മയക്കുമരുന്നിനെതിരെ പഴുതടച്ച പ്രതിരോധവുമായി എക്സൈസ് സേന ആരംഭിച്ച ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് എട്ടു ദിവസം കൊണ്ട് പിടിച്ചത് 1.9 കോടിയുടെ മയക്കുമരുന്ന്. മയക്കുമരുന്നിനെതിരെ എക്സൈസിന്റെ എൻഫോഴ്സ്മെന്റ് നടപടികൾ കൂടുതൽ ഊർജിതമാക്കാൻ തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർദേശം നൽകി. മാർച്ച് 12 വരെ നിശ്ചയിച്ചിരുന്ന ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് ഒരാഴ്ച കൂടി ദീർഘിപ്പിക്കും.
ഡ്രൈവിന്റെ ഭാഗമായി മാർച്ച് 5 മുതൽ 12 വരെ എക്സൈസ് നടത്തിയത് 3568 റെയ്ഡുകളാണ്, ഇതിൽ പൊലീസ്, വനം, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ സേനകളുമായി ചേർന്നുള്ള 50 സംയുക്ത പരിശോധനകളുമുണ്ട്. ഈ കാലയളവിൽ 33709 വാഹനങ്ങൾ പരിശോധിച്ചു. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി 554 മയക്കുമരുന്ന് കേസുകളാണ് എക്സൈസ് പിടിച്ചത്. ഈ കേസുകളിൽ 570 പേരെ പ്രതിചേർക്കുകയും ഇതിൽ 555 പേരെ പിടികൂടുകയും ചെയ്തു.