എട്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഗ്ലിസറോള്‍ അടങ്ങിയ കൊഴുത്ത പാനീയങ്ങള്‍ നല്‍കരുതെന്ന മുന്നറിയിപ്പുമായി ഗവേഷകര്‍. അയര്‍ലണ്ടില്‍ നിന്നുള്ള ഗവേഷകരാണ് 2009 മുതല്‍ 2024 വരെ ഇത്തരം പാനീയങ്ങള്‍ കഴിച്ച ശേഷം സുഖമില്ലാതായ 21 കുട്ടികളെ വച്ച് നടത്തിയ പഠനത്തിലൂടെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഗ്ലിസറോള്‍ അടങ്ങിയ പാനീയങ്ങള്‍ കഴിച്ച് അടുത്ത ഒരു മണിക്കൂറിനുള്ളില്‍ കുട്ടികള്‍ക്ക് സുഖമില്ലാതാകുകയായിരുന്നു. ഗ്ലിസറോള്‍ അടങ്ങിയ പാനീയങ്ങള്‍ കഴിച്ച കുട്ടികളില്‍ തലവേദന, തലകറക്കം, ഛര്‍ദ്ദി മുതലായവയാണ് ഉണ്ടായത്. ഈ കുട്ടികള്‍ ആര്‍ക്കും തന്നെ നേരത്തെ മറ്റ് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല.
പാനീയങ്ങളിലടങ്ങിയിരിക്കുന്ന ഗ്ലിസറോള്‍ എന്ന പദാര്‍ത്ഥം കുട്ടികളില്‍ ഗ്ലിസറോള്‍ ഇന്‍ടോക്‌സിക്കേഷന്‍ സിന്‍ഡ്രോം എന്ന രോഗാവസ്ഥ സൃഷ്ടിക്കുമെന്നാണ് ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായത്. പാനീയങ്ങളില്‍ പഞ്ചസാരയുടെ രുചി ഉണ്ടാക്കാനായി ഗ്ലിസറോള്‍ ചേര്‍ക്കാന്‍ യുഎസില്‍ അടക്കം അനുമതിയുണ്ട്. ഒപ്പം പാനീയങ്ങള്‍ക്ക് അത് കൊഴുപ്പും നല്‍കുന്നു. ഐസ് ഇട്ട ഇത്തരം പാനീയങ്ങള്‍ക്ക് ആവശ്യക്കാരും ഏറെയാണ്. പൊതുവില്‍ പ്രശ്‌നം സൃഷ്ടിക്കില്ലെങ്കിലും കുട്ടികളെ ഗ്ലിസറോള്‍ മോശമായി ബാധിക്കുമെന്നാണ് വ്യക്തമായിരിക്കുന്നത്. പാനീയങ്ങളിലെ ഗ്ലിസറോളിന്റെ അളവ് സംബന്ധിച്ച് സുതാര്യത വരുത്തേണ്ടതുണ്ടെന്നും ഗവേഷകര്‍ പറയുന്നു.