നീരജ് മാധവ്, അജു വര്‍ഗീസ്, ഗൗരി ജി. കിഷന്‍ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഏറ്റവും പുതിയ ജിയോ ഹോട്ട്സ്റ്റാർ സീരീസ് ആണ് ‘ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍’(LUC). വാശി എന്ന ചിത്രത്തിന് ശേഷം വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്ത റൊമാൻറ്റിക് കോമഡി ഫാമിലി എന്റർടൈനർ ഴോണറിൽ എത്തിയ സീരീസിന് ഒട്ടേറെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടിയിരുന്നു. കൂടാതെ സീരീസിനെ പ്രശംസിച്ച് സിനിമാ മേഖലയിലെ മുൻനിര താരങ്ങളും രംഗത്ത് എത്തിയിരുന്നു.
‘സൂപ്പർ ഫൺ’ സീരീസ് എന്ന വിശേഷണത്തോടെ ദുൽഖർ സൽമാൻ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷനെ പ്രശംസിച്ചിരുന്നു. ഇപ്പോഴിതാ നടൻ നിവിൻ പോളിയും, വിനീത് ശ്രീനിവാസനും ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ഇരുവരും തങ്ങളുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങൾക്ക് അഭിനന്ദനം അറിയിച്ചത്.
നേരത്തെ സീരിസിന്റെ പ്രിവ്യു ഷോ കണ്ട ടൊവിനോ തോമസ്, ബേസിൽ ജോസഫ്, സാനിയ അയ്യപ്പൻ, അന്ന ബെൻ, സംവിധായകൻ തരുൺ മൂർത്തി, ജിതിൻ ലാൽ തുടങ്ങിയവരും ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്നു.
കോമഡികളും അജു വർഗീസിന്റെ പ്രകടനവും വലിയ കയ്യടികളാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും നേടുന്നത്. സീരിസിലെ റൊമാന്റിക് സീനുകൾ മികച്ചു നിന്നെന്നും അഭിപ്രായങ്ങളുണ്ട്. അജു വർഗീസ് - നീരജ് മാധവ് കോംബോ നല്ല രീതിയിൽ വർക്ക് ആയെന്നും പ്രേക്ഷകര്‍ പറയുന്നു. നീരജ് മാധവിനും നല്ല സ്വീകരണം ലഭിക്കുന്നുണ്ട്. മലയാളത്തിൽ നീരജ് അഭിനയിക്കുന്ന ആദ്യത്തെ വെബ് സീരീസാണിത്.