Image
Image

ഇണക്കവും പിണക്കവുമായി 'മച്ചാന്റെ മാലാഖ'-റിവ്യൂ

Published on 06 March, 2025
ഇണക്കവും പിണക്കവുമായി 'മച്ചാന്റെ മാലാഖ'-റിവ്യൂ

വ്യത്യസ്തവും കൗതുകമുള്ളതും സാമൂഹ്യ ശ്രദ്ധ അര്‍ഹിക്കുന്നതുമായ ഒരു പ്രമേയവുമായാണ് ഇത്തവണ സംവിധായകന്‍ ബോബന്‍ സാമുവല്‍ തന്റെ പുതിയ ചിത്രം 'മച്ചാന്റെ മാലാഖ' അവതരിപ്പിക്കുന്നത്. ഗാര്‍ഹിക പീഡനം എന്ന വാക്കു കേള്‍ക്കുമ്പോള്‍ തന്നെ സ്ത്രീയുടെ മുഖമാണ് ഏതൊരാളുടെയും മനസ്സിലേക്ക് ആദ്യംകടന്നു വരിക. എന്നാല്‍ ദാമ്പത്യത്തില്‍ പീഡനം അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകള്‍ക്ക് മാത്രമല്ലെന്നും പലപ്പോഴും പുരുഷന്‍മാരും അതിന് ഇരയാകാറുണ്ടെന്നും പറയുകയാണ് സൗബിന്‍ താഹിറും നമത് പ്രമോദും പ്രധാന വേഷങ്ങളിലെത്തുന്ന മച്ചാന്റെ മാലാഖ'. ഒപ്പം കുടുംബബന്ധങ്ങളുടെ ഇഴയടുപ്പവും ഊഷ്മളതയും പരസ്പര വിശ്വാസത്തിന്റെ പ്രാധാന്യവുമെല്ലാം ചിത്രത്തില്‍ അടിവരയിട്ടു പറയുന്നു.

കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടറാണ് സജീവന്‍. പെങ്ങളും അളിയനും കുഞ്ഞുങ്ങള്‍ക്കുമൊപ്പം സന്തുഷ്ട ജീവിതം നയിക്കുന്ന സജീവന് വിവാഹ പ്രായം കഴിഞ്ഞു. വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും നല്ല ആലോചനകള്‍ ഒത്തു വരാത്തതില്‍ സജീവന് വിഷമമുണ്ട്. അങ്ങനെയിരിക്കേ അപ്രതീക്ഷിതമായാണ് സജീവന്റെ ജീവിതത്തിലേക്ക് ബിജി മോള്‍ കടന്നു വരുന്നത്. വേറെ ബസ് മാറി കയറിയതാണ്. പക്ഷേ അതേ തുടന്നുണ്ടായ വാക്ക്‌പോരിന്റെ അവസാനം ബിജി മോള്‍ കണ്ടക്ടര്‍ക്കെതിരേ പരാതി കൊടുത്തു. അതിനു ശേഷം ബിജി മോളെ കാണാതിരിക്കാന്‍ വേണ്ടി മറ്റൊരു റൂട്ടില്‍ പോയിട്ടും സജീവന്‍ ബിജിമോളുടെ മുന്നില്‍ പെടുക തന്നെ ചെയ്തു.

പതിവായി കാണാന്‍ തുടങ്ങിയതോടെ ആദ്യമുണ്ടായിരുന്ന ദേഷ്യമെല്ലാം മാറി സജീവന് ബിജിമോളോട് ഇഷ്ടം തോന്നിത്തുടങ്ങി. പിന്നെ അവളെ വിവാഹം കഴിക്കണമെന്നായി. സദാ മൂക്കിന്റെ തുമ്പത്ത് ദേഷ്യവു എന്തിനും ഏതിനും ഭര്‍ത്താവിന്റെ നേര്‍ക്ക് തട്ടിക്കയറുകയും ചെയ്യുന്ന കുഞ്ഞുമോളാണ് ബിജിയുടെ അമ്മ. ഭര്‍ത്താവിനെ ചൊല്‍പ്പടിക്ക് നിര്‍ത്തുന്ന സാമര്‍ത്ഥ്യക്കാരി. അവര്‍ക്ക് ഒരു ഡിമാന്‍ഡ് മാത്രമേയുള്ളൂ. ബിജിമോളെ വിവാഹം ചെയ്യുന്നവന്‍ ദത്ത് നില്‍ക്കണം. ബിജിമോളെയും വീട്ടുകാരെയും കുറിച്ചറിയാവുന്ന പെങ്ങളും അളിയനും സജീവനോട്അല്‍പ്പം എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും സജീവന് അവളെ തന്നെ വിവാഹം കഴിക്കണമെന്നായിരുന്നു വാശി. ഒടുവില്‍ വിവാഹം നടന്നു. അവളുടെ വീട്ടില്‍ താമസവും തുടങ്ങി. സ്‌നേഹിച്ചും പിണങ്ങിയും വീണ്ടും ഇണങ്ങിയും തുടരുന്ന ഇരുവരുടെയും ദാമ്പത്യ ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളും അതേ തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.

