൽ ഒത്തുചേരാനും സന്ദേശം നൽകാനും കേരളത്തിലെ ക്രിസ്തീയ സമൂഹത്തിൻ്റെ ഏറ്റവും മുതിർന്ന കർദ്ദിനാൾ സ്നേഹത്തോടെ  പാണക്കാട് തങ്ങളെ വിളിച്ചു. പാണക്കാട് തങ്ങൾ പകെടുത്തു അത്രയെ ഉണ്ടായിട്ടുള്ളൂ.

വ്യത്യസ്ത മതവിഭാഗങ്ങൾ ഏകോദര സഹോദരങ്ങളായി ജീവിക്കുന്ന കേരളത്തിൽ ഇത്തരം കൂട്ടായ്മകളെ എതിർക്കുന്നത് മത വിദ്വേഷങ്ങൾ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നവരാണ്. രാജ്യത്തിൻ്റെ അടിസ്ഥാന തത്വമായ മതേതതരത്വം എന്ന ആശയം തകരണം എന്ന് ആഗ്രഹിക്കുന്ന ചിലരുമുണ്ട് അക്കൂട്ടത്തിൽ.

 ഇനിയും ഇത്തരം കൂട്ടായ്മകൾ ഉണ്ടാവണം. അവിടെയെല്ലാം സ്നേഹ സാന്നിദ്ധ്യമായി പാണക്കാട് തങ്ങളും ഉണ്ടാവണം.

ഓണവും ക്രിസ്തുമസും ഈദും, ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം വിഭാഗങ്ങൾ ഒത്തൊരുമയോടെ ആഘോഷിച്ച് സന്തോഷത്തോടെ ഇവിടെ ജീവിക്കട്ടെ... അതിനിടയിൽ പാണക്കാട് കുടുംബത്തോടുള്ള അസൂയ കാരണം ഫോട്ടോയുടെ അരികും മൂലയും വെട്ടിമാറ്റി വക്രീകരിക്കുന്നത്  മര്യാദകേടാണ്. ഇത്തരം വിദ്വേഷ പ്രചാരകരെ ഒറ്റപ്പെടുത്തണം.

നിലവിലെ മുസ്ലിം സമുദായത്തിനകത്തെ സാഹചര്യം

പാണക്കാട് തങ്ങളെ മറികടന്ന് നേതൃസ്ഥാനത്തെത്താൻ ആഗ്രഹിക്കുന്ന കുറേ നേതാക്കൾ സമസ്തക്കകത്ത് ഇന്നുണ്ട്. അവരാണ് മത കർമ്മശാസ്ത്രങ്ങളിലെ മുടിനാരിഴ പരിശോധിച്ച് തങ്ങൾ കുടുംബത്തെ വിവാദത്തിലേക്ക് വലിച്ചിടുന്നത്. മുമ്പ് ഇത്തരം സംഭവങ്ങൾ ഉണ്ടായപ്പോൾ മുസ്ലിം ലീഗ് അത്തരം തീവ്രവാദികളെ അടിച്ചിരുത്തുകയായിരുന്നു ചെയ്തിരുന്നത്. 

ഈയിടെ സമസ്തക്കകത്തെ അധികാര  ദുര മൂത്ത ചില ആളുകൾ ആണ് കുഴപ്പക്കാർ. അത്തരക്കാരെ കർക്കശമായി കൈകാര്യം ചെയ്താൽ മാത്രമേ ഈ ഒരു അവസ്ഥയിൽ നിന്നും കേരളീയ മുസ്ലിംകളെ രക്ഷപ്പെടുത്താനാകൂ.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക