താമ്പ, ഫ്ലോറിഡ, മാർച്ച് 16, 2025 : താമ്പ അയ്യപ്പക്ഷേ പരിസരത്ത് ഭക്തിപൂർണമായി നടത്തപ്പെട്ട പൊങ്കാല മഹോത്സവത്തിൽ അനേകം സ്ത്രീരത്നങ്ങൾ പങ്കുചേർന്നു. കേരളത്തിലെ ആറ്റുകാൽ പൊങ്കാലയിലെ ആചാരങ്ങൾ പിന്തുടർന്ന്, നിരവധി അടുപ്പുകളിൽ അന്നം വിളമ്പുന്ന വളയിട്ട കൈകളാൽ അഗ്നി തെളിയിച്ചപ്പോൾ, അത് ഒരു കാലഘട്ടത്തിന്റെ സംസ്കാരത്തെ ആലേഖനം ചെയ്‌തെന്നു പറയാം.
ഗ്യാസ് അടുപ്പും ഇലക്ട്രിക് സ്റ്റൗവും മാത്രമായി വളർന്ന അമേരിക്കയിലെ പുതുതലമുറയ്ക്ക്, മൂന്നു കല്ലുകൾ കൂട്ടിയ നാടൻ അടുപ്പിലും ഓല, കൊതുമ്പ്, വിറക് എന്നിവ ഉപയോഗിച്ച് തികച്ചും ഓർഗാനിക് രീതിയിൽ പായസം പാകം ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു.
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ, മേൽശാന്തി ശ്രീ ഹരിപ്രസാദ് ഭണ്ഡാര അടുപ്പിൽ നിന്നു പൊങ്കാല അടുപ്പിലേക്ക് തീ പകർന്നുകൊണ്ട് ചടങ്ങിന് തുടക്കം കുറിച്ചു.
തത്വത്തിന്റെ വഴി തിരഞ്ഞെടുക്കാൻ പ്രായവും പക്വതയും അപര്യാപ്തമാകുമ്പോൾ, ഇത്തരമൊരു ചടങ്ങിലൂടെ സാമ്പ്രദായികതയുടെ പ്രസക്തി പുതുതലമുറയ്ക്ക് അർത്ഥവത്തായി അനുഭവപ്പെടുന്നുണ്ട്.
അമേരിക്കയിലെ തിരക്കുപിടിച്ച ദൈനംദിന ജീവിതത്തിനിടയിലും പ്രകൃതിയെ തൊട്ടറിഞ്ഞുള്ള ഈ പാചകം ആത്മാർത്ഥതയുള്ള മനുഷ്യ ബന്ധങ്ങളുടെ വേദിയായി മാറി.
ശ്രീ ദീപക് സുകുമാരന്റെ നേതൃത്വത്തിലുള്ള ചെണ്ടമേളം ചടങ്ങിന് ശോഭയും ഭക്തിസാന്ദ്രതയും കൂട്ടി.
ആധുനികതയിൽ എംപവർമെന്റിനായി സാധ്യതകൾ സൃഷ്ടിക്കപ്പെടുമ്പോഴും, എല്ലാവർക്കും തുല്യത നൽകുന്ന മനുഷ്യൻറെ അടിസ്ഥാന ആവശ്യം ഭക്ഷണമാണെന്നുള്ള യാഥാർത്ഥ്യത്തിന്റെ ഓർമ്മപ്പെടുത്തലാകുന്നു.
അയ്യപ്പ ടെംപിള്‍ ഓഫ് Tampa, Florida, നോർത്ത് അമേരിക്കയിലെ 18 പടികൾ ഉള്ള ആദ്യത്തെ അയ്യപ്പക്ഷേത്രമാണ്. ഇവിടത്തെ മുഖ്യപ്രതിഷ്ഠ അയ്യപ്പസ്വാമിയാണ്. അമേരിക്കയിലെ ഇരുപതിലധികം സംസ്ഥാനങ്ങളിൽ നിന്നുമുള്ള അയ്യപ്പഭക്തർ, ഇരുമുടികെട്ടുമായി വ്രതശുദ്ധിയോടെ എല്ലാ വർഷവും ഇവിടേയ്ക്ക് എത്തി, താമ്പ വാസന്റെ 18 പടികൾ കയറി ദിവ്യദർശനം നേടുന്നത് പതിവായിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ ക്ഷേത്രം "അമേരിക്കയിലെ ശബരിമല" എന്നറിയപ്പെടുന്നു.
അയ്യപ്പസ്വാമിയോടൊപ്പം ഗണപതി, മുരുകൻ, ദേവി തുടങ്ങിയ മറ്റു പ്രതിഷ്ഠകളും ഇവിടെ ഉണ്ട്.
കപ്പലിലെ കപ്പിത്താനെപ്പോലെ, ഏതു പ്രതിസന്ധിയിലും ക്ഷേത്രത്തെ ഉന്നതിയിലേക്ക് നയിക്കുന്ന പ്രസിഡൻറ് ശ്രീ വിജയനാരായണ സ്വാമി, ഊർജ്ജസ്വലതയോടെ നേതൃത്വം വഹിച്ചു. മഹോത്സവത്തിന്റെ വിജയത്തിന് കർമ്മനിരതനായ ചെയർമാൻ ഡോ. ശ്രീകുമാർ ചെല്ലപ്പൻ ഉൾപ്പെടെ നിരവധി വ്യക്തികൾ ചേർന്ന് അഹോരാത്രം പ്രവർത്തിച്ചു.
തൽഫലമായി, പാകപ്പിഴകളില്ലാത്ത പൊങ്കാല മഹോത്സവത്തിന് താമ്പ അയ്യപ്പക്ഷേത്രം ഭക്തിപൂർണമായ വേദിയായി മാറി.