നാട്ടിന്‍പുറത്ത്കാരനായ സജീവന്‍ എന്ന സാധാരണക്കാരനായ യുവാവായി സൗബിന്‍ താഹിര്‍ മികച്ച പ്രകടനം കാഴ്ച വച്ചു. അതു പോലെ തന്നെ കിടിലന്‍ പെര്‍ഫോമന്‍സാണ് നമിതയും കാഴ്ച വച്ചത്. കോളേജ് വിദ്യാര്‍ത്ഥിനിയുടെ റോളില്‍ നിന്നും പക്വതയുള്ള കാമ്പുള്ള കഥാപാത്രങ്ങള്‍ തന്റെ കൈയ്യില്‍ ഭദ്രമാണെന്ന് നമിത് തെളിയിച്ചു. പ്രേക്ഷകനെ അമ്പരപ്പിച്ച പ്രകടനം ശാന്തിക്കൃഷ്ണയുടേതായിരുന്നു. പക്ഷേ എന്ന ചിത്രത്തിനു ശേഷം ഇങ്ങനെയൊരു കഥാപാത്രമായി ശാന്തികൃഷ്ണയെ ആദ്യമായിട്ടാണ് ഒരു സംവിധായകന്‍ അവതരിപ്പിക്കുന്നത്. വളരെ നാച്വറലായി തന്നെ കുഞ്ഞുമോള്‍ എന്ന കഥാപാത്രത്തെ അവര്‍ ഗംഭീരമാക്കിയിട്ടുണ്ട്. നമിതയുടെ അച്ഛനായി വന്ന മനോജ് കെ.യു ഭാര്യയുടെ ആജ്ഞാനുവര്‍ത്തിയായി അടിച്ചമര്‍ത്തപ്പെട്ടു കഴിയുന്ന ഭര്‍ത്താവിന്റെ വേഷം മികച്ചതാക്കി. ധ്യാന്‍ ശ്രീനിവാസന്റെ വക്കീല്‍ കഥാപാത്രവും ദിലീഷ് പോത്തന്റെ ദാസേട്ടനും വിനീത് തട്ടിലിന്റെ രമേഷേട്ടനും കഥാപാത്രങ്ങളെ ഉജ്ജ്വലമാക്കിയിട്ടുണ്ട്. ഇവരെ കൂടാതെ ഷീലു എബ്രഹാം. ആല്‍ഫി പഞ്ഞിക്കാരന്‍, ആര്യ, ശ്രുതി ജയന്‍, ബേബി ആവണി എന്നിവരും തങ്ങളുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തി. സംഗീത സംവിധായന്‍ ഔസേപ്പച്ചനും അതിഥി താരമായി എത്തുന്നുണ്ട്.

അജീഷ് പി. തോമസും ജെക്‌സണ്‍ ആന്റണിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. കാമ്പുളള കഥയും കരുത്തുള്ള തിരക്കഥയുമാണ് ചിത്രത്തിന്റെ അടിത്തറ. വിവേക് മേനോന്റെ ഛായാഗ്രഹണവും ഔസേപ്പച്ചന്റെ സംഗീതവും ചിത്രത്തിന് മുതല്‍ കൂട്ടായി. കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ഒരുക്കിയ ചിത്രം ഒരിക്കലും മിസ്സ് ചെയ്യരുത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക