ജുവല്‍ മീഡിയ പ്രൊഡക്ഷന്റെ ബാനറില്‍ പി.കെ.എം.ടി.സഹജീവനം മീഡിയ, ചാരുകേശിനി പ്രൊഡക്ഷന്‍സ് എന്നിവയുടെ സഹകരണത്തോടെ നവാഗതനായ ഷിജു പീറ്റര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം റോമാ 6 പ്രദർശനത്തിനൊരുങ്ങുന്നു. പയ്യന്നൂര്‍ ശാന്തി തിയേറ്ററില്‍ മാർച്ച് ആറുമുതലുള്ള ദിവസങ്ങളില്‍ രാത്രി 7.30നാണ് പ്രദര്‍ശനം.
വര്‍ഷങ്ങള്‍ക്കുമുമ്പേ മനസില്‍ നാമ്പിട്ട കഥാബീജവുമായുള്ള ഷിജു പീറ്ററിന്റെ പ്രയാണത്തിലാണ് പയ്യന്നൂരിലെ കലാകാരന്മാരെ വെച്ച് സ്വന്തമായൊരു സിനിമ നിര്‍മ്മിക്കുക എന്ന ആശയമുടലെടുത്തത്. സൗണ്ട് എഞ്ചിനീയറും സംഗീതാധ്യാപകനുമായി കഴിഞ്ഞിരുന്ന ഷിജുവിന്റേയും കൂട്ടുകാരുടേയും ചര്‍ച്ചകള്‍ക്കൊടുവില്‍ സിനിമ സ്വന്തമായി നിര്‍മ്മിക്കുവാനുള്ള തീരുമാനമെടുക്കുകയായിരുന്നു.പയ്യന്നൂരിലെ കലാകാരന്മാരുടെ കൂട്ടായ്മയുടെ വിജയം കൂടിയാണ് ഈ സിനിമ.
ചരിത്രമുറങ്ങുന്ന ഏഴിമലയുടേയും കണ്ടല്‍ സമൃദ്ധിയുടെ പച്ചപ്പില്‍ ശ്രദ്ധേയമായ കവ്വായി കായലിന്റേയും പകരം വെക്കാനാവാത്ത ദൃശ്യഭംഗിയുടെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രമാണ് റോമാ 6 . എല്ലാം വെട്ടിപ്പിടിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ സമൂഹത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതിയും എല്ലാം അവസാനിച്ചുവെന്ന് കരുതുന്നിടത്തുനിന്നും അരംഭിക്കുന്ന മനസാക്ഷിയുടെ കുരിശുയുദ്ധവുമാണ് ചിത്രത്തിന്റെ പ്രമേയം. ആരും പറയാത്ത കാമ്പുള്ള കഥയും ആരേയും അനുകരിക്കാത്ത സംവിധാന ശൈലിയും കരുത്തുറ്റ കഥാപാത്രങ്ങളുമാണ് ഈ ചിത്രത്തിന്റെ മേന്മ.
ചിത്രത്തിന്റെ ഛായാഗ്രഹകന്‍ ഗിജില്‍ പയ്യന്നൂര്‍. ഷിജിത്ത് കരിവെള്ളൂര്‍, കിഷോര്‍ ക്രിസ്റ്റഫര്‍ എന്നിവരാണ് സഹായികള്‍. എരഞ്ഞോളിക്കാരന്റെ രചനക്ക് വിദ്യാധരന്‍ മാസ്റ്റര്‍ സംഗീതം നല്‍കി ഭാവഗായകന്‍ പി.ജയചന്ദ്രന്‍ പാടിയ ഏറ്റവും പുതിയ സിനിമാഗാനം ഈ ചിത്രത്തിലാണെന്ന പ്രത്യേകതയുമുണ്ട്. സുരേഷ് രാമന്തളി, പ്രമോദ് കാപ്പാട് പീറ്റർ ഏഴിമല എന്നിവരുടെ വരികള്‍ക്ക്് ഈണം പകര്‍ന്നിരിക്കുന്നത് ബെന്നി മാളിയേക്കലും സുഹൃത്ത് ജയചന്ദ്രന്‍ കാവുന്താഴയുമാണ്. കെജിഎഫ് ഫെയിം വിപിന്‍ സേവ്യര്‍, ഹനൂന അസീസ് തുടങ്ങിയവരുള്‍പ്പെടെ ആലപിച്ച ശ്രദ്ധേയമായ അഞ്ച് പാട്ടുകളാണ് ചിത്രത്തിലുള്ളത്. എഡിറ്റിംങ്ങ്-രജീഷ് ദാമോദരന്‍, ബിജിഎം-പ്രണവ് പ്രദീപ്, സ്റ്റില്‍സ്-നിഷാദ് സി പയ്യന്നൂര്‍, ചമയം-പിയൂഷ് പുരുഷു, ടൈറ്റില്‍ ഡിസൈന്‍-ദിനേശ് മദന്‍കുമാര്‍. വർണ്ണസന്നിവേശം ബിബിൻ വിഷ്വൽഡോൺസ്.