Image
Image

സുനിതയുടെയും വില്‍മോറിന്റെയും ആരോഗ്യക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടെന്ന് നാസ (എ.എസ് ശ്രീകുമാര്‍)

Published on 17 March, 2025
സുനിതയുടെയും വില്‍മോറിന്റെയും ആരോഗ്യക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടെന്ന് നാസ (എ.എസ് ശ്രീകുമാര്‍)

കഴിഞ്ഞ വര്‍ഷം നവംബര്‍ പകുതിയോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും പുറത്തുവന്ന സുനിത വില്യംസിന്റെ ഫോട്ടോ വലിയ ആശങ്കകളാണ് സൃഷ്ടിച്ചത്. കവിളുകള്‍ വല്ലാതെ ഒട്ടി തീരെ മെലിഞ്ഞ് ക്ഷീണിതയായി തോന്നിക്കുന്ന ഫോട്ടോ കണ്ട എല്ലാവര്‍ക്കും അമ്പരപ്പുണ്ടായി. തുടര്‍ന്ന് സുനിതയുടെ ആരോഗ്യത്തെപ്പറ്റി പല കോണുകളിലും ചര്‍ച്ചകള്‍ ഉണ്ടായി. എന്നാല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയപ്പോഴുള്ള അതേ ഭാരം തന്നെയാണ് തനിക്ക് ഇപ്പോഴുമുള്ളതെന്നും ഭാരം കുറഞ്ഞതായി ചിത്രങ്ങളില്‍ തോന്നിക്കുന്നത് മൈക്രോഗ്രാവിറ്റിയില്‍ ശരീരത്തില്‍ സംഭവിക്കാറുള്ള സാധാരണമായ ഫ്‌ളൂയിഡ് ഷിഫ്റ്റ് കാരണമാണെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നും സുനിത വ്യക്തമാക്കിയതോടെ ആശങ്കകള്‍ അസ്ഥാനത്തായി.

''ദിനംപ്രതിയുള്ള വ്യായാമമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പൂര്‍ണ ആരോഗ്യത്തോടെ ഇത്രയും നാള്‍ കഴിയാന്‍ എന്നെ പ്രാപ്തയാക്കുന്നത്. എക്കാലത്തെയും മികച്ച ആരോഗ്യനിലയിലാണ് ഇപ്പോള്‍ ഞാനുള്ളത്...'' എന്നും സുനിത വില്യംസ് ന്യൂ ഇംഗ്ലണ്ട് സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലെ വീഡിയോ അഭിമുഖത്തില്‍ 2024 നവംബര്‍ 12-ന് പറഞ്ഞിരുന്നു. ഇപ്പോള്‍ സുനിതയുടെയും സഹസഞ്ചാരി ബുച്ച് വില്‍മോറിന്റെയും മടക്കയാത്ര ഒരുങ്ങിയതില്‍ ലോകം സന്തോഷിക്കുന്നു. 2024 ജൂണ്‍ ഏഴിന് ഐ.എസ്.എസിലെത്തി ജൂണ്‍ 13-ന് മടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതിയെങ്കിലും സ്റ്റാര്‍ലൈനറിലെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറും ഹീലിയം ചോര്‍ച്ചയും മടക്കയാത്ര അനിശ്ചിതമായി വൈകിപ്പിക്കുകയായിരുന്നു.

ആശങ്കകള്‍ നിറഞ്ഞ പത്തു മാസത്തെ കാത്തിരിപ്പിനൊടുവില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേയ്ക്ക് മടങ്ങുകയാണ്. സുനിതയെയും വില്‍മോറിനെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാന്‍ പുറപ്പെട്ട സംഘം ഐ.എസ്.എസിലെത്തിയ നിമിഷം ബഹിരാകാശ നിലയത്തില്‍ ആഹ്‌ളാദത്തിന്റെയും ശാസ്ത്ര ലോകത്തിന് ആശ്വാസത്തിന്റെയുമായിരുന്നു. വലിയ സന്തോഷത്തോടെ സ്‌പേസ് എക്‌സ് ക്രൂ-10 ദൗത്യ സംഘത്തെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങളും നാസ പുറത്തുവിടുകയുണ്ടായി. നാസയുടെ ആന്‍ മക്ക്‌ലെയിന്‍, നിക്കോള്‍ അയേഴ്‌സ്, ജപ്പാന്‍ ഏജന്‍സിയായ ജാക്‌സെയുടെ തകുയ ഒനിഷി, റഷ്യ ഏജന്‍സിയായ റോകോസ്‌മോസിന്റെ കിറില്‍ പെസ്‌കോവ് എന്നിവരാണ് ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചത്.

മാര്‍ച്ച് 19-ാം തീയതി ബുധനാഴ്ച ക്രൂ-9 പേടകം സുനിത ഉള്‍പ്പെടെ നാല് ബഹിരാകാശ സഞ്ചാരികളുമായി ഭൂമിയിലേക്ക് യാത്ര തിരിക്കുമെന്നാണ് വിവരം. സുനിത വില്യംസ്, ബുച്ച് വില്‍മോര്‍, നിക്ക് ഹേഗ്, അലക്സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരായിരിക്കും ക്രൂ-9 പേടകത്തില്‍ ഭൂമിയിലേക്ക് മടങ്ങുന്നത്. ഈ മടക്കം അതീവ സന്തോഷകരമാണെങ്കിലും പത്ത് മാസത്തിലേറെയായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞ സുനിതയുടെയും വില്‍മോറിന്റെയും ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അല്‍പ്പം ഭയമുളവാക്കുന്നതാണ്.

വെറും എട്ട് ദിവസത്തെ ദൗത്യത്തിന് പോയ ഇവര്‍ ഐ.എസ്.എസിയില്‍ പെട്ടുപോവുകയായിരുന്നല്ലോ. ഇരുവര്‍ക്കും നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാനിടയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. മുമ്പും ഇത്തരത്തില്‍ മാസങ്ങളായി ബഹിരാകാശ നിലയത്തില്‍ കഴിയേണ്ടിവന്ന യാത്രികര്‍ക്ക് കാഴ്ച്ചക്കുറവ്, തലകറക്കം, നടക്കാന്‍ ബുദ്ധിമുട്ട്, മാനസിക പിരിമുറുക്കം ഉള്‍പ്പെടെയുള്ള നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ദീര്‍ഘകാലം മൈക്രോഗ്രാവിറ്റിയില്‍ കഴിഞ്ഞതിനാല്‍ ബഹിരാകാശയാത്രികര്‍ നേരിടേണ്ടിവരുന്ന ഏറ്റവും വലിയ വെല്ലുവിളി പേശികളുടെയും അസ്ഥികളുടെയും ബലഹീനതയാണ്.

ഭൂമിയിലേതുപോലെ പേശികളും അസ്ഥികളും ഉപയോഗിക്കാത്തതിനാല്‍ ഇവരുടെ അസ്ഥികളുടെ സാന്ദ്രത കുറയാനും പേശികള്‍ ക്ഷയിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഇത് ഭാരക്കുറവിലേക്കും നയിക്കും. അസ്ഥികളുടെ സാന്ദ്രത കുറയുന്നത് എല്ലുകള്‍ എളുപ്പത്തില്‍ ഒടിയുന്നതിന് കാരണമായേക്കാം. എല്ലുകള്‍ ഒടിഞ്ഞാല്‍ തന്നെ സുഖമാവാന്‍ കൂടുതല്‍ സമയമെടുക്കുകയും ചെയ്യും. ഭൂമിയില്‍ തിരിച്ചെത്തിയ ശേഷം അവരുടെ അസ്ഥികള്‍ സാധാരണ നിലയിലേക്ക് മടങ്ങാന്‍ നാല് വര്‍ഷം വരെ എടുക്കുമെന്നാണ് വിദഗ്ധാഭിപ്രായം.

വളരെക്കാലം ബഹിരാകാശത്ത് കഴിയുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകും. ബഹിരാകാശത്ത് ദ്രാവകങ്ങള്‍ മുകളിലേക്ക് നീങ്ങുന്നതിനാല്‍ ഹൃദയം കാര്യക്ഷമമായി രക്തം പമ്പ് ചെയ്യുന്നില്ല. പിന്നീട് ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തിലേക്ക് മടങ്ങുമ്പോള്‍ രക്തയോട്ടം സാധാരണ നിലയിലാകാന്‍ ബുദ്ധിമുട്ടാകും. തലകറക്കം, കുറഞ്ഞ രക്തസമ്മര്‍ദ്ദം, ബോധക്ഷയം എന്നിവയ്ക്ക് വരെ ഇത് കാരണമാകാം. ബഹിരാകാശയാത്രികര്‍ ഭൂമിയിലേക്ക് മടങ്ങുമ്പോള്‍ ഗുരുതര കാഴ്ച പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. മൈക്രോഗ്രാവിറ്റി മൂലം സ്‌പേസ് ഫ്‌ലൈറ്റ്-അസോസിയേറ്റഡ് ന്യൂറോ-ഒക്കുലാര്‍ സിന്‍ഡ്രോം എന്ന അവസ്ഥയും കാഴ്ചയ്ക്ക് സംഭവിക്കാം. ഇത് മങ്ങിയ കാഴ്ച, നേത്ര നാഡിയുടെ വീക്കം, കണ്ണിലെ ഘടനാപരമായ മാറ്റങ്ങള്‍ എന്നിവയ്ക്ക് കാരണമാകാം.

ബഹിരാകാശത്ത് ഭൂമിയേക്കാള്‍ ഉയര്‍ന്ന തോതില്‍ ബഹിരാകാശയാത്രികര്‍ക്ക് കോസ്മിക് വികിരണമേല്‍ക്കുന്നു. ദീര്‍ഘകാലമായി ഇത്തരം വികിരണങ്ങള്‍ക്ക് വിധേയമാകേണ്ടി വന്നാല്‍ ഇത് കാന്‍സറിനും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കും നാഡീ സംബന്ധമായ അസുഖങ്ങള്‍ക്കും ഉള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ദീര്‍ഘകാലമായി ബഹിരാകാശത്ത് കഴിയുന്നവര്‍ക്ക് രക്താര്‍ബുദം, ത്വക്ക് കാന്‍സര്‍, ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ കാന്‍സര്‍ എന്നിവ വരാനുള്ള സാധ്യത കൂടുതലാണ്.

സ്‌പേസില്‍ മാസങ്ങളോളം അടച്ചിട്ട മുറികളിലും സമ്മര്‍ദ്ദകരമായ സാഹചര്യങ്ങളിലും ചെലവഴിക്കേണ്ടി വരുന്നത് ബഹിരാകാശയാത്രികരുടെ മാനസികാരോഗ്യത്തെ ബാധിച്ചേക്കാം. ഇത് വിഷാദം, ഉത്കണ്ഠ മുതലായവയ്ക്ക് കാരണമായേക്കാം. പെട്ടന്ന് ബഹിരാകാശത്ത് നിന്നും ഭൂമിയിലേക്കുള്ള പരിവര്‍ത്തനം ഉള്‍ക്കൊള്ളാനായെന്ന് വരില്ല. ഇവര്‍ക്ക് മാനസിക പിന്തുണയും കൗണ്‍സിലിങും ആവശ്യമാണ്. ബഹിരാകാശയാത്രികരുടെ വെളുത്ത രക്താണുക്കളുടെ എണ്ണത്തില്‍ കുറവ് ഉണ്ടാകുന്നതിനാല്‍ രോഗപ്രതിരോധശേഷി കുറയാന്‍ സാധ്യതയുണ്ട്.

ദീര്‍ഘകാലമായി ബഹിരാകാശത്ത് കഴിഞ്ഞവരുടെ കാല്‍പ്പാദം അടര്‍ന്ന് കുട്ടികളേതിന് സമാനമായ മൃദുലമായ ചര്‍മ്മമായി മാറും. ഇത് കാരണം ഇവര്‍ക്ക് നടക്കുമ്പോള്‍ പ്രയാസം നേരിടും. കുഞ്ഞുങ്ങള്‍ നടക്കുന്ന പോലെയാകും ഇവരുടെ നടത്തം. പിന്നീട് ഭൂമിയിലെത്തിയാല്‍ കാല്‍പ്പാദത്തിലെ ചര്‍മ്മം പഴയ പോലെയാവാന്‍ ആഴ്ചയോ മാസങ്ങളോ എടുക്കാം. മൈക്രോഗ്രാവിറ്റിയില്‍ കഴിഞ്ഞതിനാല്‍ തന്നെ ഇവര്‍ക്ക് ഭാരമെടുക്കുന്നതിനും പ്രയാസം അനുഭവപ്പെടും.

സുനിതയുടെയും വില്‍മോറിന്റെയും സുരക്ഷ പരിഗണിച്ചായിരുന്നു മടക്കയാത്ര നീട്ടിവച്ചത്. ഇതിന് പിന്നാലെയാണ് ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്സിന്റെ ക്രൂ-9 മിഷന്റെ ഡ്രാഗണ്‍ സ്‌പേസ് ക്രാഫ്റ്റില്‍ സുനിതയേയും വിമോറിനേയും തിരികെയെത്തിക്കാന്‍ തീരുമാനിച്ചത്. അതേസമയം ഇരുവരുടെയും ആരോഗ്യം നിരന്തരം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും നാസ വ്യക്തമാക്കിയിട്ടുണ്ട്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക