Image

ചിതലരിക്കാത്ത കവിതകൾ (നിരൂപണം :സുധീർ പണിക്കവീട്ടിൽ)

Published on 15 March, 2025
ചിതലരിക്കാത്ത കവിതകൾ (നിരൂപണം :സുധീർ പണിക്കവീട്ടിൽ)

ചിലരുടെ രചനകൾ കാലത്തെ അതിജീവിക്കും. അതൊരു നിയോഗമാണ്. അതിനെ വിശ്വാസമുള്ളവർക്ക് ഈശ്വരന്റെ കടാക്ഷം, കൃപ എന്നൊക്കെ വ്യാഖ്യാനിക്കാം. ശ്രീ ഏഴിയിൽ അബ്‌ദുല്ല എന്ന കവിയുടെ എഴുപത്തിയേഴു കവിതകൾ അടങ്ങുന്ന സമാഹാരമാണ് മൗനവാതിൽ പക്ഷി. ഇതിലെ കവിതകൾ കവി വീട്ടിലെവിടെയോ അലക്ഷ്യമായി ഇട്ടിട്ട് പോയതായിരുന്നു. ഒരു പക്ഷെ ചിതൽതിന്നു പോകുമായിരുന്ന അവസ്ഥയിൽ. പക്ഷെ ഒരു അജ്ഞാത കരം അവയെ സൂക്ഷിച്ചുവച്ചു. അത് സംരക്ഷിച്ചത് അദ്ദേഹത്തിന്റെ പ്രിയപത്നിയായിരുന്നു. അതുകൊണ്ട് ആ കവിതകൾ ആസ്വാദകലോകത്തിനു ലഭിച്ചു. ചിതലുകൾക്ക് അന്നദാനമായി തീരേണ്ട കവിതകൾ സൂക്ഷിച്ച വച്ച പത്നിയോട് അദ്ദേഹത്തിന്റെ കടപ്പാട് രേഖപ്പെടുത്തുന്നുണ്ട്.  ഇവിടെയും ഏതോ അദൃശ്യശക്തി കവിതകൾക്ക് കാവൽ നിന്നുവെന്നു വിശ്വസിക്കാവുന്നതാണ്.
ജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും വിമർശനങ്ങളും നിർദേശങ്ങളും കവിതകളിൽ പ്രതിഫലിക്കുന്നുണ്ട്. അധർമ്മവും  അനീതിയും പുലരുന്ന ലോകത്തിന്റെ തനിനിറം ചൂണ്ടിക്കാണിച്ച് ഇത്തിരി കനിവിനായി  കവി അപേക്ഷിക്കുന്നു. കനിവ് എന്ന കവിതയിൽ. ഈ കവിത നമ്മുടെ നാടിന്റെ ഇന്നത്തെ അവസ്ഥയിലേക്ക് നമ്മെ ക്ഷണിക്കുന്നു. കവിയുടെ ധാർമ്മിക രോഷം അദ്ദേഹം ഉപയോഗിച്ചിരിക്കുന്ന  വാക്കുകളിൽ കാണാം "നേതാക്കന്മാർ നടനകാന്തിയിൽ ഒരുമിച്ചിരുന്നു വീഞ്ഞ് നുണയുന്നു”. നടനം എന്നാൽ അഭിനയം.  കാന്തി തിളക്കം ശോഭ.  ഈ പ്രയോഗത്തിലൂടെ നേതാക്കന്മാരെ എത്ര കൃത്യമായി കവി വരച്ചുവയ്ക്കുന്നു.അപൂർണ്ണം എന്ന കവിതയിലും മോഹഭംഗങ്ങളാണ് വിഷയം.   എന്നാൽ നിരാശയുടെ അന്ധകാരത്തിലും  നെയ്ത്തിരി നാളങ്ങൾ കൊളുത്താൻ കവിയുടെ ഉള്ളിൽ തീഷ്ണമായ മോഹങ്ങൾ തീപ്പെട്ടി ഉരയ്ക്കുന്നുണ്ട്.
മദർ തെരേസ്സ എന്ന കവിത പ്രശംസാപരമായ ഒരു കവിതയാണ്. ജീവിതത്തിന്റെ  വ്യർത്ഥതയാണ് ജന്മം എന്ന കവിതയിൽ. നിരാശവാദം ഉറപ്പിക്കുംവിധം നഷ്ടങ്ങളുടെ പട്ടിക നിരത്തുന്നു.  കറുപ്പ് എന്ന കവിതയിൽ കറുപ്പിനെ തത്വചിന്താപരമായ ഒരു ആശയമായി ആവിഷ്കരിച്ചിട്ടുണ്ട്. അത് നർമ്മത്തിൽ ചേർത്ത് പറയുന്നു. ചിരിക്കുമ്പോഴത്തെ വെളുപ്പും ചിരി മായുമ്പോഴത്തെ കറുപ്പും കവി ചൂണ്ടിക്കാട്ടുന്നു.
വാക്കുകൾ എന്ന കവിതയും ജീവിതയാഥാർഥ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങി നോക്കുന്ന കാഴ്ചകളാണ്. സ്വന്തം ജീവിതാനുഭവങ്ങൾ ശക്തി പകരുന്നില്ല. അതുകൊണ്ട് പുതിയ തലമുറക്ക് എന്തെങ്കിലും മാർഗ്ഗനിർദ്ദേശം  നൽകണമെന്ന പിതാക്കന്മാരുടെ നിസ്സഹായത.  കാരണം അവർ കടന്നുവന്ന സാഹചര്യങ്ങൾ അതിജീവിക്കുക പ്രയാസമാണെന്ന അറിവ് അവരെ തളർത്തുന്നു. ആശയപ്രകടനങ്ങൾ ആർജ്ജവത്തോടെ നിർവഹിക്കുക എന്ന ദൗത്യം കവി ഏറ്റെടുത്തിട്ടുണ്ടെന്നു വായനക്കാരന് ബോധ്യമാകുംവിധമാണ് മിക്ക രചനകളും.


പുഴയെ കവി കാണുന്നത് ഒരു സ്ത്രീയായിട്ടാണ്. അവളും വിൽക്കപ്പെടുന്നു. അതുകൊണ്ട് കവി അതിനെ വിലക്കാൻ ശ്രമിക്കുന്നു. പിന്നെ പെൺകുട്ടികളെപോലെ പുഴ വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്നു. അവളുടെ വളർച്ച തടയാൻ സാധ്യമല്ല. അവൾക്കും കല്യാണമോഹങ്ങൾ  ഉണ്ട്. സൂര്യന്റെ രസ്മികൾ ഓളങ്ങളിൽ പതിക്കുമ്പോൾ അവ പുഴയുടെ ആയിരം കണ്ണുകളാകുന്നു. അവൾ സൂര്യനെ കണ്ണെറിഞ്ഞു പ്രണയിക്കുന്നു. അപ്പോൾ അവൾ സുന്ദരിയാകുന്നു. കൊച്ചു കൊച്ചു വാക്കുകളെകൊണ്ട് മനോഹരമായി ഒരു ആശയത്തെ അല്ലെങ്കിൽ ദൃശ്യത്തെ അവതരിപ്പിക്കാനുള്ള വൈദഗ്ദ്ധം എല്ലാ കവിതകളിലും കവി പ്രകടിപ്പിക്കുന്നു,
മുകിലുകളുടെ മകളായി പിറന്നെങ്കിലും അവളെ പുഴയിൽ കുടി വയ്ക്കാൻ (പാർപ്പിക്കാൻ) കഴിയില്ല; കാരണം അവൾ പ്രയാണത്തിലാണ്. അനന്തതയിൽ വെറും മഞ്ഞുകണമായി തീരും മുമ്പേ കവി ഒരു കുടന്ന വെള്ളം കോരിയെടുക്കുന്നു. അതിനെ ഒരു പ്രതീകമായി കണക്കാക്കാം. കവിയുടെ കണ്ണീരുപോലെ എന്നാണു പറഞ്ഞിട്ടുള്ളത്. ജീവജലം എന്ന പ്രയോഗം ബൈബിളിൽ ഉണ്ട്. കവി മാനവരാശിക്ക് വേണ്ടി കരുതുന്ന വെള്ളമാകാം അത്.
മൗനവാതിൽ പക്ഷി എന്ന കവിതയിൽ ശബ്ദമില്ലാത്ത ഗീതകം മൂളുന്ന ജീർണ്ണതയുടെ ദീനരോദനം പറയുന്നുണ്ട്. ക്ലേശത്തിന്റെ കരച്ചിലിന് ശബ്ദം കുറവായിരിക്കും. അത് മൗനങ്ങൾ കാക്കുന്ന വാതിലിനകത്തായിരിക്കും. ജീവന്റെ വെളിച്ചം തെളിയിക്കാൻ ആ പക്ഷിയോട് കവി അഭ്യർത്ഥിക്കുന്നുണ്ട്. പക്ഷെ രണ്ടുപേരും പരസ്പരം ഇരുട്ടും അപരാധവുമാണ്.  ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നത്  അപരാധമാണ്. അപ്പോൾ പിന്നെ പ്രതീക്ഷയുടെ വെളിച്ചം എങ്ങനെ ഉണ്ടാകും. അതുകൊണ്ടാണ് പ്രവർത്തിക്കാൻ ആഹ്വാനം ചെയ്യുന്നത്. വായനക്കാരേ വളരെ ചിന്തിപ്പിക്കുന്ന കവിതയാണ്.
ആഴമേറിയ ചിന്തകളെ പരിമിതമായ  വാക്കുകൾകൊണ്ട്  ചുരുങ്ങിയ വരികളിൽ എഴുതുന്ന സമ്പ്രദായമായി       കുറുങ്കവിതകളെ കാണാം. ഈ സമാഹാരത്തിലെ ഏകദേശം ഇരുപതിൽ പരം കവിതകൾ കുറുങ്കവിതകൾ എന്ന വിഭാഗത്തിൽ  പെടുത്തി അപഗ്രഥനം ചെയ്യാവുന്നവയാണ്.

ഋതു - ഭാവനസുരഭിലമായ കവിത. മൂകസാക്ഷി - പൂമരത്തിൽ തൂങ്ങിയാടുന്ന പെൺകുട്ടി. മരം നിസ്സഹായതയോടെ കണ്ടു നിൽക്കുന്നു എന്നാൽ പ്രകൃതിനിയോഗം പോലെ പൂക്കുന്നു. മനുഷ്യന്റെ ദുഃഖങ്ങളിൽ പങ്കുചേരപ്പെടുന്ന പ്രകൃതിയുടെ നിസ്സഹായാവസ്ഥ വളരേ വ്യക്തമായി ഇതിൽ കാണാവുന്നതാണ്.
ശത്രു എന്ന കവിതയും ചാണക്യനെപോലെ ഒരു ദുഃഖസത്യം പറയുന്നു. അദ്ദേഹം പറഞ്ഞു നേർമര ങ്ങൾ എളുപ്പം വെട്ടപ്പെടും. ശ്രീ അബ്‌ദുല്ല പറയുന്നു നിങ്ങളിൽ വിഷം ഏറുംതോറും നിങ്ങൾ മാനിക്കപ്പെടും. നന്മകൾ കൊണ്ട് വലിയ പ്രയോജനമില്ലെന്ന ധ്വനി.  ആശാൻ എന്ന കവിത ഇന്നത്തെ വിദ്യാഭ്യാസ സംവിധാനത്തെ പരിഹസിച്ചിരിക്കയാണ്.  ശിഷ്യർ ആശാന്മാരെക്കാൾ കുടില ചിന്തയുള്ളവർ. ഇടം എന്ന കവിതയും മനുഷ്യപുത്രന്മാർക്ക്  തല ചായ്ക്കാൻ ഇടമില്ലെന്ന സത്യത്തെ സ്ഥിരീകരിക്കുന്നു. ഓരോ കവിതകളെക്കുറിച്ചെഴുതി വായനക്കാരന്റെ വായിക്കാനുള്ള അവസരം നഷ്ടപെടുത്തുന്നില്ല. മനുഷ്യന്റെ അഹങ്കാരങ്ങളെ ചോദ്യം ചെയ്യുന്ന വ്യാധികളെപ്പറ്റി, കാര്യസാധ്യത്തിനായി മനുഷ്യമനസ്സുകൾ ഏർപ്പെടുന്ന പ്രവർത്തികളെപ്പറ്റി, ജീവിതം ഒരു ഒഴുക്കുപോലെ എന്ന ചിന്തകളെപ്പറ്റി, മുന്തിരി പുളിക്കുമെങ്കിലും കവിതകളിൽ മധുരമുണ്ട് പക്ഷെ കുറുക്കനെപോലെ അത് പുളിക്കുമെന്നു പറയുന്ന കവിത്വമില്ലാത്തവരെപ്പറ്റി, പണം ഈശ്വരനാകുന്ന അറിവുകളെപ്പറ്റി അങ്ങനെ ജീവിതസത്യങ്ങൾ കവിയുടെ കാഴ്ച്ചപ്പാടിലൂടെ  കുഞ്ഞു കവിതകളായി ആവിഷ്കരിച്ചിട്ടുണ്ട്.
കവിയുടെ ഓരോ കവിതകളും അദ്ദേഹത്തിന്റെ സർഗ്ഗ സൃഷ്ടിയുടെ സൗന്ദര്യവും കവിതയോടുള്ള അർപ്പണ മനോഭാവവും വ്യക്തമാക്കുന്നവയാണ്. കാവ്യദേവതയോട് കവി പറയുന്ന വരികൾ ശ്രദ്ധിക്കുക "കവിതേ  ആത്മാവിൽ നിന്നും ഇറങ്ങി വരിക. ഇല്ലെങ്കിൽ ഞാനങ്ങോട്ട് കയറി വരും."  ഈ വരികൾ മാത്രം മതി  ഈ സമാഹാരത്തിലെ ഓരോ കവിതകളും എങ്ങനെ ജനിച്ചുവെന്നു മനസ്സിലാക്കാൻ.
ശ്രീ ഏഴിയിൽ അബ്‌ദുള്ളക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. 
പുസ്തകത്തിന്റെ കോപ്പിക്കായി കവിയുമായി ബന്ധപ്പെടുക.

