മുൻ പ്രസിഡന്റ് ജോ ബൈഡൻ അധികാരം ഒഴിയുന്നതിനു തൊട്ടു മുൻപ് ഒട്ടേറെപ്പേർക്കു മാപ്പു നൽകാനുള്ള ഉത്തരവുകൾ ഒപ്പിട്ടത് ഓട്ടോ പെൻ ഉപയോഗിച്ചാണ് എന്ന ആരോപണം ഉയർത്തിപ്പിടിച്ചു ആ ഉത്തരവുകൾ അസാധുവാണെന്നു പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു.
ബൈഡനു 82 വയസിൽ വേണ്ടത്ര ചിന്താശക്തി ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടു ഓട്ടോ പെൻ ഉപയോഗിച്ചാണ് നിരവധി ഉത്തരവുകൾ ഒപ്പിട്ടതെന്നും മിസൂറി അറ്റോണി ജനറൽ ആൻഡ്രൂ ബെയ്‌ലിയാണ് കഴിഞ്ഞയാഴ്ച്ച ആരോപിച്ചത്. ഈ ആരോപണം തെളിയിച്ചിട്ടില്ല.
ബൈഡന്റെ ഉത്തരവ് അസാധുവാണെന്നും ഇനി അവയ്ക്കു പ്രാബല്യം ഇല്ലെന്നും ട്രംപ് വ്യക്തമാക്കി.
"മറ്റു വാക്കുകളിൽ പറഞ്ഞാൽ ജോ ബൈഡൻ അവയിൽ ഒപ്പുവച്ചിട്ടില്ല. അദ്ദേഹത്തിന് അവയെപ്പറ്റി ഒന്നും അറിഞ്ഞുകൂടാ താനും.
"മാപ്പ് നൽകുന്ന രേഖകൾ ബൈഡനു വിശദീകരിച്ചു കൊടുത്തിട്ടില്ല. അദ്ദേഹത്തിന് അതേപ്പറ്റി ഒന്നും അറിയാമായിരുന്നില്ല. അദ്ദേഹത്തെ കൊണ്ട് അത് ചെയ്യിച്ചവർ ചെയ്തത് കുറ്റകൃത്യമാണ്."
ജനുവരി 6 കലാപം അന്വേഷിച്ച ഹൗസ് കമ്മിറ്റിയിലെ അംഗങ്ങൾക്കു ബൈഡൻ നൽകിയ മാപ്പും അസാധുവായെന്നു ട്രംപ് പറഞ്ഞു. അവരെ ഉന്നതതല അന്വേഷണത്തിനു വിധേയമാക്കും.
ബൈഡനെ കൊണ്ട് ഒപ്പുവയ്‌പിച്ചത് അവർ ആയിരിക്കാമെന്നും ട്രംപ് പറഞ്ഞു. "രണ്ടു വർഷം എന്നെ വേട്ടയാടിയവർ."
ബൈഡനു എതിരായ ആരോപണം അന്വേഷിച്ചു ഉത്തരവുകൾ റദ്ദാക്കാൻ ഏതെങ്കിലും കോടതി നടപടി എടുക്കുമോ എന്നു വ്യക്തമല്ല.
Trump says Biden's autopen orders invalid