ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്‌സ് പ്രസിഡൻറ് ട്രംപിന്റെ മകൻ ഡൊണാൾഡ് ട്രംപ് ജൂനിയറിന്റെ മുൻ ഭാര്യ വനേസ ട്രംപിനെ ഡേറ്റ് ചെയ്യുന്നതായി പേജ് സിക്‌സ് സ്ഥിരീകരിക്കുന്നു. ഗൗരവമായ ബന്ധമൊന്നും ആയിട്ടില്ല അതെന്നാണ് നിഗമനം. പക്ഷെ ആവാൻ എല്ലാ സാധ്യതയുമുണ്ട്.
വുഡ്‌സിനും (49) വനേസയ്ക്കും (47) മുൻ വിവാഹങ്ങളിൽ നിന്നു മക്കളുണ്ട്. 2010ൽ പരസ്ത്രീ ബന്ധം ആരോപിക്കപ്പെട്ടു വിവാഹമോചനം തേടേണ്ടി വന്ന വുഡ്‌സ് പിന്നീട് വിവാഹം കഴിച്ചിട്ടില്ല. വനേസ ആവട്ടെ, 2018ൽ ജൂനിയർ ട്രംപുമായി പിരിഞ്ഞ ശേഷം ഡേറ്റിങ് നടത്തിയിട്ടില്ലത്രേ. നടൻ ലിയനാർഡോ ഡികാപ്രിയോ, സൗദി രാജകുമാരൻ ഖാലിദ് ബിൻ ബന്ദർ ബിൻ സുൽത്താൻ അൽ സൗദ് എന്നിവരുമായി അവർക്കു പ്രണയബന്ധങ്ങൾ ഉണ്ടായിരുന്നു.
കേവലം സൗഹൃദമായാണ് വുഡ്‌സ്-വനേസ ബന്ധം ആരംഭിച്ചതെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2024 താങ്ക്സ്ഗിവിങ് ഹോളിഡേ കാലത്താണ് ഡേറ്റിങ് ആരംഭിച്ചത്. താരത്തെയും രാജകുമാരനെയും പ്രണയിച്ച വനേസയ്ക്കു വുഡ്‌സിന്റെ പ്രശസ്തി വിഷയമല്ലെന്നാണ് അറിയാവുന്നവർ പറയുന്നത്.
ഇരുവരും ഫ്ളോറിഡയിലാണ് താമസം. വനേസയുടെ മൂത്തമകൾ കായ് ട്രംപ് (17) മികച്ച ഗോൾഫ് കളിക്കാരിയാണ്. അവൾ പഠിക്കുന്ന സ്കൂളിൽ തന്നെയാണ് വുഡ്‌സിന്റെ മക്കൾ സാം (17), ചാർളി (16) എന്നിവരും പഠിക്കുന്നത്.
വുഡ്‌സിന്റെയും വനേസയുടെയും വീടുകൾ തമ്മിൽ 20 മിനിറ്റ് അകലം മാത്രം. പലപ്പോഴും വനേസ രാത്രി കഴിച്ചു കൂട്ടുന്നത് ജുപിറ്റർ ഐലൻഡിലെ വുഡ്‌സിന്റെ വീട്ടിലാണെന്ന് 'ഡെയ് ലി മെയിൽ' പറയുന്നു.
Tiger Woods dating Vanessa Trump