ശുഭം

ആരാണ് ഏഴിയിൽ അബ്‌ദുള്ള 
1975 ഇൽ പൊന്നാനി താലൂക്കിലെ വന്നേരിയിൽ ജനനം. കവി, നാടകകൃത്ത്, കഥാകൃത്ത്, ഗാനരചയിതാവ് എന്നീ നിലകളിൽ ശ്രദ്ധേയൻ. കേരളത്തിനകത്തും പുറത്തും വിദേശത്തുമായി നൂറിലധികം വേദികളിൽ കവിതകൾ അവതരിപ്പിച്ചിട്ടുണ്ട്. ഷാർജാ സാഹിത്യ വേദി അക്ഷരം പുരസ്‌കാരം, DMC ബുക്സ് കഥാ പുരസ്കാരംഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.  ഭാര്യ ഷെഹീറ അബ്ദുല്ല, മക്കൾ ഫാത്തിമ, ഹാദിയ, ഹന്നാ, സൈനബ.  ഇമെയിൽ abdullavannery@gmail.com. Facebook : Abdulla Vannery, Mob 9539915788
 

Join WhatsApp News
abdulpunnayurkulam 2025-03-15 14:41:42
It is good to see Sudheer's review such brief and candid style. It is easily readable as an enjoying fashion.
Jayan Varghese 2025-03-15 16:04:38
ക്‌ളാസിക്കൽ നിരൂപണം. ഒരുപക്ഷെ സുധീറിന് മാത്രം കഴിയുന്ന രചനാ പാടവം ! ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക